Gold Price | എക്കാലത്തെയും ഉയർന്ന നിരക്കിൽ സ്വർണവില; പുതിയ റെകോർഡിട്ട് ചരിത്രം കുറിച്ചു


● ഒരു പവൻ സ്വർണത്തിന് 66,880 രൂപയായി ഉയർന്നു.
● 4 ദിവസത്തിനുള്ളിൽ പവന് 1400 രൂപയുടെ വർധനവാണ് ഉണ്ടായത്.
● 18 കാരറ്റ് സ്വർണത്തിന് വ്യത്യസ്ത വില
കൊച്ചി: (KVARTHA) കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ. ശനിയാഴ്ച (മാർച്ച് 29) 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 8360 രൂപയിലെത്തി. ഇതോടെ ഒരു പവന്റെ വില 160 രൂപ ഉയർന്ന് 66880 രൂപയായിരിക്കുകയാണ്. തൊട്ടു മുൻപത്തെ ദിവസമായ വെള്ളിയാഴ്ച (മാർച്ച് 28) രേഖപ്പെടുത്തിയ ഗ്രാമിന് 8340 രൂപയും പവന് 66720 രൂപയെന്ന റെകോർഡ് ആണ് ഇതോടെ പഴങ്കഥയായത്.
നാല് ദിവസത്തിനിടെ പവന് 1400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവ്യാപാരി സംഘടനകൾക്കിടയിൽ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് ഒരേ വിലയാണ് ഈടാക്കുന്നത്. ഈ വില വർദ്ധനവ് സ്വർണാഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് നൽകുന്നത്.
എന്നാൽ, 18 കാരറ്റ് സ്വർണത്തിന് വ്യത്യസ്ത വിലയാണ് സ്വർണ വ്യാപാരി സംഘടനകൾ നിശ്ചയിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ പ്രസിഡന്റും അഡ്വ. എസ് അബ്ദുൾ നാസർ സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ കൂട്ടി 6855 രൂപയും പവന് 120 രൂപ കൂട്ടി 54840 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 112 രൂപയിൽ തന്നെ തുടരുന്നു.
അതേസമയം, ഡോ. ബി ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർദ്ധിപ്പിച്ച് 6900 രൂപയാണ് വില നിർണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കനുസരിച്ച് പവന് 120 രൂപയുടെ വർധനവോടെ 55200 രൂപയാണ് വില. ഈ സംഘടനയും വെള്ളിയുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 111 രൂപയിൽ വ്യാപാരം നടക്കുന്നു.
അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളാണ് സ്വർണവിലയിലെ ഈ വർധനവിന് പ്രധാന കാരണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം സൃഷ്ടിച്ചതാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്താൻ പ്രധാനമായും കാരണമായത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചു.
ഈ വാർത്ത പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Gold prices in Kerala have reached an all-time high, with one sovereign priced at Rs 66,880. There has been an increase of Rs 1,400 per sovereign in four days. The main reason for this increase in gold prices is the changes in the international market.
#GoldPrice, #KeralaGold, #RecordHigh, #MarketNews, #Investment, #Economy