16 കോടി വിലവരുന്ന ആംബര്‍ ഗ്രിസുമായി 4 പേര്‍ കുടകില്‍ പിടിയില്‍
Aug 10, 2021, 08:00 IST
മൈസൂരു: (www.kvartha.com 10.08.2021) കുടക് കുശാല്‍ നഗറില്‍ പതിനാറുകോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദിയായ ആംബര്‍ ഗ്രിസുമായി മലയാളി ഉള്‍പെടെ നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി കെ എം ജോര്‍ജ്, കുടക് സ്വദേശികളായ കെ എ ഇബ്രാഹിം, ബി എ റഫീഖ്, താഹിര്‍ എന്നിവരയാണ് വനംവകുപ്പ് മൊബൈല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.
കാറില്‍ കടത്തുകയായിരുന്ന 8.2 കിലോ തൂക്കം വരുന്ന ആംബര്‍ ഗ്രിസാണ് കണ്ടെടുത്തത്. വനംവകുപ്പ് ഡെപ്യൂടി കണ്‍സര്‍വേറ്റര്‍ രാമകൃഷ്ണപ്പ, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വിവേക് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിന്തുടര്‍ന്ന് പിടികൂടിയത്. കാര്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നില ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഗള്‍ഫിലെ സുഗന്ധ വിപണിയിലേക്ക് കടത്താന്‍ വേണ്ടിയാണ് ആംബര്‍ ഗ്രിസ് എത്തിച്ചത്.
1972ലെ വന്യജീവി നിയമപ്രകാരം ഇന്‍ഡ്യയില്‍ ആംബര്‍ ഗ്രിസ് വില്‍പന നിരോധിതമാണ്. ഈ നിയമത്തില്‍ വിശദമാക്കുന്നത് അനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൗശല വസ്തുപോലുള്ളവ നിര്‍മിക്കാന്‍ ആവാത്ത വസ്തുക്കളായ ആംബര്‍ ഗ്രിസ്, കസ്തൂരി മറ്റ് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം വസ്തുക്കള്‍ കേടുവരാതെ പാകപ്പെടുത്തുന്നതും സംരക്ഷിക്കുന്നതും ഇത് ഉപയോഗിച്ച് സ്മാരകം പോലുള്ളവ നിര്‍മിക്കുന്നതും കുറ്റകരമാണ്. അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്.
മൃഗങ്ങളുടെ തോല്‍, പല്ല്, കൊമ്പ്, എല്ല്, തോടുകള്‍, രോമങ്ങള്‍, മുടി, തൂവലുകള്‍, നഖം, കൂട്, മുട്ട എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 44 അനുസരിച്ചാണ് ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാവുന്നത്. ലൈസന്‍സില്ലാതെ ഇത്തരം വസ്തുക്കള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
കഴിഞ്ഞ മാസം തൃശൂരില്‍ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബര്‍ ഗ്രിസുമായി 3 പേര്‍ പിടിയിലായിരുന്നു. തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉല്‍പന്നമായ ആംബര്‍ ഗ്രിസിന് സുഗന്ധലേപന വിപണിയില്‍ വന്‍വിലയാണുള്ളത്. ഇതാണ് ആംബര്‍ ഗ്രിസ് കള്ളക്കടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.