ഇന്‍ഡ്യയില്‍ 10 പേരുടെ ഫോണ്‍ ചോര്‍ത്തി, ഇപ്പോള്‍ പേരുവിവരങ്ങള്‍ പുറത്തുവിടാനാകില്ല; പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം
Jul 23, 2021, 13:09 IST
ന്യൂഡെല്‍ഹി: (www.kvartha.com 23.07.2021) പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി റിപോര്‍ട്. ഇന്‍ഡ്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപോര്‍ട്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ലാബിലാണ് പരിശോധന നടത്തതെന്നാണ് ദ വയര്‍ റിപോര്‍ട് ചെയ്യുന്നത്. പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് വയര്‍ പറഞ്ഞു. ഇന്‍ഡ്യയില്‍ 128 ഓളം ആളുകളുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടതായി നേരത്തെ റിപോര്‍ടുകള്‍ വന്നിരുന്നു.
ഇസ്രാഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ് വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി പി എസ് ലൊകേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.
പെഗസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്‍ഡ്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.
പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രാഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.
അതേസമയം, പെഗസസ് വിവാദത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ കുറ്റപ്പെടുത്തല്‍. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പെഗസസ് ഉപയോഗിച്ചുവെന്ന് രാഹുല്‍ ആരോപിച്ചു. സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ വരെ നിരീക്ഷിക്കപ്പെട്ടുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. തന്റെ ഫോണ്‍ ചോര്‍ത്തിയത് മാത്രമല്ല വിഷയമെന്നും ചോര്‍ത്തലിനെ ഭയക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അഴിമതിക്കാരനല്ലെങ്കില്‍ ഭയം വേണ്ടെന്നാണ് രാഹുലിന്റെ വിശദീകരണം.
പെഗസസ് സോഫ്റ്റ്വെയര് വാങ്ങിയോ ഉപയോഗിച്ചോ എന്ന് ചോദ്യത്തിന് കേന്ദ്ര സര്‍കാര്‍ ഉത്തരം പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പെഗസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുകയാണ്. ലോകസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.
2019-ലാണ് പെഗസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സ്ആപ് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗസസ് ആക്രമണത്തില്‍ ഇന്‍ഡ്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.