Tradition | എന്താണ് 'ചിട്ടി', ഈ വാക്കുണ്ടായത് എവിടെ നിന്ന്, ഈ നിക്ഷേപ രീതിയുടെ സവിശേഷതകൾ; അറിയേണ്ടതെല്ലാം


● ചിട്ടി ഒരു പുരാതന നിക്ഷേപ രീതിയാണ്.
● ചിട്ടി പല രാജ്യങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്നു.
● ഇതിൽ നിക്ഷേപത്തിന്റെയും വായ്പയുടെയും ഗുണങ്ങൾ ഒത്തുചേരുന്നു.
റോക്കി എറണാകുളം
(KVARTHA) ചിട്ടി എന്ന വാക്ക് കേരളത്തിൽ പ്രസിദ്ധമാണ്. ഈ പേര് കേൾക്കാത്തവർ ആരും തന്നെ ഉണ്ടായെന്ന് വരില്ല. പലരുടെയും നേതൃത്വത്തിൽ ചിട്ടികൾ ആരംഭിച്ചിട്ടുണ്ടാകും. ഈ രീതിയിലുള്ള ചിട്ടികളിൽ പലരും ചേർന്നിട്ടും ഉണ്ടാവും. കുറച്ച് പേർക്കെങ്കിലും ഇതുകൊണ്ട് നേട്ടമുണ്ടായിട്ടുമുണ്ടാകാം. എന്നാൽ ചിട്ടി പൊട്ടി എന്നതും നാം കേൾക്കുന്ന സ്ഥിരം പല്ലവിയാണ്. ചിട്ടിയുടെ നിജസ്ഥിതിയാണ് ഇവിടെ പറയുന്നത്. എന്താണ് 'ചിട്ടി', ഈ വാക്കുണ്ടായത് എവിടെ നിന്ന്, ഇതിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെ, ഇത് എത്രകണ്ട് സുതാര്യമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
ബാങ്ക് സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ഓഹരി എന്നിങ്ങനെ പല നിക്ഷേപങ്ങളെ പറ്റിയും കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിന് മുൻപ് തന്നെ കേട്ട് തുടങ്ങിയ നിക്ഷേപ മാർഗമാണ് ചിട്ടി അല്ലെങ്കിൽ കുറി. നിക്ഷേപത്തിന്റേയും, വായ്പയുടേയും ഗുണങ്ങൾ സംയോജിപ്പിച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി. ചിട്ടി ആള് സിമ്പിളാണ്. ആവശ്യമുള്ളപ്പോൾ വലിയ പലിശ ഭാരമില്ലാതെ വായ്പ ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ ആള് പവർഫുള്ളുമാണ്. കുറിയെന്നും, ചിട്ടിയെന്നും പേരുള്ള ഈ നിക്ഷേപപദ്ധതി പഴയകാലം മുതൽക്കേ വിവിധ നാടുകളിൽ വ്യാപാരികളുടേയും, സാമൂഹികകൂട്ടായ്മകളുടേയും ഇടയിൽ നിലനിന്നിരുന്ന ഒരു സമ്പാദ്യ പദ്ധതിയാണ്.
വായ്പയുടേയും, നിക്ഷേപത്തിൻ്റേയും സ്വഭാവങ്ങൾ ഈ പദ്ധതിക്കുണ്ട്. വലിയ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനുള്ള സുഗമമായ ഒരു മാർഗ്ഗം എന്നതിനാലാണ് ചെറിയ കുടുംബ കൂട്ടായ്മകൾ തൊട്ട് വലിയ കമ്പനികൾ വരെ ഈ രംഗത്തുള്ളത്. കുറച്ച് പേർ ചേർന്ന് രൂപീകരിക്കുന്ന ഫണ്ടാണ് ചിട്ടി. നിശ്ചിത കാലത്തേക്കുള്ള ചിട്ടിയിൽ മാസത്തിൽ അടവുണ്ടാകും. അംഗങ്ങളിൽ ആവശ്യമുള്ളവർക്ക് ചിട്ടിയിൽ നിന്ന് വായ്പ ലഭിക്കും. അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചാകും കാലാവധിയും എന്നതാണ് ചിട്ടിയുടെ കണക്ക്. ഓരോ മാസത്തിലും ഓരോരുത്ത ർക്കായി ചിട്ടിയിൽ നിന്ന് തുക വിളിച്ചെടുക്കാം എന്നതാണ് ഈ കണക്കിന്റെ വിശദീകരണം.
10 പേര്‍ ചേർന്ന് ആരംഭിക്കുന്ന ചിട്ടിയാണെങ്കിൽ പത്ത് മാസം കാലാവധിയുണ്ടാകും. ആകെ ചിട്ടി തുകയുടെ നിശ്ചിത ശതമാനം വരെ മാസത്തിൽ പിൻവലിക്കാം. ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ചിട്ടി. രാജ്യാന്തര തലത്തിൽ ചിട്ടി, റോസ്ക (റൊട്ടേറ്റിംഗ് സേവിങ്സ് ആൻഡ് ക്രെഡിറ്റ് അസോസിയേഷൻ) എന്നറിയപ്പെടുന്നു. മിഡിൽ ഈസ്റ്റിൽ 'ജമേയ', ദക്ഷിണാഫ്രിക്കയിൽ 'ചിറ്റ', ഉഗാണ്ടയിൽ 'ചിലേമ്പ', സിംഗപ്പൂരില്‍ 'ടോണ്‍ടൈൻ', മലേഷ്യ യിൽ 'കുട്ടു', മൗറീഷ്യസില്‍ 'പൂൾ', സുഡാനിൽ 'ഖട്ട', ജപ്പാനില്‍ 'കോ', ഇന്തോനേഷ്യയില്‍ 'അരിസാൻ', ബഹാമാസില്‍ 'എസു' എന്നിങ്ങനെയാണ് ഇന്ത്യയ്ക്കുവെളിയില്‍ ചിട്ടി അറിയപ്പെടുന്നത്.
ഒരു ചെറിയ കഷണം മടക്കിയ കടലാസ് എന്നർത്ഥം വരുന്ന 'ചിട്ടി' എന്ന ഹിന്ദി വാക്കിൽ നിന്നാണ് നമ്മള്‍ പ്രയോഗിക്കുന്ന ചിട്ടി എന്ന വാക്കുണ്ടായത്. ചിറ്റ് എന്ന വാക്ക് നറുക്കിനെയും വിവക്ഷിക്കുന്നു. ഒരു കമ്മ്യൂണിറ്റിയിലോ, ഗ്രൂപ്പിലോ ഉള്ള ഒരു അംഗത്തിന്റെ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു രീതിയായിരുന്നു ചിറ്റ്. അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സമാന ചിന്താ ഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഒത്തുകൂടും. എല്ലാ അംഗങ്ങൾക്കും തുല്യ അവകാശങ്ങൾ ഉള്ളതിനാൽ, ചിട്ടികളെ അടിസ്ഥാനമാക്കി, (ഓരോ ചിറ്റും ആ ഗ്രൂപ്പിലെ ഒരു അംഗത്തെ പ്രതിനിധീകരിക്കുന്നു) നറുക്ക് വഴിയാണ് ഓരോ അംഗത്തിനുള്ള അവസരം തീരുമാനിക്കപ്പെടുന്നത്.
പങ്കാളികളുടെയെല്ലാം പേര് ഓരോ കുറിപ്പായി/ചിറ്റായി എഴുതി ചുരുട്ടിയിട്ട് നറുക്കെടുത്താണ് ഓരോ തവണയും കുറിപ്പണം ലഭിക്കാൻ അർഹതയുള്ളയാളെ കണ്ടെത്തുന്നത്. അങ്ങനെ കുറിക്ക്/ചിറ്റിന് പ്രാധാന്യമുള്ള നിക്ഷേപപദ്ധതി കുറിയും ചിട്ടിയുമായി. കാലഘട്ടം മാറിയതോടെ ഈ രംഗത്ത് തട്ടിപ്പുകളും കൂടിത്തുടങ്ങി. അങ്ങനെ ചിട്ടി നടത്തിപ്പിന് നിയമങ്ങൾ വരികയും പൊതുമേഖലാ സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ സുരക്ഷക്കായി രംഗത്തെത്തുകയും ചെയ്തു.
1982 ലെ ചിട്ട് ഫണ്ട് ആക്റ്റ് അനുസരിച്ച് കേന്ദ്രസർക്കാർ ചിട്ടിയെ ഇങ്ങനെ നിർവ്വചിക്കുന്നു: 'ചിട്ട്, ചിറ്റ് ഫണ്ട്, ചിട്ടി, കുറി എന്ന പേരുകളിൽ അറിയപ്പെടുന്ന പണമിടപാടിൽ ഒരാൾ ഒരു കൂട്ടം ആളുകളുമായി കരാറിൽ ഏർപ്പെടുകയാണ്. ആ കരാർ പ്രകാരം എല്ലാവരും ഒരു പ്രത്യേക സംഖ്യ ആവർത്തന സ്വഭാവമുള്ള തവണ കളായി ഒരു പ്രത്യേക കാലയളവിൽ അടയ്ക്കേണ്ടതാണ്. ഓരോ ഇടപാടുകാരനും ലേലം വഴിയോ, നറുക്കു വഴിയോ, ചിട്ടി എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും രീതി വഴിയോ ചിട്ടിപ്പണം കൈപ്പറ്റാനുള്ള അവസരം ഊഴമനുസരിച്ച് ലഭ്യമാകും.
ബാർട്ടർ സമ്പ്രദായത്തിന്റെ കാലത്ത് ധാന്യങ്ങളുടെ ആവശ്യത്തിനു പോലും ചിട്ടിയെ ആശ്രയിച്ചിരുന്നു. അതുകൊണ്ടാണ് സിഎഫ്എ, 1982 (സെക്ഷൻ 2 നിർവചനം) ഇപ്പോഴും ധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. കറൻസി സമ്പ്രദായം വികസിച്ചപ്പോൾ, ധാന്യത്തിന് പകരം കറൻസി നിലവിൽ വന്നു, എന്നാൽ ശേഖരിക്കപ്പെട്ട വിഭവങ്ങൾ ചിറ്റ് / ലോട്ട് വഴി അനുവദിക്കുന്ന സമ്പ്രദായം തുടർന്നു. ഈ സംവിധാനം പലപ്പോഴായി പരിഷ്കരിക്കപ്പെട്ടു, അങ്ങനെ ഇന്നത്തെ രൂപത്തിൽ ഒരു സൂപ്പർ മൈക്രോഫിനാൻസ് ഉപകരണമായി ചിട്ടി നമ്മുടെ മുമ്പിലെത്തി. പെട്ടെന്നുള്ള പണത്തിന്റെ ആവശ്യത്തിന് ബാങ്ക് വായ്പകളെക്കാൾ ചുരുങ്ങിയ ചെലവിൽ ആശ്രയിക്കാവുന്ന ഇടമാണ് ചിട്ടി.
ചിട്ടി നടത്തുന്ന ആളെ അഥവാ സ്ഥാപനത്തെ ഫോർമാൻ അല്ലെങ്കിൽ തലയാൾ അല്ലെങ്കിൽ 'മുമ്പൻ' എന്നു വിളിക്കുന്നു. ചിട്ടിയിൽ ചേരുന്നയാൾ (ഉപഭോക്താവ്) 'ചിറ്റാളൻ' ആണ്. ഭാവിയിലെ സാമ്പത്തികാവശ്യങ്ങൾ മുന്നിൽ കണ്ട് നന്നായി പ്ലാൻ ചെയ്ത് വേണം നമുക്ക് യോജിക്കുന്ന ചിട്ടി തിരഞ്ഞെടുക്കാൻ. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഹ്രസ്വകാല ചിട്ടിയും കുറച്ചു വർഷങ്ങൾക്കു ശേഷം വേണ്ടിവരുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ദീർഘകാല ചിട്ടിയും ചേരണം. ഏതു പ്രായത്തിൽ ഉള്ളവർക്കും സാമ്പത്തിക ആസൂത്രണത്തിന് ഏറ്റവും യോജിച്ച ഒരു മാർഗം കൂടിയാണ് ചിട്ടി. ജോലിയിൽ കയറുന്ന ഒരാൾക്ക് ഭാവിയിലെ ഓരോ ആവശ്യങ്ങളും മുന്നിൽ കണ്ടു ചിട്ടി ചേരാവുന്നതാണ്.
വാഹനം വാങ്ങുന്നതിനു മുതൽ, വിവാഹത്തിനും, വീട് നിർമ്മിക്കുന്നതിനും കുട്ടികളുടെ പഠനം, വിവാഹം തുടങ്ങി ഭാവിയിലെ എല്ലാ ആവശ്യങ്ങൾക്കും ഉപകരിക്കുന്ന രീതിയിൽ ചിട്ടിയിൽ നിക്ഷേപം നടത്തുവാൻ സൗകര്യമുണ്ട്. വ്യാപാര/വ്യവസായ മേഖലകളിലുള്ളവർക്ക് പെട്ടെന്ന് കിട്ടുന്ന ഒരു വായ്പ എന്ന നിലയിൽ ഏറെ ഉപകാരപ്രദമാണ് ചിട്ടി. കേരളത്തിൽ സർക്കാർ തലത്തിൽ കെ.എസ്.എഫ്.ഇയും, സഹകരണ മേഖലയിൽ സഹകരണ ബാങ്കുകളും, സ്വകാര്യ മേഖലയിൽ സമുദായ സംഘടനകൾ മുതൽ വൻകിട കമ്പനികൾ വരെയുള്ള സ്ഥാപനങ്ങൾ കുറി മേഖലയിൽ സജീവമാണ്. ഇവിടങ്ങളിൽ പൂവൽ കുറി, മാസകുറി, ആഴ്ച ചിട്ടി, പ്രതിമാസ ലേല ചിട്ടി എന്നിങ്ങനെ വിവിധ തരം ചിട്ടികൾ ഉണ്ട്.
നാട്ടിൻ പുറങ്ങളിൽ ചെറിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രത്യേകിച്ച് പണം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ചെറുകിട ചിട്ടി രീതിയാണ് 'അത്തച്ചിട്ടി' എന്നത്. സാധാരണയായി ചെറിയ തുകകൾ ചെറിയ കാലയളവിൽ നടത്തപ്പെടുന്ന സാമ്പത്തിക ക്രയവിക്രയങ്ങളെ 'അത്തച്ചിട്ടി' എന്ന് വിളിക്കാറുണ്ട്. സി.എഫ്.എ 1982 പ്രകാരം ചിട്ടി സ്ഥിതി ചെയ്യുന്ന/നടത്തുന്ന അതത് സംസ്ഥാനങ്ങള്‍ക്കാണ് റഗുലേറ്ററി ഉത്തരവാദിത്വം നൽകിയിട്ടുള്ളത്. ഓൾ-ഇന്ത്യ അസോസിയേഷൻ ഫോർ ചിറ്റ് ഫണ്ട്സ് നൽകിയ കണക്കുകൾ പ്രകാരം 60,000 കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള 45,000 ത്തിലേറെ ചിട്ടി ഫണ്ട് കമ്പനികൾ ഇന്ത്യയില്‍ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
കാലാകാലമായി നിലനിന്നു പോന്ന സമ്പ്രദായമാണ് ചിട്ടി. കേരളത്തിൽ ഇതെന്നാരംഭിച്ചു എന്ന് കണ്ടുപിടിക്കുക പ്രയാസമാണ്. വിദേശങ്ങളിൽ നിന്നു കേരളത്തിലെത്തിയ ചില വ്യാപാരികളായിരിക്കാം ഈ രീതി പരിചയപ്പെടുത്തിയത് എന്ന് ചിലർ കരുതുന്നു. ശക്തൻ തമ്പുരാന്റെ കാലത്ത് തൃശൂരിൽ ചിട്ടി നടത്തിയിരുന്നതായി രേഖകൾ നിരവധി ഉണ്ട്. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് ചിട്ടി നടത്തിപ്പിനു പ്രതിസന്ധി നേരിട്ടെങ്കിലും അതിനെ മറികടക്കാൻ അത്തരം നിയമങ്ങൾ ഇല്ലാത്ത അന്യ സംസ്ഥാനങ്ങളിൽ മുഖ്യകാര്യാലയം ആരംഭിച്ച് ശാഖകൾ കേരളത്തിൽ തുടങ്ങിയും ചിട്ടി വ്യവസായം വീണ്ടും പുഷ്ടിപ്രാപിച്ചു.
പ്രസിദ്ധ ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ആദ്യകാലത്ത് ചിട്ടി നടത്തിയിരുന്ന വൻകിട സ്ഥാപനങ്ങളായിരുന്നു. 1975 ലെ തിരു-കൊച്ചി ചിട്ടി നിയമവും, മലബാർ ചിട്ടി നിയമവും സംയോജിപ്പിച്ച് തയ്യാറാക്കിയ കേരള ചിട്ടി നിയമം സുപ്രീം കോടതിയുടെ വിധിയോടെ 2012 മെയ് മാസം മുതൽ അസാധു ആയതിനാൽ കേന്ദ്ര ചിട്ടി നിയമമാണ് ഇപ്പോൾ നിലവിലുള്ളത്. ജമ്മുവിലേയും, ഹരിയാനയിലേയും ഷോപ്പ് ആക്‌റ്റ് അനുസരിച്ച് ജമ്മു, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച് കേരളത്തിൽ നടത്തി വരുന്ന ചിട്ടി കമ്പനികൾക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.
ഓൾ-കേരള ചിട്ടി ഫണ്ട് അസോസിയേഷന്റെ കണക്കനുസരിച്ച് കേരളത്തിൽ മൊത്തത്തിൽ 5000-ത്തിലധികം റജിസ്റ്റർ ചെയ്ത ചിട്ടി കമ്പനികളുണ്ട്. കേന്ദ്ര ഗവൺമെന്റ് റെഗുലേഷൻ ആണെങ്കിലും, സി.എഫ്.എ 1982 സംസ്ഥാന സർക്കാരു കൾക്ക്, കേന്ദ്ര നിയന്ത്രണത്തെ പോലും അസാധുവാക്കാൻ കഴിയുന്നതരത്തില്‍, അമിതമായ അധികാരങ്ങൾ നൽകുന്നു. സി.എഫ്.എ, 1982-ലെ സെക്ഷൻ 87 പ്രകാരം, 'സംസ്ഥാന സർക്കാരിന് ഔദ്യോഗിക ഗസറ്റിലെ വിജ്ഞാ പനം മുഖേന, ആർ ബി ഐ യുമായി കൂടിയാലോചിച്ച്, വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി ഏതെങ്കിലും വ്യക്തിയെയോ, വ്യക്തികളെയോ ഏതെങ്കിലും ചിട്ടിയെയോ പൂര്‍ണ്ണമായോ ഭാഗികമായോ സി.എഫ്.എ, 1982ല്‍ നിന്നും ഒഴിവാ ക്കാം.
ആർബിഐക്ക് ചിട്ടിയെ അനിഷ്ടമായതിനാൽ, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ചിട്ടിയുമായി ബന്ധപ്പെട്ട ഏതൊരു അഭ്യർത്ഥനയും ആർബിഐ അവഗണിക്കാറാണ് പതിവ്. അതിനാല്‍ ഇക്കാര്യത്തില്‍ റിസർവ് ബാങ്കുമായുള്ള സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു കൂടിയാലോചനയും നടക്കാറില്ല എന്നതാണ് വസ്തുത. നിക്ഷേപ മാർഗമെന്ന നിലയിൽ ചിട്ടിയെ കാണരുത്. ചിട്ടികളിൽ ചേരുമ്പോൾ അതിനെപ്പറ്റി മനസ്സിലാക്കി ചേരാൻ ശ്രദ്ധിച്ചാൽ നഷ്ടങ്ങൾ ഒഴിവാക്കിയെടുക്കാൻ പറ്റും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
'Chitti' is a traditional investment method in Kerala, blending savings and loans. It operates on mutual participation, with varied regulations and international equivalents.
#Chitti #Finance #Investment #KeralaTradition #Savings #Loans