Lottery | ഒരാൾക്ക് ലോട്ടറിയടിച്ചാല്‍ എത്ര രൂപ കയ്യില്‍ കിട്ടും, എത്ര രൂപ നികുതി കൊടുക്കണം? 

 
A pile of lottery tickets symbolizing dreams and aspirations.

Image Credit: Website/ State Lottery/ Kerala

ലോട്ടറി ജയിച്ചാൽ ജീവിതം മാറുമെന്ന സ്വപ്നം പലർക്കും ഉണ്ടാകും. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. 

മിന്റാ മരിയ തോമസ് 

(KVARTHA) നമ്മൾ എപ്പോഴെങ്കിലും ഒരു പ്രാവശ്യം എങ്കിലും പറഞ്ഞുകാണാതിരിക്കില്ല, ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ ജീവിതം രക്ഷപ്പെടുത്താമായിരുന്നെന്ന്. ഇന്ന് പഴയകാലത്തെക്കാൾ ലോട്ടറി എടുക്കുന്നവരുടെ എണ്ണം ഒരോ ദിവസം കൂടി വരികയാണ്. ചിലർ മദ്യത്തിന് അടിമ എന്ന് പറയുന്നതുപോലെയാണ് ഇന്ന് ചിലർ ലോട്ടറിയ്ക്ക് അടിമ ആയിരിക്കുന്നത്. സമ്പന്നർ മുതൽ പാവപ്പെട്ട സാധാരണക്കാർ വരെ..  ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം നീളുന്നു. 

A pile of lottery tickets symbolizing dreams and aspirations.

ഒരു ദിവസമെങ്കിലും തനിക്ക് നറുക്ക് വീഴുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ലോട്ടറി ടിക്കറ്റ് എടുക്കുന്ന എല്ലാവരും. ചെറിയ തുകയൊക്കെ പലർക്കും അടിക്കുന്നുമുണ്ട്. ആ അടിച്ച ചെറിയ മുഴുവൻ തുകയ്ക്കും അഡീഷണൽ ആയി കുറച്ച് തുക കയ്യിൽ നിന്ന് ഇട്ടും ലോട്ടറി ടിക്കറ്റ് എടുക്കുന്നവരും ഉണ്ട്. ചിലർ വലിയ പ്രതിഫലം മോഹിച്ച് പല വിധ മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. അങ്ങനെ കിട്ടുന്ന ഭാഗ്യവും ഒരു ലോട്ടറി തന്നെയാണ്. ഒരു വലിയ തുക നമുക്ക് ലോട്ടറി അടിച്ചാൽ അതിൻ്റെ നിയമവശങ്ങളെക്കുറിച്ച് നമ്മളിൽ പലരും അഞ്ജരാണ് എന്നതാണ് സത്യം. 

ലോട്ടറി അടിച്ചതുകൊണ്ടുമാത്രമായില്ല അതിൻ്റെ നിയമ വശങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലോട്ടറിയടിച്ചാല്‍ എത്ര രൂപ നികുതി കൊടുക്കണം? എത്ര രൂപ കൈയ്യില്‍ കിട്ടും? . ഒരാൾക്ക് ലോട്ടറിയടിച്ചാല്‍ പിന്നീട് എന്തൊക്കെയാണ് നടപടികൾ? ടിക്കറ്റിനൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണ്? എന്നൊക്കെയുള്ളത് ഇവിടെ ജീവിക്കുന്ന ഏതൊരു പൗരനും ഒരു ചെറിയ അറിവ് എങ്കിലും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അപകടത്തിൽ പെടാനും സാധ്യത ഏറെയാണ്.  അങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി പ്രതിപാക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

കുറിപ്പിൽ പറയുന്നത്:

‘ലോട്ടറിയടിച്ചാല്‍ എത്ര രൂപ നികുതി കൊടുക്കണം? എത്ര രൂപ കൈയ്യില്‍ കിട്ടും? ടെലിവിഷൻ റിയാലിറ്റി ഷോകളിൽ  വെച്ച് അവതാരകര്‍ എഴുതിക്കൊടുക്കുന്ന ചെക്ക് അങ്ങനെ തന്നെ പണമാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുമോ? സമ്മാനം അടിച്ച ലോട്ടറിയുമായി ആരും വന്നില്ലെങ്കിൽ എന്ത് ചെയ്യും? ഒരാൾക്ക് ലോട്ടറിയടിച്ചാല്‍ പിന്നീട് എന്തൊക്കെയാണ് നടപടികൾ? ടിക്കറ്റിനൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണ്? ലോട്ടറി എടുക്കുന്ന ശീലം നല്ലതാണോ?.

സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബറിന്  ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് ഓരോ പ്രാവശ്യവും  പ്രഖ്യാപിക്കുന്നത്. അമിതാഭ് ബച്ചന്റെ കോന്‍ ബനേഗാ ക്രോര്‍പതി മുതല്‍ മലയാളം ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന ബിഗ് ബോസ് ഷോകളില്‍ പോലും ലക്ഷങ്ങളും, കോടികളും വാരിക്കൂട്ടിയാണ് മത്സരാര്‍ത്ഥികള്‍ മടങ്ങാറുള്ളത്. എന്നാല്‍ ഇതില്‍ എത്ര രൂപ ഇവര്‍ക്ക് കൈയ്യില്‍ കിട്ടുമെന്ന് നമുക്ക് നോക്കാം. 

ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടിയാല്‍ നികുതി അടച്ച് മുടിയുമെന്നും മത്സരങ്ങളില്‍ ഒന്നാം സ്ഥാനമായി ഫ്ലാറ്റും, കാറുമൊക്കെ വാങ്ങിയവര്‍ നികുതി അടയ്ക്കാനില്ലാതെ നട്ടം തിരിയുന്നെന്നുമൊക്കെയുള്ള പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നിരന്തരം നമ്മള്‍ കേള്‍ക്കാറുമുണ്ട്. ലോട്ടറികള്‍, ഗെയിം ഷോകള്‍, മത്സരങ്ങള്‍, കുതിരപ്പന്തയം പോലുള്ളവയില്‍ നിന്ന് കിട്ടുന്ന വരുമാനം തുടങ്ങിയവയൊക്കെ ആദായ നികുതി നിയമം 115 ബിബി സെക്ഷന്‍ അനുസരിച്ച് 'മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാന'മായാണ് കണക്കാക്കപ്പെടുന്നത്. 

നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും 30 ശതമാനം എന്ന നിരക്കില്‍ ആദായ നികുതി നല്‍കണം. തീര്‍ന്നില്ല ചിലപ്പോള്‍ സെസും, സര്‍ചാര്‍ജ്ജും കൂടി നല്‍കേണ്ടി വരും. നിങ്ങളുടെ ആദായ നികുതി സ്ലാബ് അനുസരിച്ച് 35.5 ശതമാനത്തോളം വരെ നികുതി അടയ്ക്കേണ്ടി വരുമെന്ന് ചുരുക്കും. 30 ശതമാനം നികുതിയ്ക്ക് പുറമെ നികുതി അടയ്ക്കുന്ന പണത്തിന്റെ മൂന്ന് ശതമാനം എല്ലാവരില്‍ നിന്നും സെസ് ആയും ഈടാക്കും. ഇതിന് പുറമെ നിങ്ങളുടെ വാര്‍ഷിക വരുമാനം (ഇപ്പോള്‍ കിട്ടുന്ന സമ്മാനം ഉള്‍പ്പെടെ) 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം കൂടി സര്‍ചാര്‍ജ്ജായി ഈടാക്കും. 

വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് നല്‍കേണ്ടത് 15 ശതമാനം തുകയാണ്. സമ്മാനം ലഭിക്കുന്നവര്‍ക്ക് ചെക്കായോ, ഡ്രാഫ്റ്റായോ അതുമല്ലെങ്കില്‍ അക്കൗണ്ടിലേക്ക് നേരിട്ടോ ഒക്കെ പണം ട്രാന്‍സ്‍ഫര്‍ ചെയ്ത് നല്‍കാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ ബാധകമായ നികുതി ഈടാക്കിയ ശേഷമേ (ടി.ഡി.എസ്) പണം നല്‍കാന്‍ പാടുള്ളൂ എന്നാണ് ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 194 ബി അനുശാസിക്കുന്നത്. 

എന്നാല്‍ പണത്തിന് പകരം കാറോ, ഫ്ലാറ്റോ അല്ലെങ്കില്‍ മറ്റ് വല്ല സാധനങ്ങളോ ആണ് സമ്മാനം നല്‍കുന്നതെങ്കില്‍ അതിന്റെ വില കണക്കാക്കിയ ശേഷം നികുതി തുക വാങ്ങിയ ശേഷമേ സമ്മാനം നല്‍കാന്‍ പാടുള്ളൂ. സമ്മാനം വാങ്ങുന്നയാളില്‍ നിന്ന് പിടിയ്ക്കുന്ന ഈ നികുതി മത്സരം നടത്തുന്നവരാണ് സര്‍ക്കാറിലേക്ക് അടയ്ക്കുന്നത്. ലോട്ടറി വഴിയും, സമ്മാനമായും ഒക്കെ ലഭിക്കുന്ന തുകയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കണമെന്ന് മാത്രമല്ല, ഒരു തരത്തിലുമുള്ള നികുതി ഇളവ് ഇതിന് ലഭിക്കുകയുമില്ല.

സമ്മാനം കിട്ടുന്നയാളിന്റെ വാര്‍ഷിക വരുമാനം (സമ്മാനം കൂടി കൂട്ടിയാലും) ആദായ നികുതി പരിധിയായ 2.5 ലക്ഷത്തിന് താഴെയാണ് വരുന്നതെങ്കിലും അയാള്‍ നികുതി നല്‍കണം. ഉദാഹരണത്തിന് ഒരാള്‍ക്ക് ലോട്ടറിയടിക്കുന്നത് ഒരു ലക്ഷം രൂപയാണെങ്കില്‍, അയാള്‍ക്ക് വേറെ ഒരു പൈസ പോലും മറ്റ് വരുമാനങ്ങള്‍ ഇല്ലെങ്കിലും അയാള്‍ ഈ ഉയര്‍ന്ന നിരക്കില്‍ ആദായ നികുതി നല്‍കണം.

കേരള സംസ്ഥാന ലോട്ടറിക്ക് സമ്മാനം കിട്ടുന്ന ടിക്കറ്റ് വിറ്റ ഏജന്റിനും കമ്മിഷന്‍ ലഭിക്കും. സമ്മാന തുകയുടെ 10 ശതമാനമാണ് ഇങ്ങനെ നല്‍കുന്നത്. ഇതും സമ്മാന തുകയില്‍ നിന്ന് കുറയ്ക്കും. ഇത് കുറച്ച ശേഷമാണ് ആദായ നികുതി കണക്കാക്കുക. ഒരു ലക്ഷം രുപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ കമ്മിഷന്‍ ഈടാക്കുന്നുള്ളൂ. 

ലോട്ടറിയടിച്ചാൽ സമ്മാനാർഹമായ ടിക്കറ്റുമായി ആരും വന്നില്ലെങ്കിൽ ആ തുക സർക്കാരിന് പോകും. തുക പണമായി ട്രഷറിയിലേക്ക് മാറ്റുകയാണ് ചെയ്യുക. ഓരോ വർഷവും ശരാശരി 200 കോടിയിലേറെ രൂപയാണ് ഇത്തരത്തിൽ എത്തുന്നത്. ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന് പുറമെയാണിത്. 9000 കോടിയോളം രൂപയുടെ ലോട്ടറി വ്യാപാരമാണ് പ്രതിവർഷം നടക്കുന്നത്. സർക്കാരിന് 1700 കോടി ലാഭം ലഭിക്കും. ജി.എസ്.ടിയും, സമ്മാനാർഹരായവർ വരാതിരിക്കുന്നത് മൂലമുള്ള വരുമാനവും ഇതിന് പുറമെയാണ്. 

ലോട്ടറിയടിച്ചാൽ ഒരുമാസത്തിനുള്ളിൽ ടിക്കറ്റിന്റെ പിറകുവശത്ത് പേരും, മേൽവിലാസവുമെഴുതി ഒപ്പിട്ട് ബാങ്കിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. ഒരുമാസം കഴിഞ്ഞാണ് ഹാജരാക്കുന്നതെങ്കിൽ സുരക്ഷാ പരിശോധനകളുണ്ടാകും. രണ്ടുമാസം കഴിഞ്ഞാണ് വരുന്നതെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് ചെയ്താലേ പണം കിട്ടുകയുള്ളൂ. മൂന്ന് മാസം കഴിഞ്ഞാണെങ്കിൽ പണം ലഭിക്കില്ല. നടപടികൾ അവസാനിപ്പിക്കും. സമ്മാനത്തുക സർക്കാരിലേക്ക് വസൂലാക്കും. ഇതാണ് വ്യവസ്ഥ.

ബാങ്കിൽ സമർപ്പിച്ചാൽ ബാങ്കാണ് ടിക്കറ്റ് ഹാജരാക്കുക. സമ്മാനത്തുക പതിനായിരത്തിന് മുകളിലാണെങ്കിൽ ആദായനികുതി അടയ്ക്കേണ്ടിവരും. 30 ശതമാനമാണിത്. ഇതിന് പുറമെ പത്ത് ശതമാനം ഏജൻസി കമ്മിഷൻ, രണ്ട് ശതമാനം വിദ്യാഭ്യാസ സെസ്, ഒരു ശതമാനം ഹയർ എഡ്യൂക്കേഷൻ സെസ് എന്നിവയും ഈടാക്കും. 12 കോടി രൂപയുടെ സമ്മാനം കിട്ടിയാൽ കിഴിവെല്ലാം കഴിഞ്ഞ് കൈയിൽ കിട്ടുക 7,39,20,000 രൂപ ആയിരിക്കും. 

ടിക്കറ്റിനൊപ്പം ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് വിവരങ്ങൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ (ഗസറ്റ് ഓഫിസറോ, നോട്ടറിയോ സാക്ഷ്യപ്പെടുത്തിയത്), ടിക്കറ്റിന്റെ രണ്ട് പുറത്തിന്റെയും ഫോട്ടോകോപ്പി, മൈനറാണെങ്കിൽ രക്ഷിതാവിന്റെ വിവരങ്ങൾ, ഒന്നിലേറെ പേരുണ്ടെങ്കിൽ സംയുക്ത പ്രസ്താവന എന്നിവ ഹാജരാക്കണം . സമ്മാനം സ്വീകരിക്കുന്നതായി നിശ്ചിത ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാംപ് ഒട്ടിച്ച് വിലാസം രേഖപ്പെടുത്തണം.

പ്രായപൂർത്തിയാകാത്തവർക്കാണ് ലോട്ടറി അടിച്ചതെങ്കിൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഹാജരാക്കണം. രണ്ടുപേർ ചേർന്നാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ ഒരാളുടെ അക്കൗണ്ടിലേക്കായിരിക്കും പണം കൈമാറുന്നത്. ഇതിനായി രണ്ടുപേരും തുക പങ്കുവയ്ക്കുന്നതായുള്ള സത്യവാങ്മൂലം 50 രൂപയുടെ സ്റ്റാംപ് പേപ്പറിൽ എഴുതി നൽകണം. പാൻ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും, റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ഇലക്‌ഷൻ ഐഡി ഇതിലേതെങ്കിലും ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പിയും നൽകണം. ഈ രേഖളെല്ലാം ഉൾപ്പെടുത്തി ടിക്കറ്റ് നാഷണലൈസ്ഡ് – ഷെഡ്യൂൾ – സഹകരണ ബാങ്കുകളിൽ സമർപ്പിക്കാം. 

ബാങ്ക് അധികൃതർ ലോട്ടറി വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചശേഷം അവ കൂടി ഉൾപ്പെടുത്തി ടിക്കറ്റ് ഡയറക്ടറേറ്റിനു സമർപ്പിക്കണം. ഒരു ലക്ഷം രൂപവരെ ജില്ലാ ലോട്ടറി ഓഫീസിലും, അതിന് മുകളിലുള്ള തുകയ്ക്ക് തിരുവനന്തപുരത്തെ സംസ്ഥാന ലോട്ടറി ഡയറക്ടർ ഓഫീസിലുമാണ് ടിക്കറ്റ് ഹാജരാക്കേണ്ടത്. സമ്മാനത്തുകയുടെ 10% ഏജന്റിന് കമ്മിഷനായി പോകും. 12 കോടി രൂപയുടെ ടിക്കറ്റാണെങ്കിൽ 1.20 കോടി ഏജന്റിനു ലഭിക്കും. 30 ശതമാനം ഇൻകം ടാക്സും ഈടാക്കിയശേഷമുള്ള തുകയേ സമ്മാനജേതാവിനു ലഭിക്കൂ. 

54 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ ഓണം പ്രമാണിച്ച് കേരള സർക്കാർ വിറ്റത്. അതിൽ നിന്നും ഒരാൾക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിക്കുന്നത്. സത്യത്തിൽ ലഭിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാൽ 12 കോടി എന്നതു നിസ്സാരമായ ഒരു തുകയാണെന്ന് വേണം മനസിലാക്കാൻ. ഒരു ടിക്കറ്റിന്റെ വില മുന്നൂറു രൂപയാണ്, അതായത് 162 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റിരിക്കുന്നത്. അതുകൂടി പരിഗണിക്കുമ്പോഴാണ് 12 കോടി എന്നതു ചെറിയൊരു തുകയാവുന്നത്. 

ഏതൊരു നിക്ഷേപത്തിനും പരിഗണിക്കേണ്ട ഒന്നാണ് റിസ്‌ക് - റിവാർഡ് റേഷ്യോ എന്നത്. അങ്ങിനെ നോക്കിയാൽ അത്യന്തം അപകടകരമായ ഒരു ഭാഗ്യപരീക്ഷണമാണ് ലോട്ടറി എടുക്കൽ. ലോട്ടറി വിൽക്കുന്ന ആളെ സഹായിക്കുക എന്ന ഒരൊറ്റ ഉദ്ദേശത്തിൽ മാത്രം ലോട്ടറി എടുക്കുന്നത് നല്ലൊരു കാര്യമായിരിക്കാം. നിങ്ങളുടെ ലക്ഷ്യം അതു മാത്രമാണെങ്കിൽ, സമ്മാനമൊന്നും കാംക്ഷിക്കുന്നില്ലെങ്കിൽ, അതിനുള്ള പ്രതിഫലം അപ്പോൾ തന്നെ കിട്ടുന്നുണ്ട്. നന്മ ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷത്തിനും, സംതൃപ്തിക്കും വേണ്ടിയാണെങ്കിൽ ലോട്ടറി എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ, യുക്തിസഹമായി ചിന്തിക്കാനുള്ള പരിമിതികൾ മനുഷ്യന്റെ തലച്ചോറിനുണ്ട്. മനുഷ്യരുടെ ജനിതകമായ ഇത്തരം വൈകല്യങ്ങളെ ചൂഷണം ചെയ്യുന്ന കച്ചവടങ്ങൾ സർക്കാരുകൾ ചെയ്യുന്നതു ധാർമികമായി ശരിയല്ല എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ലോട്ടറി അത്തരമൊരു കച്ചവടമാണ്. 

ഈ കച്ചവടത്തിലൂടെ സമാഹരിക്കുന്ന കൊള്ളലാഭം സാമൂഹ്യക്ഷേമത്തിനായി ചെലവഴിക്കുന്നു എന്നതു കൊണ്ടു മാത്രം ലോട്ടറി കച്ചവടം ന്യായീകരിക്കപ്പെടുന്നില്ല. കാരണം മഹാ  ഭൂരിപക്ഷം ലോട്ടറി എടുക്കുന്നവരും വെറും സാധാരണക്കാരാണ്. അവരിൽ ഒരു തെറ്റായ പ്രതീക്ഷ നൽകിക്കൊണ്ടാണ് ഈ കച്ചവടം സർക്കാർ നടത്തുന്നത്. സർക്കാർ ചെയ്യുന്ന ലോട്ടറി പരസ്യങ്ങൾക്ക് പുറമേ, ഇതു സംബന്ധിച്ചു വരുന്ന എല്ലാത്തരം വാർത്തകളും ലോട്ടറി എടുക്കുന്ന പാവം മനുഷ്യരുടെ വ്യാജ-പ്രതീക്ഷകൾക്കു വളംവെച്ചു കൊടുക്കുന്നവയാണ്. ലോട്ടറി കച്ചവടത്തിൽ വ്യാജപ്രതീക്ഷ നൽകുന്ന ഒന്നും സർക്കാർ ചെയ്യരുത്. വസ്തുതകൾ നിരത്തി, ജനങ്ങളെ ബോധവാന്മാരാക്കി, ലോട്ടറി എടുക്കുന്നവരെ നിരുത്സാഹപ്പെടുത്തിക്കൊണ്ടു മാത്രമേ സർക്കാർ ഈ കച്ചവടം ചെയ്യാൻ പാടുള്ളൂ. ലാഭകരമായി കച്ചവടം ചെയ്യുക എന്നതാവരുത് സർക്കാരിന്റെ  മുൻഗണന. 

പൗരന്മാരുടെ, സമൂഹത്തിന്റെ നന്മ ആയിരിക്കണം എപ്പോഴും സർക്കാരിന്റെ പ്രഥമ പരിഗണന. ഈയൊരു വ്യക്തത സർക്കാരിനുണ്ടെങ്കിൽ നിരന്തരമായ പൊതു അവബോധനങ്ങളിലൂടെ, ലോട്ടറി എന്ന ലഹരിയിൽ നിന്നും സാധാരണക്കാരെ വിമുക്തരാക്കാൻ കാലക്രമേണ സർക്കാരിനു കഴിയും. സമ്പത്ത് നേടാനുള്ള മനുഷ്യരുടെ ആഗ്രഹത്തെ ശരിയായ രീതിയിലേക്ക് നയിക്കാനുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടതാണ്. ലോട്ടറി ജേതാക്കൾ സമ്മാനത്തുക ശരിയായി വിനിയോഗിക്കുന്നു എന്നുറപ്പാക്കാൻ പരിശീലന ക്ലാസുകൾ നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ സർക്കാർ ആലോചിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വലിയൊരു തുക സമ്മാനമായി കിട്ടുന്നവർ അത് അലക്ഷ്യമായി കൈകാര്യം ചെയ്ത് നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് ഇത്. 

ലോട്ടറി വകുപ്പിന്റെ പഠനമനുസരിച്ച്, ലോട്ടറി അടിച്ച ഭൂരിപക്ഷം പേരും പണം അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിച്ചു തീർക്കുകയായിരുന്നു. മക്കളുടെയും, ബന്ധുക്കളുടെയും സമ്മര്‍ദം കൊണ്ട് പണം മറ്റു കാര്യങ്ങൾക്കായി ചെലവഴിച്ചു തീർത്ത് ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വന്നവരും, ധൂർത്തടിച്ച് നശിപ്പിച്ചവരും കൂട്ടത്തിലുണ്ട്. ബന്ധുക്കൾ തമ്മിൽ തല്ലിപ്പിരിഞ്ഞ കഥകളും അനേകം’.

ലോട്ടറി അടിച്ചാൽ അത് നല്ലത്. വലിയ ഒരു തുക ലഭിച്ചാൽ കുടുംബം രക്ഷപെടും. എന്നാൽ കിട്ടുന്ന തുക മുഴുവൻ ലോട്ടറിയ്ക്ക് വേണ്ടി വിനിയോഗിച്ചാൽ ജീവിതം തകരുകയും കുടുംബം പട്ടിണിയിലാകുകയും ചെയ്യും. ഇതിൻ്റെ നിയമവശങ്ങളെക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ എത്ര പണം നമ്മുടെ കൈയ്യിൽ വന്നാലും നമ്മൾ നിയക്കുരുക്കിൽപ്പെടുകയും വേണം. അതിനാൽ കൃത്യമായ ബോധ്യത്തോടുകൂടി വേണം ഇങ്ങനെയുള്ള കാര്യങ്ങളെ സമീപിക്കാൻ. അതിന് ഇത് എല്ലാവർക്കും ഉപരിക്കുമെന്ന് കരുതുന്നു. പണം പോലെ തന്നെ ലോട്ടറിയാണ് എല്ലാ അറിവുകളും എന്ന് മനസ്സിലാക്കുക.

#lottery #winnings #taxes #financialplanning #gambling #addiction #money #wealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia