ഇന്ദിരാഗാന്ധിയുടെ ദീർഘവീക്ഷണം: ബാങ്ക് ദേശസാൽക്കരണത്തിന് 56 വയസ്സ്!


● 1980-ൽ 6 ബാങ്കുകളെക്കൂടി ദേശസാൽക്കരിച്ചു.
● കാർഷിക മേഖലയ്ക്ക് വലിയ ഉത്തേജനം ലഭിച്ചു.
● സാധാരണക്കാരിൽ ബാങ്കിങ് ശീലം വളർത്തി.
● കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ വെല്ലുവിളി നേരിട്ടു.
നവോദിത്ത് ബാബു
(KVARTHA) സാമ്പത്തികമായി ഒരുപിടി ഉന്നതരുടെ കൈവശമായിരുന്ന ഇന്ത്യൻ ബാങ്കിങ് മേഖല രാജ്യത്തെ സാധാരണക്കാരിലേക്ക് തുറന്നുകൊടുത്ത വിപ്ലവകരമായ ബാങ്ക് ദേശസാൽക്കരണത്തിന് ഇന്ന് (ജൂലൈ 19) 56 വർഷം തികയുന്നു. രാജ്യത്തിന് വലിയ കുതിപ്പേകിയ സാമ്പത്തിക വിപ്ലവമായിരുന്നു ഇത്.
ഇന്ത്യൻ ഭരണഘടനയുടെ നാലാം അധ്യായമായ നിർദ്ദേശക തത്വങ്ങളിൽ സോഷ്യലിസ്റ്റ് വ്യവസ്ഥിതി വിഭാവനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ 1954-ൽ പാർലമെൻ്റ് 'സോഷ്യലിസ്റ്റ് സാമൂഹികക്രമം' എന്ന ആശയം ഒരു പ്രത്യേക പ്രമേയം വഴി അംഗീകരിച്ചിരുന്നു.
അതിനും വർഷങ്ങൾക്കുശേഷം 1976-ലെ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് മതേതരത്വവും സോഷ്യലിസവും പ്രത്യക്ഷമായി അടിസ്ഥാന തത്വമായി ഭരണഘടനയുടെ ആമുഖത്തിൽ സ്ഥാനം പിടിച്ചത്.
സോഷ്യലിസ്റ്റ് ആശയം മുറുകെപ്പിടിച്ച ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായിരുന്നു 1969-ൽ ഇന്നേ ദിവസം നടന്ന ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം. ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതാണ് രണ്ടു ഘട്ടങ്ങളിലായി നടന്ന ബാങ്ക് ദേശസാൽക്കരണം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഭരണഘടന പ്രകാരം രാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവി പേഴ്സ് എന്ന ആനുകൂല്യം നിർത്തലാക്കിയ വിപ്ലവം പോലെത്തന്നെ അവിശ്വസനീയമായിരുന്നു ഈ നടപടിയും.
1969-ൽ ഇന്നേ ദിവസം 14 ബാങ്കുകളെയാണ് ദേശസാൽക്കരിച്ചതെങ്കിൽ, 1980-ൽ 6 ബാങ്കുകളെക്കൂടി ദേശസാൽക്കരിക്കുകയുണ്ടായി. ബാങ്കിങ് സംവിധാനം ഗ്രാമപ്രദേശങ്ങളിൽ എത്തിക്കുക, കർഷകർക്ക് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു ദേശസാൽക്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
1969 വരെ ഇന്ത്യയിൽ ഒരേയൊരു ദേശസാൽകൃത ബാങ്കാണ് ഉണ്ടായിരുന്നതെങ്കിൽ, ദേശസാൽക്കരണത്തിനുശേഷം അത് 19 എണ്ണമായി ഉയർന്നു. ഒന്നാം ഘട്ടത്തിൽ 50 കോടിയിലധികം നിക്ഷേപമുള്ള 14 ബാങ്കുകളാണ് ദേശസാൽക്കരിക്കപ്പെട്ടതെങ്കിൽ, രണ്ടാം ഘട്ടത്തിൽ 200 കോടിയിലേറെ നിക്ഷേപമുള്ള ബാങ്കുകളെയാണ് ദേശസാൽക്കരിച്ചത്.
ഈ വിപ്ലവകരമായ തീരുമാനത്തിലൂടെ സ്വകാര്യ വ്യക്തികൾ അവരുടെ ഇഷ്ടപ്രകാരം കൈകാര്യം ചെയ്തിരുന്ന കോടിക്കണക്കിന് രൂപ ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ പറ്റുന്ന പൊതു മൂലധനമായി മാറുകയായിരുന്നു. 1955-ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ദേശസാൽക്കരിച്ചത്. അതുവരെ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
സ്വകാര്യ ബാങ്കുകളായി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ജനങ്ങളുടെ നിക്ഷേപത്തിന് സുരക്ഷ ഇല്ലാതിരിക്കുകയും പലർക്കും നിക്ഷേപം നഷ്ടപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ജീവനാഡിയായ കർഷകരെയും കാർഷിക മേഖലയെയും ഇവർ പൂർണ്ണമായും അകറ്റി നിർത്തി.
വൻകിട വ്യവസായങ്ങൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും മാത്രമായി വായ്പാ വിതരണം പരിമിതപ്പെടുത്തിയതോടെ കാർഷിക മേഖലയുടെ നട്ടെല്ലൊടിഞ്ഞു. കേവലം 2.3 ശതമാനം മാത്രം കാർഷിക വായ്പ നൽകിയിരുന്ന സ്ഥാനത്തുനിന്ന്, അതിന്റെ എത്രയോ ഇരട്ടി തുക ദേശസാൽക്കരണം വഴി കാർഷിക വായ്പയിലേക്ക് മാറി.
അതുവഴി രാജ്യത്തിന് പിന്നീടുണ്ടായ കാർഷിക മേഖലയിലെ വളർച്ചയ്ക്കും അതിലുപരി കാർഷിക വിപ്ലവത്തിനും ഇത് കളമൊരുക്കി എന്നതാണ് ഈ വിപ്ലവത്തിന്റെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്.
കോൺഗ്രസ് രാഷ്ട്രീയത്തിൽ ഈ വിഷയത്തിൽ വലിയ വെല്ലുവിളി ഇന്ദിരാഗാന്ധിക്ക് നേരിടേണ്ടി വന്നു. ധനകാര്യ മന്ത്രിയായിരുന്ന മൊറാർജി ദേശായി ഈ തീരുമാനത്തെ പരസ്യമായി എതിർത്തതിനെത്തുടർന്ന് മൊറാർജിയെ ഒഴിവാക്കി പ്രധാനമന്ത്രിതന്നെ ധനകാര്യ വകുപ്പ് ഏറ്റെടുത്താണ് ബാങ്ക് ദേശസാൽക്കരണം നടപ്പിലാക്കിയത്.
പാർട്ടിക്കുള്ളിൽ സിൻഡിക്കേറ്റ് എന്നൊരു വിഭാഗം രൂപീകരിച്ച് ഇന്ദിരക്കെതിരെ പോരാട്ടം നയിച്ചുവെങ്കിലും, പാർട്ടി അനിവാര്യമായ പിളർപ്പിലേക്ക് നീങ്ങിയിട്ടും ഇന്ദിരാഗാന്ധിക്ക് ശക്തമായ ജനപിന്തുണ ലഭിക്കുകയായിരുന്നു എന്നതാണ് വസ്തുത.
ഏതാനും ചില പണക്കാരുടെ കൈകളിലുണ്ടായിരുന്ന ബാങ്കിങ് മേഖല, ഈ കടുത്ത തീരുമാനം വഴിയുണ്ടായ ദേശസാൽക്കരണത്തിന്റെ ഫലമായി സാധാരണക്കാരിൽ ബാങ്കിങ് ശീലം വളർത്തി. ഗ്രാമങ്ങളിൽ ശാഖകൾ വർധിച്ചു, നിക്ഷേപം സുരക്ഷിതമാണെന്ന് ബോധ്യമായതോടെ കൂടുതൽ നിക്ഷേപങ്ങൾ എത്തി, കാർഷിക മേഖല സമ്പുഷ്ടമായി, മറ്റു മേഖലകളിൽ കൂടുതൽ വളർച്ചയുണ്ടായി. രാജ്യത്ത് ഒരു സാമ്പത്തിക വിപ്ലവം തന്നെ ദേശസാൽക്കരണം സൃഷ്ടിച്ചു.
ദേശസാൽക്കരണം കഴിഞ്ഞ് 50 വർഷത്തിനിപ്പുറം പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടത്തിന്റെ പിടിയിലാണ്. മൊത്തം വായ്പയുടെ 10 ശതമാനത്തിലേറെ കിട്ടാക്കടമാണെന്ന് പറയപ്പെടുന്നു. കിട്ടാക്കടങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി കാർഷിക മുൻഗണനാ മേഖലകൾക്ക് നിശ്ചയിച്ച രൂപത്തിലുള്ള വായ്പ നൽകാനുള്ള സാഹചര്യം ബാങ്കുകൾക്ക് സാധിക്കുന്നില്ല എന്ന കാര്യവും ബാങ്കിങ് മേഖലയിൽ ചർച്ചാവിഷയമാണ്.
ഇന്ത്യൻ സാമ്പത്തിക നയത്തിലുണ്ടായ മാറ്റത്തെത്തുടർന്ന് പൊതുമേഖലയിലുണ്ടായിരുന്ന പല ബാങ്കുകളും പിന്നീട് പരസ്പരം ലയിപ്പിക്കുകയും, അതിന്റെ ഫലമായി നിലവിൽ 12 ദേശസാൽകൃത ബാങ്കുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ളത്.
ബാങ്ക് ദേശസാൽക്കരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Bank nationalization in India, a key economic reform, turns 56.
#BankNationalization #IndiraGandhi #IndianEconomy #FinancialHistory #PublicSectorBanks #EconomicReform