ഈ ഹോട്ടലിൽ ആയിരം രൂപയ്ക്ക് ഭക്ഷണം കഴിച്ചാൽ 100 രൂപ എ സി ചാർജ് നൽകണം


● സമാന ഹോട്ടലുകളിൽ എ.സി.ക്ക് പ്രത്യേകം തുക ഈടാക്കാറില്ലെന്ന് ഉപഭോക്താക്കൾ.
● ഹാളിലേക്ക് കയറുന്നിടത്ത് ചെറിയ ബോർഡിൽ വിവരമുണ്ടെന്ന് ഹോട്ടൽ അധികൃതർ.
● ഈ ബോർഡ് മിക്കവരുടെയും ശ്രദ്ധയിൽപ്പെടില്ലെന്ന് ഉപഭോക്താവ്.
● ഹോട്ടലുകളിൽ എ.സി.ക്ക് 10% പിടിച്ചുപറിയെന്ന് ആക്ഷേപം.
● അധികൃതരുടെ ഇടപെടലും ചാർജുകളിൽ സുതാര്യതയും ആവശ്യപ്പെട്ട് ഉപഭോക്തൃ സമൂഹം.
എറണാകുളം: (KVARTHA) നഗരത്തിലെ പ്രശസ്ത റസ്റ്റോറൻ്റുകളിലൊന്നായ ഡി.എച്ച്. റോഡിലെ കായീസ് ഹോട്ടലിനെതിരെ (ഡർബാർ ഡൈൻ) അമിതമായി എ.സി. ചാർജ് ഈടാക്കുന്നുവെന്ന് വ്യാപകമായ പരാതി ഉയരുന്നു. ആയിരം രൂപയ്ക്ക് ഭക്ഷണം കഴിച്ചാൽ ഏകദേശം നൂറ് രൂപ എ.സി. ചാർജായി നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. നഗരത്തിൽ സമാനഹോട്ടലുകളിൽ മിക്കതിലും എ സി ഹാളിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് പ്രത്യേകം തുക ഈടാക്കുന്നില്ലെന്നിരിക്കെയാണ് സംഭവം പരാതിക്കിടനൽകുന്നത്. ഒരു യുവാവ് തനിക്ക് ലഭിച്ച ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1071 രൂപയുടെ മൊത്തം ബില്ലിൽ 97.4 രൂപ 'എ.സി.ഡൈൻ ഫെസിലിറ്റി' എന്ന പേരിൽ അധികമായി ഈടാക്കിയതായാണ് ബില്ലിൽ വ്യക്തമാകുന്നത്.
അതേസമയം, എ.സി. ഡൈനിംഗ് ഹാളിലേക്ക് കയറുന്ന ഭാഗത്ത് വളരെ ചെറിയ അക്ഷരത്തിൽ, ബില്ലിന്റെ 10% എ.സി. സൗകര്യം ഉപയോഗിക്കുന്നതിനുള്ള ചാർജ്ജ് ഈടാക്കുമെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. എന്നാൽ, ഈ ബോർഡ് ശ്രദ്ധയിൽപ്പെടില്ല എന്നതാണ് വാസ്തവമെന്ന് പരാതിക്കാരൻ പറയുന്നു.
ബിരിയാണിയുടെ പേരിൽ നഗരത്തിലെ അറിയപ്പെടുന്ന ഹോട്ടൽ എന്ന നിലയിൽ അനേകം പേരാണ് ഇവിടെയെത്തുന്നത്. എറണാകുളത്ത് കുടുംബസമേതം പല ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് പതിവുള്ള തനിക്ക് ഇത്രയും ഭീമമായ തുക ഈ ഇനത്തിൽ ഈടാക്കിയത് ആദ്യ അനുഭവമാണെന്നും, ഇത് തികച്ചും 'പിടിച്ചുപറി' ആണെന്നും പരാതിക്കാരനായ യുവാവ് വ്യക്തമാക്കുന്നു.
ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നതിൽ ഹോട്ടലുകൾ കൂടുതൽ സുതാര്യത പുലർത്തണമെന്നും, അല്ലാത്തപക്ഷം ഇത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാകുമെന്നും ആക്ഷേപം ശക്തമാണ്. ഈ വിഷയത്തിൽ ഉപഭോക്തൃ സമൂഹത്തിന്റെ ഇടയിൽ നിന്ന് അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ
Article Summary: Customer alleges Ernakulam's Kayees Hotel charges excessive 10% AC fee on bills.
#Ernakulam #RestaurantBill #ACCharge #ConsumerRights #KayeesHotel #Kerala