Gold Price | സ്വർണവിലയിലുണ്ടായത് ഏറ്റവും വലിയ പ്രതിദിന ഇടിവ്, പൊന്നിന് ഇനിയും കുറയുമോ? സാധ്യതകൾ ഇങ്ങനെ 

 
Downturn Expected in Gold Prices?


സ്വർണവില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതിനുള്ള താൽപര്യം

കൊച്ചി: (KVARTHA)  സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണ് ശനിയാഴ്ച (ജൂൺ എട്ട്) ഉണ്ടായത്. ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയും പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയുമായി. 18 കാരറ്റ് സ്വർണവില 150 രൂപ ഗ്രാമിന് കുറഞ്ഞ് 5470 രൂപയായി. 24 കാരറ്റ് സ്വർണ കട്ടിക്ക് ബാങ്ക് നിരക്ക് 73 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണവില 2293 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.40 ഉം ആണ്. അന്താരാഷ്ട്ര സ്വർണവിലയിൽ  2021 ജനുവരിക്ക് ശേഷമുള്ള വലിയ ഏകദിന ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്.

എന്താണ് ഇടിവിന് കാരണം? 

ഏവരെയും അമ്പരപ്പിച്ച് ചൈന വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവച്ചതാണ് പ്രധാന കാരണമായത്. ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. വിവരം പുറത്തുവന്നതോടെ സ്വർണവില 3.5 ശതമാനം കുറയുകയാണ് ഉണ്ടായത്. കൂടാതെ അമേരിക്കയിൽ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴിൽ നൽകിയത് പണപ്പെരുപ്പ നിരക്കിൽ ഉണ്ടായ സമ്മർദത്തെ ചെറിയതോതിൽ മറികടക്കാൻ സാധിച്ചിട്ടുണ്ട്. ഇതും സ്വർണവില ഇടിയുന്നതിന് മറ്റൊരു കാരണമായി.

ബാങ്കുകളുടെ സ്വർണ ശേഖരം 

സ്വർണവില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതിനുള്ള താൽപര്യം. കേന്ദ്ര ബാങ്കുകൾ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി വിദേശനാണ്യ കരുതൽ ശേഖരിക്കുന്നു. സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു, അതിനാൽ പല കേന്ദ്ര ബാങ്കുകളും അവരുടെ കരുതലിൽ സ്വർണം ഉൾപ്പെടുത്തുന്നു. 

ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങുമ്പോൾ, ആകെ ലഭ്യമായ സ്വർണത്തിന്റെ അളവ് കുറയുന്നു. ഇത് ഡിമാൻഡ് വർധിപ്പിക്കുകയും വില ഉയർത്തുകയും ചെയ്യുന്നു. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം, പല കേന്ദ്ര ബാങ്കുകളും അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നതിനു പകരം കൂടുതൽ സ്വർണം വാങ്ങാൻ തുടങ്ങി. ഇത് സ്വർണത്തിന്റെ ആഗോള ഡിമാൻഡ് വർദ്ധിപ്പിക്കുകയും വില കുതിക്കുകയും ചെയ്തു. 

ഇനിയും വില കുറയുമോ?

ചൈനയുടെ കേന്ദ്ര ബാങ്കിന്റെ സ്വർണ ശേഖരത്തിൽ മാറ്റം വന്നത് കൊണ്ട് ഡിമാൻഡ് കുറയാനും വില നല്ല രീതിയിൽ കുറയാനുമാണ് സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറയുന്നു. മാത്രമല്ല അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നതിലുള്ള ആശങ്ക, ഇസ്രാഈൽ - ഹമാസ് വെടി നിർത്തലിനുള്ള സമ്മർദം, ഉയർന്ന വിലയിലെ ഡിമാൻഡ് കുറവ് എന്നിവയൊക്കെ വില കുറയുന്നതിന് ആക്കം കൂട്ടാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കേരളത്തിൽ ആദ്യമായിട്ടാണ് സ്വർണവിലയിൽ ഒറ്റദിവസം ഗ്രാമിന് 190 രൂപയുടെ കുറവ് രേഖപ്പെടുത്തുന്നത്. പവന് 1520 രൂപയുടെ കുറവാണുണ്ടായത്. ചെറിയതോതിലുള്ള ചാഞ്ചാട്ടം ഉണ്ടായാലും, വരും ദിവസങ്ങളിലും സ്വർണവിലയിൽ കുറവുണ്ടാകാനാണ് സാധ്യതയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സാമ്പത്തിക അനിശ്ചിതത്വങ്ങളോ രാഷ്ട്രീയ പ്രതിസന്ധികളോ ഉണ്ടായാൽ സ്വർണ വിലയെ ബാധിക്കാം. അത്തരം സാഹചര്യങ്ങളിൽ സ്വർണം വീണ്ടും റെക്കോഡ് ഉയരത്തിലെത്താൻ സാധ്യതയുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia