സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലെ ആള്‍കൂട്ടം; വീണ്ടും വിമര്‍ശിച്ച് ഹൈകോടതി
Jul 30, 2021, 14:25 IST
കൊച്ചി: (www.kvartha.com 30.07.2021) സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലെ ആള്‍കൂട്ടത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈകോടതി. മദ്യവില്‍പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാകാത്ത അവസ്ഥയാണെന്ന് കോടതി കുറ്റപ്പടുത്തി. ഇത്തരം ആള്‍കൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നു. ഇത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
മദ്യവില്‍പന ശാലകള്‍ കുറേക്കൂടി പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട് ലെറ്റിലെ ആള്‍കൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം.
അതേസമയം വില്‍പനശാലകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണി മുതലാക്കിയതായി സര്‍കാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തൊണ്ണൂറ്റിയാറ് വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായും സര്‍കാര്‍ കോടതിയെ വ്യക്തമാക്കി. എന്നാല്‍ ഇത്രയും ഷോപുകള്‍ ഇതുവരെ എങ്ങനെയാണ് പിന്നെ പ്രവര്‍ത്തിച്ചതെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.