200 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങി; ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തിയിലേക്ക്
Oct 9, 2021, 16:21 IST
കോഴിക്കോട്: (www.kvartha.com 09.10.2021) 200 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകന്‍ ഇ ടി ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനൊരുങ്ങുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോഴിക്കോട് സി ജെ എം കോടതിയുടെതാണ് ഉത്തരവ്.
വന്‍ തുക വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കും കനറാ ബാങ്കും സംയുക്തമായി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യാപര കേന്ദ്രം ഉള്‍പെടെയാണ് ജപ്തി ചെയ്യുക. നഗരത്തിലെ ഫോര്‍ ഇന്‍ ബസാര്‍ എന്ന ഷോപിംഗ് കോംപ്ലക്‌സ് ഉള്‍പെടെ കോടികള്‍ വിലമതിക്കുന്ന പതിനഞ്ചോളം വസ്തുവകകളാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തിയിലേക്ക് നീങ്ങുന്നത്. 48 ഓളം കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ ഇന്‍ ബസാര്‍ ഒഴിപ്പിക്കുന്നതിന് സാവകാശം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം 21 നകം വസ്തുവകകള്‍ ഏറ്റെടുത്ത് റിപോര്‍ട് നല്‍കാനാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയുടെ ഉത്തരവ്. 2013ലായിരുന്നു ഇടി ഫിറോസിന്റെ നേതൃത്വത്തിലുളള അന്നം സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കനറ ബാങ്കില്‍ നിന്നുമായി 200 കോടി രൂപ വായ്പയെടുത്തത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ബെംഗ്‌ളൂറു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കുതിര്‍മുഖ് അയണ്‍ ഓര്‍ കമ്പനിയില്‍ നിന്നുളള ഇരുമ്പിന്റെ പാഴ് വസ്തുക്കള്‍ ലേലത്തില്‍ എടുക്കാനെന്ന പേരിലായിരുന്നു വായ്പ.
24 മാസമായിരുന്നു വായ്പ കാലാവധി. എന്നാല്‍ ലേലത്തിനെടുത്ത പാഴ് വസ്തുക്കളുടെ വില്‍പന നിലച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്കുകള്‍ കോടതിയെയും ഡെബിറ്റ് റികവറി ട്രിബ്യൂണലിനെയും സമീപിച്ചു. ഇതിനിടെ ഈട് നല്‍കിയ വസ്തുക്കളിലൊന്ന് കൊച്ചി മെട്രോയ്ക്കായി ഏറ്റെടുത്തു. ഇതുവഴി കിട്ടിയ 40 കോടിയോളം രൂപ ബാങ്കുകള്‍ വസൂലാക്കി. ബാക്കിയുളള തുകയ്ക്കായാണ് വായ്പ എടുത്തവരുടെയും ജാമ്യം നിന്നവരുടെയും വസ്തുവകകള്‍ ജപ്തി ചെയ്യാനൊരുങ്ങുന്നത്.
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതി നിയോഗിച്ച അഭിഭാഷക കമീഷന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. അതേസമയം, തുക തിരിച്ചടയ്ക്കാനുളള ശ്രമം തുടരുകയാണെന്നും ജപ്തിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇടി ഫിറോസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.