വെളിച്ചെണ്ണ വില കുതിക്കുന്നു: ചെറുകിട സംരംഭകർക്ക് താഴ് വീഴുന്നു, പാമോയിൽ കമ്പനികൾ കൊയ്യുന്നു!


● കൈനിർമ്മിത സോപ്പ് വ്യവസായവും പ്രതിസന്ധിയിൽ.
● നൂറുകണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത.
● ഈ വർഷം വിലയിൽ കുറവുണ്ടാകില്ലെന്ന് പ്രവചനം.
● കൊപ്ര ഉത്പാദനത്തിൽ 40 ശതമാനം കുറവ് രേഖപ്പെടുത്തി.
കണ്ണൂർ: (KVARTHA) വെളിച്ചെണ്ണയുടെ വില ആഗോളതലത്തിൽ കുതിച്ചുയരുന്നതിനെ തുടർന്ന് കണ്ണൂരിലെ ചെറുകിട വ്യാപാരികളും സംരംഭകരും വലിയ പ്രതിസന്ധി നേരിടുകയാണ്. വെളിച്ചെണ്ണ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ബേക്കറി, പലഹാര കടകൾ പൂട്ടിത്തുടങ്ങി. നിലവിൽ പാമോയിലിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രമാണ് വിപണിയിലെത്തുന്നത്.
നേരത്തെ ആരോഗ്യത്തിന് ഗുണകരമായ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നവരും ഇപ്പോൾ അതിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ സോപ്പും മറ്റ് ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നവരും പിടിച്ചുനിൽക്കാനാവാതെ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു.
കൈനിർമ്മിത സോപ്പുകൾ വെളിച്ചെണ്ണ വിലക്കയറ്റം കാരണം ഒരുവിധത്തിലും നിർമ്മിക്കാൻ കഴിയില്ലെന്നാണ് വ്യവസായ സംരംഭകർ പറയുന്നത്. ഈ സാഹചര്യം നൂറുകണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ട്.
വെളിച്ചെണ്ണ വിലയിൽ ഈ വർഷം വലിയ കുറവുണ്ടാകില്ലെന്ന നിഗമനം ഓണക്കാലത്തെങ്കിലും വില താഴുമെന്ന് പ്രതീക്ഷിച്ച വ്യാപാരികളെ നിരാശരാക്കിയിട്ടുണ്ട്. ലോക ബാങ്കിന്റെ കമ്മോഡിറ്റി മാർക്കറ്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട് പ്രകാരം ഈ വർഷം ടണ്ണിന് 250 ഡോളർ കൂടുമെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനം അനുസരിച്ചുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം 2025-ൽ ടണ്ണിന് 1800 ഡോളറാണ് പ്രതീക്ഷിക്കുന്ന വില. 2024-ൽ ഇത് 1519 ഡോളറായിരുന്നു, അതായത് 281 ഡോളറിന്റെ വർദ്ധനവ്. 2026-ൽ 1750 ഡോളറാണ് പ്രതീക്ഷിക്കുന്ന വില, ഇത് ഈ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 2.8 ശതമാനത്തിന്റെ കുറവാണ്.
ഇതനുസരിച്ച് അടുത്ത വർഷം പകുതിയോടെ വിലയിൽ നേരിയ കുറവുണ്ടായാലും മുൻവർഷങ്ങളിലേതിനേക്കാൾ വില ഉയർന്നുനിൽക്കുമെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ട്.
കഴിഞ്ഞ മാസം ആദ്യത്തോടെ വെളിച്ചെണ്ണയുടെ വിലയിൽ 84 ശതമാനത്തിലേറെ വർദ്ധനവുണ്ടായി. ചില്ലറവില 71 ശതമാനവും കൂടി. അതേസമയം, ദക്ഷിണേന്ത്യയിൽ കൊപ്ര ഉത്പാദനത്തിൽ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം കാരണം കേരളം, തമിഴ്‌നാട്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ഉത്പാദനം 20 ശതമാനം വരെ കുറഞ്ഞതായി ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണം, ജൈവ ഇന്ധന മേഖലകളിലെ ഉപയോഗം എന്നിവ വർദ്ധിച്ചതിനാൽ ആഗോളതലത്തിൽ ആവശ്യകത ഉയർന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഹോട്ടലുകളിൽ നേരത്തെ എണ്ണക്കടികൾക്കായി ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നെങ്കിലും പലരും ഇപ്പോൾ അതിൽ നിന്ന് പിന്മാറിയിരിക്കുകയാണ്.
വെളിച്ചെണ്ണ വിലവർദ്ധനവിൽ വലയുന്ന ഉപഭോക്താക്കൾ പാമോയിലിലേക്ക് മാറിയത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പാമോയിൽ ഉൽപ്പാദന കമ്പനികൾക്ക് വലിയ നേട്ടമായി മാറിയിട്ടുണ്ട്. കേരളത്തിൽ നിന്ന് കോടികളാണ് അവർ കൊണ്ടുപോകുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Soaring coconut oil prices impacting small businesses, boosting palm oil.
#CoconutOilPrice #KeralaEconomy #SmallBusinesses #PalmOil #PriceHike #AgriculturalCrisis