ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ സാധാരണക്കാരന്റെ പോകറ്റ് കാലിയാക്കാന്‍ ഡെല്‍ഹിയില്‍ സിഎന്‍ജിക്കും വില കൂടുന്നു; മൈലേജ് കൂടുതൽ നേടാൻ എസി ഓഫ് ചെയ്തുവെക്കാനുള്ള തീരുമാനവുമായി കാബ് ഡ്രൈവര്‍മാര്‍; വിലക്കയറ്റത്തിൽ പൊറുതിമുട്ടി പൊതുജനം

 


ന്യൂഡെല്‍ഹി: (www.kvartha.com 04.04.2022) ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ സാധാരണക്കാരന്റെ പോകറ്റ് കാലിയാക്കാന്‍ ഡെല്‍ഹിയില്‍ സിഎന്‍ജിക്കും വില കൂടുന്നു. പെട്രോള്‍, ഡീസല്‍ വില യഥാക്രമം 2.5 രൂപയും 40 പൈസയുമാണ് കൂടിയത്. ഏപ്രില്‍ നാലു മുതല്‍ ഡെല്‍ഹിയില്‍ സി എന്‍ ജി വില കിലോയ്ക്ക് 64.11 രൂപയായി വര്‍ധിച്ചു. സി എന്‍ ജി നിരക്കുകളിലെ വര്‍ധനവ് ഊബര്‍, ഓല തുടങ്ങിയ റൈഡ് ഹെയ്‌ലറുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

നിരക്ക് വര്‍ധനയെ തുടര്‍ന്ന് എസി ഓഫ് ചെയ്യാനുള്ള ആലോചനയിലാണ് കാബ് ഡ്രൈവര്‍മാര്‍. എസി ഓഫ് ചെയ്താൽ ലിറ്ററിന് 2-3 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് ഡ്രൈവർമാർ അവകാശപ്പെടുന്നു. 'സിഎന്‍ജി വില വര്‍ധനവ് കണക്കിലെടുത്ത്, യാത്രക്കാര്‍ക്കായി കാബിന്റെ എയര്‍കണ്ടീഷണര്‍ ഓണാക്കി വെക്കുന്നതിനോട് ഞങ്ങള്‍ അനുകൂലമല്ലെന്നും വര്‍ധിച്ച വില ഞങ്ങളുടെ ബജറ്റിനെ ബാധിച്ചു'വെന്നും ഡെല്‍ഹിയിലെ ഒരു കാബ് ഡ്രൈവറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ച, ഡെല്‍ഹിയില്‍ മാത്രം സിഎന്‍ജിയുടെ വില കിലോയ്ക്ക് 80 പൈസ വര്‍ധിപ്പിച്ചിരുന്നു, അതേസമയം ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, ഡെല്‍ഹി എന്നിവിടങ്ങളില്‍ പൈപ് വഴിയുള്ള പ്രകൃതിവാതകത്തിന് (PNG) കിലോയ്ക്ക് അഞ്ചു രൂപ 85 പൈസ വര്‍ധിപ്പിച്ചിരുന്നു.നിലവില്‍ ഡെല്‍ഹിയില്‍ സിഎന്‍ജിയുടെ വില 64.11 രൂപയായപ്പോള്‍ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോഗ്രാമിന 63.38 രൂപയാണ് വില. കൂടാതെ, ഗുരുഗ്രാമില്‍ ഒരു കിലോയ്ക്ക് 69.17 രൂപയ്ക്ക് ലഭ്യമാണ്. സിഎന്‍ജിയുടെ വില ഓരോ നഗരത്തിലും വ്യത്യസ്തമാണ്.

പെട്രോൾ ഡീസലിന്റെ കാര്യത്തില്‍, 14 ദിവസത്തിനുള്ളില്‍ 12-ാമത്തെ വില പരിഷ്‌കരണമുണ്ടായി. രണ്ടാഴ്ചയ്ക്കിടെ ഇന്ധനവില 8.40 രൂപയാണ് വര്‍ധിച്ചത്. രാജ്യതലസ്ഥാനത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 103.81 രൂപയും ലിറ്ററിന് 95.07 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 118.83 രൂപയും (84 പൈസ വര്‍ധിച്ചു) ഡീസലിന് 103.07 രൂപയും (43 പൈസ വര്‍ധിച്ചു).

കഴിഞ്ഞ വര്‍ഷം നവംബര്‍ നാലു മുതല്‍ ഇന്ധന വില കൂട്ടുന്നത് നിർത്തിവെച്ചിരുന്നു. എന്നാൽ യുക്രൈയ്‌നിലെ റഷ്യന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്ന്നതിനെ തുടർന്നാണ് മാര്‍ച് 22 ഓടെ വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഇത് മറ്റ് സാധനങ്ങളുടെ വിലകളില്‍ സ്വാധീനം ചെലുത്തുകയും പണപ്പെരുപ്പ സമ്മര്‍ദത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നത് സാധാരണക്കാർക്ക് തിരിച്ചടിയാണ്.

ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുണ്ട്. വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ കാംപെയിന്‍ 'മെഹംഗായി മുക്ത് ഭാരത് അഭിയാന്‍' നടത്തുകയാണ്. ഇതിന്റെ ഭാഗമായി മാര്‍ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെ രാജ്യത്തുടനീളം റാലികളും മാര്‍ചുകളും സംഘടിപ്പിച്ചു വരുന്നു. അതിനിടെ കേരളത്തില്‍ നിന്നുള്ള സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തിന്, 'പെട്രോള്‍, ഡീസല്‍, എല്‍പിജി, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധനവില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് ' ചട്ടം 267 പ്രകാരം സസ്പെന്‍ഷന്‍ നോടിസ് നല്‍കി.


ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് പിന്നാലെ സാധാരണക്കാരന്റെ പോകറ്റ് കാലിയാക്കാന്‍ ഡെല്‍ഹിയില്‍ സിഎന്‍ജിക്കും വില കൂടുന്നു; മൈലേജ് കൂടുതൽ നേടാൻ എസി ഓഫ് ചെയ്തുവെക്കാനുള്ള തീരുമാനവുമായി കാബ് ഡ്രൈവര്‍മാര്‍; വിലക്കയറ്റത്തിൽ പൊറുതിമുട്ടി പൊതുജനം


Keywords: CNG becomes dearer in Delhi after hike in petrol, diesel prices; cab drivers mull keeping AC off, New Delhi, News, Petrol Price, Diesel, Increased, Protesters, Business, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia