കിഫ് ബിക്കെതിരെ സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടര്‍ പ്രവര്‍ത്തിക്കുന്നു; വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 16.11.2021) കിഫ് ബിക്കെതിരെ സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ് ബിക്കെതിരായ സി എ ജി റിപോര്‍ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ് ഭവനില്‍ ചാന്‍സലേഴ്‌സ് അവാര്‍ഡുദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ് ബിക്കെതിരെ സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടര്‍ പ്രവര്‍ത്തിക്കുന്നു; വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി

കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ടുപോകരുതെന്നാണ് ഇവരുടെ ആഗ്രഹം. അല്‍പം പുറകോട്ടു പോയാല്‍ വളരെ സന്തോഷമാണിവര്‍ക്ക്. എന്നാല്‍ വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍കാര്‍ പുറകോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കിഫ് ബിയെ എങ്ങനെയൊക്കെ നിശേഷമാക്കാമെന്നും അപകീര്‍ത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്ന് അല്‍പമെങ്കിലും പിന്നോട്ടു പോയാല്‍ ആശ്വാസവും സന്തോഷവും തോന്നുന്ന സാഡിസ്റ്റ് മനോഭാവമുള്ളവരാണ് ഇതിനു പിന്നിലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതു തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്. സാമ്പത്തിക രംഗത്തിന്റെ ശേഷിക്കുറവുകൊണ്ടു വിദ്യാഭ്യാസ മേഖലയടക്കമുള്ളവ ശക്തിപ്പെടാതിരുന്നാല്‍ അതു നാളത്തെ തലമുറയോടു ചെയ്യുന്ന കുറ്റമായി മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബജറ്റിന്റെ ശേഷിവച്ചു മാത്രം ഇവയെല്ലാം ചെയ്യാന്‍ നമുക്കു കഴിയില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സര്‍കാരിന്റെ പണത്തിനൊപ്പം കിഫ് ബിയിലൂടെ നല്ല രീതിയില്‍ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ് ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല രീതിയില്‍ സാര്‍വത്രിക വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞതും നവോഥാന മുന്നേറ്റവും നടന്നെത്താവുന്ന ദൂരത്ത് വിദ്യാലയങ്ങളുള്ളതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും കുട്ടികള്‍ക്കു പ്രവേശനം ലഭിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചതുമെല്ലാമാണ് വിദ്യാഭ്യാസ രംഗത്ത് ഇന്നു കേരളം രാജ്യത്തുതന്നെ മുന്‍പന്തിയിലെത്തി നില്‍ക്കാനുള്ള പ്രധാന ഘടകങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതു പാവപ്പെട്ട കുടുംബത്തിലേയും കുട്ടിക്ക് ആഗ്രഹിക്കുന്നിടംവരെ പഠിച്ച് ഉയരാനുള്ള സാഹചര്യം കേരളത്തിലുണ്ട്. വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയില്‍ കാലത്തിനൊപ്പമുള്ള മാറ്റമുണ്ടാക്കാന്‍ കേരളത്തിനു കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തി പണമുണ്ടാക്കാമെന്ന ചിന്താഗതി വളര്‍ന്നുവന്നു. ഇതു പൊതുവിദ്യാഭ്യസ രംഗത്തിനു വലിയ ഉലച്ചിലേല്‍പിച്ചു.

ഈ തകര്‍ച്ച എങ്ങനെ പരിഹരിക്കാമെന്നു കഴിഞ്ഞ എല്‍ ഡി എഫ് സര്‍കാര്‍ ഗൗരവമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു തുടക്കം കുറിച്ചത്. അതിന്റെ ഫലമായി അഭിമാനിക്കാനാകുംവിധം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ് ബി ഉള്‍പെടെയുള്ള ഏജന്‍സികള്‍ വഴി ബജറ്റില്‍ ഉള്‍പെടുത്താതെ കൂടുതല്‍ കടമെടുക്കുന്നത് ബാധ്യതകള്‍ വര്‍ധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന് പറയുന്ന സി എ ജി റിപോര്‍ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ കക്ഷികള്‍ സര്‍കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM Pinarayi Vijayan said that a sadistic group working against KIIFB, Thiruvananthapuram, News, Chief Minister, Pinarayi vijayan, Criticism, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia