പ്രപഞ്ചരഹസ്യങ്ങള്‍ കൈയെത്തും ദൂരെ; 2 വര്‍ഷത്തിനിടെ 9,000ത്തില്‍ അധികം തവണ ചന്ദ്രയാന്‍-2 ചന്ദ്രനെ വലയം ചെയ്തതായി ഐഎസ്ആര്‍ഒ
Sep 7, 2021, 10:31 IST
ബെംഗളൂറു: (www.kvartha.com 07.09.2021) ഇന്‍ഡ്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ വാഹനമായ 'ചന്ദ്രയാന്‍-2' ദൗത്യത്തിലെ പേടകമായ ഓര്‍ബിറ്റര്‍ 2 വര്‍ഷത്തിനിടെ 9,000ത്തില്‍ അധികം തവണ ചന്ദ്രനെ വലയം ചെയ്തതായി ഐ എസ് ആര്‍ ഒ. പകര്‍ത്തിയ ദൃശ്യങ്ങളും ശേഖരിച്ച വിവരങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് മുതല്‍ക്കൂട്ടാകുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
ഓര്‍ബിറ്ററിലെ 8 പര്യവേക്ഷണ ഉപകരണങ്ങളും ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൃത്യമായ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. പര്യവേക്ഷണം 2 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി നടത്തിയ ചാന്ദ്ര ശാസ്ത്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 100 കിലോമീറ്റര്‍ അടുത്തുവരെ ഭ്രമണം ചെയ്ത ഓര്‍ബിറ്ററില്‍നിന്നും ചന്ദ്രന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങള്‍ ഉള്‍പെടെ ഐ എസ് ആര്‍ ഒ പുറത്തുവിട്ടിരുന്നു.
ഓര്‍ബിറ്ററിലെ പര്യവേക്ഷണ ഉപകരണങ്ങളിലൂടെ ലഭിച്ച ശാസ്ത്ര കണ്ടെത്തലുകളും വിവരങ്ങളും ചടങ്ങില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാനും ബഹിരാകാശ സെക്രടറിയുമായ ഡോ. കെ ശിവന്‍ പുറത്തുവിട്ടു. ചന്ദ്രയാന്‍-2 ദൗത്യത്തില്‍നിന്നും കൂടുതല്‍ ശാസ്ത്രീയമായ വിശകലനവും കണ്ടെത്തലുകളും ഉണ്ടാകുന്നതിനാണ് ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കുമായി ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ജൂലൈ 22നാണ് ജി എസ് എല്‍ വി മാര്‍ക് 3 റോകെറ്റില്‍ ശ്രീഹരികോട്ടയില്‍നിന്നും ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. തുടര്‍ന്ന് 2019 ആഗസ്റ്റ് 20ന് ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.