'കോവിഡ് ജിഹാദ്' എന്ന സംഘടിത കുപ്രചാരണത്തിന് ശേഷം യുപിയിൽ കാണുന്നത് ദയനീയ കാഴ്ചകൾ; കച്ചവടം തകർന്നു; പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ട് ന്യൂനപക്ഷം; വിശദമായ റിപോർട്

 


ലക്‌നൗ:(www.kvartha.com 07.03.2022) കോവിഡിന്റെ ഇൻഡ്യയിലെ ആദ്യ തരംഗത്തിൽ മുസ്ലിംകളെ ആസൂത്രിതമായി ഉത്തരേൻഡ്യയിലെ ഒരുപറ്റം മാധ്യമങ്ങളും വലതു പക്ഷ സംഘടനകളും ചേർന്ന് രോഗ വ്യാപകർ എന്ന ദുഷ്‌പേര് ചാർത്തിക്കൊടുത്ത് പൈശാചികവൽക്കരിച്ചെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ആ പ്രചാരണം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞെങ്കിലും അതിന്റെ ബീഭൽസമായ ആഘാതത്തിൽ നിന്നും ഇന്നും അവിടത്തെ മുസ്ലിംകൾക്ക് കരകയറാൻ കഴിഞ്ഞിട്ടില്ല. 'ദി ക്വിന്റ്' പ്രസിദ്ധീകരിച്ച വാർത്തയിലാണ് ഇതുസംബന്ധിച്ച വിശദമായ റിപോർട് ഉള്ളത്.

                     
'കോവിഡ് ജിഹാദ്' എന്ന സംഘടിത കുപ്രചാരണത്തിന് ശേഷം യുപിയിൽ കാണുന്നത് ദയനീയ കാഴ്ചകൾ; കച്ചവടം തകർന്നു; പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ട് ന്യൂനപക്ഷം; വിശദമായ റിപോർട്

2020 മാർചിൽ കോവിഡ് മഹാമാരി ലോകത്തെ പിടിച്ചു കുലുക്കിയ സമയത്ത് ഡെൽഹിയിൽ ഒരു തബ്ലീഗ് സമ്മേളനം നടക്കുകയായിരുന്നു. ജനങ്ങൾ കൂടിക്കിടക്കുന്ന സ്ഥലമായതിനാൽ അവിടെയും കോവിഡ് ബാധയേറ്റു. സ്വാഭാവികമായും ആ സമ്മേളന സ്ഥലവും ഹോട്സ്പോട് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഉത്തരേൻഡ്യയിലെ ചില മുഖ്യധാര മാധ്യമങ്ങൾ, അതിൽ പങ്കെടുത്ത ആളുകളെപ്പറ്റി ദുഷ്പ്രചാരണവും മുസ്ലിംകളെ മൊത്തം പൈശാചികവത്കരിച്ചു കൊണ്ടും വ്യാജ വാർത്തകളും വ്യാപകമായി കൊടുത്തു തുടങ്ങി.

തബ്ലീഗ് ജമാഅതിൽ പങ്കെടുത്തവർ ആശുപത്രികളിൽ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വ്യാജ വാർത്തകളോടൊപ്പം ടി വി ചാനലുകളിലെ ചർചകളിൽ അവതാരകർ തുപ്പൽ ജിഹാദ്, കോവിഡ് ജിഹാദ് തുടങ്ങിയ വാക്കുകൾ കൂടിയുണ്ടാക്കി പ്രചരിപ്പിച്ചത് പൊതുസമൂഹത്തിൽ മുസ്ലിംകൾ കൂടുതൽ അവമതിപ്പിനും വിവേചനത്തിനും ഇരയായി. ഇതിന്റെ ഫലമായി ഉത്തർപ്രദേശിൽ അവർക്ക് കച്ചവടം നഷ്ടപ്പെട്ടു, സമുദായങ്ങൾക്കിടയിലെ ബന്ധങ്ങൾ വഷളായി, ചിലർക്ക് പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ടു. ദുഷ്പ്രചരണങ്ങൾ കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ് കൂടുതൽ നടന്നതെങ്കിലും അതിന്റെ ഭവിഷ്യത്ത് ഇന്നും അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

ഗർഭിണിയായ മുസ്ലിം യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിക്കാൻ നിർബന്ധിക്കപ്പെട്ട അവസ്ഥ
                  
'കോവിഡ് ജിഹാദ്' എന്ന സംഘടിത കുപ്രചാരണത്തിന് ശേഷം യുപിയിൽ കാണുന്നത് ദയനീയ കാഴ്ചകൾ; കച്ചവടം തകർന്നു; പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ട് ന്യൂനപക്ഷം; വിശദമായ റിപോർട്

2020 ഏപ്രിൽ ഒമ്പത്, അർധരാത്രി കഴിഞ്ഞ ഉടനെ ഫൗസിയ ശഹീന് വയറ്റിൽ തുടർചയായി കടുത്ത വേദന അനുഭവപ്പെട്ടു. ഒമ്പത് മാസത്തെ ഗർഭധാരണത്തിനോടുവിലായത് കൊണ്ട് അത് പ്രസവ വേദനയാണെന്നും ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. ഗർഭിണി ആയത് മുതൽ തന്നെ കാണിച്ചിരുന്ന സ്വകാര്യ ആശുപത്രി ഡോക്ടറെ വിളിച്ചു. മറുപടി ഒന്നും ലഭിക്കാത്തത് കൊണ്ട് ഭർത്താവ് മുഹമ്മദ് അർകീമുമൊത്ത് ആശുപത്രിയിലേക്ക് നേരിട്ട് പോകാൻ തീരുമാനിച്ചു.

വരാണസിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മദനപുരയിൽ നെയ്ത്തുകാരായ ഈ ദമ്പതികൾക്ക് അവർക്കും രണ്ടു കുട്ടികൾക്കും കഷ്ടിച്ച് ജീവിച്ചു പോകാനുള്ള വരുമാനം മാത്രമേയുള്ളൂ. ഒരംഗം കൂടുതലായി കുടുംബത്തിലേക്ക് കടന്നു വരുന്നതോട് കൂടി വരാവുന്ന അധിക ചെലവ് കണക്കാക്കി അവർ അധിക ഷിഫ്റ്റിലും ജോലിചെയ്തു വരികയായിരുന്നു. ഒരേ സമയം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കൂടി തങ്ങളുടെ ഡോക്ടറുടെ ക്ലിനികിൽ പോയ അവരെ നേഴ്സ് തിരിച്ചയക്കുകയായിരുന്നു. നിങ്ങൾ കോവിഡും കൊണ്ട് ഇവിടെ വന്നിരിക്കുകയാണെന്ന് നേഴ്സ് പറഞ്ഞു കൊണ്ടേയിരുന്നു. 'എന്നാൽ ഞങ്ങൾ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. മാത്രമല്ല, യാതൊരു രോഗ ലക്ഷണവും ഇല്ലായിരുന്നു' അർകീം ഓർക്കുന്നു.
                
'കോവിഡ് ജിഹാദ്' എന്ന സംഘടിത കുപ്രചാരണത്തിന് ശേഷം യുപിയിൽ കാണുന്നത് ദയനീയ കാഴ്ചകൾ; കച്ചവടം തകർന്നു; പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ട് ന്യൂനപക്ഷം; വിശദമായ റിപോർട്

'കോവിഡ് കൊണ്ട് വരുന്നവർ' എന്ന ഇല്ലാത്ത ആക്ഷേപം കേട്ട് അന്താളിച്ച് പോയ ആ ദമ്പതികൾ കൂടുതൽ സമയം കളയാതെ നേരെ ബനാറസ് യൂനിവേഴ്സിറ്റി ക്യാംപസിലെ ശ്രീ സുന്ദർലാൽ ആശുപത്രിയിലേക്ക് കുതിച്ചു. ഇവിടത്തെ സ്റ്റാഫ്‌ ആദ്യം അഡ്മിഷൻ രസീത് നൽകിയെങ്കിലും അവിടെയും ഫൗസിയക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. 'നിങ്ങൾ മദനപുരയിൽ നിന്നുള്ളവരാണ്. കോവിഡ് പരത്തുന്നവർ', അവിടെ നിന്ന് അവരെ തിരിച്ചയക്കാനുണ്ടായ കാരണമായി അധികൃതർ പറഞ്ഞ വാക്കുകൾ ഫൗസിയയുടെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു. എന്നാൽ അവരുടെ അഡ്മിഷൻ സ്ലിപിൽ പ്രാഥമിക കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് എഴുതി വെച്ചിരുന്നതായി ദി ക്വിന്ററ് റിപോർട് ചെയ്യുന്നു.

ആ സമയത്ത് പല മുസ്ലിം കോളനികളെയും കോവിഡ് ഹോട്സ്പോടുകളായി ചിത്രീകരിച്ച് സംശയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. അവയ്ക്കു ചുറ്റും എല്ലാ തരത്തിലുമുള്ള ബാരികേഡുകൾ കെട്ടിപ്പൊക്കിയിരുന്നു. അതെ പോലെയുള്ള ഒരു കോളനിയായ മദനപുരയിൽ നിന്ന് വന്ന ഫൗസിയ തന്നെ പ്രസവിക്കാൻ അഡ്മിറ്റ്‌ ചെയ്യണമെന്ന് താണുകേണ് അപേക്ഷിച്ചെങ്കിലും ആരും കൂട്ടാക്കിയില്ല. 'ഡോക്ടർമാരും നഴ്സമാരും എന്നോട് ഉടനെ ആശുപത്രി വിട്ടു പോകാൻ ഉച്ചത്തിൽ ആവശ്യപ്പെട്ടു. നടക്കാൻ കൂടി ആവതില്ലാതിരുന്ന എന്നെ ഭർത്താവ് സ്‌ട്രെചറിൽ കിടത്തി ഒരു വിധം പുറത്തു കടത്തി' ഫൗസിയ പറയുന്നു.

ആശുപത്രി ജീവനക്കാരൻ വേറെ എവിടെയെങ്കിലും പോയിക്കൊള്ളാൻ ആജ്ഞാപിച്ച ആ സമയം വൈകിപ്പോയിരുന്നു. ആശുപത്രിയുടെ വാതിൽപ്പടിക്കൽ ആ വ്യാഴാഴ്ചയുടെ അന്ത്യയാമങ്ങളിൽ ഫൗസിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. യാതൊരു വിധ സൗകര്യവുമില്ലാത്ത പ്രസവം. വേദന സംഹാരിയില്ല. ഗ്ളൂകോസ് ട്യൂബില്ല. എന്തിനു രക്തത്തിൽ കുളിച്ചു കിടന്ന അവളുടെ പൊക്കിൾ കൊടി മുറിച്ചു മാറ്റാൻ കൂടി ജീവനക്കാർ തയ്യാറായില്ല, എന്റെ ഭർത്താവ് ഒരു ബ്ലേഡ് സംഘടിപ്പിച്ചു കൊണ്ട് വന്നു പൊക്കിൾ കൊടി മുറിച്ചു മാറ്റുകയായിരുന്നു', ഫൗസിയ തുടർന്നു. അവസാനം ഒരു നേഴ്സ് വന്നു തുന്നിക്കെട്ടാൻ തയ്യാറായെങ്കിലും കുത്ത് വാക്കുകൾ തുടർന്നു.

'ആ നേഴ്സ് വളരെ ദേഷ്യത്തിൽ പറിക്കാൻ മട്ടിലാണ് തുന്നിക്കെട്ടിയത്. നിങ്ങൾ പെറ്റു കൂട്ടുകയാണ്. ഇപ്പോൾ തന്നെ രണ്ടു കുട്ടികളുണ്ട്. ഇനിയുമെന്തിനാണ് കൂടുതൽ. എന്നൊക്കെ പറഞ്ഞു അപമാനിച്ചു കൊണ്ടേയിരുന്നു', ഇത് പറഞ്ഞപ്പോൾ ഫൗസിയയുടെ കണ്ണുകൾ നിറഞ്ഞു. ഇതേക്കുറച്ചു ആശുപത്രി അധികാരികളോട് ചോദിച്ചെങ്കിലും അവരുടെ പക്കൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ക്വിന്ററ് റിപോർട് ചെയ്യുന്നു.

എല്ലാം കഴിഞ്ഞു ഫൗസിയയും അർകീമും കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്കു പുറപ്പെട്ടെങ്കിലും അവരുടെ ദുരിതം അവിടം കൊണ്ടും അവസാനിച്ചില്ല. മദനപു യിലേക്ക് ഞങ്ങളില്ല എന്ന് പറഞ്ഞു ആംബുലൻസ് ഡ്രൈവർ അവരെ പകുതി വഴിയിൽ ഇറക്കി വിട്ടു പൊയ്ക്കളഞ്ഞു. എങ്ങിനെയെല്ലാമോ വീട്ടിൽ അവസാനം എത്തിപ്പെട്ട ഫൗസിയ ദുഃഖഭാരത്താൽ മണിക്കൂറുകളോളം പൊട്ടിക്കരഞ്ഞു. രണ്ടു വർഷങ്ങൾക്കിപ്പുറം അവർ സറാ എന്ന് പേരിട്ട ആ കുട്ടി ഇപ്പോൾ ദൈവാനുഗ്രഹത്താൽ ആരോഗ്യവതിയാണ്. ഫൗസിയ അവളെ അത്ഭുത കുട്ടി (miracle child) എന്ന് വിശേഷിപ്പിക്കുന്നു. 'എന്നാലും ചിലപ്പോൾ ഞാനവളെ നോക്കിയിരുന്നു കരയും. മുസ്ലിം ആയതിന്റെ പേരിൽ മാത്രം ഇതെല്ലാം സഹിക്കേണ്ടി വന്നു. ഒരിക്കലും എനിക്ക് ആലോചിക്കാൻ പോലും പറ്റാത്തതായിരുന്നു ആ കാളരാത്രിയിലെ അനുഭവങ്ങൾ', ഫൗസിയ പറഞ്ഞു നിർത്തി.

മുസ്ലിംകളുടെ ചന്തകളും കച്ചവടവും നഷ്ടപ്പെട്ടു
                
'കോവിഡ് ജിഹാദ്' എന്ന സംഘടിത കുപ്രചാരണത്തിന് ശേഷം യുപിയിൽ കാണുന്നത് ദയനീയ കാഴ്ചകൾ; കച്ചവടം തകർന്നു; പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ട് ന്യൂനപക്ഷം; വിശദമായ റിപോർട്

വാരാണാസിയിലെ മറ്റൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പിലികോത്തിയിൽ 26 കാരനായ മുഹമ്മദ്‌ ആമിദ് പിതാവിന്റെ നിർമാണ സാമഗ്രികളുടെ കച്ചവടം ഏറ്റെടുത്തു നടത്തുകയായിരുന്നു. ഏത് മതത്തിൽ പെട്ടവരായാലും തന്റെ ദീർഘ കാല ഇടപാടുകാരെയെല്ലാം സ്വന്തം കുടുംബം പോലെ കരുതിപ്പോന്ന യുവാവിന് പക്ഷെ കോവിഡ് കാലത്തെ തികച്ചും വ്യാജമായ ദുഷ്പ്രചരണങ്ങൾ സമ്മാനിച്ചത് തീരാത്ത ദുരനുഭവങ്ങൾ. നിന്നെ കാണിച്ചു തരാം എന്ന രീതിയിലായിരുന്നു യുവാവ് കുടുംബക്കാരെപ്പോലെ കരുതിയിരുന്ന പല ഇടപാടുകാരിൽ നിന്നും നേരിട്ട അനുഭവങ്ങൾ.

ദീർഘ കാലമായി താനുമായി ഇടപാട് നടത്തിയിരുന്നവർ ആമിദിന്റെ കയ്യിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കാതായി. മുസ്ലിംകളോട് മാത്രമാണ് ഇത്തരം പെരുമാറ്റമെന്നു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു. ഒരു ഇടപാടുകാരനിൽ നിന്ന് കിട്ടാനുള്ള പണം വാങ്ങാൻ അയാളുടെ വീട്ടിൽ ചെന്നപ്പോഴുള്ള അനുഭവം ഇങ്ങനെ. പണം നേരിട്ട് കയ്യിൽ തരുന്നതിനു പകരം മുകൾ നിലയിലെ ബാൽകണിയിൽ നിന്ന് എറിഞ്ഞു തരികയായിരുന്നു. 'അപമാന ഭാരത്താൽ എന്റെ തല കുനിഞ്ഞു പോയി. ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ച് എനിക്ക് അവകാശപ്പെട്ട പണം നിലത്തു നിന്ന് പെറുക്കി എടുക്കേണ്ട അവസ്ഥ. എന്റേത് മാത്രമായ 14000 രൂപ ഇങ്ങനെ ഭിക്ഷക്കാരനെപ്പോലെ പെറുക്കി കൂട്ടിയ ആ നിമിഷം. ഞാനാകെ തകർന്നു പോയി', ആമിദ് പറഞ്ഞു.

മറ്റൊരവസരത്തിൽ ഒരു ഇടപാടുകാരൻ ഇനി മുതൽ അവനിൽ നിന്ന് ഓൺലൈൻ ആയി മാത്രമേ പണം സ്വീകരിക്കൂ എന്ന് പറയുകയുണ്ടായി. അതേസമയം മുസ്ലിമേതരരിൽ നിന്നും അയാൾ ക്യാഷ് ആയി തന്നെ പണം സ്വീകരിച്ച് കൊണ്ടിരുന്നു. ഇത്തരം വിവേചന പൂർണമായ സമീപനങ്ങൾ ക്രമേണ ആമിദിന്റെ കച്ചവടത്തിൽ ഇടിവ് വരുത്തി കൊണ്ടിരുന്നു.

മുസ്ലിം വിരുദ്ധ പ്രചരണങ്ങൾ കാട്ട് തീ പോലെയാണ് കോവിഡിന്റെ ആദ്യ ഘട്ടത്തിൽ പല മാധ്യമങ്ങളിൽ വ്യാപിച്ചത്. കോടതികൾ തബ്ലീഗുകാരെ അന്യായമായി അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു അവരെ കുറ്റ മുക്തരാക്കിയെങ്കിലും അതിന് ശേഷവും തെറ്റായ പ്രചാരങ്ങൾ ജനമനസുകളിൽ വേരോടിക്കഴിഞ്ഞിരുന്നു. അതിന് ശേഷം ഉത്സവ സീസണുകൾ പലതും വന്നെങ്കിലും വിവേചനത്തിനിരയായ മുസ്ലിംകളുടെ കച്ചവടം പച്ച പിടിച്ചില്ല. ആമിദ് പറയുന്നു.

സംശയത്തോടെയുള്ള നോട്ടങ്ങളും വർധിച്ചു വന്ന നിയന്ത്രണങ്ങളും തന്റെ ഹോടെൽ വ്യാപാരം താറുമാറാക്കിയ കഥയാണ് നൗശാദ് അഹ്‌മദിന് പറയാനുള്ളത്. 'മറ്റുള്ളവരുടെ ഹോടെലുകൾ രാത്രി 10 മണിവരെ തുറക്കാൻ അനുമതി നൽകിയപ്പോഴും ഞങ്ങളുടേത് ഏഴ് മണിക്ക് തന്നെ പൂട്ടണമായിരുന്നു. ഇത് എന്റെ കച്ചവടത്തെ സരമായി തന്നെ ബാധിച്ചു എന്ന് പറയേണ്ടതില്ലല്ലോ', നൗശാദ് പറയുന്നു.

'കോവിഡ് ജിഹാദ്' എന്ന സംഘടിത കുപ്രചാരണത്തിന് ശേഷം യുപിയിൽ കാണുന്നത് ദയനീയ കാഴ്ചകൾ; കച്ചവടം തകർന്നു; പ്രാഥമിക ചികിത്സ പോലും നിഷേധിക്കപ്പെട്ട് ന്യൂനപക്ഷം; വിശദമായ റിപോർട്

ബിസിനസ് മാത്രമല്ല തകർന്നത്. കോവിഡിനോടനുബന്ധിച്ച്‌ വ്യാപകമായ മുസ്ലിം വിരുദ്ധ പ്രചാരങ്ങൾ ഉത്പാദിപ്പിച്ച മുൻവിധികൾ സമുദായങ്ങൾ തമ്മിലുള്ള പാരസ്പര്യവും ഇടകലരുകളും പാടെ ഇല്ലാതാക്കി.
നെയ്ത്തുകാരായ മുസ്ലിംകളുടെ മറ്റൊരു കോളനിയുണ്ട്, 'നതി ഇമ്ലി ബങ്കർ കോളനി'. 50 കാരനായ അവിടെ താമസിക്കുന്ന മുഹമ്മദ്‌ അഹ്‌മദിന് കോവിഡ് നിയന്ത്രണങ്ങൾ എല്ലാം നീക്കം ചെയ്തതിനു ശേഷവും വീട്ടിനു വെളിയിൽ ഇറങ്ങാൻ പേടിയാണ്', എല്ലാവരും മുസ്ലിംകളെ ഇപ്പോഴും സംശയത്തോടെ നോക്കുന്നു. 'ഭ്രമാത്മകമായ ഭീതിയുടെ അന്തരീക്ഷം ഇപ്പോഴും മാറിയിട്ടില്ല' മുഹമ്മദിന്റെ ഭയപ്പാടിന് മാറ്റമില്ല.

മാസങ്ങൾക്കു ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അനുഭവം ഇങ്ങനെയായിരുന്നു. തന്റെ പഴയ കാല ഹിന്ദു സുഹൃത്തിനെ തേടി പുറത്ത് ഇറങ്ങിയ മുഹമ്മദിനെ എതിരെ വന്ന നാലഞ്ച് പേർ എതിരേറ്റത് 'കാക്ക, നിങ്ങൾ തുപ്പിക്കൊണ്ട് കോവിഡ് പരത്താൻ ഇറങ്ങി പുറപ്പെട്ടതാണല്ലേ' എന്ന കമന്റോടെയാണ്. 'ആകെ തരിച്ചു പോയ ഞാൻ എങ്ങനെയോ ബോധം വീണ്ടെടുത്തു തല താഴ്ത്തി അവിടെ നിന്ന് നടന്നകന്നു. അതിന് ശേഷം അഭിമാനക്ഷതമോർത്ത് മുസ്ലിമേതരരുടെ പെട്ടിക്കടക്കു മുൻപിൽ നിൽക്കാൻ പോലും മടിയാണ്. ഏത് തരത്തിലുള്ള അധിക്ഷേപങ്ങളും കുത്തുവാക്കുകളുമാണ് അവിടെ നിന്ന് കേൾക്കേണ്ടി വരിക എന്നറിയില്ലല്ലോ', മുഹമ്മദിന്റെ ഉള്ളു പറിക്കുന്ന നൊമ്പരങ്ങൾ.

കോവിഡിന്റെ ആദ്യ മാസങ്ങൾക്കു ശേഷം മാധ്യമങ്ങളിലെ അത്തരം ദുഷ്പ്രചരണങ്ങൾ കുറഞ്ഞെങ്കിലും അതിന്റെ പ്രത്യാഘാതം ഇന്നും അവസാനിച്ചിട്ടില്ല. 'ഞങ്ങൾ വിചാരിച്ചത് കാര്യങ്ങൾ ക്രമേണ നന്നാവുമെന്നാണ്. എന്നാൽ മാധ്യമങ്ങൾ നിർമിച്ച് പടർത്തിയ ആഖ്യാനങ്ങൾ അത്ര മേൽ ജന സ്വാധീനം ചെലുത്തിയതിനാൽ എന്നെ പേര് കൊണ്ട് മാത്രം സംശയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. എന്റെ ദീർഘ കാല ഇടപാടുകാർ പോലും ഇത് മൂലം നഷ്ടപ്പെട്ടു', ആമിദ് പറഞ്ഞു. മുഹമ്മദും ഇതേ വികാരങ്ങൾ പങ്ക് വെക്കുന്നു. 'കോവിഡ് കുപ്രചാരണങ്ങൾ കാരണം തകർന്ന ഹിന്ദു മുസ്ലിം ബന്ധം ഇനിയും നന്നായിട്ടില്ല. പരസ്പരം ഇടകലരാനുള്ള പേടി വിട്ടു മാറുന്നേയില്ല', മുഹമ്മദ്‌ തുടർന്നു.

courtesy: The Quint

Keywords:  News, National, Top-Headlines, Uttar Pradesh, Business, Health, COVID-19, Muslim, People, Government, Narendra Modi, Yogi Adityanath, Chief Minister, Controversy, Story, Businesses Hit, Health Care, Covid Jihad, Propaganda Hurt, Hospital, Businesses Hit, Denied Healthcare—How 'Covid Jihad' Propaganda Hurt UP's muslims.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia