ബെവ്കോ ഔട് ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; രാവിലെ 10 മുതല്‍ രാത്രി 9 മണിവരെ

 


തിരുവനന്തപുരം: (www.kvartha.com 07.10.2021) സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം സാധാരണനിലയിലേക്ക്. ഒക്ടോബര്‍ എട്ടുമുതല്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പതു മണി വരെയാണ് ബെവ്കോ ഷോപുകളുടെ പ്രവര്‍ത്തനം.

കോവിഡ് സാഹചര്യത്തിലാണു ബെവ്കോ ഔട് ലെറ്റുകളുടെ പ്രവര്‍ത്തന സമയം നേരത്തെ മാറ്റിയിരുന്നത്. നിലവില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണു ഔട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് നിയന്ത്രണം സംബന്ധിച്ച ഇളവുകളുടെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം.

ബെവ്കോ ഔട് ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; രാവിലെ 10 മുതല്‍ രാത്രി 9 മണിവരെ

അതേസമയം, തീരുമാനത്തിനെതിരെ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ രംഗത്തെത്തി. സ്ത്രീകള്‍ ഉള്‍പെടെ ജോലി ചെയ്യുന്ന സ്ഥാപനമാണ് ബെവ്കോയെന്നും യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

അതേസമയം, ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. പ്രവര്‍ത്തനസമയം രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ എന്ന രീതിയില്‍ തുടരും. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ സര്‍കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

മദ്യം ഓണ്‍ലൈനായി ബുക് ചെയ്യുന്ന സംവിധാനം ബെവ്കോ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. എല്ലാ ജില്ലകളിലെയും നിശ്ചിത ഔട് ലെറ്റുകളിലാണ് ഈ സംവിധാനം നടപ്പാക്കിയത്. ഔട് ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പരീക്ഷണം.

ബെവ്കോയുടെ വെബ് സൈറ്റിലൂടെയാണ് മദ്യം ബുക് ചെയ്യാനാകുക. ബ്രാന്‍ഡും ഔട് ലെറ്റും തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക് ചെയ്യാം. ഇതിനായി വെബ്സൈറ്റില്‍ പേയ്മെന്റ് സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ തുടങ്ങിയ സംവിധാനങ്ങള്‍ ഇതിനായുണ്ട്. പേമെന്റ് പൂര്‍ത്തിയായാല്‍ മൊബൈലില്‍ ലഭിക്കുന്ന റഫറന്‍സ് നമ്പറുമായി ഔട് ലെറ്റില്‍ ചെന്ന് വരിനില്‍ക്കാതെ ബുക് ചെയ്ത മദ്യം വാങ്ങാം.

ആദ്യമായി ബുക് ചെയ്യുന്നവര്‍ വെബ്സൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ എസ്എംഎസായി ഒടിപി ലഭിക്കും. അത് വെബ്സൈറ്റില്‍ ടൈപ് ചെയ്തു നല്‍കുമ്പോള്‍ റജിസ്ട്രേഷന്‍ പേജിലെത്തും. തുടര്‍ന്ന് പേര്, ജനന തിയതി, ഇ-മെയില്‍ ഐഡി എന്നിവ ചേര്‍ത്ത് പ്രൊഫൈല്‍ തയാറാക്കണം.

റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ നമ്പറും സുരക്ഷാ കോഡും പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്താണു മദ്യം ബുക് ചെയ്യേണ്ടത്. പുതിയ സംവിധാനം വിജയിച്ചാല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തിലാണു ബെവ്കോ.

Keywords:  BEVCO revises outlet timings October 8, Thiruvananthapuram, News, Liquor, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia