സംസ്ഥാനത്ത് 175 മദ്യവില്‍പനശാലകള്‍ കൂടി തുടങ്ങാന്‍ സാധ്യത; ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍കാര്‍, ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയില്‍
Nov 9, 2021, 20:09 IST
കൊച്ചി: (www.kvartha.com 09.11.2021) സംസ്ഥാനത്ത് 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍കാര്‍ ഹൈകോടതിയില്‍. ഇത് സംബന്ധിച്ചുള്ള ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍കാര്‍ അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചു.
'വാക് ഇന്‍ മദ്യവില്‍പന ശാലകള്‍' തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക് ഇന്‍ സൗകര്യമുണ്ടെന്ന് സര്‍കാര്‍ കോടതിയെ അറിയിച്ചു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സര്‍കാര്‍ അറിയിച്ചു.
ബെവ്‌കോ ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകകയായിരുന്നു കോടതി. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഈ ഘട്ടത്തിലാണ് മദ്യവില്‍പന ശാലകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ബെവ്‌കോയുടെ ശ്രമങ്ങള്‍ സംബന്ധിച്ച് അഭിഭാഷകന്‍ വിശദീകരിച്ചത്. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റിവച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.