Launch | ഫാഷനും വൻ ഫീച്ചറുകളും ഒന്നിച്ച്; ഹോണ്ട ആക്ടീവയുടെ 2 ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിലേക്ക്; സവിശേഷതകൾ ഇതാ


● സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സംവിധാനത്തോടെ ആക്ടിവ ഇ.
● ആധുനിക ഫീച്ചറുകളോടെ ക്യൂ സി 1.
● 2025 ജനുവരി മുതൽ ബുക്കിംഗ് ആരംഭിക്കും.
ന്യൂഡൽഹി: (KVARTHA) കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട, അതും രണ്ട് മോഡലുകൾ. ആക്ടീവ - ഇ, ക്യൂ സി 1 എന്നിങ്ങനെയാണ് പുതിയ മോഡലുകള്‍ എത്തിയിരിക്കുന്നത്. ആക്ടിവ ഇ: യിൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് ബാറ്ററി എളുപ്പത്തിൽ മാറ്റി സ്ഥാപിക്കാൻ സഹായിക്കും.
എന്നാൽ ക്യൂ സി 1ൽ സാധാരണ ചാർജിംഗ് കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന നിശ്ചിത ബാറ്ററിയാണ്. 2050 ഓടെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ട് 30 ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനുള്ള ഹോണ്ടയുടെ ലോകവ്യാപക പദ്ധതിയുടെ ഭാഗമാണ് ഈ സ്കൂട്ടറുകൾ. ആക്ടിവ ഇ, ക്യൂ സി 1 ഈ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തെ ആദ്യത്തെ ചുവടുകളാണെന്ന് കമ്പനി പറയുന്നു.
ആക്ടീവ-ഇ
ആക്ടീവ-ഇ ഒരു നോട്ടത്തിൽ തന്നെ ആകർഷിക്കുന്ന, സ്റ്റൈലിഷ് ഒരു ഇലക്ട്രിക് സ്കൂട്ടറാണ്. അതിന്റെ മികച്ച ഡിസൈൻ, പ്രത്യേകിച്ച് ഹെഡ്‌ലാമ്പ്, ഡിആർഎൽ എന്നിവ വാഹനത്തിന് ഒരു ആധുനിക രൂപം നൽകുന്നു. ഒറ്റ ചാർജിൽ 102 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ആക്ടീവ-ഇയിൽ ബാറ്ററി സ്വാപ്പിംഗ് സംവിധാനവും ഉണ്ട്, ഇത് ചാർജിങ്ങിനായി കാത്തിരിക്കേണ്ട സമയം കുറയ്ക്കുന്നു.
7 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ, മൾട്ടിപ്പിൾ റൈഡിങ് മോഡുകൾ, സ്മാർട്ട് കീ, കണക്റ്റഡ് ഫീച്ചറുകൾ തുടങ്ങിയ നിരവധി ആധുനിക സവിശേഷതകൾ ഈ സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കുന്നു. സുരക്ഷയ്ക്കായി മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും ഉണ്ട്. ഹോണ്ട ആക്ടീവ-ഇ ഒരു പുതിയ തലമുറ ഇലക്ട്രിക് സ്കൂട്ടറാണെന്ന് തന്നെ പറയാം.
ക്യൂ സി 1
ക്യൂ സി 1, ആക്‌ടീവ ഇ യെ അപേക്ഷിച്ച് ഫീച്ചറുകളിൽ ചെറുതായി പിന്നിലാണെങ്കിലും ഡിസൈൻ പകരം വയ്ക്കുന്നു. ലളിതവും ആകർഷകവുമായ രൂപകൽപ്പനയാണ് ഇതിന്റെ പ്രത്യേകത. 80 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കഴിയുന്ന ക്യൂ സി 1, 50 കിലോമീറ്റർ വേഗതയിൽ പായുന്നത് സുഖകരമായ അനുഭവമാക്കുന്നു. 77 എൻ.എം ടോർക്ക് നൽകുന്ന 1.8 കിലോവാട്ട് മോട്ടോർ ഇതിന്റെ പ്രകടനത്തെ മികച്ചതാക്കുന്നു. 1.5 കിലോവാട്ട് ഫിക്‌സ്ഡ് ബാറ്ററി 6 മണിക്കൂർ 50 മിനിറ്റിൽ പൂർണമായി ചാർജ് ചെയ്യാം. 89.5 കിലോഗ്രാം മാത്രം ഭാരമുള്ളതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.
5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, ഇക്കോൺ, സ്റ്റാൻഡേർഡ് എന്നീ റൈഡിങ് മോഡുകൾ, എൽഇഡി ലൈറ്റുകൾ, 12 ഇഞ്ച് മുൻടയർ, 10 ഇഞ്ച് പിൻടയർ, ഡ്രം ബ്രേക്കുകൾ, ടെലിസ്കോപിക് മുൻ സസ്പെൻഷൻ, ഹൈഡ്രോളിക് പിൻ സസ്പെൻഷൻ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. പേൾ ഷാഡോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ സെറ നിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്‌നിയസ് ബ്ലാക്ക് എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്.
വിലയും ബുക്കിങും
ഈ രണ്ട് മോഡലുകളുടെയും വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, 2025 ജനുവരി മുതൽ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും എന്നും അപ്പോഴാണ് വിലയും തീരുമാനിക്കുകയെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വിതരണം 2025 ഫെബ്രുവരി മുതൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
#HondaElectric #ElectricScooter #India #Launch #SwappableBattery #eMobility