Comparison | ഇലക്ട്രിക് വാഹനങ്ങളോ പെട്രോൾ വാഹനങ്ങളോ നല്ലത്, ഏതാണ് ലാഭകരം?
* ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് സഹായകമാണ്.
മിൻ്റു തൊടുപുഴ
(KVARTHA) ഇന്ന് ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവ് മനുഷ്യന് താങ്ങാനാവുന്നതിന് അപ്പുറമാണ്. നമ്മുടെ കുടുംബ ബജറ്റിനെ താറുമാറാക്കുന്ന രീതിയിലേയ്ക്കാണ് ഇപ്പോൾ ഇവയുടെ പോക്ക്. ഒരു വാഹനം വാങ്ങുന്നതിലും ദുഷ്ക്കരമാകുന്നു അതിനുവേണ്ടി ദിവസേനയുള്ള ഇന്ധന ചിലവ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും മാറി മാറി വരുന്ന സർക്കാരുകൾ ഒക്കെ ഈ വിഷയത്തിൽ കണ്ണടയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ പറഞ്ഞ സാധനങ്ങൾക്ക് അല്പം വില കുറയ്ക്കും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് വീണ്ടും പഴയ പടി ആകും. കേരളം ആണെങ്കിൽ അധികമുള്ള നികുതി എടുത്തുമാറ്റാനും തയാറാകുന്നില്ല. ഇതാണ് നിലവിലെ അവസ്ഥ. ഈ സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് നാം കടക്കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്. ആ രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ഈ അവസരത്തിൽ ഇലക്ട്രിക് വാഹനങ്ങളോ പെട്രോൾ വാഹനങ്ങളോ നല്ലത്? എന്ന തലക്കെട്ടിൽ സാമൂഹ്യ മാധ്യമത്തിൽ വന്ന ഒരു കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് ലാഭമാണ്. അത്യാവശ്യം നല്ല ഓട്ടമുള്ള ഒരാൾ 10 വർഷത്തിനിടയ്ക്ക് 50 ലക്ഷം രൂപയ്ക്ക് കാറിനു പെട്രോൾ അടിക്കുന്നുണ്ട്. ഈ സ്ഥാനത്ത് പത്തുവർഷം കൂടുമ്പോൾ 5 ലക്ഷം രൂപ മാത്രം മുടക്കി ബാറ്ററി മാറ്റിവച്ചാൽ മതി. അപ്പോൾ 45 ലക്ഷം രൂപ ഇലക്ട്രിക് വാഹനം മൂലം ലാഭമാണ്. ഇനി അതിനും താല്പര്യമില്ലെങ്കിൽ മറ്റു വഴികളും ഉണ്ട്. ബാറ്ററി തുറന്നു മോണിറ്റൈസ് ചെയ്യുക. അതിൽ ആയിരക്കണക്കിന് സെൽകൾ ഉണ്ടാവും. കേടായ സെല്ലുകൾ മാത്രം മാറ്റിയാൽ മതി. ചിലപ്പോൾ 200 സെല്ലുകൾ വരെ മാറ്റേണ്ടിവരും. ചിലവ് പ്രതീക്ഷിക്കുന്നതിലും താഴെ മാത്രമേ ആവൂ. വീണ്ടും അടുത്ത പത്ത് വർഷം, പൂർണ ശക്തിയോടെ പൂർണ കരുത്തോടെ വണ്ടി കുതിച്ചുപായും.
ഒരു ദിവസം 5 ലക്ഷം കോടി ടൺ കാർബൺഡയോക്സൈഡ് ആണ് ലോകമെമ്പാടും പെട്രോൾ ഡീസൽ വാഹനങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നത്. ഫലം ആഗോളതാപനം മൂലം കാലാവസ്ഥ വ്യതിയാനം മൂലം പ്രളയം മൂലം ഉരുൾപൊട്ടൽ. ഭൂമിയുടെ കാവൽക്കാരനും അന്തരീക്ഷത്തിന്റെയും മരങ്ങളുടെയും പ്രകൃതിയുടെയും അടുത്ത കൂട്ടുകാരനുമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് എല്ലാവരും മാറുക. പ്രകൃതിയെ രക്ഷിക്കുക, വരും തലമുറയ്ക്ക് വേണ്ടി ഓക്സിജൻ സൂക്ഷിച്ചു വയ്ക്കുക. എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക. ഒരുകാരണവശാലും പുതിയ ബാറ്ററി വാങ്ങേണ്ട. പഴയ ബാറ്ററിയുടെ കേടായ സെല്ലുകൾ മാത്രം മാറ്റി ഉപയോഗിച്ചാൽ. നമുക്ക് 15 വർഷം ഒരു ബാറ്ററി തന്നെ ഉപയോഗിക്കാൻ കഴിയും.
ഇസ്രായേലിന്റെ ഇലക്ട്രോണിക് റോഡ് ഇന്ത്യയിൽ ഉടൻ വരുന്നതാണ്. അമേരിക്ക, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇലക്ട്രോണിക് റോഡ് ഇതിനകം തന്നെ നിലവിലുണ്ട്. റോഡിൽ, റെയിൽവേ ട്രാക്ക് പോലെ, കാന്തം ഉള്ളിൽ വെച്ചിട്ട് ടാർ ചെയ്യുന്ന സാങ്കേതികവിദ്യ. വാഹനത്തിൽ വിപരീതകാന്തം പിടിപ്പിച്ചിട്ടുണ്ടാവും. ഈ വാഹനം ഇലക്ട്രോണിക് റോഡിനു മുകളിലൂടെ ഓടിപ്പോയാൽ ഡൈനാമോ പ്രവർത്തിക്കുന്നതിന് തുല്യമായി, ബാറ്ററി ഫുൾ ചാർജ് ആവും. സംശയമുള്ളവർക്ക്, ഇസ്രായേലി ഇലക്ട്രോണിക് റോഡ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ചിത്രം ലഭിക്കുന്നതാണ്'.
ഇതാണ് കുറിപ്പ്. തീർച്ചയായും ഈ വിഷയം പഠന വിധേയമാക്കേണ്ടത് തന്നെയാണ്. എക്കാലത്തും വലിയ തുക കൊടുത്ത് പെട്രോൾ , ഡീസലിനെ ആശ്രയിച്ചു കഴിയുന്ന സംവിധാനം ഇവിടെ മാറേണ്ടതുണ്ട്. ഈ രംഗത്ത് പുതുപുത്തൻ പരിഷ്ക്കാരങ്ങൾ വന്നാലേ രാജ്യം പുരോഗമിക്കു, അല്ലെങ്കിൽ നഷ്ടം പൊതുജനത്തിനു തന്നെ.
#electricvehicles #EV #petrolprices #environment #sustainability #futureoftransportation