എടിഎം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്കി റിസര്‍വ് ബാങ്ക്; സൗജന്യ ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാം
Jul 19, 2021, 13:40 IST
മുംബൈ: (www.kvartha.com 19.07.2021) ഇനി അധികമായി എ ടി എം സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചിലവേറും. എ ടി എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇതോടെ 21 രൂപവരെ ഉപഭോക്താക്കള്‍ക്ക് നഷ്ടമാകാം. പുതുക്കിയ നിരക്കുകള്‍ 2022 ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു.
സൗജന്യ എ ടി എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാം. എ ടി എമ്മില്‍നിന്ന് പണം പിന്‍വലിക്കല്‍, ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. ഏഴുവര്‍ഷത്തിന് ശേഷമാണ് എ ടി എം സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. 2014ലാണ് അവസാനമായി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. ഇത്രയും കാലമായതിനാല്‍ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം.
എ ടി എം സ്ഥാപിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും ബാങ്കുകളാണ് ചെലവുകള്‍ വഹിക്കുന്നത്. അതിനാല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളും തയാറാകും. ഓരോ ബാങ്കും വ്യത്യസ്ത നിരക്കുകളാണ് എ ടി എം സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. 2019 ജൂണില്‍ എ ടി എം നിരക്കുകള്‍ പുതുക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചിരുന്നു. അതിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിലവില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് എ ടി എമ്മില്‍നിന്ന് പരമാവധി അഞ്ചുതവണ ഇടപാടുകള്‍ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കളില്‍നിന്ന് ഓരോ ഇടപാടിനും പരമാവധി 20 രൂപ വരെ ബാങ്കിന് ഈടാക്കാം. മറ്റു ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളില്‍ അഞ്ചുതവണയും സൗജന്യ ഇടപാടുകള്‍ നടത്താം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.