Crypto | 'ജിയോ കോയിൻ' ലോഞ്ച് ചെയ്തു? 'അംബാനി ക്രിപ്‌റ്റോ കറൻസി രംഗത്തേക്ക്'! 

 
 JioCoin logo, Reliance Jio crypto token
 JioCoin logo, Reliance Jio crypto token

Photo Credit: X/ Kashif Raza

● ജിയോ കോയിൻ പോളിഗോൺ ശൃംഖലയിലാണ് പ്രവർത്തിക്കുന്നത്.
● തുടക്കത്തിൽ റീച്ചാർജിനും പെട്രോൾ വാങ്ങാനും ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ 
● ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഭാഗമാണ് ഈ ടോക്കൺ.

ന്യൂഡൽഹി: (KVARTHA) ഇന്ത്യൻ ടെലികോം വിപണിയിലെ അതികായനായ റിലയൻസ് ജിയോ ക്രിപ്‌റ്റോ കറൻസി ലോകത്തേക്ക് പ്രവേശിക്കുന്നു എന്ന വാർത്തകൾ സജീവമാകുന്നു. വർഷങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, ജിയോ തങ്ങളുടെ പുതിയ റിവാർഡ് ടോക്കൺ ആയ 'ജിയോ കോയിൻ' അവതരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിന്റെ ഈ നീക്കം, ക്രിപ്‌റ്റോ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിലയൻസോ ജിയോ കമ്പനിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ജിയോ കോയിൻ പ്രവർത്തനക്ഷമമായതിൻ്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ജിയോയുടെ ഉടമസ്ഥതയിലുള്ള ജിയോസ്ഫിയർ ബ്രൗസറിലാണ് ജിയോ കോയിൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇത് പോളിഗോൺ എന്ന ഇഥീറിയം ലെയർ 2 ശൃംഖലയിലാണ് നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വെബ് 3 ആപ്ലിക്കേഷനുകൾക്കും സേവനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 

ജിയോയുടെ 450 ദശലക്ഷത്തിലധികം വരുന്ന ഉപയോക്താക്കൾക്ക് ജിയോ കോയിൻ ലഭ്യമാവുമെന്നാണ് സൂചന. ബ്ലോക്ക്ചെയിൻ, സ്മാർട്ട് കോൺട്രാക്ടുകൾ, ഡിജിറ്റൽ അസറ്റുകൾ, ക്രിപ്റ്റോകറൻസികൾ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ (CBDC), എൻ എഫ് ടി-കൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ ജിയോ കോയിൻ ഉപയോക്താക്കളെ സഹായിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജിയോ കോയിൻ വാലറ്റിന്റെ സ്ക്രീൻഷോട്ടുകൾ എക്സിൽ നിരവധി ഉപയോക്താക്കൾ പങ്കുവെക്കുന്നുണ്ട്. ജിയോസ്ഫിയർ ബ്രൗസർ ഉപയോഗിക്കുന്നവർക്ക് ബ്രൗസിംഗിന് പ്രതിഫലമായി ജിയോ കോയിൻ ലഭിക്കുമെന്നും പറയുന്നു. തുടക്കത്തിൽ മൊബൈൽ റീച്ചാർജുകൾക്കും ജിയോ പമ്പുകളിൽ നിന്നുള്ള പെട്രോൾ വാങ്ങുന്നതിനും ജിയോ കോയിൻ ഉപയോഗിക്കാൻ സാധിക്കുമെന്നും സൂചനകളുണ്ട്. 

നിലവിൽ ജിയോ കോയിൻ ഒരു റിവാർഡ് ടോക്കൺ ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് പറയുന്നത്. ഇത് കൈമാറ്റം ചെയ്യാനോ പണമാക്കി മാറ്റാനോ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ചില റിപ്പോർട്ടുകൾ പ്രകാരം, ഭാവിയിൽ ജിയോ കോയിൻ ഉപയോഗിച്ച് ജിയോ ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങാൻ സാധിക്കും.

ക്രിപ്‌റ്റോകറൻസികൾക്ക് ഇന്ത്യയിൽ കർശനമായ നിയമങ്ങളുള്ളതിനാൽ ജിയോ കോയിൻ്റെ ഭാവി പൂർണമായും വ്യക്തമല്ല. ക്രിപ്‌റ്റോയിൽ നിന്നുള്ള ലാഭത്തിന് 30% നികുതിയും 1% ടിഡിഎസും നിലവിലുണ്ട്. 2018-ൽ ജിയോ പ്ലാറ്റ്‌ഫോംസ് ജിയോ കോയിൻ എന്ന ടോക്കണിനായി 50 അംഗങ്ങളുള്ള ഒരു ടീമിനെ നിയോഗിച്ചിരുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. 

ഈ വർഷം ജനുവരിയിൽ പോളിഗോൺ ലാബ്സുമായി സഹകരിക്കുന്നതായും ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത സേവനങ്ങൾ വികസിപ്പിക്കുമെന്നും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് ജിയോ കോയിനെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല. ജിയോ കോയിൻ്റെ ഔദ്യോഗിക വിവരങ്ങൾക്കും ഉപയോഗങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഉപയോക്താക്കൾ. ജിയോ കോയിൻ എങ്ങനെ സ്വന്തമാക്കാം, അതിൻ്റെ മൂല്യം എത്രയായിരിക്കും തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കാനുമുണ്ട്. 

 #JioCoin #Crypto #RelianceJio #CryptoIndia #Polygon #DigitalCurrency

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia