സ്വര്‍ണ വ്യാപാര മേഖലയില്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍

 


കൊച്ചി: (www.kvartha.com 07.09.2021) സ്വര്‍ണ വ്യാപാര മേഖലയില്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്. ജി എസ് ടി നിലവില്‍ വന്നതിനു ശേഷം സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ നിന്നുള്ള നികുതി പിരിവ് വാറ്റ് കാലഘട്ടത്തേക്കാള്‍ വളരെ കൂടുതലാണെന്ന് സംഘടന ആരോപിച്ചു.

സ്വര്‍ണ വ്യാപാര മേഖലയില്‍ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍

സ്വര്‍ണത്തിനുള്ള മൂന്നുശതമാനം നികുതി കേന്ദ്രത്തിനും കേരളത്തിനും പകുതി വീതമാണ്. (1.5% സെന്‍ട്രല്‍ ജി എസ് ടി, 1.5 % സ്റ്റേറ്റ് ജി എസ് ടി)മാത്രമല്ല സ്വര്‍ണ വ്യാപാരികള്‍ പകുതിയിലധികം ആഭരണങ്ങള്‍ വാങ്ങുന്നത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. സ്വര്‍ണാഭരണ നിര്‍മാണത്തിനുപയോഗിക്കുന്ന തങ്കം ( ബുള്ള്യന്‍) നൂറു ശതമാനവും കേരളത്തിന് വെളിയില്‍ നിന്നാണ് വാങ്ങുന്നത്. ഇതുമൂലം കേരളത്തിന് നികുതി ലഭിക്കുന്നതേയില്ല. കേരളത്തിന് വെളിയില്‍ നിന്നും വാങ്ങുന്ന ആഭരണങ്ങള്‍ക്ക് അതാതു സംസ്ഥാനങ്ങളില്‍ നികുതി നല്‍കുകയും അതിന് കേരളത്തില്‍ സെറ്റോഫ് ലഭിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തില്‍ വിറ്റഴിക്കുന്ന സ്വര്‍ണത്തിന് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന നികുതിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങിയ സ്വര്‍ണത്തിന്റെ നികുതി തട്ടിക്കഴിച്ചാണ് ഓരോ മാസവും വ്യാപാരി നികുതി അടയ്ക്കുന്നത്. വാറ്റ് കാലഘട്ടത്തില്‍ 95% സ്വര്‍ണ വ്യാപാരികളും നികുതി കോംപൗന്‍ഡ് ചെയ്യുന്ന രീതിയാണ് പിന്‍തുടര്‍ന്നു വന്നിരുന്നത്. ഓരോ വര്‍ഷവും മുന്‍വര്‍ഷത്തെക്കാള്‍ 25 % കൂട്ടി നികുതി അടച്ചു കൊള്ളാമെന്ന നിബന്ധനയുമുണ്ടായിരുന്നു. ജി എസ് ടി നിയമത്തില്‍ അനുമാന നികുതിയും കോംപൗന്‍ഡിംഗ് രീതിയുമില്ലാത്തതിനാല്‍ യഥാര്‍ഥ വിറ്റുവരവില്‍ മാത്രമാണ് നികുതി അടയ്ക്കുന്നത് എന്നും സംഘടന പറയുന്നു.

ഏകദേശം പതിനയ്യായിരത്തോളം സ്വര്‍ണ വ്യാപാരികള്‍, അയ്യായിരത്തോളം നിര്‍മാണസ്ഥാപനങ്ങള്‍, നൂറുകണക്കിന് ഹോള്‍ സെയില്‍ വ്യാപാരികള്‍ ഉള്‍പെടെയുള്ളവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
40 ലക്ഷം രൂപ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ജി എസ് ടി രജിസ്‌ട്രേഷന്റെ പരിധിയില്‍ വരാത്തതിനാല്‍ ഏതാണ്ട് ഏഴായിരത്തോളം വ്യാപാരശാലകള്‍ ജി എസ് ടി രജിസ്‌ട്രേഷന് പുറത്താണ്.

40 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള ജി എസ് ടി രജിസ്‌ടേഷന്‍ എടുത്തിട്ടുള്ള 7000 ഓളം സ്വര്‍ണ വ്യാപാരികള്‍ മാത്രമാണ് നികുതിഘടനയുടെ പരിധിയില്‍ വരുന്നത്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തില്‍ മാറ്റം വരണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്. ചെറിയ പിഴവ് കണ്ടെത്തിയാല്‍ പോലും പരമാവധി ശിക്ഷ വിധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അനതികൃത മേഖലയെ കടിഞ്ഞാണിടേണ്ടതിനു പകരം പരമ്പരാഗതമായി വ്യാപാരം ചെയ്യുന്ന സംഘടിത മേഖലയെ തച്ചുടയ്ക്കുന്ന സമീപനമാണ് മാറേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി.

മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് സ്വര്‍ണാഭരണ വ്യാപാര മേഖല കടന്നുപോകുന്നത്. കോവിഡ് വരുത്തി വച്ച അടച്ചിടലും അതു മൂലമുള്ള സാമ്പത്തിക ബാധ്യതകളും മറികടക്കാന്‍ ബദ്ധപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്വര്‍ണ വ്യാപാരശാലകളില്‍ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വര്‍ണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

ജി എസ് ടി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെ സ്വര്‍ണക്കടകളുടെ മുന്നില്‍ തന്നെ നില്‍ക്കുകയാണ്. സ്വര്‍ണക്കടകള്‍കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ജി എസ് ടി ഓഫിസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പൊലീസ് രാജ് ഈ മേഖലയില്‍ നടപ്പിലാക്കാനാനുള്ള നീക്കമാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

നികുതി വരുമാന കുറവിന്റെ പേരില്‍ സ്വര്‍ണ വ്യാപാര സംഘടനയുമായി ചര്‍ച്ച ചെയ്ത് സത്യാവസ്ഥ ബോധ്യപ്പെടാതെ ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പിക്കാനുള്ള നീക്കം അപലപനീയമാണ്.
കോവിഡ് സാഹചര്യങ്ങളില്‍ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ മുഖ്യമന്ത്രി തയാറാകുമെന്നാണ് പ്രതീക്ഷയെന്നും സംഘടന പറഞ്ഞു.

Keywords:  All Kerala Gold and Silver Merchants' Association urges to avoid undue interference in the gold trade, Kochi, Gold, Allegation, Business, Chief Minister, Inspection, Kerala, Business Man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia