ആധാരം ഹാജരാക്കിയ ദിവസം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കും; രെജിസ്ട്രേഷന്‍ വകുപ്പിന്റെ എല്ലാ ഓഫീസുകള്‍ക്കും ഇ ഓഫീസ് സൗകര്യം ഉറപ്പാക്കുമെന്ന് വി എന്‍ വാസവന്‍
Mar 17, 2022, 15:18 IST
തിരുവനന്തപുരം: (www.kvartha.com 17.03.2022) ആധാരം ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കി നല്‍കുമെന്ന് രെജിസ്ട്രേഷന്‍ സഹകരണം മന്ത്രി വി എന്‍ വാസവന്‍. രെജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുകയും കംപ്യൂടര്‍ വല്‍ക്കരിക്കുകയും ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രെജിസ്ട്രാറുടെ മുന്നില്‍ ഹാജരാകേണ്ടതില്ലാത്ത ആധാരങ്ങള്‍ക്ക് പൂര്‍ണമായും ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നടത്താനുള്ള സാധ്യതകളും പരിശോധിച്ച് വരുന്നുണ്ട്. രെജിസ്ട്രേഷന്‍ വകുപ്പിന്റെ എല്ലാ ഓഫീസുകള്‍ക്കും ഇ ഓഫീസ് സൗകര്യം ഉറപ്പാക്കും. എല്ലാ സബ് രെജിസ്ട്രാര്‍ ഓഫീസുകളുടെ റികോര്‍ഡ് മുറികളിലും ആധുനിക രീതിയിലുള്ള കോംപാക്ടറുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രെജിസ്ട്രേഷന്‍ വകുപ്പില്‍ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് വായ്പകളുമായി ബന്ധപ്പെട്ട കരാറുകള്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഡിജിറ്റല്‍ രൂപത്തില്‍ കരാര്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നു. എല്ലാ ആധാരങ്ങളുടെയും ഡിജിറ്റല്‍ സാങ്കേതിക രൂപം തയ്യാറാക്കുകയും മുന്‍ ആധാര വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കും.
മാത്രമല്ല, ആധാര പകര്‍പുകള്‍ക്കായി ഓഫീസുകളില്‍ വരാതെ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വിവാഹ രെജിസ്ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനിലാക്കും. പാര്‍ട്ണര്‍ഷിപ്, സൊസൈറ്റി രെജിസ്ട്രേഷന്‍, ചിട്ടി രെജിസ്ട്രേഷന്‍ എന്നിവയ്ക്ക് ഡിജിറ്റലാക്കി ഓണ്‍ലൈനില്‍ സേവനങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനസൗഹൃദമാക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. വെബ്സൈറ്റ് കൂടുതല്‍ മികവുറ്റതാക്കുന്നതിനും റവന്യൂ, സര്‍വെ വകുപ്പുകളുടെ ആധുനിക വല്‍ക്കരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് ഓഫീസിലും രെജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രെജിസ്ട്രാര്‍ ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കും.
ഇപ്പോള്‍ വിരലില്‍ മഷി പുരട്ടി വിരലടയാളം എടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇനി മുതല്‍ രെജിസ്ട്രേഷനായി ആധാരം ഹാജരാക്കുമ്പോള്‍ കക്ഷികളുടെ വിരലടയാളം ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ സഹായത്തോടെ കംപ്യൂടറില്‍ രേഖപ്പെടുത്തി സര്‍ടിഫികറ്റിന്റെ പുറത്തെഴുത്തില്‍ ഫോടോയും വിരലടയാളം പ്രിന്റ് ചെയ്ത് അവലംബിക്കുന്ന രീതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് താഴെ മുദ്രവില വരുന്ന രെജിസ്ട്രേഷന്‍ ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്പിംഗ് സംവിധാനം ഏര്‍പെടുത്തുന്നത് സര്‍കാരിന്റെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ എസ് അംബിക, എം രാജഗോപാലന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പി പി സുമോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പുതിയ സംവിധാനം ഏര്‍പെടുത്തുന്നതിനുള്ള നടപടികള്‍ മന്ത്രി വിശദീകരിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.