Layoffs | രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 8,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി! വന്‍കിട ഐ ടി കമ്പനികള്‍ എന്തുകൊണ്ട് എ ഐയിലേക്ക് മാറുന്നു?

 
 Layoffs

Representational Image Generated by Meta AI

 * സ്റ്റാർട്ടപ്പുകളിൽ വ്യാപകമായ പിരിച്ചുവിടൽ
 * എഐ തൊഴിലിന് ഭീഷണിയാകുന്നു

ദക്ഷാ മനു

(KVARTHA) ഈ വര്‍ഷം ഓഗസ്റ്റ് വരെ രാജ്യത്തെ 32 കമ്പനികള്‍ 8,000 പേരെയെങ്കിലും പിരിച്ചുവിട്ടതായി ‘ലേ ഓഫ്‌സ്’ എന്ന വെബ്‌സൈറ്റ് പറയുന്നു. ഈ കമ്പനികളില്‍ ഭൂരിഭാഗവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടായത് പേടിഎമ്മിലാണ്, ജൂണില്‍  3,500 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടു.  ലോകമെമ്പാടും, ഈ വര്‍ഷം മാത്രം 1.30 ലക്ഷത്തിലധികം പേരെ പേടിഎം പിരിച്ചുവിട്ടു. 2025-ല്‍ 10 ബില്യണ്‍ ഡോളര്‍ ചിലവ് ലാഭിക്കുന്നതിന് ആഗസ്റ്റ് 1-ന്, ഇന്റല്‍ 15,000 ജീവനക്കാരെ പറഞ്ഞിവിട്ടു. മൊത്തം തൊഴിലാളികളുടെ 15 ശതമാനം വരുമിത്.

 Layoffs

ടെക് മേഖലയില്‍ പിരിച്ചുവിടലുകള്‍ തുടരുമ്പോഴും, മൊത്തത്തിലുള്ള നിയമനങ്ങള്‍ കൂടുന്നില്ല. നൗക്രി ജോബ്സ്പീക്ക് ജൂണ്‍ 2024ന് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച്, 2023നെ അപേക്ഷിച്ച് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന വിദഗ്ധ ജോലികളുടെ നിയമനത്തില്‍ 8 ശതമാനം കുറവുണ്ടായി. നൗക്രി പോര്‍ട്ടലിലെ ജോലി ഒഴിവുകളെ അടിസ്ഥാനമാക്കി ജോബ്സ്പീക്ക് മാസാമാസം നിയമന പ്രവര്‍ത്തനങ്ങള്‍ കണക്കാക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു.  എന്തുകൊണ്ടാണ് കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത്? വിദേശത്തെ സാങ്കേതിക പിരിച്ചുവിടലുകള്‍ ഇന്ത്യയില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ? കുറഞ്ഞ നിയമനം ആശങ്കാജനകമായ പ്രവണതയാണോ? തുടങ്ങിയ ആശങ്കകള്‍ ഉയര്‍ന്നുവരുന്നു.

ജീവനക്കാരെ പിരിച്ചുവിട്ട 32 കമ്പനികളില്‍, 20 എണ്ണം ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളാണ്, കൂടാതെ അണ്‍അകാഡമി, ബൈജൂസ്, ഓല, ലിസിയസ്, സ്വിഗ്ഗി, സിമ്പിള്‍, കള്‍ട്ട് ഫിറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ചെലവ് ചുരുക്കുന്നതിനാണ് പിരിച്ചുവിടല്‍ നടപ്പാക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഐടി ആന്‍ഡ് ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ (എഐഐടിഇയു) ജനറല്‍ സെക്രട്ടറി സൗഭിക് ഭട്ടാചാര്യ പറഞ്ഞു.  കഴിഞ്ഞ മാസം ബെംഗളൂരു ആസ്ഥാനമായുള്ള അണ്‍അകാഡമി 250 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി സ്റ്റാര്‍ട്ടപ്പ് മേഖള ചെലവ് ചുരുക്കുകയാണ്, 2022 മുതല്‍ കുറഞ്ഞത് 2,000 ജീവനക്കാരെയെങ്കിലും വിട്ടയച്ചതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 400 ഡോളറിന്റെ ബര്‍ബെറി ടി-ഷര്‍ട്ട് ധരിക്കുന്ന അണ്‍അക്കാഡമി സിഇഒ,  ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ദ്ധനവ് ഉണ്ടാകില്ലെന്ന്  പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. 

കോവിഡ് കാലത്ത്  സ്‌കൂള്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി  റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി. സ്‌കൂളുകള്‍ വീണ്ടും തുറന്നതിന് ശേഷം, ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ ബുദ്ധിമുട്ടുകയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്  ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടു. 2023 ഒക്ടോബറിനും നവംബറിനും ഇടയില്‍ 3,000 ജീവനക്കാരെ പറഞ്ഞയച്ചിരുന്നു.

അപ്സ്‌കില്ലിംഗ്, ജോബ് സെര്‍ച്ച് പ്ലാറ്റ്ഫോം ബ്ലൂലേണ്‍ ജൂലൈയില്‍ പ്രവര്‍ത്തനം നിര്‍ത്തി. അവരുടെ ലിങ്ക്ഡ്ഇന്‍ പേജ് അനുസരിച്ച്, ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പില്‍ 50  ജീവനക്കാരുണ്ടായിരുന്നു. നൗക്രി ജോബ്സ്പീക്ക് 2024  ജൂണ്‍ റിപ്പോര്‍ട്ട് അനുസരിച്ച്, വിദ്യാഭ്യാസ മേഖലയിലെ നിയമനത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം കുറവുണ്ടായി.  സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റ് (ഷെയര്‍ചാറ്റ് ആപ്പും മോജ് ആപ്പും ഉള്‍പ്പെ)  ഈ മാസമാദ്യം 30 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു, കമ്പനി അടുത്തിടെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഇഡിബിഐയില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ വായ്പയെടുത്തു. ജോലിയിലെ പ്രകടനം വിലയിരുത്തിയ ശേഷമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് കമ്പനി വക്താവ് അറിയിച്ചു. 

എല്ലാ വര്‍ഷവും ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ മിഡ്-ഇയര്‍ പെര്‍ഫോമന്‍സ് വിലയിരുത്തും, മോശം പ്രകടനം നടത്തുന്നവരെ  മെച്ചപ്പെടുത്തലിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയോ ചെയ്യും. ഇതൊരു സാധാരണ നടപടിയാണ്, മൊത്തം ജീവനക്കാരില്‍ അഞ്ച് ശതമാനത്തില്‍ താഴെയുള്ളവരെ മാത്രമേ ഇത്തരത്തില്‍ പുറത്താക്കിയിട്ടുള്ളൂ. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന ബൈ നൗ പേ ലേറ്റര്‍ ഇക്കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളില്‍ 190 മുതല്‍ 200 പേരെ വരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.

അതേസമയം, എലോണ്‍ മസ്‌കിന്റെ എക്സിന്റെ (ട്വിറ്റര്‍) എതിരാളിയായ മൈക്രോബ്ലോഗിംഗ് സ്റ്റാര്‍ട്ടപ്പ് കൂ, ഡെയ്ലിഹണ്ടുമായുള്ള ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ജൂലൈയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കൂവില്‍ 2023 ഏപ്രില്‍ വരെ 260 ജീവനക്കാരും ഈ വര്‍ഷം ഏപ്രില്‍ വരെ 60-70 ജീവനക്കാരും ഉണ്ടായിരുന്നു.  ഓഡിയോ-സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ PocketFM  ഈ വര്‍ഷം മാര്‍ച്ചില്‍ 103 മില്യണ്‍ ഡോളര്‍ (860 കോടിയിലധികം രൂപ) സമാഹരിച്ചെങ്കിലും ഏകദേശം 200 മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്.  

ഈ സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകരില്‍ നിന്ന് പുതിയ ഫണ്ടിംഗ് സ്വീകരിച്ചതിനാല്‍ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന് ജീവനക്കാരെ കുറച്ചതായിരിക്കാമെന്ന് ഐഐടി കാണ്‍പൂര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗ്ലോബല്‍ ഐഐടി അലുമ്നി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സ്ഥാപകനുമായ ധീരജ് സിംഗ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ കൂടുതല്‍ക്കാലം നിലനിര്‍ത്തില്ലെന്നും  ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. പണം സമ്പാദിക്കുക മാത്രമാണ് സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യം.  

നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)  സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന്  പേടിഎം പേയ്മെന്റ്‌സ് ബാങ്ക് ലിമിറ്റഡിനെ (പിപിബിഎല്‍) നിരോധിച്ചതിനെത്തുടര്‍ന്ന് 2024 മാര്‍ച്ച് വരെ 3,500 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യ പാദത്തില്‍ പേടിഎമ്മിന് 550 കോടി രൂപയുടെ നഷ്ടമുണ്ടായതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും പേടിഎം 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.  ഈ വര്‍ഷം ജനുവരിയില്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്പ്കാര്‍ട്ട്  1,100-1,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൊത്തം ജീവനക്കാരുടെ 5 മുതല്‍ 7 ശതമാനമാണിത്.  സൊമാറ്റോയുടെയും ടാറ്റ ഡിജിറ്റലിന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പ് Cult.fit, 2024  ജനുവരിയില്‍ 100-120 ജീവനക്കാരെ പിരിച്ചുവിട്ടു. ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താനും 2025 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലേക്ക് എത്തിക്കാനുമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.

ഭക്ഷ്യ-പലചരക്ക് വിതരണ ശൃംഘലയായ സ്വിഗ്ഗി ഈ വര്‍ഷം ജനുവരിയില്‍ ഏകദേശം 350-400 ജീവനക്കാരെ പിരിച്ചു. തൊഴിലാളികളുടെ 6 ശതമാനം വരുമിത്. മാംസ വിതരണ  പ്ലാറ്റ്ഫോമായ ലിസിയസ് ഈ വര്‍ഷം ഫെബ്രുവരിയില്‍ 80 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.  തങ്ങള്‍ക്ക് 800 കോടി രൂപയിലധികം ഫണ്ടിംഗ് ഉണ്ടെന്നും 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ലാഭം കൈവരിക്കാനുള്ള പാതയിലാണെന്നും കമ്പനി അറിയിച്ചു.  ഓണ്‍ലൈന്‍ ടാക്‌സി ശൃംഘല ഓല  ഏപ്രിലില്‍ 180 ജീവനക്കാരെ പിരിച്ചുവിട്ടു.

ഈ കമ്പനികളെല്ലാം ലാഭത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ടാണ് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് ഗ്ലോബല്‍ ഐഐടി അലുമ്നി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരജ് സിംഗ് പറഞ്ഞു.   ഒരു കമ്പനി വളര്‍ച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ അത് വികസിപ്പിക്കാനും നിക്ഷേപം നടത്താനും ജോലിക്കെടുക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.  
2023-ന്റെ അവസാന പാദം മുതല്‍ ഇതുവരെ ഐടി/ഐടിഇഎസ് മേഖലയില്‍ കുറഞ്ഞത് 20,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. നിര്‍ബന്ധിതവും കണക്കില്‍ പെടുത്തതുമായ രാജികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ലേ ഓഫ്‌സ് എന്ന വെബ്‌സൈറ്റ് നല്‍കിയതിനേക്കാള്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കമ്പനി ഒരു ജീവനക്കാരനെ പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമില്‍ (പിഐപി) ഉള്‍പ്പെടുത്തുമ്പോള്‍, ഒന്നുകില്‍ ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനോ അല്ലെങ്കില്‍ രാജിവെച്ച് പോകാനോ ആവശ്യപ്പെടുന്നു. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള കരാറില്‍ ജീവനക്കാരെ ഒപ്പിടീക്കുകയാണെങ്കില്‍ പിരിച്ചുവിടല്‍ പരാമര്‍ശിക്കേണ്ടതില്ല.  'ഇന്ത്യയില്‍, തുശ്ചമായ വേതനത്തിന് ജോലി ചെയ്യാന്‍ തയ്യാറായ തൊഴിലാളികളുടെ ബാഹുല്യമുള്ളതിനാല്‍ ചൂഷണം കൂടുതലാണ്.   ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വിദഗ്ധ തൊഴിലാളികളുള്ളതിനാല്‍ കമ്പനികള്‍ ഇത് മുതലെടുത്ത് താല്‍ക്കാലിക അടിസ്ഥാനത്തില്‍ 'ഉപയോഗിച്ച് ശേഷം വലിച്ചെറിയുന്ന' നയം മിക്കവരും പിന്തുടരുന്നെന്നും ഭട്ടാചാര്യ പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങളും ഇത്തരം ചൂഷണങ്ങള്‍ക്ക് കുടപിടിക്കുകയാണ്,  ഉദാഹരണത്തിന്, ഐടി, ഐടിഇഎസ് മേഖലകളില്‍  14 മണിക്കൂര്‍ ജോലി സമയം എന്ന കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദ്ദേശം കമ്പനികള്‍ക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും അതേ അളവില്‍ ജോലി എടുപ്പിക്കാനും സ്വാതന്ത്ര്യം നല്‍കും- ഓള്‍ ഇന്ത്യ ഐടി ആന്‍ഡ് ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ (എഐഐടിഇയു) ജനറല്‍ സെക്രട്ടറി
സൗഭിക് ഭട്ടാചാര്യ പറഞ്ഞു. ലോകമെമ്പാടുമുള്ള ടെക് കമ്പനികള്‍ കൂടുതല്‍ ലാഭവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംയോജനവും ലക്ഷ്യമിട്ട് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. ഡെല്‍ 20,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  2023ല്‍ ഡെല്‍ 13,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മറ്റ് കമ്പനികളും ഇതേ പാത തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia