OneWeb Satellites | ബഹിരാകാശ വിക്ഷേപണ വിപണിയില്‍ പുത്തന്‍ ചരിത്രമെഴുതി ഐഎസ്ആര്‍ഒ; 36 ഉപഗ്രങ്ങളും ഒന്നിച്ച് വിക്ഷേപിച്ചു

 



ശ്രീഹരിക്കോട്ട: (www.kvartha.com) ബഹിരാകാശ വിക്ഷേപണ വിപണിയില്‍ പുത്തന്‍ ചരിത്രമെഴുതി ഐഎസ്ആര്‍ഒ. ഏറ്റവും കരുത്തുള്ള ഇന്‍ഡ്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് അറിയിച്ചു. ബ്രിടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്‍ഡ്യയുടെ അഭിമാന വാഹനം കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു.

കൃത്യം 12.07ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് എല്‍വിഎം 3 അഞ്ചാം ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി കുതിപ്പ് തുടങ്ങി. ക്രയോജനിക് ഘട്ടം അടക്കം എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. വിക്ഷേപണം കഴിഞ്ഞ് 19.30 മിനുട് കഴിഞ്ഞപ്പോള്‍ ആദ്യ നാല് ഉപഗ്രഹങ്ങള്‍ പേടകത്തില്‍ നിന്ന് വേര്‍പെട്ടു. സെകന്‍ഡുകളുടെ വ്യത്യാസത്തില്‍ നാല് ഉപഗ്രങ്ങള്‍ കൂടി ഭ്രമണപഥത്തില്‍. 

34ആം മിനുടോടെ അടുത്ത എട്ട് ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. 16 ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ച ആത്മവിശ്വാസത്തില്‍ ഐഎസ്ആര്‍ഒ അപ്പോള്‍ തന്നെ വിജയം പ്രഖ്യാപിച്ചു. അടുത്ത 20 ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരം കിട്ടും മുന്‍പേ വാര്‍ത്താ സമ്മേളനം തുടങ്ങി.

വാര്‍ത്താ സമ്മേളനം തീരും മുമ്പ് എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചുവെന്ന സ്ഥിരീകരണം എത്തി. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശ്രീഹരിക്കോട്ടയില്‍ തുടക്കം കുറിച്ചുവെന്നായിരുന്നു ഇസ്രൊ ചെയര്‍മാന്റെ പ്രതികരണം. 

ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായെന്ന് വണ്‍ വെബിന്റെ സ്ഥിരീകരണം പുലര്‍ച്ചെ 3.11ന് എത്തി. അങ്ങനെ അന്താരാഷ്ട്ര ബഹിരാകാശ വിപണയില്‍ ഒരിക്കലും പിഴയ്ക്കാത്ത റോകറ്റെന്ന ഖ്യാതിയും ഇന്‍ഡ്യയുടെ എല്‍വിഎം 3 നിലനിര്‍ത്തി. 

ചരിത്രപരമായ നിമിഷത്തില്‍ എല്ലാ ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഇസ്രൊ ചെയര്‍മാന്‍ പറഞ്ഞു. കരാര്‍ പ്രകാരമുള്ള അടുത്ത 36 ഉപഗ്രങ്ങളെ (LVM3 M3) കൂടി വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിഷനെ പിന്തുണച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

OneWeb Satellites | ബഹിരാകാശ വിക്ഷേപണ വിപണിയില്‍ പുത്തന്‍ ചരിത്രമെഴുതി ഐഎസ്ആര്‍ഒ; 36 ഉപഗ്രങ്ങളും ഒന്നിച്ച് വിക്ഷേപിച്ചു


ഇതാദ്യമായാണ് ഇത്ര ബൃഹത്തായൊരു വാണിജ്യ വിക്ഷേപണ ദൗത്യം ഇസ്രോ ഏറ്റെടുത്തത്. ഇന്‍ഡ്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതും ഏറ്റവും ഭാരവുമുള്ളതുമായ വിക്ഷേപണ വാഹനം ജിഎസ്എല്‍വി മാര്‍ക് 3 ഇസ്രോ ആദ്യമായാണ് ഒരു വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിച്ചത്.

വണ്‍ വെബിന്റെ അടുത്ത വാണിജ്യ വിക്ഷേപണം 2023 ജനുവരിയില്‍ നടക്കും.  ഡിസംബറില്‍ എസ്എസ്എല്‍വി രണ്ടാം പരീക്ഷണത്തിനായി വിക്ഷേപണത്തറയിലെത്തും. രാജ്യം കാത്തിരിക്കുന്ന ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം 2023 ജൂലൈക്ക് മുമ്പായി നടക്കുമെന്നും സോമനാഥ് വിക്ഷേപണ ശേഷം സ്ഥിരീകരിച്ചു.

Keywords:  News,National,India,Andhra Pradesh,ISRO,Technology,Business,Finance,Satelite,Top-Headlines, 36 OneWeb satellites successfully launched by ISRO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia