SWISS-TOWER 24/07/2023

നബിദിന ആഘോഷങ്ങൾ ഓർമ്മയിലൂടെ...

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുഹമ്മദലി നെല്ലിക്കുന്ന്

യാ നബിയെ അസ്സലാം യാ റസൂലേ വസ്സലാം ......

(www.kvartha.com 26.10.2020) നബിദിനാഘോഷമെന്നു കേൾക്കുമ്പോൾ തന്നെ ഇന്നും മനസ്സിൽ സന്തോഷത്തിന്റെ കുളിര് വീശുകയാണ്. ഗതകാലസ്മരണകളയവിറക്കുന്ന ഇന്നലെകളിലെ നബിദിനാഘോഷങ്ങളിലേക്ക് ഒരെത്തിനോട്ടം... 
Aster mims 04/11/2022

റബീഉൽ അവ്വൽ പന്ത്രണ്ടായാൽ രാവിലെത്തന്നെ പുത്തൻ വസ്ത്രവുമണിഞ്ഞ് രാവിലെ മദ്രസ്സയിലേക്കോരോട്ടമാണ്... പരിസരത്തുള്ള നാട്ടുകാരൊക്കെ ഒത്തു കൂടിയെന്നുറപ്പായാൽ പിന്നെ വരിവരിയായ് നിന്നു കൊണ്ട് ജാഥ പുറപ്പെടും.
നബിദിന ആഘോഷങ്ങൾ ഓർമ്മയിലൂടെ...



ജാഥയുടെ മുന്നിൽ തന്നെ ഗമയോടെ രണ്ടു കുട്ടികൾ ബാനറോ, ഫ്ലക്സോ പിടിച്ചിട്ടുണ്ടാവും. തൊട്ടു പിന്നിൽ വൃദ്ധരായ മൂന്നോ നാലോ പേർ ചന്ദ്രക്കലയുള്ള പച്ചക്കൊടിയും പിടിച്ച് നടക്കും. അവർക്ക് പിന്നിലായ് രണ്ടു വരികളായ് കുട്ടികളും, യുവാക്കളും അണിനിരന്നു കൊണ്ട് മെല്ലെ നടന്നു നീങ്ങും. ഫ്ലക്സ് പിടിച്ച കുട്ടികൾക്കു മുന്നിലായ് കോളാമ്പിയോ, ബോക്സോ ചുമന്നുള്ള വാഹനവുമാണ്. അതിനെ പിന്തുടർന്നു വേണം ജാഥ നീങ്ങാൻ.

വാഹനത്തിലെ കോളാമ്പിയിൽ നിന്നും മധുരമായി ഒഴുകി വരുന്ന സ്വലാത്തുകളും, മദ്ഹുകളും ഏറ്റു ചൊല്ലും. ജമാഅത്ത് പരിധിയിൽ പെട്ട കുട്ടികളടക്കം എല്ലാനാട്ടുകാരും ജമാഅത്ത് പള്ളിയങ്കണത്തിൽ ഒരുമിച്ച് ദുആയും ചെയ്ത് തുടങ്ങുന്ന റാലി ടൗണിലൂടെ കറങ്ങി, ഒടുവിൽ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി പിരിച്ചു വിടുന്നതാണ് പതിവുരീതി. വീട്ടിൽ നിന്നും ജാഥയിൽ പങ്കെടുക്കുവാൻ പോകുമ്പോൾ തന്നെ കൈയ്യിലൊരു പ്ലാസ്റ്റിക് കവറു കരുതും. വഴിയിൽ വെച്ച് കിട്ടുന്ന മധുര പലഹാരങ്ങളും, മിഠായികളുമെല്ലാം ഇട്ടുവെച്ച് വീട്ടിലേക്ക് കൊണ്ടു വരാനാണത്...നടന്നു ക്ഷീണിച്ച് വീട്ടിലെത്തുമ്പോൾ ഉമ്മ കെട്ടിപ്പിടിച്ചൊരു മുത്തം തരും...

അങ്ങനെ എനിക്കു ജാഥയിൽ പോയി കിട്ടിയ സാധനങ്ങളെല്ലാം ഓരോരുത്തർക്കായി ഓഹരി വെച്ചു കൊടുക്കും. പിന്നെ കുറച്ച് നേരമുറങ്ങണം...എങ്കിലേ രാത്രി ഉറങ്ങാതെ പരിപാടിക്ക് പങ്കെടുക്കാൻ കഴിയൂ എന്നാണ് വെപ്പ്. 

പിന്നെ രാത്രിയാവാനൊരു തിടുക്കമാണ്. സ്റ്റേജിൽ കയറണം...  ഉസ്താദ് തന്ന മദ്ഹ് ഗാനവും, പ്രസംഗവും കാണാതെ വെച്ച് കാച്ചണം.. അത് കഴിഞ്ഞാൽ പിന്നെ സമ്മാനങ്ങൾ വാങ്ങാനുള്ള വെമ്പലായിരുന്നു.... സ്റ്റേജിൽ നിന്നും ഉസ്താദ് ഓരോരുത്തരുടെ പേരുകൾ വിളിച്ച് സമ്മാനങ്ങൾ കൊടുക്കുമ്പോൾ മനസ്സിൽ ആകാംക്ഷയോടെ കാത്തിരുന്നു കൈയ്യിൽ കിട്ടുമ്പോൾ അടക്കാനാവാത്ത സന്തോഷമായിരുന്നു. കുട്ടിക്കാലത്തെ നബിദിനത്തിന് മദ്രസ്സയും പള്ളിയും തോരണങ്ങൾ കൊണ്ടു അലങ്കരിക്കുവാൻ വല്ലാത്തൊരു ഉത്സാഹമായിരുന്നു. അങ്ങിനെ കാലങ്ങൾ കടന്നു പോകവേ പുതുതലമുറകൾക്ക് വഴിമാറിക്കൊടുത്തു. ചെറുപ്രായത്തിലെ ആ ഒരു ഓർമ്മകൾ മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു.

ഇന്നും അതേ രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നതെങ്കിലും പുതു തലമുറകളുടെ വസ്ത്രവിധാനത്തിലും മറ്റും മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടു കാലത്തൊക്കെ എല്ലാവരും വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് ജാഥകളിലും, പരിപാടികളിലും പങ്കെടുത്തിരുന്നതെങ്കിൽ ഇപ്പോളത് കളർ ഫുള്ളായി മാറിയിരിക്കുകയാണ്. ഇന്ന് പള്ളിയും പള്ളി മിനാരങ്ങളും,മദ്രസ്സയും അലങ്കാര ബൾബുകൾ കൊണ്ട് അലങ്കരിച്ച് രാത്രിയെ പകലാക്കുകയാണ്.

നബി(സ)യുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസം ലോകമെമ്പാടും മീലാദ് നബി ആഘോഷിക്കുകയാണ്. കൊറോണ കാലത്തെ നബിദിനാഘോഷം എങ്ങനെ ആഘോഷിക്കുമെന്ന് പലരും ചിന്തിക്കുകയാണ്. പ്രോട്ടോകോളനുസരിച്ച് ആഘോഷിച്ചാൽ തന്നെയും അതെത്രത്തോളം വിജയിക്കുമെന്നറിയില്ല. ജീവിതത്തിലെ നബിദിനാഘോഷം ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ജാഥയിലും, കുട്ടികളുടെ പരിപാടികളിലും പങ്കെടുത്ത് അവർക്ക് പ്രോത്സാഹനങ്ങൾ നൽകി അവരുടെ മനസ്സുകളെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ അവർക്കതു ഊർജ്ജം നൽകുന്നു. നബിദിനാഘോഷം ഓർമ്മയിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ കുളിരിന്റെ മദ്ഹൊലി മുഴങ്ങുകയാണ്.


Keywords:  Article, Milad-un-Nabi, Muhammed Ali Nellikkunnu, Prophets birthday (Meeladunnabi) celebrations in memory ...
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia