ട്രോമാ ദിനം ഓർമിപ്പിക്കുന്നു: അപകടത്തിൽപ്പെട്ടവരെ അവഗണിക്കരുത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● റോഡപകടങ്ങൾ, പൊള്ളൽ, പാമ്പുകടി, വൈദ്യുതാഘാതം, കുഴഞ്ഞുവീഴൽ, വെള്ളത്തിൽ വീഴൽ തുടങ്ങിയ സന്ദർഭങ്ങളിലെ പ്രഥമശുശ്രൂഷാ രീതികൾ
● പ്രഥമശുശ്രൂഷ നൽകുന്നതിൽ രക്തസ്രാവം തടയുന്നതിന് പ്രാധാന്യം.
● പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം ധാരയായി ഒഴിക്കണം, ഐസ് വെക്കരുത്.
● പാമ്പുകടിയേറ്റാൽ പരിഭ്രമം ഒഴിവാക്കി എത്രയും വേഗം ചികിത്സ നൽകണം.
ഭാമനാവത്ത്
(KVARTHA) ജീവന്റെ വിലയെത്രയാണ്? ആർക്കെങ്കിലും ഈ ചോദ്യത്തിന് ഉത്തരം നൽകാനാവുമോ? വിലയേറിയ ആ ഉത്തരം തേടുന്നതിനുമപ്പുറം, നമ്മളുടെ ഒരു ചെറുപ്രവർത്തിയാൽ ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ, നശ്വരമായ ഈ ജീവിതത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നേട്ടമായിരിക്കും അത്.
ഇന്ന് ഒക്ടോബർ 17, ലോക ട്രോമാ ദിനം. അപകടത്തിൽപ്പെട്ടു കിടക്കുന്നവരെയും അവശനിലയിൽ കിടക്കുന്നവരെയും ഒരിക്കലും അവഗണിക്കരുത് എന്ന സന്ദേശമാണ് ഈ ട്രോമാ ദിനം നമുക്ക് നൽകുന്നത്.
അപകടം, അത്യാഹിതം – ഏതു നിമിഷവും സംഭവിക്കാവുന്ന എത്രയെത്ര കാര്യങ്ങൾ! വാഹനാപകടങ്ങൾ, ഹൃദയാഘാതം, പാമ്പുകടി, തീപ്പൊള്ളൽ, ഇടിമിന്നൽ അങ്ങനെ എന്തെല്ലാം... ആരും സഹായത്തിനില്ലാതെ, അത്യാവശ്യ സമയത്ത് ചികിത്സ കിട്ടാതെ എത്രയെത്ര ജീവനുകളാണ് പൊലിയുന്നത്.
ഇത്തരം ഘട്ടങ്ങളിൽ ഒരു കൈ സഹായം, മരണത്തിന് മുന്നിൽ നിന്ന് ഒരു പിടിവള്ളി, ജീവൻ അൽപനേരംകൂടി പിടിച്ചുനിർത്താനുള്ള ശ്രമം... പല അത്യാവശ്യഘട്ടങ്ങളിലും അപകടത്തിൽപ്പെട്ടവർക്ക് മുന്നിൽ ഓടിക്കൂടുന്നവർ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കാറുണ്ട്. അടിയന്തരഘട്ടങ്ങളിലെ ചെറിയൊരു ശ്രമം പോലും ഒരുപക്ഷേ ജീവൻ രക്ഷിച്ചേക്കാം. അത്തരം ശ്രമങ്ങൾക്ക് ഒരു വഴികാട്ടിയാകട്ടെ ഇത്.
ഒരു അപകടം നടന്നാലുടൻ ആദ്യം സംഭവസ്ഥലത്തെത്തുന്നയാൾ, അപകടം പിണഞ്ഞയാളെ രക്ഷിക്കാനായി ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെയാണ് പ്രഥമശുശ്രൂഷ എന്ന് പറയുന്നത്.
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലോ ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമശുശ്രൂഷ നൽകാറുള്ളത്.
റോഡപകടങ്ങളിൽ പെടുമ്പോൾ
ഒരു ദിവസം എത്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളുടെ പരിതാപകരമായ അവസ്ഥയും വാഹനപ്പെരുപ്പവും അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുകയേയുള്ളൂ.
അപകടത്തിൽപ്പെട്ടയാളെ പലപ്പോഴും വാഹനത്തിനുള്ളിൽനിന്ന് വാതിൽ വെട്ടിപ്പൊളിച്ചും വലിച്ചുമൊക്കെയാകും പുറത്തെടുക്കുക. രക്ഷാപ്രവർത്തനത്തിനെത്തുന്നത് പലപ്പോഴും ആൾക്കൂട്ടമാകും.
ബഹളത്തിനും തിരക്കിനുമിടയിൽ മുൻപിൻ നോക്കാതെയും അപകടത്തിന്റെയും പരിക്കേറ്റയാളിന്റെ അവസ്ഥയും നോക്കാതെയുള്ള രക്ഷാപ്രവർത്തനമാകരുത് നടത്തേണ്ടത്. റോഡപകടങ്ങളുണ്ടാകുമ്പോൾ അധികം ആളുകളും മരിക്കുന്നത് രക്തസ്രാവം കാരണമാണ്. അതുകൊണ്ടുതന്നെ റോഡപകടങ്ങളിൽപ്പെട്ടവരെ രക്ഷിക്കാൻ, രക്തസ്രാവം തടയാനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടത്.
● അപകടത്തിൽ അസ്ഥി ഒടിയുകയോ പൊട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, കഴിയുമെങ്കിൽ അത് നേരെയാക്കി ഒരു വടിയുമായി ചേർത്തുകെട്ടുക. കൈയുടെ അസ്ഥിയാണ് ഒടിഞ്ഞതെങ്കിൽ, വടിവച്ച് കെട്ടിയശേഷം ഒരു 'സ്ലിംഗ്' പോലെ ഉണ്ടാക്കി കഴുത്തിൽ തൂക്കിയിടണം.
● പരിക്കേറ്റയാൾക്ക് ബോധമുണ്ടോ എന്ന് പരിശോധിക്കുക. ശുശ്രൂഷകന്റെ ചോദ്യങ്ങൾക്ക് അപകടത്തിൽപ്പെട്ടയാൾ കൃത്യമായി മറുപടി പറയുന്നുണ്ടെങ്കിൽ ബോധാവസ്ഥയിലാണെന്ന് മനസ്സിലാക്കാം.
● പരിക്കേറ്റയാൾക്ക് ശ്വാസമുണ്ടോ, നാഡിമിടിപ്പുണ്ടോ എന്ന് നോക്കുക: രോഗിയുടെ മൂക്കിന് താഴെ വിരൽ വെച്ച് നോക്കിയാൽ ശ്വാസോച്ഛ്വാസ ഗതി മനസ്സിലാക്കാൻ കഴിയും. കൈത്തണ്ടയിൽ വിരൽവച്ചാൽ നാഡിമിടിപ്പും അറിയാൻ കഴിയും.
● അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഇന്ധന ചോർച്ച തടയുകയും ബാറ്ററി വിച്ഛേദിക്കുകയും ചെയ്യാം.
● അടിയന്തിര സഹായം ഉറപ്പുവരുത്തുക: കൂടുതൽ സഹായം ലഭിക്കാനായി മറ്റുള്ളവരെ വിവരം അറിയിക്കുക. സന്ദർഭത്തിനനുസരിച്ച് കഴിയുമെങ്കിൽ തൊട്ടടുത്ത പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, ആശുപത്രി എന്നിവിടങ്ങളിൽ വിവരമറിയിക്കുക.
അപകടസ്ഥലത്തെപ്പറ്റിയും, തങ്ങൾ എവിടെനിന്നാണ് സംസാരിക്കുന്നതെന്നും, അപകടത്തിൽ എത്രപേർ അകപ്പെട്ടിട്ടുണ്ടെന്നും, ഏത് തരത്തിലുള്ള അപകടമാണ് നടന്നിട്ടുള്ളതെന്നും വ്യക്തമാക്കണം.
പൊള്ളലേൽക്കുമ്പോൾ
പൊള്ളൽ പലരീതിയിൽ സംഭവിക്കാം. അത് ചെറുതായാലും വലുതായാലും ഗൗരവത്തോടെ കാണണം. കാരണം, പൊള്ളലിന് ശേഷം സംഭവിക്കുന്ന അണുബാധയാണ് ഏറ്റവും വിനാശകരം. അഗ്നിബാധ മൂലവും, ആസിഡ്, രാസവസ്തുക്കൾ തുടങ്ങിയവ വഴിയും, ഗ്യാസ് പൊട്ടിത്തെറിച്ചും, വൈദ്യുതി വഴിയും, മിന്നൽ വഴിയുമൊക്കെ പൊള്ളലേൽക്കാം.
കഠിന ചൂടിൽ സൂര്യതാപമേറ്റും പൊള്ളൽ ഉണ്ടാകാം. ചർമ്മത്തിൽ ഒട്ടേറെ ചെറിയ രക്തക്കുഴലുകളുണ്ട്. പൊള്ളലേൽക്കുമ്പോൾ ഈ രക്തക്കുഴലുകൾക്ക് നാശം സംഭവിക്കുകയും ഇവയിൽക്കൂടി രക്തത്തിലെ പ്രോട്ടീൻ ഘടകങ്ങളും ലവണങ്ങളും നഷ്ടപ്പെടുകയും ചെയ്യും.
പലപ്പോഴും പുറമെ വ്യാപകമായി കാണാനില്ലെങ്കിലും പൊള്ളൽ ഉള്ളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. ഇത് തിരിച്ചറിയാൻ സമയമെടുക്കും. പൊള്ളലേറ്റ ഭാഗത്ത് പൊടിയും അണുക്കളും കയറി ഉണ്ടാകുന്ന അണുബാധ ഏറെ ശ്രദ്ധിക്കേണ്ടതാണ്.
● അഗ്നിബാധയുണ്ടായ സ്ഥലത്ത് എത്തുന്നയാൾ ആദ്യം ചെയ്യേണ്ടത് പൊള്ളലേറ്റയാളെ തീയണച്ച് രക്ഷിക്കുകയാണ്. ഈ അവസരത്തിൽ രക്ഷിക്കാൻ മുതിരുന്നയാൾക്ക് പൊള്ളലേൽക്കാതിരിക്കാനും അപകടത്തിൽപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
● പൊള്ളലേറ്റ ഭാഗത്ത് ജലം ധാരയായി ഒഴിക്കണം. ഐസ് വെക്കരുത്. പത്തുമിനിറ്റിലേറെ വെള്ളം ഒഴിച്ചു കൊടുക്കാൻ ശ്രമിക്കണം. ഇത് പൊള്ളൽ ഉള്ളിലേക്ക് വ്യാപിക്കുന്നത് തടയാൻ സഹായിക്കും.
● ടാപ്പിലെ വെള്ളം ഇല്ലെങ്കിൽ തണുപ്പിക്കാനായി തുണി നല്ലവണ്ണം നനച്ചിട്ടാൽ മതിയാകും.
● കൈകളോ, കാലുകളോ ഒക്കെയാണെങ്കിൽ പൊള്ളലേറ്റ ഭാഗം വെള്ളത്തിൽ മുക്കിവയ്ക്കുന്നതാണ് നല്ലത്.
● കുമിളകൾ ഉണ്ടാകുന്നതിന് മുമ്പ് ആഭരണങ്ങൾ, വാച്ച് എന്നിവ അഴിച്ചു മാറ്റണം. പൊള്ളലേറ്റ ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കരുത്.
● വസ്ത്രങ്ങൾ കത്തിയതിന്റെ ഭാഗങ്ങൾ മുറിവിനോട് ചേര്‍ന്നിരിപ്പുണ്ടെങ്കിൽ വലിച്ചിളക്കാൻ ശ്രമിക്കരുത്.
● ബോധക്ഷയം സംഭവിച്ചിട്ടില്ലെങ്കിൽ വെള്ളം കുടിക്കാൻ കൊടുക്കണം. ശ്വാസ തടസ്സമുണ്ടെങ്കിൽ കൃത്രിമ ശ്വാസം നൽകാം.
● പൊള്ളലേൽക്കാത്ത ഭാഗങ്ങളിൽ വസ്ത്രങ്ങൾ കൊണ്ട് മറച്ച് ശരീരത്തിന്റെ ചൂട് നിലനിർത്തണം.
● ഒരു വലിയ നാണയത്തേക്കാൾ വലിപ്പത്തിലാണ് പൊള്ളലേറ്റതെങ്കിൽ വൈദ്യസഹായം ലഭ്യമാക്കണം.
പാമ്പു കടിയേറ്റാൽ
പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെയേറെയാണ്. ഇതിന്റെ പ്രധാന കാരണം കൃത്യ സമയത്ത് മതിയായ ചികിത്സ ലഭിക്കാത്തതാണ്. 'ആന്റിവെനം' എന്ന ഔഷധമാണ് പാമ്പുകടിക്ക് മരുന്നായി ഉപയോഗിക്കുന്നത്.
പലപ്പോഴും ആളുകൾ മരിക്കുന്നതിന് കാരണം അമിത ഭയം കൂടി ചേരുമ്പോഴാണ്. അതിനാൽ പ്രഥമശുശ്രൂഷക്ക് ഒരുങ്ങുന്നയാൾ പാമ്പുകടിയേറ്റയാൾക്ക് ധൈര്യം പകർന്നുനൽകാൻ പരിശ്രമിക്കണം.
● കടിച്ച പാമ്പിനെ തിരിച്ചറിയാനായാൽ അത് ചികിത്സക്ക് ഏറെ ഉപകാരപ്പെടും.
● പാമ്പുകടിയേറ്റയാളെ സ്വസ്ഥമായി കിടത്തുക. ആളുടെ ഹൃദയഭാഗം ഉയർന്നിരിക്കാൻ തലയിണയോ മറ്റോ വച്ചു കൊടുക്കാം.
● മുറിവ് വൃത്തിയായി കഴുകി വിഷം കലർന്ന രക്തം പുറത്തു പോകാൻ അനുവദിക്കുക. കടിയേറ്റ ഭാഗത്തിന് മുകളിൽ നന്നായി കെട്ടുക.
● എത്രയും പെട്ടെന്ന് ചികിത്സകന്റെ അടുത്തെത്തിക്കണം. പാമ്പുകടിയേറ്റയാൾ നടക്കുന്നതും ഓടുന്നതും ഒഴിവാക്കുന്നത് വിഷം രക്തത്തിൽ കലരുന്നത് കുറയ്ക്കാൻ സഹായിക്കും.
വൈദ്യുതാഘാതമേറ്റാൽ
ഒരു തവണയെങ്കിലും ചെറുതായെങ്കിലും ഷോക്കടിക്കാത്തവർ ചുരുക്കമായിരിക്കും. ശരീരത്തിലൂടെ വൈദ്യുതി കടന്നു പോകുന്നതിന്റെ തോത് വർധിക്കുന്നതിനനുസരിച്ച് ഷോക്കിന്റെ ശക്തി കൂടും.
പൊള്ളലിലോ, അംഗവൈകല്യത്തിലോ, മരണത്തിലോ ഇത് കലാശിക്കാം. മഴക്കാലത്ത് വൈദ്യുതി ലൈൻ പൊട്ടിവീണും മരച്ചില്ലകളിലൂടെ വൈദ്യുതി പ്രവഹിച്ചുമൊക്കെ അപകടമുണ്ടാകാം.
വൈദ്യുതി ഉപകരണങ്ങൾ സ്വയം നന്നാക്കാൻ ശ്രമിച്ചും വൈദ്യുത അലങ്കാരപ്പണികൾ വിദഗ്ധസഹായം കൂടാതെ ചെയ്തും ഒക്കെ അപകടത്തിൽപ്പെടാറുണ്ട്.
● ഏറ്റവും പ്രധാനം വൈദ്യുതാഘാതം ഏറ്റ വ്യക്തിയിൽ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കലാണ്. സ്വിച്ച് ഓഫ് ആക്കിയും ഉണങ്ങിയ കമ്പ് ഉപയോഗിച്ച് വൈദ്യുതി ലൈൻ തട്ടി മാറ്റിയും ഇത് സാധ്യമാക്കാം. പലപ്പോഴും പരിഭ്രമത്തിൽ വൈദ്യുതാഘാതമേറ്റയാളെ നേരിട്ട് പിടിച്ചു മാറ്റാൻ ശ്രമിക്കാറുണ്ട്. ഇത് രക്ഷിക്കാൻ ശ്രമിക്കുന്നയാളെയും അപകടത്തിൽപ്പെടുത്തും.
● ഷോക്കേറ്റയാൾ ബോധരഹിതനാകാൻ സാധ്യതയുണ്ട്. ഇയാൾക്ക് കൃത്രിമ ശ്വാസം നൽകണം. പൾസ് ഇല്ലെങ്കിൽ ഹൃദയ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കണം.
● ഹൈ വോൾട്ടേജ് ഉള്ള കേന്ദ്രങ്ങളിൽ നിന്ന് (110 കെ.വി. ലൈൻ, ഫാക്ടറികൾ, പവർ സ്റ്റേഷൻ തുടങ്ങിയവ) വൈദ്യുതി ആഘാതമേറ്റാൽ ആദ്യം ചെയ്യേണ്ടത് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയാണ്. ചിലപ്പോൾ നേരിട്ട് സമ്പർക്കമില്ലാതെ തന്നെ അടുത്തു നിൽക്കുന്നവരെ ഷോക്കൽപ്പിക്കാൻ ശക്തിയേറിയ വൈദ്യുതി കേന്ദ്രങ്ങൾക്ക് കഴിയും.
കുഴഞ്ഞു വീണാൽ
പെരുവഴിയിലോ ആൾക്കൂട്ടത്തിനിടയിലോ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ കൂടിവരികയാണിപ്പോൾ. പലപ്പോഴും ഇത്തരം സംഭവങ്ങൾ ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടാകും. കുഴഞ്ഞു വീഴുന്നയാൾ പലപ്പോഴും ബോധശൂന്യനാകും.
അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സ ലഭിക്കാതെ പോകുന്നു. ഹൃദ്രോഗമുള്ളവർ രോഗത്തെ സംബന്ധിച്ച എന്തെങ്കിലും തെളിവ് പോക്കറ്റിൽ സൂക്ഷിക്കുന്നതും സ്ഥിരമായി കഴിക്കുന്ന ഗുളികകൾ ഒപ്പം കരുതുന്നതും നല്ലതാണ്.
● രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം.
● നിലത്ത് കിടത്തുന്നതിനെക്കാൾ ആശ്വാസകരം ചാരിയിരുത്തുന്നതാണ്. പരമാവധി കാറ്റ് കിട്ടത്തക്ക വിധം വേണം ഇരുത്താൻ. ഗുളികകൾ കഴിക്കുന്ന ആളാണെങ്കിൽ അത് കഴിക്കാൻ നൽകണം.
● ശ്വസന തടസ്സമോ ഹൃദയം നിലച്ചു പോകുന്ന അവസ്ഥയോ ഉണ്ടെങ്കിൽ പുനരുജ്ജീവന മാർഗങ്ങൾ തേടണം.
വെള്ളത്തിൽ വീഴുമ്പോൾ
വെള്ളത്തിൽ വീണ് നീന്തലറിയാതെ ഒഴുക്കിൽപ്പെട്ടുമൊക്കെയുള്ള അപകടങ്ങൾ സർവസാധാരണം. വെള്ളത്തിൽ മുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമിച്ച് അപകടത്തിൽപ്പെടുന്നവരും ഏറെ.
ശ്വാസകോശത്തിൽ വെള്ളം കയറിയും ശ്വാസം മുട്ടിയുമാണ് മരണം സംഭവിക്കുക. വെപ്രാളത്തിനിടയിൽ ആമാശയത്തിലും വെള്ളം കയറുന്നു.
● വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്നയാളെ തറയിൽ മലർത്തിക്കിടത്തണം. തല ചെരിച്ചു വച്ച് വെള്ളം വായിലൂടെ സ്വാഭാവികമായി പുറത്തു പോകാൻ അനുവദിക്കണം.
● വയറിൽ അമിത സമ്മർദം കൊടുക്കരുത്. വായിൽ നിന്ന് വെള്ളത്തിനൊപ്പം ആഹാരപദാർഥങ്ങളും പുറത്തു വരും. ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ടിൽ ആഹാരപദാർഥങ്ങൾ ശ്വാസകോശത്തിലേക്ക് കടക്കാനിടയുണ്ട്. അതിനാൽ തല വല്ലാതെ താഴ്ന്നിരിക്കാതെ ശ്രദ്ധിക്കണം.
● ശരീരം അമിതമായി തണുത്തിട്ടുണ്ടെങ്കിൽ നനഞ്ഞ വസ്ത്രങ്ങൾ നീക്കി പുതപ്പിക്കുകയോ നേരിയ രീതിയിൽ ചൂട് നൽകുകയോ വേണം.
● ബോധം തെളിഞ്ഞാലും ആശുപത്രിയിലെത്തിക്കാൻ മടിക്കരുത്. ശ്വാസകോശത്തിൽ കടന്നിട്ടുള്ള വെള്ളം പിന്നീട് നീർക്കെട്ടിന് ഇടയാക്കും.
രക്ഷയ്ക്കൊരുങ്ങുമ്പോൾ ശ്രദ്ധിക്കുക
രക്ഷയ്ക്കൊരുങ്ങുമ്പോൾ തനിക്ക് അപകടം സംഭവിക്കാനിടയുണ്ടോയെന്ന് മനസ്സിലാക്കുക. ക്ഷമാപൂർവവും മനസാന്നിധ്യത്തോടെയും പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കഴിവ് അത്യാവശ്യമാണ്.
അപകടത്തിൽപ്പെട്ടയാൾക്ക് പരമാവധി ധൈര്യവും ശക്തിയും പകർന്നു കൊടുക്കുന്ന വിധമാകണം സംസാരവും പെരുമാറ്റവും.
● പരമാവധി വേഗം ആശുപത്രിയിലെത്തിക്കാനുള്ള പരിശ്രമം നടത്തണം.
● ഏതുതരം അപകടമായാലും പരിശോധിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ശ്വാസോച്ഛാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അവസ്ഥയാണ്. അപകടത്തിന്റെ ആഘാതത്തിലും ഷോക്കിലും പെട്ട് ബോധം നഷ്ടപ്പെടാനും ശ്വാസം നിലക്കാനും ഹൃദയമിടിപ്പ് കുറഞ്ഞ അവസ്ഥയിലെത്താനും സാധ്യതയേറെയാണ്. അതുകൊണ്ട് പ്രഥമശുശ്രൂഷകൻ കൃത്രിമ ശ്വാസം നൽകാനും ഹൃദയ പുനരുജ്ജീവനം നടത്താനും പരിശീലനം നേടിയിരിക്കണം.
● നാം ശ്വസിച്ച ശേഷം പുറത്തു വിടുന്ന വായുവിൽ 15 ശതമാനം ഓക്സിജൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് നിശ്വസിക്കുന്ന വായുവാണെങ്കിലും ശ്വാസം നിലച്ചയാളുടെ ശ്വാസകോശത്തിലെത്തിയാൽ അത് പ്രവർത്തനസജ്ജമാക്കാൻ ഉപകരിക്കും.
● കൃത്രിമ ശ്വാസം നൽകുന്നതിനു മുമ്പ് പരിക്കേറ്റയാളുടെ വായിലോ തൊണ്ടയിലോ എന്തെങ്കിലും വസ്തുവോ വെള്ളമോ തടസ്സമായി നിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. അവ നീക്കം ചെയ്യണം. അപകടത്തിൽപ്പെട്ടയാളെ സ്വസ്ഥമായ സ്ഥലത്ത് കിടത്തണം.
● ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് അപകടത്തിൽപ്പെട്ടയാളുടെ വായ് തുറന്ന് ചുണ്ടുകൾ ചേർത്ത് ശക്തിയായി ഊതുക. തടസ്സമുണ്ടാകാതിരിക്കാൻ താടി കുറച്ച് മുകളിലേക്ക് ഉയർത്തി തല താഴ്ത്തി വയ്ക്കണം. രണ്ടു സെക്കൻഡ് സമയമെങ്കിലും വേണം ശ്വാസകോശം നിറയാൻ. വായു നിറഞ്ഞാൽ നെഞ്ച് ഉയരുന്നത് കാണാം. അതിനു ശേഷം സാവകാശം ശ്വാസം പുറത്തു പോകാൻ അനുവദിക്കുക. ഈ ശ്രമം തുടരുകയും വേണം.
● അപകടത്തിലോ ആഘാതത്തിലോ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാൽ കൃത്രിമമായി അതിനെ പുനരുജ്ജീവിപ്പിക്കണം. നെഞ്ചിൽ ഇരു കൈകളും ഉപയോഗിച്ച് ഇടവിട്ട് അമർത്തി നിലച്ച ഹൃദയത്തെ പ്രവർത്തിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.
ഈ സുപ്രധാനമായ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കൂ.
Article Summary: Detailed Malayalam news report on World Trauma Day emphasizing first aid for various emergencies.
#WorldTraumaDay #FirstAid #LifeSaving #EmergencyResponse #PublicSafety #KeralaNews
