ആർത്തവ വിരാമം ഒരു സ്വാഭാവിക പ്രക്രിയ: ശാരീരിക മാറ്റങ്ങൾ അറിയുക

 
Woman happy after menopause
Watermark

Representational Image generated by Grok

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വിഷാദം, കോപം, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും തുടങ്ങിയ ശാരീരിക-മാനസിക മാറ്റങ്ങൾ ഉണ്ടാകാം.
● കാൽസ്യം, പ്രോട്ടീൻ എന്നിവയടങ്ങിയ പോഷകാഹാരവും ചിട്ടയായ വ്യായാമവും അനിവാര്യം.
● ഈസ്ട്രജൻ, പ്രൊജസ്റ്റീറോൺ എന്നീ ഹോർമോണുകളാണ് പ്രത്യുത്പാദനത്തിന് സഹായിക്കുന്നത്.
● ആർത്തവവിരാമത്തിനു ശേഷവും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ്.

ഭാമനാവത്ത് 

(KVARTHA) ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ് ആർത്തവ വിരാമം അഥവാ 'മെനോപോസ്' എന്ന് സൂചിപ്പിക്കുന്നത്. മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. അതോടെ സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമത ഇല്ലാതാകുന്നു.

കൗമാര പ്രായത്തോടെ സ്ത്രീകൾ മാസംതോറും ഒരു അണ്ഡം ഉത്പാദിപ്പിക്കുകയും അത് പ്രജനനം നടക്കാത്ത പക്ഷം ആർത്തവം അഥവാ മാസമുറ എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ് എത്തുന്നതുവരെ അണ്ഡോത്പാദനം തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. 

Aster mims 04/11/2022

അതോടെ ആർത്തവത്തിന്റെ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു. മനുഷ്യനിൽ മാത്രമല്ല തിമിംഗല വർഗ്ഗത്തിൽപ്പെട്ട ചില ജീവികൾക്കും, റീസസ് കുരങ്ങുകളിലും, ക്രമമായ ആർത്തവം നടക്കുന്ന മറ്റ് ജീവികളിലും ആർത്തവവിരാമം ഉണ്ടാകാറുണ്ട്.

ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, കോപം, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, ഹൃദ്രോഗം പോലുള്ള രോഗങ്ങൾക്കുള്ള സാധ്യത, യോനീവരൾച്ച, യോനിയിൽ അണുബാധ, ലൈംഗിക ബന്ധത്തിൽ വേദന തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. എന്നാൽ എല്ലാവരിലും ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകണമെന്നില്ല.

പോഷകാഹാരവും ചിട്ടയായ വ്യായാമവും ഈ ഘട്ടത്തിൽ അനിവാര്യമാണ്. പ്രത്യേകിച്ച് കാൽസ്യം, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം. 

സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ശതാവരി, സോയാബീൻ ഉത്പന്നങ്ങൾ, കാച്ചിൽ, ചേമ്പ്, ചണവിത്ത്  തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹോർമോൺ കുറവ് പരിഹരിക്കാൻ സഹായകമാണ്. ആർത്തവവിരാമം വാർദ്ധക്യത്തിന്റെ ലക്ഷണമാണ് എന്ന പലരുടെയും ധാരണ ശരിയല്ല. അനേകം സ്ത്രീകൾ തങ്ങളുടെ യൗവനവും സൗന്ദര്യവും ആർത്തവവിരാമത്തിന് ശേഷവും നിലനിർത്താറുണ്ട്.

കാരണം

ശാസ്ത്രീയമായി ആർത്തവ വിരാമത്തെ, ഒരു വർഷത്തിൽ കൂടുതൽ സമയം ആർത്തവം ഇല്ലാത്ത അവസ്ഥ എന്ന് പറയാം. ഒരു സ്ത്രീ പ്രായപൂർത്തിയാവുന്നതോടെ അവളുടെ പ്രത്യുൽപാദന അവയവങ്ങൾ പൂർണ്ണ വളർച്ചയെത്തുന്നു. അതോടെ അവൾ ഗർഭധാരണത്തിന് സജ്ജയായി എന്ന് പറയാം. ഇതിന് സഹായിക്കുന്നത് ഈസ്ട്രജൻ, പ്രൊജസ്റ്റീറോൺ എന്നീ അന്തഃസ്രവങ്ങളാണ്.

ഈസ്ട്രജൻ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും മാസത്തിൽ (28 ദിവസം) ഒരു അണ്ഡം എന്ന തോതിൽ ഉത്പാദിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു. എല്ലാമാസവും ഗർഭധാരണം പ്രതീക്ഷിച്ചുകൊണ്ട് സ്ത്രീയുടെ ഗർഭാശയവും സജ്ജമാക്കപ്പെടുന്നു. രക്തക്കുഴലുകൾ വികസിച്ച് വലുതായി അണ്ഡത്തെ സ്വീകരിക്കാൻ ഒരുങ്ങുന്നു. 

എന്നാൽ ഗർഭധാരണം നടക്കാത്ത പക്ഷം, അണ്ഡോത്പാദനം കഴിഞ്ഞ് പതിനാലു ദിവസത്തിനകം ഗർഭാശയം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുപോകുന്നു. അപ്പോൾ വികസിച്ച രക്തക്കുഴലുകളും കോശങ്ങളും നശിച്ച് രക്തസ്രാവമായി പുറത്തുപോകുന്നു. ഇതാണ് ആർത്തവം. ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കാം.

പല സ്ത്രീകളിലും ആർത്തവം ക്രമമാവാറില്ല. ഇതിന് പല കാരണങ്ങൾ ഉണ്ട്. ഒരു സ്ത്രീക്ക് ആർത്തവം നടക്കുന്നു എങ്കിൽ അതിനർത്ഥം അവൾ പ്രത്യുത്പാദന ശക്തിയുള്ളവളാണ് എന്നാണ്.

പുരുഷന്മാരുടേതു പോലെ വളരെക്കാലം പ്രത്യുത്പാദനശേഷി സ്ത്രീക്ക് ഉണ്ടാവാറില്ല. ഏകദേശം 50 വയസാവുന്നതോടെ ഈസ്ട്രജൻ പ്രവർത്തനം നിലയ്ക്കുകയും അണ്ഡോത്പാദനം മുടങ്ങുകയും ചെയ്യുന്നു. ഇതോടെ ആർത്തവവിരാമം ഉണ്ടാകുന്നു. അണ്ഡാശയം ആണ് ഈസ്ട്രജൻ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രം. ഈസ്ട്രജൻ എല്ലുകളെ സംരക്ഷിക്കുകയും ആർത്തവം ക്രമപ്പെടുത്തുകയും ചെയ്യുന്നു.

ചില സ്ത്രീകൾക്ക് അനേക വർഷകാലം തുടർച്ചയായി, സാധാരണ ഗതിയിൽ ആർത്തവം ആയതിനുശേഷം പൊടുന്നനെ നിലയ്ക്കുന്നു. എന്നാൽ ചില സ്ത്രീകൾക്ക് കൃത്യമായി ആർത്തവം ഉണ്ടാകുന്നു. പക്ഷേ ആർത്തവങ്ങൾക്കിടയിലുള്ള കാലം ക്രമേണ കൂടി വരുകയും, രക്തത്തിന്റെ അളവിൽ കുറവ് വന്ന് ഒടുവിൽ രക്തസ്രാവമുണ്ടാകാതിരിക്കുകയും ചെയ്യുന്നു. 

ഇനി മൂന്നാമതൊരു വിഭാഗം സ്ത്രീകൾക്ക് കൃത്യമായി ആർത്തവമുണ്ടാവുകയും പിന്നീട് ആർത്തവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം കൂടിക്കൂടിവരുന്നതോടൊപ്പം, പോകുന്ന രക്തത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്ന്, ഒടുവിൽ ആർത്തവം നിലയ്ക്കുകയും ചെയ്യുന്നു. എങ്കിലും ഒരു മാസമോ, രണ്ടുമാസമോ, മൂന്നു മാസമോ കഴിഞ്ഞതിനു ശേഷം വീണ്ടും അവർക്ക് ആർത്തവമുണ്ടാകാം.

വീണ്ടും അവർ തീണ്ടാരിയിരിക്കുമെങ്കിലും കാലദൈർഘ്യം കൂടിക്കൂടി വരുകയും രക്തം പോക്കിന്റെ അളവിൽ കുറവുണ്ടാവുകയും ചെയ്യുന്നു. ഒടുവിൽ അവർക്കും ആർത്തവം പൂർണ്ണമായി നിന്നു പോകുന്നു.

ഈ മൂന്നു വിഭാഗത്തിൽപ്പെട്ടവരിലും പൊതുവേ കാണുന്ന കാര്യം രക്തത്തിന്റെ അളവിലുള്ള കുറവും ആർത്തവങ്ങൾക്കിടയിലുള്ള കാലദൈർഘ്യവുമാണ്. എന്നാൽ ഈ മൂന്ന് ആർത്തവ രീതികളിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും ഒരു പ്രത്യേക ആർത്തവക്രമം ഉണ്ടാകുന്ന പക്ഷം അത് അസാധാരണമായി കണക്കാക്കി സൂക്ഷ്മാന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. 

എങ്കിലും അത്തരം മിക്ക കേസുകളിലും യാതൊരു അസാധാരണത്വവും ഉണ്ടാകണമെന്നില്ല. എന്നാൽ വളരെ വലിയ അളവിൽ രക്തസ്രാവവും, അത് നിരവധി ദിനങ്ങൾ നീണ്ടുനിൽക്കുകയോ ചെയ്യുന്നത് നിരീക്ഷണവിധേയമാവേണ്ടതാണ്. ആർത്തവ വിരാമം സംഭവിക്കാനുള്ള ഏകദേശ പ്രായം 50 വയസ്സാണ്

ആർത്തവവിരാമവും ലൈംഗിക പ്രശ്നങ്ങളും

ആർത്തവവിരാമമോ ഗർഭപാത്രം നീക്കം ചെയ്യലോ ലൈംഗികതയുടെ അവസാനമല്ല. ധാരാളം സ്ത്രീകൾ ജീവിതാവസാനംവരെ സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. 

എന്നാൽ ചിലരിൽ ഹോർമോണിന്റെ അളവ് കുറയുന്നതോടെ ചില പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. യോനിയിൽ നനവ് നൽകുന്ന സ്രവങ്ങളുടെ ഉത്പാദനം കുറയുക, യോനീചർമത്തിന്റെ കട്ടി കുറയുക, അണുബാധ എന്നിവ ഉണ്ടാവാം.

ഇക്കാരണത്താൽ ലൈംഗികബന്ധം സ്ത്രീക്ക് വേദനാജനകമോ വിരസമോ ആകാനും, പുരുഷന് ആയാസകരമാകാനും സാധ്യതയുണ്ട്. ഇത് ലൈംഗിക ജീവിതത്തോട് ഭയവും വിരക്തിയും ചിലപ്പോൾ യോനിസങ്കോചവും ഉണ്ടാകാൻ കാരണമാകാം.

ആർത്തവവിരാമത്തിന് ശേഷം ദീർഘനേരം രതിപൂർവലീലകളിൽ ഏർപ്പെടുന്നത് യോനിയിൽ സ്വാഭാവികമായ വഴുവഴുപ്പും ഉത്തേജനവും ഉണ്ടാകുന്നതിന് ആവശ്യമാണ്. കൂടാതെ കെവൈ ജെല്ലി പോലെയുള്ള ഏതെങ്കിലും ഗുണമേന്മയുള്ള ലൂബ്രിക്കന്റ് പുരട്ടുന്നത് യോനീവരൾച്ച പരിഹരിക്കുകയും സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യും. 

എന്നാൽ വൃത്തിഹീനമായ എണ്ണകളോ ഉമിനീരോ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാം. ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് നല്ലത്. സ്ത്രൈണ ഹോർമോൺ അടങ്ങിയ ക്രീം ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. അണുബാധ ഉള്ളവർ എത്രയും വേഗം ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്.

ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി, കൗൺസിലിംഗ് തുടങ്ങിയവ ലൈംഗിക വിരക്തി അകറ്റും. പതിവായ ലൈംഗികബന്ധം യോനിയുടെ സ്വാഭാവികമായ ആകൃതിയും രക്തയോട്ടവും ഈർപ്പവും നിലനിർത്തുകയും, ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറയ്ക്കുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രതിപൂർവ്വലീലകളുടെ കുറവ്, പ്രായമായി എന്ന തോന്നൽ, മാനസിക- കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുമായുള്ള അകൽച്ച, അറിവില്ലായ്മ തുടങ്ങിയവ ഈ ഘട്ടത്തിൽ ലൈംഗിക ഉത്തേജനം കുറച്ചേക്കാം.

തൃപ്തികരമായ ലൈംഗികജീവിതം ശാരീരിക- മാനസിക ആരോഗ്യം വർദ്ധിപ്പിക്കുകയും, പ്രത്യേകിച്ച് ഹൃദയാരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുകയും, ചുറുചുറുക്ക് നിലനിർത്തുകയും, പങ്കാളികൾ തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഏത് പ്രായക്കാർക്കും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ്. മാത്രമല്ല ജീവിതത്തിൽ കൂടുതൽ പക്വത നേടുന്ന മദ്ധ്യവയസ്സിലും, വിശ്രമകാലമായ വാർദ്ധക്യത്തിലും ഒരു 'രണ്ടാം ഹണിമൂൺ' സാധ്യമാവുകയും ചെയ്യും.

ഒക്ടോബർ 18 ലോക ആർത്തവ വിരാമ ദിനത്തിൽ ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങൾ, ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Article Summary: Detailed report on menopause (Aarthava Viraamam), its physical and psychological changes, and post-menopause sexual health.

#MenopauseDay #WomensHealth #MenopauseChanges #KeralaNews #HealthTips #MalayalamNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script