Wild Buffaloes | സിംഹങ്ങളെ കൊല്ലാൻ കാട്ടുപോത്തിന് കഴിയും! വന്യലോകത്തെ വേറിട്ടൊരു പോരിന്റെ വിശേഷങ്ങൾ


● കാട്ടുപോത്ത് സിംഹങ്ങളെ കൊന്നുകൊടുക്കാൻ കഴിവുള്ള മൃഗമായി അറിയപ്പെടുന്നു.
● ലോകത്തിലെ അപകടകാരിയായ മൃഗങ്ങളിൽ ഒന്നാണ് കാട്ടുപോത്ത്
● ശൗര്യം കൊണ്ടും കരുത്തുകൊണ്ടും സിംഹത്തെ തോൽപ്പിക്കാൻ മറ്റു മൃഗങ്ങൾക്ക് സാധിക്കില്ല.
● ജന്തുലോകത്തെ വലിയ യുദ്ധമാണ് ഇവർ തമ്മിൽ നടക്കാറുള്ളത്.
റോക്കി എറണാകുളം
(KVARTHA) കാട്ടിലെ രാജാവായി നാമൊക്കെ അറിയുന്നത് സിംഹങ്ങളെയാണ്. അങ്ങനെയാണ് നാം പഠിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതും. ആന പോലും സിംഹത്തിൻ്റെ മുന്നിൽ ഒന്നുമല്ലെന്നാണ് കേട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യർ പോലും സിംഹത്തെ ഭയപ്പാടോടെയാണ് നോക്കി കാണാറുള്ളത്. കാഴ്ച ബംഗ്ലാവിലൊക്കെ ചെന്നാൽ മറ്റേത് മൃഗങ്ങളെ കാണുന്നതിലും താല്പര്യം നാം സിംഹങ്ങളുടെ കാര്യത്തിൽ എടുക്കാറുണ്ട്.
എന്നാൽ ഒരു പുതിയ അറിവാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. സിംഹങ്ങളെ കൊല്ലാൻ പോലും ശേഷിയുള്ള ജീവിയാണ് കാട്ടുപോത്ത് എന്നറിയാമോ? അവർ തമ്മിലുള്ള അപൂർവ പോരാട്ടത്തിന്റെ പിന്നിലുള്ള ചരിത്രത്തെക്കുറിച്ച് വിവരിക്കുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
പല്ലും നഖവും ശൗര്യവും കൊണ്ട് ലോകത്തെ വെല്ലുവിളിക്കുന്ന സിംഹങ്ങളെ കൊല്ലാൻ പോലും ശേഷിയുള്ള ജീവിയാണ് കാട്ടുപോത്ത്. ലോകത്തിലെ അപകടകാരിയായ മൃഗങ്ങളിൽ ഒന്ന്. ശരീരബലവും കൊമ്പും ഉപയോഗിച്ച് അവർ സിംഹത്തെ കശക്കി എറിയുന്ന കാഴ്ചകൾ ആഫ്രിക്കയിലെ വനങ്ങൾക്ക് പറയാനുണ്ട്. സിംഹത്തിന്റെ യഥാർത്ഥ എതിരാളി നമ്മൾ ഈ പറയുന്നതുപോലെ കടുവയോ പുലിയോ ഒന്നുമല്ല, അത് സാക്ഷാൽ കാട്ടുപോത്താണ്.
ശൗര്യം കൊണ്ടും കരുത്തുകൊണ്ടും സിംഹത്തെ തോൽപ്പിക്കാൻ മറ്റു മൃഗങ്ങൾക്ക് സാധിക്കില്ല. എന്നാൽ നിലനിൽപ്പിനു വേണ്ടി കാട്ടുപോത്ത് ആ യുദ്ധത്തിൽ പങ്കെടുക്കാറുണ്ട്. ജന്തുലോകത്തെ വലിയ യുദ്ധമാണ് ഇവർ തമ്മിൽ നടക്കാറുള്ളത്. സമാനമായ ജീവിത സാഹചര്യമാണ് ഇരുകൂട്ടർക്കും ഉള്ളത്. കാട്ടുപോത്തും സിംഹവും കൂട്ടമായി ജീവിക്കുന്ന രണ്ട് ജീവികളാണ്. സിംഹത്തിന്റെ ഒരു കൂട്ടത്തെ പ്രൈഡ് എന്നാണ് നമ്മൾ വിളിക്കുന്നത്. 10 മുതൽ 15 വരെ അംഗങ്ങൾ ഉള്ളതാണ് ഒരു ലയൺ പ്രൈഡ്. സാധാരണയായി രണ്ടോ മൂന്നോ ആൺ സിംഹങ്ങളും അവയുടെ ഇണകളായ പെൺ സിംഹങ്ങളും ചേർന്നതാണ് ഒരു പ്രൈഡ് ഗ്രൂപ്പ്.
പ്രൈഡിനെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രധാന പങ്ക് ആൺ സിംഹങ്ങൾക്ക് തന്നെയാണ് . സിംഹത്തിന്റെ ഈ സവിശേഷതയാണ് അവയെ കാട്ടിലെ രാജാവാക്കി മാറ്റുന്നത്. എന്നാൽ ഈ രാജാവ് പോലും ഒന്ന് ചൂളി പോകുന്നത് ആഫ്രിക്കയിലെ ഈ കാട്ടുപോത്തിന്റെ മുന്നിലാണ്. ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന വന്യജീവിയാണ് കാട്ടുപോത്ത്. കേരളത്തിലെ വനങ്ങളിലും ഇവയെ കാണാറുണ്ട്. ചില വയനാടിൻ യാത്രകളിലൊക്കെ നമ്മുടെ കണ്ണിൽ ഈ രൂപം പെട്ടിട്ടുണ്ടാകും. പശുക്കുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്.
ഗോവ, ബീഹാർ സംസ്ഥാനങ്ങളിലും ഇവ കാണപ്പെടാറുണ്ട്. അർദ്ധചന്ദ്രാകൃതിയിലുള്ള കൊമ്പുകളുള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതലും കാണപ്പെടാറുള്ളത് . വലിയ തലയും കനത്ത മാംസപേശികളുമാണ് ഇവയുടെ പ്രത്യേകത. ആൺവർഗ്ഗം കറുത്തതും കുഞ്ഞുങ്ങളും പെൺവർഗ്ഗവും കാപ്പി നിറത്തോട് കൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ട് മീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും . ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവ് വന്നതുകൊണ്ട് ഐയുസിഎൻ പുറത്തിറക്കിയ ചുവന്ന ലിസ്റ്റിൽ 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നുണ്ട്. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70 ശതമാനത്തോളം എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
നമ്മുടെ നാട്ടിൽ ഇവന്മാർ ആഫ്രിക്കൻ ബഫലോക്കാൾ വലിപ്പമുള്ളവരാണത്രേ. മലയൻ കാട്ടുപോത്ത് സെലഡാങ് എന്നും ബർമൻ കാട്ടുപോത്ത് പോ എന്നും അറിയപ്പെടുന്നുണ്ട്. നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമായ 'മിഥുൻ' ഇതേ ജീവി കുടുംബത്തിൽപ്പെട്ട മൃഗമാണ്. തന്നെ ഉപദ്രവിക്കാത്തവരെ അങ്ങോട്ട് പോയി തോണ്ടുന്ന സ്വഭാവം ഇവയ്ക്കില്ല. തെക്കേ ഇന്ത്യയിലെ പലയിടങ്ങളിലും ഇവ മനുഷ്യരെ വളരെ അടുത്തെത്താൻ വരെ അനുവദിക്കാറുണ്ട്. തീവ്രമായ ഗന്ധം മനസ്സിലാക്കാനുള്ള കഴിവാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഒരു കൂട്ടത്തിന് അപ്രതീക്ഷിതമായി ശത്രുക്കളെ നേരിടേണ്ടി വന്നാൽ അവ തിക്കും തിരക്കും ഉണ്ടാക്കുകയും അത് അതിനിടയിൽ പെട്ട കിടാവുകൾ ചവിട്ടി മെതിക്കപ്പെടുകയും ഒക്കെ ചെയ്യാറുണ്ട്.
ഇനി നമുക്ക് ആഫ്രിക്കൻ കാടുകളിലേക്ക് ഒന്ന് പോയി നോക്കാം, അവിടെയാണ് ആഫ്രിക്കൻ കാട്ടുപോത്ത് കഴിയുന്നത്. സിംഹമുള്ള അതേ കാട്ടിൽ തന്നെയാണ് ജീവിതം. ഈ മണ്ണിലെ എക്സിസ്റ്റൻസ് ആണ് ഇവർ തമ്മിലുള്ള കലഹത്തിന് പോലും കാരണമായത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ 10 മൃഗങ്ങളുടെ പേരെടുത്താൽ അതിലൊന്ന് ആഫ്രിക്കൻ ബഫെല്ലോ എന്ന് തന്നെയാണ്. ആനയോടും കാണ്ടാമൃഗത്തോടും വരെ ഒരു കൂസലുമില്ലാതെ ഏറ്റുമുട്ടാൻ ഒരു പേടിയുമില്ലാത്തവരാണ് ഈ കൂട്ടർ. സിംഹങ്ങൾ നിന്നും വളരെ വ്യത്യസ്തമായ ഒരു ജീവിത സാഹചര്യമാണ് ഇവയ്ക്കുള്ളത്. ഹെർട്ട് എന്നാണ് ഈ കൂട്ടങ്ങളെ വിളിക്കുന്നത്.
ഒരു ഹെർഡിൽ 30 മുതൽ 100 വരെ മെമ്പേഴ്സ് ഉണ്ട്. വേനൽകാലങ്ങളിൽ വെള്ളം തേടിയുള്ള പലായനങ്ങളിൽ ചെറു ഹെർഡുകൾ ചേർന്ന് 400 നും 500 നും മുകളിൽ അംഗങ്ങളുള്ള ഹെർഡുകൾ രൂപപ്പെടാറുണ്ട് . കൂട്ടത്തിൽ പെണ്ണുങ്ങളാണ് ഇത് നിയന്ത്രിക്കുന്നത്. ഇതിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു കൂട്ടരും ഉണ്ട് ദി ബിഗ് വുൾഫ് ആണ് അവർ. അവർ പൊതുവെ ഈ ഹെർഡുകളിൽ കാണാറില്ല. മുതിർന്ന ആൺ ബഫെല്ലോകളും ചെറുപ്പക്കാരായ ആൺ ബഫെല്ലോകളും അവരവരുടേതായ ചെറിയ ഹോർഡുകൾ നിർമ്മിക്കും. സിംഹങ്ങളുടെ ഇഷ്ടപ്പെട്ട ആഹാരമാണ് ഈ കാട്ടുപോത്ത്. കാരണം ഒരു കാട്ടുപോത്തിനെ കിട്ടിയാൽ മതി അവർക്ക് അന്നേ ദിവസം കുശാലാണ്.
പ്രൈഡിന് മുഴുവൻ തിന്നാൻ ഒരു പോത്ത് ധാരാളവുമാണ്. കാട്ടുപോത്തിനെ പിടികൂടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഹെർഡിന്റെ ഘടനയാണ് സിംഹങ്ങളെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാകുന്നത്. കൂട്ടമായി സഞ്ചരിക്കുന്ന ഇവയിൽ നിന്ന് ഒരെണ്ണത്തിനെ പിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ സൈഡിൽ ഇരയെ പിന്തുടർന്ന് പിടിക്കുന്നത് പെൺ സിംഹങ്ങൾ ആണെങ്കിൽ കൂടി കാട്ടുപോത്തിനെ പിടിക്കാൻ ആൺ സിംഹങ്ങൾ തന്നെയാണ് രംഗത്തിറങ്ങുക. ചെറിയ ഇരകളെ ലക്ഷ്യം വെക്കാത്ത ആൺ സിംഹങ്ങൾ കളത്തിൽ ഇറങ്ങുന്നത് തനിക്ക് പറ്റിയ എതിരാളിക്ക് വേണ്ടിയാണ്. ആന, ജിറാഫ്, കാട്ടുപോത്ത് എന്നീ മൃഗങ്ങളോട് മുട്ടാൻ മാത്രമേ ആൺ സിംഹങ്ങൾ സടകുടഞ്ഞ് എഴുന്നേൽക്കാറുള്ളൂ.
ആൺ സിംഹങ്ങൾ ഹെർഡിലേക്ക് എത്തിയാൽ പിന്നെ ഹെർഡിന്റെ ആത്മവിശ്വാസം തകരും. ആ കൂട്ടത്തിലെ ദുർബലർ കൃത്യമായി ആൺ സിംഹത്തിന് മുന്നിൽ അടിയറവ് പറയും. കൂട്ടത്തിൽ ഒരാൾക്ക് അപകടം സംഭവിച്ചു കഴിഞ്ഞാൽ ബഫെല്ലോകൾ വെറുതെ ഇരിക്കാറില്ല. അപകടത്തിൽ പെട്ടയാളെ രക്ഷിക്കുകയായിരിക്കും അവരുടെ അടുത്ത ലക്ഷ്യം. ബിഗ് ബുൾസും മറ്റു ബഫെല്ലോകളും വീണ്ടും ഇരയെ പിടുത്തം ഇട്ടിരിക്കുന്ന സിംഹങ്ങൾക്ക് നേരെ തിരിയും. അവർ പാഞ്ഞടുക്കുമ്പോൾ സിംഹങ്ങൾക്ക് വീണ്ടും പിന്മാറേണ്ടതായി വരും. ഈ സമയം ആൺ സിംഹങ്ങളും മുതിർന്ന പെൺസിംഹങ്ങളും ഹെർഡിന് നേരെ ചാടി വീഴും. അപ്പോൾ ഹെർഡ് തിരിഞ്ഞോടാൻ തുടങ്ങും. വീണ്ടും സിംഹങ്ങൾ ഇരയ്ക്ക് മുകളിൽ പിടുത്തമിടും. ഇത് തുടർന്ന് കൊണ്ടേയിരിക്കും.
ഏറ്റവും കൂടുതൽ ക്ഷമയുള്ള കൂട്ടരാണോ അവർ മാത്രമാണ് ഇതിൽ വിജയിയാവുക. പല്ലും നഖങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സിംഹം അടുക്കുമ്പോൾ കൊമ്പും കരുത്തുമായി കൂട്ടത്തിലുള്ളവനു വേണ്ടി പോത്തുകളും സിംഹത്തെ നേരിടും. കാട്ടുപോത്തിനെ ലക്ഷ്യമിട്ട സിംഹങ്ങൾ പുറകിലൂടെ മാത്രമേ അവയ്ക്ക് മുകളിലേക്ക് ചാടി വീഴാറുള്ളൂ. കാരണം നേരിട്ട് പോയാൽ സിംഹത്തിനെ കൊമ്പിൽ കോർക്കാൻ തക്ക കരുത്തുള്ളവരാണ് നമ്മുടെ ഈ കാട്ടുപോത്തുകൾ. ഇരയുടെ കഴുത്ത് ലക്ഷ്യമാക്കി കുതിച്ചുചാടി കീഴ്പ്പെടുത്തേണ്ട ജോലി ഇവിടെ ചെയ്യുന്നത് ആൺ സിംഹങ്ങൾ തന്നെയാണ്. ചാടി പോത്തിന്റെ മുകളിൽ ഇരുന്നുകൊണ്ട് കഴുത്തിനു മുകളിലെ സ്പൈനൽ കോർഡിൽ കടിക്കും.
ബാക്കിയുള്ളവർ ഇരയുടെ മുകളിലേക്ക് കൂടുതൽ ഭാരം കൊടുത്ത് താഴെ വലിച്ചിടാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. പോത്ത് നിലത്ത് വീണു എന്ന് കണ്ടാൽ ഉടനെ മുന്നിൽ നിന്നും ആക്രമണം ആരംഭിക്കും. ഒടുവിൽ പോത്ത് കീഴടങ്ങും. എന്നാൽ ചിലപ്പോൾ ഈ നിമിഷത്തിൽ പോലും സിംഹത്തിൽ നിന്ന് രക്ഷപ്പെടാൻ കാട്ടുപോത്തിന് സാധിക്കാറുണ്ട്. പോത്തിന്റെ പ്രത്യാക്രമണത്തിൽ വലിയ പരുക്കുകൾ സിംഹത്തിന് കിട്ടാറുമുണ്ട്. എന്തിനേറെ പറയുന്നു മരണം പോലും സിംഹത്തിന് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷേ പരസ്പരം വൈരാഗ്യമോ ദേഷ്യമോ ഇവർക്കിടയിൽ ഇല്ല. എരിയുന്ന വയറു നിറയ്ക്കാനാണ് സിംഹങ്ങൾ കാട്ടുപോത്തിനെ പിന്തുടരുന്നത്. വയറു നിറഞ്ഞിരിക്കുന്ന സന്ദർഭങ്ങളിൽ കാട്ടുപോത്തിന്റെ കൂട്ടത്തെ ഇവർ മൈൻഡ് പോലും ചെയ്യാറില്ല .
സിംഹങ്ങളുടെ കാട്ടിലെ യഥാർത്ഥ എതിരാളി കാട്ടുപോത്ത് തന്നെയെന്നുള്ളത് ഈ വിവരണത്തിൽ നിന്ന് മനസ്സിലാകും. ഇത് വായിക്കുമ്പോൾ സിംഹത്തോട് മുട്ടാൻ ധൈര്യമുള്ള കാട്ടുപോത്തിനോട് ഒരു പ്രത്യേക മമത തോന്നുക സ്വഭാവികം. നമ്മുടെ കേരളത്തിൽ തന്നെ വനാന്തരങ്ങളിലൂടെ സഞ്ചരിച്ചാൽ കാട്ടുപോത്തുകളെ കാണുവാൻ സാധിക്കും. ഇനി കാട്ടുപോത്തുകളെ എവിടെ കണ്ടാലും സിംഹത്തിൻ്റെ യഥാർത്ഥ എതിരാളിയായി തന്നെ കാണാൻ ശ്രമിക്കുക. നല്ലൊരു അറിവ് പകരുന്ന ഈ ലേഖനം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.
ഈ ലേഖനം പങ്കിടുക, അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്തുക, അവബോധം സൃഷ്ടിക്കുക.
The article explains how wild buffaloes can challenge and defeat lions in their natural habitat, presenting an unexpected side of nature's battles.
#Lions #WildBuffaloes #NatureBattle #AfricanWildlife #LionChallenges #Wildlife