Political Concerns | മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അജിത് ഡോവലിനെ ഉള്‍പ്പെടുത്താത്തതെന്ത്?
● ന്യൂയോര്‍ക്ക് കോടതി സെപ്തംബര്‍ 18ന് ദേശീയസുരക്ഷാ ഉപദേഷ്ടാവിനെതിരെ സമന്‍സ് പുറപ്പെടുവിച്ചിരുന്നു
● അറസ്റ്റ് ഭയന്നാണ് യാത്ര ചെയ്യാന്‍ തയാറാകാത്തതെന്ന് വിവരം
ദക്ഷ മനു
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ അമേരിക്കയില്‍ പോയപ്പോള്‍ തന്റെ വലംകയ്യായ അജിത് ഡോവലിനെ ഒപ്പം കൂട്ടാത്തതെന്ത്? മാധ്യമപ്രവര്‍ത്തകരും നയതന്ത്രനിരീക്ഷകരും ഇക്കാര്യം പരസ്പരം ചോദിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലും രാജ്യത്ത് മറ്റ് ആഭ്യന്തരപ്രശ്നങ്ങള്‍ ഉള്ളതിനാലുമാണ് ഡോവല്‍ യുഎസിലേക്ക് പോകാതിരുന്നതെന്ന മറുപടിയാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നാണ് വിവരം. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്നാണ് യുഎസില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
അജിത് ഡോവലിനെതിരെ ന്യൂയോര്‍ക്ക് കോടതി സെപ്തംബര്‍ 18ന് സമന്‍സ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയിലെത്തിയാല്‍ ഒരു പക്ഷെ, അറസ്റ്റ് ചെയ്തേക്കാം. ഇത് പ്രധാനമന്ത്രിക്കും ബിജെപിക്കും മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ നാണക്കേടായി മാറും. ഇത് ഭയന്നാണ് ഡോവല്‍ യാത്ര ഒഴിവാക്കിയതെന്നാണ് ചില ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കന്‍ പൗരനും സിഖ് വംശജനുമായ അഭിഭാഷകന്‍ ഗുര്‍പന്ത് വന്ത് സിംഗ് പന്നൂനാണ് ഡോവലിനെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ സിഖ് ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയ വാര്‍ത്ത വിദേശകാര്യമന്ത്രാലയം ഞെട്ടലോടെയാണ് കേട്ടത്.
സിഖ് സമുദായം നേരിടുന്ന ഭീഷണികളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. പന്നൂനെ വധിക്കാന്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ചര്‍ച്ചയായെന്നാണ് അറിയുന്നത്. ഖാലിസ്ഥാന്‍ പ്രവര്‍ത്തകനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ പന്നൂന്റെ വധശ്രമത്തെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. കാരണം നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.
ഇതിനുള്ള വിവരങ്ങള്‍ അദ്ദേഹത്തിന് കൈമാറിയതാകട്ടെ വൈറ്റ് ഹൈസ് ഉദ്യോഗസ്ഥരും. അമേരിക്കയും കാനഡയും ഒരേ പോലെയാണ് ഇക്കാര്യത്തില്‍ മുന്നോട്ട് നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമായി. അതുകൊണ്ട് ദേശീയസുരക്ഷാ ഉപദേഷ്ടാവായ ഡോവലിനെ അറസ്റ്റ് ചെയ്യാനുള്ള അമേരിക്കയുടെ പദ്ധതി പൊളിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു. പന്നൂ നല്‍കിയ പരാതിയില്‍ ഡോവലിനും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
അതുകൊണ്ട് അമേരിക്കന്‍ നീതിന്യായ വകുപ്പില്‍ നിന്നുള്ള സമന്‍സ് ഡോവലിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ കഴിഞ്ഞ 10 കൊല്ലം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഡോവല്‍ നടത്തിയിട്ടുള്ളത്.
അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ താവ്രവാദത്തിന്റെ തിരിച്ചുവരവ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ്, ഇതിലെല്ലാം ഡോവല്‍ പ്രധാന പങ്ക് വഹിച്ചു. രാജ്യം അദ്ദേഹത്തോടെ കടപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഇന്ത്യയുടെ സുഹൃത്തായ അമേരിക്കയ്ക്ക് ഇതൊന്നും അത്ര രസിച്ചിട്ടില്ല. അവര്‍ ഡോവലിനെ കുരുക്കാന്‍ നോക്കുന്നത് സംശയം ജനിപ്പിക്കുന്നു. മോദിയുടെ നയതന്ത്രം എന്തായാലും അദ്ദേഹത്തിന്റെ സര്‍ക്കാരിനോട് അമേരിക്കയിലെ നിലവിലെ ഭരണകൂടത്തിന് താല്‍പര്യമില്ല. എന്നാല്‍ അവര്‍ക്ക് ഇന്ത്യയുടെ സഹകരണം ആവശ്യമാണ് താനും. അതിനായി അവര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കും. ഇന്ത്യയെ നാറ്റോ സഖ്യകക്ഷികള്‍ക്ക് തുല്യമാക്കുന്നതാണ് അമേരിക്കന്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ അടുത്തകാലത്ത് കൊണ്ടുവന്ന ബില്‍.
ഇന്ത്യയിലെ അതിവേഗം വളരുന്ന വിപണിയില്‍ അമേരിക്ക വലിയ താല്‍പര്യം കാണിക്കുന്നു. എന്നാല്‍ ഇന്ത്യ ചൈനയെ മറികടക്കുന്നതില്‍ അവര്‍ ജാഗ്രത പുലര്‍ത്തുന്നു. ജനാധിപത്യ, മതേതര ഇന്ത്യയെ അമേരിക്ക വിലമതിക്കുന്നു. എന്നാല്‍ ഇന്ത്യയിപ്പോള്‍ അതിന് എതിര്‍ദിശയിലാണ് സഞ്ചരിക്കുന്നത്. എങ്കിലും ഇന്ത്യ തങ്ങളുടെ സഖ്യകക്ഷിയായിരിക്കുമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു.
മാത്രമല്ല ഇന്ത്യ സൂപ്പര്‍ പവറാകാന്‍ സജ്ജമാവുകയാണ്, അത് ഭാവിയില്‍ എതിരാളിയാകാനുള്ള സാധ്യത സൃഷ്ടിക്കുന്നു. സമഗ്രമായ ഇന്ത്യയെ അമേരിക്കയ്ക്ക് ഉള്‍ക്കൊള്ളാനാകില്ല. നമ്മുടെ കേന്ദ്രസര്‍ക്കാരാകട്ടെ ആത്മാഭിമാനവും ഒപ്പം അഹങ്കാരവും നിറഞ്ഞതാണ്. അതുകൊണ്ട് അമേരിക്കയോട് വിട്ട് വീഴ്ചയ്ക്ക് തയ്യാറാകില്ല. ചൈനയേയും റഷ്യയേയും നേരിടാനുള്ള തന്ത്രത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യയുടെ പിന്തുണ വേണം.
ചൈനവിരുദ്ധ ഗ്രൂപ്പില്‍ ഇന്ത്യ വളരെ പ്രധാനപ്പെട്ട അംഗമാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്ത പങ്കാണ് ഇക്കാര്യത്തില്‍ എന്‍ഡിഎ നിര്‍വഹിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഏഷ്യയിലെ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് പോലും ഇത് അഭികാമ്യമാണ്. ഇത് ബിജെപിക്കും ഗുണം ചെയ്യും.
കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് രാജ്യത്തിന് ഗുണമല്ലെന്ന് അവര്‍ക്ക് വാദിക്കാനാകും. എന്നാല്‍ ഭാവി പ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധിയെ അമേരിക്ക സ്വാഗതം ചെയ്യും. ജനാധിപത്യ മതേതര, പാശ്ചാത്യ അതിഷ്ഠിത മൂല്യങ്ങളോട് രാഹുലിനുള്ള പ്രതിബദ്ധതയാണ് അതിന് കാരണം.
പക്ഷെ, നിലവിലെ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് മോദിയെ പിണക്കാനും വയ്യ. ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്ക സ്ഥിരമായി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. അത്യാവശ്യമെങ്കില്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നു.
#Ajit Doval #PMModi #USVisit #CourtSummons #SikhIssues #DiplomaticTensions