ADVERTISEMENT
പുനം പാണ്ഡെ എന്ന മോഡല്‍-സിനിമാനടി തുണിയുരിഞ്ഞ് തന്റെ നഗ്നത ട്വിറ്ററിലൂടെ ലോകമാകെ സംപ്രേഷണം ചെയ്യപ്പെട്ടതിന്റെ ചൂടും ചൂരും നിറഞ്ഞ വര്‍ത്തമാനങ്ങളിലാണ് നാടാകെ മുഴുകിയിരിക്കുന്നത്. പൂനം പാണ്ഡെ മുമ്പൊരിക്കല്‍ തന്റെ സമയക്കുറവ് മൂലമായിരുന്നു തുണി ഉരിയാതിരുന്നതെന്നും ഇക്കുറി എന്തായാലും തുണിയുരിഞ്ഞ് നഗ്നമേനിയുടെ ലാവണ്യം ബഹുജന മധ്യത്തില്‍ അവതരിപ്പിക്കുമെന്നും അവര്‍ ഉറപ്പുനല്‍കിയിരുന്നു. ആ ഉറപ്പാണ് കഴിഞ്ഞ ദിവസം അവരങ്ങ് നടപ്പാക്കിക്കളഞ്ഞത്.
ട്വിറ്ററിലൂടെ പൂനം പാണ്ഡെ നഗ്നയായി പ്രത്യക്ഷപ്പെട്ട ഉടന്‍ ഇന്ന് വരെ ലോകമെമ്പാടുമുള്ള സൈറ്റുകളിലൂടെ അവരുടെ മേനിയഴക് കാണാനുള്ള തിടുക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലൂള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ നേടിയതിലുള്ള അമിതാഹ്ലാദത്തിലാണ് മാന്യനടി തന്റെ പ്രഖ്യാപനം നടപ്പാക്കിയത്. എന്നാല്‍ ഇതിനോട് ഷാരൂഖ് ഖാന്‍ ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാന്റെ ഈ മൗനത്തിനെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ടെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.
നമ്മുടെ രാജ്യത്ത് ഇതിന് മുമ്പും ഇത്തരം ആഭാസകരമായ പ്രകടനങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് റങ്കൂണില്‍ പട്ടാളഭീകരതയ്‌ക്കെതിരെ ഒരു സംഘം സ്ത്രീകള്‍ രാജ്യ തലസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന്റെ കവാടത്തിന് മുമ്പിലെത്തി നഗ്നതകാട്ടി പ്രതിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ തുടരുന്ന അതിക്രമത്തിനെതിരെയുള്ള രോഷപ്രകടനമായിരുന്നു അത്. ഈ സംഭവം ലോകമാധ്യമങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെയായിരുന്നു ഉയര്‍ത്തിപ്പിടിച്ചത്. ലോകപ്രശസ്ത ഇന്ത്യന്‍ നര്‍ത്തകിയും ഒരു പ്രശസ്ത ഹിന്ദി സൂപ്പര്‍ താരത്തിന്റെ ഭാര്യയുമായിരുന്ന പ്രൊതിമ ബേദി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയിലും ഇത്തരമൊരു തുണിയുരിയല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നമ്മുടെ കേരളത്തിലെ കൊച്ചി നഗരത്തിലും സ്ട്രീക്കിംഗ് എന്ന പേരിലുള്ള നഗ്നതാപ്രകടനം അരങ്ങേറിയിരുന്നു. ആ സംഘത്തില്‍പ്പെട്ട ഒരാള്‍ അന്ന്് എറണാകുളത്ത് വിദ്യാര്‍ത്ഥിയായിരുന്ന ഇന്നത്തെ മലയാളത്തിലെ ഒരു സൂപ്പര്‍ താരമായിരുന്നു. അതും അക്കാലങ്ങളില്‍ ലോകമെങ്ങും അലയടിച്ചിരുന്ന ഭരണകൂടത്തിനെതിരെയുള്ള യുവജന പ്രതിഷേധങ്ങളില്‍ ഒന്നുമാത്രമായിരുന്നു.
എന്നാല്‍ പൂനം പാണ്ഡെ ചെയ്തത് അതല്ല. ക്രിക്കറ്റ് എന്ന കായിക വിനോദം മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങളുടെ സമ്പത്തും സമയവും അധ്വാനശേഷിയും ചൂഷണം ചെയ്ത് അലസന്‍മാരാക്കുന്ന ഒരു ഏര്‍പ്പാടാണ്. ഇതിനാണിന്ന് കോടികള്‍ വാരിയെറിയുന്നത്. ക്രിക്കറ്റിപ്പോള്‍ രാഷ്ട്രീയ ദുഷ്പ്രഭുക്കളുടെയും അധോലോക നേതൃത്വത്തിന്റെയും സദാചാര വിരുദ്ധരുടെയും പെണ്‍വാണിഭ സംഘങ്ങളുടെയും കൈകളില്‍ കറങ്ങിത്തിരിയുകയാണ്. ക്രിക്കറ്റ് എന്ന കളിയേക്കാള്‍ പ്രധാനം വാതുവെയപ്പും കൂട്ടികൊടുപ്പും മറ്റുമാണ്. ഇതിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര മന്ത്രിമാര്‍ വരെ ഉണ്ടെന്നതാണ് ജുഗുപ്‌സാവഹമായ യാഥാര്‍ത്ഥ്യം. ഇതിന്റെ തുടര്‍ച്ച തന്നെയാണ് പൂനം പാണ്ഡെയിലൂടെയും പുറത്തുവന്നത്. അല്ലെങ്കില്‍ പൂനം പാണ്ഡെയുടെ നഗ്നമേനിക്ക് ക്രിക്കറ്റുമായി എന്തുബന്ധം. ഷാരൂഖിന്റെ ക്ലബ്ബ് വിജയിച്ചാല്‍ നടിയെന്തിന് തുണിയുരിയണം. ക്രിക്കറ്റിന്റെ ഇതിലും വലിയ മാമാങ്കങ്ങള്‍ ലോകമെങ്ങും അരങ്ങേറാറുണ്ട്. അവിടെയൊന്നും കാണാത്ത ഈ അധ: പതനം നമ്മുടെ ഈ നാട്ടില്‍ എന്തുകൊണ്ട് വന്നുപതിച്ചു.
ഇതിന് ഉത്തരം പറയേണ്ടവരാരും ഒരൊറ്റ വാക്ക് ഉരിയാടിയിട്ടില്ല. പുരുഷ കേസരികള്‍ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ നമുക്ക് മാറ്റി വയ്ക്കാം. പെണ്‍പക്ഷവാദികളും സ്ത്രീ വിമോചന സംഘനകളും വനിതാ കമ്മീഷനുകളുമൊന്നും ഇതിനോട് പ്രതികരിച്ചിട്ടില്ല. മേധാപട്ക്കറും അരുന്ധതി റോയിയും വന്ദനാശിവയും മഹാശ്വേതദേവിയും എന്തിനേറെ സി.പി.എമ്മിന്റെ പോളിബ്യൂറോ അംഗമായ വൃന്ദാകാരാട്ടും ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുകയാണ്. ഇതാണ് ഭീകരം. ഇന്ത്യയുടെ പ്രസിഡന്റ് വനിതയാണ്. പ്രതിഭാ ദേവി പാട്ടീല്‍. മുഖ്യമന്ത്രിമാരായി പശ്ചിംബംഗയുടെ മമതാദീദിയും ഇന്ദ്രപ്രസ്ഥത്തിലെ ഷീല ദീക്ഷിതും തമിഴകത്തെ പുരട്ചിതലൈവി ജയലളിതാമ്മയുമുണ്ട്. പോരാത്തതിന് കോണ്‍ഗ്രസ് പ്രസിഡന്റ് സാക്ഷാല്‍ സോണിയാ ഗാന്ധിയും. ഇവര്‍ ഉള്‍കൊള്ളുന്ന സ്ത്രീസമൂഹത്തെ ആകെ പരസ്യമായി അധിക്ഷേപിച്ചതിനും അവഹേളിച്ചതിനും തുല്യമാണ് പൂനം പാണ്ഡെ ചെയ്ത വൃത്തികേട്.
മുമ്പൊക്കെ ഭാരതീയ സംസ്‌ക്കാരത്തിന് എന്തെങ്കിലും പോറലേറ്റാല്‍ ഇതിന്റെ കുത്തക-മൊത്തക്കച്ചവടക്കാരായ ബാല്‍ത്താക്കറയുടെയും പ്രമോദ് മുത്തലിക്കിന്റെയും മറ്റും നേതൃത്വത്തിലുള്ള ശിവ സൈനികരും ശ്രീരാമ സേനക്കാരും ബജ്‌രംഗ്ദളുകാരും ഒക്കെ ഉണ്ടായിരുന്നു. അവരും ഇക്കാര്യത്തില്‍ കണ്ണടച്ച മട്ടാണ്. ഭാരതീയ സംസ്‌ക്കാരത്തിനും സ്ത്രീകള്‍ പുലര്‍ത്തേണ്ട പൊതുസദാചാര ബോധത്തിനും മുറിവേല്‍പ്പിച്ച പൂനം പാണ്ഡെ നടത്തിയ സംസ്‌ക്കാരത്തോടുള്ള വെല്ലുവിളിക്കെതിരെ അക്കൂട്ടര്‍ ഒട്ടകപക്ഷി നയമാണ് പുലര്‍ത്തുന്നത്.
വ്യത്യസ്ത മതത്തില്‍പ്പെട്ട ആണ്‍കുട്ടിയും പെണ്‍കുട്ടിയും യുവതിയും യുവാവും, അവര്‍ സഹപാഠികളായാല്‍ പോലും തമ്മിലൊന്ന് കണ്ടുമുട്ടിയാല്‍, സംസാരിച്ചാല്‍ ഒരേ സീറ്റിലിരുന്ന് ബസില്‍ യാത്ര ചെയ്താല്‍ ഭാരതീയ സംസ്‌ക്കാരം ഇടിഞ്ഞു വീഴുമെന്ന് ആക്രോശിക്കുന്നവരാണ് മേല്‍പ്പറഞ്ഞ കൂട്ടര്‍. അവരാണ് പൂനം പാണ്ഡെയുടെ നഗ്നതാ പ്രകടനത്തോട് പ്രതികരിക്കാതെ ഇരുന്ന് ഭാരതീയ സ്ത്രീയുടെ ഭാവശുദ്ധി വാനോളം ഉയര്‍ത്തിപ്പിടിക്കുന്നത്. അല്ലെങ്കില്‍ പൂനത്തിന്റെ നഗ്നത രഹസ്യമായി ആസ്വദിക്കുന്നത്. ഇതാണ് പൂനം പാണ്ഡെ ചെയ്തതിനേക്കാള്‍ ഏറ്റവും വലിയ കുറ്റം. ഈ സദാചാര പോലീസുകാരാണ് ഏറ്റവും വലിയ കുറ്റവാളികള്‍. പൂനം പാണ്ഡെ തുണിയുരിഞ്ഞ് സമ്പാദിക്കുന്ന കോടികളുടെ ഓഹരി ഇക്കൂട്ടരുടെ പോക്കറ്റുകളിലും എത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ. പൂനത്തിന്റെ ഈ ആഭാസ പ്രകടനം കണ്ട് യഥാര്‍ത്ഥത്തില്‍ നഗ്നരാക്കപ്പെട്ടത് ഭാരതീയരാണ്.
- K.S. Gopala Krishnan
Keywords: Article, Poonam Pandey, K.S. Gopala Krishnan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

