Help | നമ്മൾ ഒരാൾക്ക് ഉപകാരമാകുമ്പോൾ ഒരായിരം പേർ നമുക്ക് ഉപകാരമായിത്തീരും
മിൻ്റാ സോണി
(KVARTHA) പലപ്പോഴും നമ്മൾ പറയാറുണ്ട്. എല്ലാവരെയും നമ്മൾ നിസ്വാർത്ഥമായി സ്നേഹിക്കുന്നു എന്ന്. കുടുംബത്തിലുള്ളവരായാലും സമീപത്തുള്ളവരായാലും കുട്ടുകാർ ആയാലും എല്ലാവരെയും നിസ്വാർത്ഥമായി ചിന്തിക്കുന്നു എന്ന് കരുതുന്നവർ ആണ് നമ്മളിൽ പലരും. ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോൾ പോലും അവരിൽ നിന്ന് തിരിച്ച് പ്രതിഫലം നോക്കാതെ സഹായിക്കുന്നവർ എത്രപേരുണ്ട്. പ്രതിഫലം എന്ന് പറയുമ്പോൾ പണം മാത്രമല്ല, സൗഹൃദവും സ്നേഹവും ഒക്കെയാകും. എനിക്ക് ഒന്നും വേണ്ട എന്ന് ചിന്തിച്ച് മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും തയ്യാറെടുക്കുകയാണ് വേണ്ടത്.
അങ്ങനെയാകുമ്പോഴാണ് നമ്മുടെ മറ്റുള്ളവരോടുള്ള ഇടപെടൽ നിസ്വാർത്ഥമാകുന്നത്. അവിടെയാണ് നമ്മളിലെ ദൈവീകത രൂപപ്പെടുന്നത്. ഇതിന് ഉദാഹരണമായി ഒരു കഥയാണ് പറയുന്നത്. ആളുകൾ നിറയുന്ന തക്കം നോക്കിയാണ് അയാൾ എപ്പോഴും റെസ്റ്റോറന്റിലേക്ക് കയറിയിരുന്നത്. വേഗം ഭക്ഷണം വരുത്തി, തിടുക്കത്തിൽ കഴിച്ച ശേഷം ഏവരുടെയും കണ്ണ് വെട്ടിച്ച് പുറത്ത് കടക്കും. പല ദിവസങ്ങളിലും ഈ കാഴ്ച കാണുന്ന ഒരാളാണ്, ഈ കാര്യം, റെസ്റ്റോറന്റുടമയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഉടമ പറഞ്ഞു: നമുക്ക് ഈകാര്യം പിന്നീട് സംസാരിക്കാം സഹോദരാ.
പതിവുപോലെ അയാൾ വന്നു ഭക്ഷണം ഓർഡർ ചെയ്തു, കഴിച്ച ശേഷം ആൾബഹളത്തിനിടയിലൂടെ പുറത്തേക്ക് പോയി. ഉടമ അയാളെ തടയുകയോ ഭക്ഷണത്തിന്റെ പണം ആവശ്യപ്പെടുകയോ ചെയ്തില്ല. ഒന്നും അറിഞ്ഞതായി ഭാവിച്ചതുമില്ല. തുടർന്ന് ഉടമ പറഞ്ഞു: 'സഹോദരാ താങ്കൾ പറയുന്നതിന് മുൻപ് തന്നെ പലരും ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ ഞാൻ കരുതുന്നത് വിശന്ന വയറുമായി ഒരു പിടി ചോറിനു വേണ്ടി, റെസ്റ്റോറന്റിൽ ആളുകൾ നിറയുന്നതും കാത്ത് പുറത്ത് നിൽക്കുന്ന ഈ മനുഷ്യന്റെ വിശപ്പിന്റെ വിളിയാകാം എന്റെ ഈ റെസ്റ്റോറന്റ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കാരണമാകുന്നത്. മൂന്ന് നേരം നല്ല ആൾതിരക്ക് ഉണ്ടാകുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാനും എന്റെ കുടുംബവും ജീവിച്ചു പോകുന്നതിന് ഇദ്ദേഹവും കാരണക്കാരനാണ്. എനിക്ക് അയാളോട് നന്ദിയും കടപ്പാടുമുണ്ട്'.
ഇതാണ് ആ കഥ. ഇത് നിങ്ങളെ എത്രമാത്രം ചിന്തിപ്പിക്കുന്നു എന്ന് അറിയില്ല. എന്നാൽ ഇതിൽ സത്യമുണ്ട്. നമ്മൾ സഹായിക്കുന്നു എന്ന് നമ്മൾ കരുതുന്ന ആളുകളാകാം ചിലപ്പോൾ നമ്മുടെ തന്നെ ഐശ്വര്യത്തിന്റെ കാരണക്കാരാകുന്നത്. മറ്റുള്ളവരെ സഹായിക്കുക, സ്നേഹിക്കുക, അവരെ കരുതലോടെ കാണുക എന്നത് ദൈവം നമുക്ക് തരുന്ന് ഒരു കൃപയാണ്. ദൈവം പലർക്കും നമ്മളെ ഉപകരണം ആക്കുന്നു എന്നർത്ഥം. അത് അറിഞ്ഞ് മനസ്സിലാക്കി പ്രവർത്തിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിൽ ദൈവീക കൃപയും അനുഗ്രഹങ്ങളും ഒക്കെ വന്ന് ചേരുന്നത്.
നമ്മൾ ഒരാൾക്ക് ഉപകരണമാകുമ്പോൾ ഒരായിരം പേരെ നമുക്ക് വേണ്ടി പ്രവർത്തിക്കാൻ ദൈവം ഉപകരണം ആക്കും എന്ന സത്യമാണ് തിരിച്ചറിയേണ്ടത്. ദൈവം ഒരിക്കലും നേരിട്ട് ഇറങ്ങി വന്ന് സഹായിക്കുകയല്ല ചെയ്യുന്നത്. പലരെയും ഉപകരണമാക്കി കൊണ്ട് നമുക്ക് സഹായം എത്തിക്കുകയാണ് ചെയ്യുന്നത്. ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടത്. ഇന്ന് നമ്മൾ ആർക്കോ അറിയാതെ ചെയ്യുന്ന നന്മ നാളെ നമ്മുടെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമായി ഭവിക്കും തീർച്ച.