Snakes | പാമ്പുകൾ അടക്കമുള്ള ക്ഷുദ്രജീവികളെ തല്ലിക്കൊല്ലുന്നതിൽ എന്താണ് തെറ്റ്? 

 
Snakes


പാമ്പിന്റെ വിഷം മനുഷ്യന് മാരകമാകാൻ അധികമൊന്നും വേണ്ട

സോണി കല്ലറയ്ക്കൽ 

(KVARTHA) വിഷ പാമ്പിനെയും പേപട്ടിയെയും കൊല്ലരുത് എന്ന് പറയാൻ ആളുണ്ട് എന്നാൽ മനുഷ്യരെ കൊല്ലരുത് എന്ന് പറയാൻ ഇവിടെ ആരും ഇല്ല. ഇവിടെ ഉള്ള 80% ആൾക്കാരും പാമ്പിനെ പേടിയുള്ളവർ തന്നെയാണ്. അത് കൊണ്ട് ഭയത്തിൽ കൊന്നെന്ന് വരും. അതിനെ തെറ്റെന്ന് എങ്ങനെ വ്യാഖ്യാനിക്കാനാവും. പാമ്പ് വീട്ടിൽ കയറി വന്നാൽ കൊല്ലുന്നവരാണ് നമ്മളിൽ പലരും. കാരണം നമ്മുടെ കുഞ്ഞു മക്കൾക്കറിയില്ലല്ലോ അത് ഉപദ്രവിച്ചാൽ കടിക്കുമെന്ന്.
Snakes

മനുഷ്യ ജീവൻ പാമ്പിന്റെ ജീവനേക്കാൾ വിലപെട്ടതാണ് എന്ന് തിരിച്ചറിവാണ് മനുഷ്യർക്ക് വേണ്ടത്. വിഷമുള്ള പാമ്പുകൾ നമ്മുടെ വീട്ടിലോ തൊടിയിലോ കയറിയാൽ പ്രത്യേകിച്ചു അണലി പോലുള്ളവ മറ്റുള്ളവരെ വിളിച്ചു കൂട്ടി അവർ വരുന്നത് വരെ നോക്കി നിന്നാൽ അതു എവിടെ പോയി എന്ന് അറിയാതെ പിന്നീട് ടെൻഷൻ കാരണം ഉറക്കം കിട്ടില്ല. അപ്പോൾ നിലവിൽ ഏതൊരാളും ആദ്യം ചെയ്യുക കിട്ടിയ വടിക്ക് അടിക്കും. അത് കൊണ്ടു പാമ്പ് ചാകും. അതൊക്കെ സ്വയവും വീട്ടുകാരുടെ സുരക്ഷ നോക്കിയും ചെയ്യുന്നതാണ്. 

വിഷമുള്ള പാമ്പിന്റെ കടിയേറ്റവരെ നിശ്ചിത സമയത്തിനുള്ളിൽ ഹോസ്പിറ്റലിൽ എത്തിച്ചാലേ രക്ഷപ്പെട്ടു കിട്ടിയിട്ടുള്ളു. അതും അപൂർവം. അണലി വിഷത്തിനും രാജവെമ്പാലക്കും ആന്റിവെനം ഇല്ല. ഇതിൽ  ഏറ്റവും അപകടകാരി അണലിയാണ്. മനുഷ്യൻ കൊന്ന പാമ്പുകളെ കൂടുതലും കണ്ടിട്ടുള്ളത് കടിയേറ്റ കേസുകളിലായിരിക്കും. അല്ലാത്തതും ഉണ്ടാവാം. രാജ്യത്തെ നിയമമനുസരിച്ച്, വന്യജീവി (സംരക്ഷണം) നിയമം- 1972-ലെ വ്യവസ്ഥകൾ പ്രകാരം പാമ്പുകൾ സംരക്ഷിത ജീവിയാണ്.

 പാമ്പുകളെ കൊല്ലാതിരിക്കുന്നത് തന്നെയാണു നല്ലത് എന്ന് പറയുമെങ്കിൽ പോലും  വിഷപ്പാമ്പുകളെ വിദഗ്ദരെക്കൊണ്ട് പിടിപ്പിച്ചു കാട്ടിൽ വിടുക തന്നെയാണ് ഉത്തമം. എന്നാലും മറ്റു ജീവികൾക്കില്ലാത്ത പ്രത്യേക പ്രിവിലേജൊന്നും പാമ്പിനില്ല എന്ന യാഥാർത്ഥ്യവും ഓർത്തുവെയ്ക്കണം. ഇന്ന് മൃഗസ്നേഹികളെ പോലെ തന്നെ പാമ്പു സ്നേഹികളും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. പാമ്പുകടിയേറ്റ് മനുഷ്യൻ മരിച്ചാൽ പോലും പാമ്പുകളെ കൊല്ലരുതെന്ന് വാദിക്കുന്നവരാണ് ഏറെ. ചിലർ ദൈവമായി പാമ്പിനെ ആരാധിക്കുകയും ചെയ്യുന്നു. ചില ക്ഷേത്രങ്ങളിലും മറ്റും പാമ്പുകൾക്ക് പാർക്കാൻ പ്രത്യേക സ്ഥലങ്ങളും സജ്ജീകരിച്ചിരിക്കുന്നതും കാണാം. 

പാമ്പ് വിഷവാഹിയാണ്. ഒരു പിശക് കൊണ്ട് ഇവ കടിച്ചാൽ നഷ്ടപ്പെടുന്നത് മനുഷ്യൻ്റെ ജീവനാണ്. പാമ്പുകൾ മനുഷ്യൻ താമസിക്കുന്നിടത്ത് ജീവിക്കേണ്ട ഒന്നല്ല. കാട്ടിൽ വസിക്കേണ്ടവ തന്നെയാണ്. കാട്ടിൽ വസിക്കേണ്ട പാമ്പുകൾ നാട്ടിലേയ്ക്ക് ഇറങ്ങി സ്വന്തം കേന്ദ്രമാക്കാൻ കാരണം കാടും നാടും ഇപ്പോൾ ഒരുപോലെയായതുകൊണ്ടാണ്. കാടിനുള്ളിലെ വനങ്ങൾ വെട്ടി നശിപ്പിക്കുന്നതുമൂലമൊക്കെ ആഹാരത്തിനും വെള്ളത്തിനും താമസത്തിനും മറ്റുമായി പാമ്പുകൾ  നാട്ടിലേയ്ക്ക് ഇറങ്ങി വരികയാണ് പതിവ്. പാമ്പുകൾ വീട്ടുപരിസങ്ങളിലേക്ക് വരുന്നത് ഇരതേടിയോ ഇരിപ്പിടം തേടിയോ ആണ്.  ഇവ രണ്ടും നമ്മുടെ ചുറ്റുവട്ടത്ത് ഇല്ലാ എന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 

പാമ്പുകളെ ആകർഷിക്കുന്ന തരത്തിലുള്ള മാളങ്ങൾ, വിറക് കൂനകൾ, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ തുടങ്ങിയവയെന്നും നമ്മുടെ ചുറ്റുപാടിൽ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഭക്ഷണ അവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയാതെ കൃത്യമായി സംസ്ക്കരിക്കേണ്ടതും ആവശ്യമാണ്. തുടർന്നും ഇവയുടെ സാന്നിധ്യം ഉണ്ടായാൽ തൊട്ടടുത്തുള്ള അംഗീകൃത  സ്നേക്ക് റസ്ക്യൂവറുടെ സഹായം തേടുകയും വേണം. പാമ്പുകളെ റസ്ക്യൂ ചെയ്ത് കാട്ടിൽ കൊണ്ടു വിടുന്നത് ഫലപ്രദമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. വൃക്ഷങ്ങളും ചെടികളുമൊക്കെ വെട്ടി നശിപ്പിക്കുന്നതുമൂലം പാമ്പുകൾ നാട്ടിലേയ്ക്ക് ഇറങ്ങി വരാനുള്ള സാധ്യത ഏറെയാണ്. പാമ്പുകൾ ഭൂമിയുടെ അവകാശികൾ ആണെന്നും അവക്കും ജീവിക്കാൻ അവകാശം ഉണ്ടെന്നും പറയാൻ എളുപ്പമാണ്. എന്നാൽ നമ്മൾ ജീവിക്കുന്നിടത്തേക്ക് വരുന്ന പാമ്പുകൾ അടക്കമുള്ള ക്ഷുദ്രജീവികളെ തല്ലിക്കൊല്ലുന്നതിൽ എന്താണ് തെറ്റ്?

ഇതിനെയും എതിർക്കുന്ന ഒരു കൂട്ടം ആളുകൾ വളർന്നു വരുന്നതുകൊണ്ടാണ് പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇവിടെ വർദ്ധിച്ചു വരുന്നത്. ചെറിയ പാമ്പുകൾക്ക് ചെറിയ വിഷസഞ്ചി ആയതിനാൽ വലിയവയുടെ അത്ര അളവ് വിഷം വിഷ സഞ്ചിയിൽ കാണില്ല. പക്ഷെ അതു കൊണ്ട് കാര്യമില്ല, ചെറിയവയുടെ ആണെങ്കിൽ പോലും വിഷസഞ്ചിയിൽ ഉള്ളതിലും എത്രയോ കുറഞ്ഞ അളവ് മതി മനുഷ്യർക്ക് മാരകമാകാൻ. അതിനാൽ കുഞ്ഞ് പാമ്പുകളും വലിയവയെ പോലെ തന്നെ അപകടകാരിയാണ്. ഓരോ പാമ്പിന്റെയും വിഷം മനുഷ്യന് മാരകമാകാൻ അധികമൊന്നും വേണ്ട. അത് ചെറിയ പാമ്പായാലും വലിയ പാമ്പായാലും അപകടകാരി തന്നെ. ഇവയുമായുള്ള സമ്പർക്കം നമ്മൾ അറിയാതെ മരണം ക്ഷണിച്ചു വരുത്തുകയാവും ചെയ്യുക. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia