ധാർമ്മികതയുടെ നുറുങ്ങുവെട്ടവുമായി വി.കെ. അഷറഫ്; ഓർമ്മകളിൽ മായാതെ ഒരു അവാർഡ് നിമിഷവും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആയിരത്തിലധികം വ്യക്തികളുടെ ലഘുജീവചരിത്രം ഉൾപ്പെടുത്തി 'കേരള ഡയറക്ടറി' അദ്ദേഹം പ്രസിദ്ധീകരിച്ചു.
● 2017 നവംബർ 20-നാണ് അവിചാരിതമായി ധാർമ്മികതയുടെ സാഹിത്യ അവാർഡ് കത്ത് എഴുത്തുകാരനെ തേടിയെത്തിയത്.
● എഴുത്തുകാരൻ എന്ന നിലയിൽ ലഭിച്ച ആദ്യത്തെ അവാർഡ് എന്ന സവിശേഷത ഇതിനുണ്ടായിരുന്നു
● 2017 നവംബർ 25-ന് കോഴിക്കോട് മലബാർ പാലസിൽ വെച്ച് അബ്ദുൽ സമദ് സമദാനിയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
● പുതിയ എഴുത്തുകാരെയും സാമൂഹിക പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കാൻ അഷറഫ് എന്നും ശ്രദ്ധിച്ചിരുന്നു.
അവാർഡുകളുടെ പിന്നാമ്പുറകഥകൾ - 7/ കൂക്കാനം റഹ്‌മാൻ
(KVARTHA) ധാർമ്മികത എന്ന മൂല്യവത്തായ ബോധം പോലും അന്യമായിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നീതി പുലരാൻ സാധ്യതയില്ലാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുകയാണ്. സ്വാർത്ഥതയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുകയാണ് ഭൂമുഖത്തെങ്ങും. ഇതിൽ നിന്ന് മോചിതരാവാനുള്ള മൂല്യബോധം സൃഷ്ടിച്ചെടുക്കാൻ സാധിക്കാതെ പോരാടാനിറങ്ങിയവർ അസ്വസ്ഥരായി നിലകൊള്ളുകയാണ്. അതിനിടയിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ ചില മനുഷ്യസ്നേഹികൾ ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന കാര്യവും വിസ്മരിക്കാൻ പറ്റില്ല. അതിൽപ്പെട്ട ഒരു വ്യക്തിയായിരുന്നു വി.കെ. അഷറഫ് എന്ന കോഴിക്കോടുകാരൻ. വർഷങ്ങളായി ‘ധാർമ്മികത’ എന്ന ദിനപത്രവും മാസികയും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മാസികയുടെ പേരിന്റെ മാസ്മരികത നേരിട്ടറിയാൻ അതിന്റെ കോപ്പികൾ തപാലിൽ വരുത്താൻ ആഹിച്ചു. പേരുപോലെ തന്നെ മാസികയുടെ ഉള്ളടക്കവും ധർമ്മവും നീതിയും ഉണ്ടാക്കിയെടുക്കുന്നതിൽ വായനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉതകുംവിധമുള്ള ഉൾക്കാമ്പുള്ള ഉള്ളടക്കമായിരുന്നു.
പ്രമുഖ സോഷ്യലിസ്റ്റും കേന്ദ്രമന്ത്രിയുമായിരുന്ന അരങ്ങിൽ ശ്രീധരന്റെ അരുമ ശിഷ്യനായിരുന്നു ധാർമ്മികത മാസികയുടെ എഡിറ്ററായ വി.കെ. അഷറഫ്. സാമ്പത്തിക നേട്ടമൊന്നും പരിഗണിക്കാതെ പ്രസ്തുത മാസിക നടത്തിക്കൊണ്ടുപോകാൻ അദ്ദേഹം അഹോരാത്രം പ്രവർത്തിച്ചിരുന്നു. എളിമയാർന്ന സമൂഹ ഇടപെടലും തെളിമയാർന്ന പ്രവർത്തനശൈലിയും മുഖമുദ്രയാക്കിയ അഷറഫ് സർവ്വരുടെയും ഹൃദയത്തിലിടം നേടി. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് രണ്ടു വർഷം മുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.

ഇതുവരെ ആരും ചെയ്യാത്ത ഒരു മഹൽ സംരംഭം കൂടി നിർവ്വഹിച്ചാണ് അദ്ദേഹം ഇവിടം വിട്ടുപോയത്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ആയിരത്തോളം വ്യക്തികളുടെ ലഘുജീവചരിത്രം ഉൾപ്പെടുത്തിക്കൊണ്ട് ‘കേരള ഡയറക്ടറി’ എന്ന പേരിൽ ഒരു റഫറൻസ് ഗ്രന്ഥം ധാർമ്മികത മാസിക പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത കേരളത്തിലെ വിവിധ മേഖലകളിൽ വിവിധരംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് നമ്മോട് വിടപറഞ്ഞുപോയ മഹത് വ്യക്തികളെ ഒന്നോർക്കുന്നതിനും സ്മരിക്കുന്നതിനും ഈ പ്രസിദ്ധീകരണം സഹായകമാവും.
340 പേജുള്ള ഡയറക്ടറിയിൽ ഞാനും ഉൾപ്പെട്ടിട്ടുണ്ട്. ഇതിലെ 301-ാം പേജിലാണ് ഫോട്ടോ അടക്കം എന്നെക്കുറിച്ചുള്ള ചെറുവിവരണം രേഖപ്പെടുത്തിയിട്ടുള്ളത്.

‘നാടിനൊപ്പം നേരിനൊപ്പം’ എന്ന ആപ്തവാക്യം സാർത്ഥകമാക്കാനുള്ള മൂല്യബോധം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ധാർമ്മികത മാസികയുടെ ആഭിമുഖ്യത്തിൽ പുതിയ എഴുത്തുകാരെയും സാമൂഹ്യ പ്രവർത്തകരെയും അവാർഡ് നൽകി ആദരിക്കാനും തീരുമാനിച്ചു. 2016-ലും 2017-ലും 2018-ലും അവാർഡ് വിതരണച്ചടങ്ങുകൾ കോഴിക്കോട് വെച്ച് നടത്തി.
2017 നവംബർ 20-ന് തപാലിൽ വന്ന കത്ത് എന്റെ മേശപ്പുറത്ത് കണ്ടു. കാസർകോട് പോയിട്ട് വീട്ടിലെത്താൻ രാത്രിയായിരുന്നു. കവറിന് പുറത്ത് ധാർമ്മികത മാസിക കോഴിക്കോട് എന്ന് കണ്ടു. ലേഖനം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തായിരിക്കുമെന്ന് കരുതി. കവർ പൊട്ടിച്ചു. ആകാംക്ഷയോടെ വായിച്ചു.

‘ധാർമ്മികത ദിനപത്രം മാസിക ഏർപ്പെടുത്തിയ രണ്ടാമത് എക്സലൻസ് അവാർഡിന് താങ്കളെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു’ കത്ത് മുഴുവൻ വായിച്ചില്ല. അവിചാരിതമായാണ് ഇക്കാര്യം അറിയുന്നത്. ഇതിനു മുമ്പ് ഈ കാര്യത്തെക്കുറിച്ച് ആരും സംസാരിച്ചിരുന്നില്ല. എന്തായാലും സന്തോഷമുള്ള കാര്യമല്ലേ? തുടർന്നും വായിച്ചുനോക്കി. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും എന്ന നിലയിലുള്ള അവാർഡിനാണ് താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. താങ്കൾ 2017 നവംബർ 25-ന് വൈകുന്നേരം നാലു മണിക്ക് കോഴിക്കോട് മലബാർ പാലസ് ഓഡിറ്റോറിയത്തിൽ അവാർഡ് സ്വീകരിക്കാനായി എത്തിച്ചേരണം. എന്തായാലും ഇതിനു പോയേ പറ്റൂ എന്ന് മനസ്സ് പറഞ്ഞു. വൈകുന്നേരമാണ്. പോകാനും വരാനും ബുദ്ധിമുട്ടുണ്ട്. ജേർണലിസ്റ്റുകാരനായ മകനോട് ഇക്കാര്യം പറഞ്ഞു. കാറിൽ പോകാമെന്ന് അവനും സമ്മതിച്ചു.
ഇതിനു മുമ്പ് അധ്യാപക അവാർഡ്, സന്നദ്ധ പ്രവർത്തക അവാർഡ്, സാക്ഷരത അവാർഡ് തുടങ്ങിയവ കിട്ടിയിട്ടുണ്ട്. ഇതാദ്യമായിട്ടാണ് എഴുത്തുകാരൻ എന്ന നിലയിലുള്ള അവാർഡ് ലഭിക്കുന്നത്. അതും പേരു കേട്ട ധാർമ്മികത ദിനപത്രം - മാസിക ഏർപ്പെടുത്തുന്ന അവാർഡ് എന്നതിനാലും സന്തോഷം ഇരട്ടിച്ചു.

പറഞ്ഞപ്രകാരം ഹോട്ടൽ മലബാർ പാലസ് ഓഡിറ്റോറിയത്തിൽ ഞങ്ങൾ എത്തി. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ് ആൾക്കാരുണ്ട്. അഞ്ചുപേരെയാണ് എഴുത്തുകാർ എന്ന നിലയിൽ ആദരിക്കുന്നത്. കൃത്യസമയത്ത് എത്തിയതുകൊണ്ട് ആരെയും വ്യക്തിപരമായി പരിചയപ്പെടാൻ കഴിഞ്ഞില്ല. വേദിയിലേക്ക് നോക്കിയപ്പോൾ മുഖ്യാതിഥിയെ കണ്ടു. പ്രമുഖ വാഗ്മിയും ചിന്തകനുമായ അബ്ദുൽ സമദ് സമദാനിയാണ് അവാർഡ് വിതരണം ചെയ്യുന്നതിനായി എത്തിച്ചേർന്നിരിക്കുന്നത്. സ്വാഗതം, അധ്യക്ഷ പ്രസംഗം കഴിഞ്ഞ് അവാർഡ് വിതരണച്ചടങ്ങ് ആരംഭിച്ചു. ആങ്കർ എന്റെ പേര് അനൗൺസ് ചെയ്തു. ഞാൻ എഴുതിയ പുസ്തകങ്ങളെക്കുറിച്ചും, നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിച്ചു. വേദിയിലേക്ക് ചെന്നു. സമദാനിയെ ആദ്യമായാണ് ഒരേ വേദിയിൽ വെച്ച് കാണുന്നതെങ്കിലും അടുത്ത പരിചയക്കാരനെപ്പോലെ എന്നോട് സംസാരിച്ചു. സന്തോഷത്തോടെ അവാർഡ് സ്വീകരിച്ചു. വളർന്നുവരുന്ന പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ധാർമ്മികത മാസികയെക്കുറിച്ചും, അതിന്റെ എഡിറ്ററായ വി.കെ. അഷറഫിനെക്കുറിച്ചും മറുപടി പ്രസംഗത്തിൽ ഞാൻ അഭിനന്ദിച്ചു പറഞ്ഞു.

ആയിരത്തിലധികം മഹൽ വ്യക്തികളെക്കുറിച്ചുള്ള ലഘുവിവരണം നൽകിയ കേരള ഡയറക്ടറിയിൽ എന്നെ ഉൾപ്പെടുത്തിയതിലും, ധാർമ്മികത മാസികയിൽ തുടർച്ചയായി എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിലും ഞാൻ കൃതാർത്ഥനാണ്. അതിലുപരി എഴുത്തുകാരനെന്ന നിലയിൽ എനിക്ക് ലഭിച്ച ധാർമ്മികത സാഹിത്യ അവാർഡ് എന്നെന്നും ഓർമ്മച്ചെപ്പിൽ ഞാൻ കാത്തുസൂക്ഷിക്കും.
മൂല്യബോധമുള്ള പത്രപ്രവർത്തനത്തിന്റെ ഓർമ്മകൾ പുതുക്കുന്ന ഈ കുറിപ്പ് നിങ്ങൾക്കും ഇഷ്ടപ്പെട്ടുവോ? എഴുത്തുകാരെയും സാമൂഹിക പ്രവർത്തകരെയും ചേർത്തുപിടിക്കുന്ന വി കെ അഷറഫിനെപ്പോലെയുള്ളവരുടെ ചരിത്രം വരുംതലമുറയും അറിഞ്ഞിരിക്കേണ്ടതാണ്. ഈ ഹൃദ്യമായ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വായനക്കാർക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. പുതിയ വാർത്തകൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Kookkanam Rahman recalls late socialist and editor VK Ashraf and receiving the Dharmikatha Excellence Award in 2017 from Abdul Samad Samadani.
#VKAshraf #KookkanamRahman #DharmikathaMagazine #LiteraryAwards #KozhikodeNews #KeralaPolitics #SocialistValues #Obituary #MalayalamLiterature #JournalismEthics
