ശബ്ദങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്ന കാലം; കഥ പറഞ്ഞ ഗ്രാമങ്ങൾ

 
Representational image of traditional Kerala village life and community interaction

Representational Image Generated by Gemini

ADVERTISEMENT

● വരാൻ പോകുന്ന വിശേഷങ്ങൾ നിശ്ശബ്ദമായ ശബ്ദത്തിലൂടെ അറിയിച്ചിരുന്നവരാണ് കേളിപാത്രങ്ങൾ
● പാടത്തെ ഞാറുനടീൽ പാട്ടുകളും കടത്തുകടവിലെ കൂക്കലുകളും അന്നത്തെ പ്രധാന ആശയവിനിമയങ്ങളായിരുന്നു
● കർക്കടക മാസത്തിലെ മാരീൻചൂരിയ മാറ്റലും അഷ്ടമിച്ചാൽ ക്ഷേത്രത്തിലെ മീനമൃത് ആചാരവും ലേഖനം വിവരിക്കുന്നു
● മനുഷ്യർക്കിടയിൽ അകലങ്ങളില്ലാതിരുന്ന ആ കാലത്ത് മൃഗങ്ങളുമായും പ്രത്യേക ഭാഷയിലൂടെ സംവദിച്ചിരുന്നു
● സാങ്കേതികവിദ്യയുടെ കടന്നുകയറ്റം നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ആദ്യം കവർന്നെടുത്തത് ഈ സ്വാഭാവിക ശബ്ദങ്ങളെയാണ്

ഓർമ്മച്ചീളുകൾ ഭാഗം 19/ കൂക്കാനം റഹ്‌മാൻ 

കാസർകോട്: (KVARTHA) ആധുനിക സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ യുഗത്തിൻ്റെയും ഈ വേഗതയാർന്ന ലോകത്ത്, ആശയവിനിമയം എന്നതൊരു ക്ലിക്കിൻ്റെയോ സന്ദേശത്തിൻ്റെയോ ദൂരത്തിലാണ്. എന്നാൽ, മൊബൈൽ ഫോണുകളും ഇൻ്റർനെറ്റും ഇല്ലാത്ത, മനുഷ്യബന്ധങ്ങൾ ശബ്ദങ്ങൾകൊണ്ടും സൂചനകൾകൊണ്ടും കെട്ടിപ്പിണഞ്ഞു കിടന്ന ഒരുകാലം നമുക്കുണ്ടായിരുന്നു.

Aster mims 04/11/2022

ഗ്രാമീണ ജീവിതത്തിൻ്റെ നൈർമല്യത്തിൽ, അന്ന് ഓരോ ശബ്ദത്തിനും ഓരോ അർഥമുണ്ടായിരുന്നു. ഓരോ സൂചനയ്ക്കും പിന്നിൽ വലിയൊരു സാമൂഹിക ബോധം നിലനിന്നിരുന്നു. വാക്കുകൾക്ക് പകരം താളവും ശബ്ദവും മനുഷ്യരെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിൻ്റെ ഓർമപ്പെടുത്തലുകളാണിവ.

ചന്ദ്രഗ്രഹണവും ഗോവിന്ദാ വിളിയും

അതിലൊന്നാണ് ചന്ദ്രഗ്രഹണ സമയത്ത് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഒരു സംഭവം. ചന്ദ്രഗ്രഹണം ആരംഭിച്ചത് എല്ലാവരും കണ്ടെന്ന് വരില്ല. ചിലർ കാണും, ചിലർ കാണില്ല. അപ്പോൾ ആ കണ്ട ആളുകൾ ചന്ദ്രഗ്രഹണം കാണാത്തവരെ, അല്ലെങ്കിൽ ചന്ദ്രഗ്രഹണം സംഭവിക്കുന്നു എന്ന് മറ്റുള്ളവരെ അറിയിക്കുന്ന ഒരു രീതിയുണ്ട്. അത് എങ്ങനെയാണെന്ന് വെച്ചാൽ ഓലമടലുകൾ കൊണ്ട് മുറ്റത്തിടിച്ച്, "ഗോവിന്ദാ... ഗോവിന്ദാ..." എന്ന് ഉച്ചത്തിൽ വിളിച്ചുപറയും.

ഈ വിളിച്ചു പറയലിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ചന്ദ്രനെ ഒരു വലിയ പാമ്പ് വിഴുങ്ങുകയാണ്. വിഴുങ്ങി വിഴുങ്ങി ഇങ്ങനെ വന്ന് വന്ന് മുഴുവൻ വായിലേക്ക് പ്രവേശിക്കുമ്പോൾ പൂർണ ചന്ദ്രഗ്രഹണം നടക്കും. അതിന് ശേഷം ചന്ദ്രനെ മൂടിയ ആ കറുപ്പ് വലയം ഒഴിഞ്ഞൊഴിഞ്ഞു പോകുമ്പോൾ പാമ്പിൻ്റെ വായിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ. ആ രക്ഷപ്പെടലിന് വേണ്ടിയാണ് ഈ ഗോവിന്ദാ ഗോവിന്ദാ എന്നുള്ള ദൈവ വിളി. സത്യമാണോയെന്നൊന്നും അറിയില്ല.

villages spoke through sounds nostalgic communication

പക്ഷെ എൻ്റെ ഓർമയിൽ ഞാൻ കേട്ടകഥകളിൽ ഇവ ഉണ്ടായിരുന്നു അത്ര മാത്രം. എങ്കിലും ആ പഴയ നാട്ടുവിശേഷം, കേവലം അന്ധവിശ്വാസം മാത്രമായിരുന്നില്ല, മറിച്ച് പ്രകൃതിയിലെ പ്രതിഭാസത്തെ ഒന്നിച്ച് അഭിമുഖീകരിക്കാനുള്ള ഒരു കൂട്ടായ്മ കൂടിയായിരുന്നു. ഗ്രഹണ സമയത്ത് പുറത്തിറങ്ങരുതെന്ന വിശ്വാസം നിലനിന്നിരുന്നതിനാൽ, വീടിനുള്ളിൽ കഴിയുന്നവരെ വിവരം അറിയിക്കാനുള്ള ഏറ്റവും എളുപ്പമാർഗമായിരുന്നു ഇത്തരം ശബ്ദങ്ങൾ. അപകടങ്ങൾ സംഭവിക്കാൻ പോകുമ്പോൾ, ഒരു ഗ്രാമം ഒന്നാകെ ഒരേ വികാരത്തിൽ പങ്കുചേരുന്നതിൻ്റെ സാക്ഷ്യമായിരുന്നത്.

അലാമികളുടെ വരവും ആശയവിനിമയവും

അത് പോലെ കൗതുകമുണ്ടാക്കുന്ന മറ്റൊന്നാണ് അലാമികളുടെ വരവ്. അത് പക്ഷെ കാഞ്ഞങ്ങാട് മാത്രമുള്ള ഒരു കാഴ്ചയായിരുന്നു. കാരണം അന്ന് അലാമിപ്പള്ളി ഉള്ളത് അവിടെ മാത്രമായിരുന്നു. അലാമികൾ എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. അവർ നേർച്ചയായിട്ട് എല്ലാ വീടുകളിലേക്കും കയറി ചെല്ലും. വെറുതെ കയറി ചെല്ലുക അല്ലായിരുന്നു. അതിന് ഒരു രൂപവും ഭാവമുണ്ടായിരുന്നു. ദേഹത്താകെ കരി വാരി തേക്കും. തലയിൽ കോൺ രൂപത്തിലുള്ള ഒരു പാള തൊപ്പി ധരിക്കും, അതിനെ പലതരം പൂക്കൾ കൊണ്ട് അലങ്കരിക്കും. എന്നിട്ട് ഒറ്റ തോർത്തുമാത്രമുടുക്കും.

ബാക്കി ശരീര ഭാഗങ്ങളിലെല്ലാം കരി വാരി തേച്ചിട്ടുണ്ടാവും. പോരാത്തതിന് കയ്യിൽ രണ്ട് വടിയുമുണ്ടാകും. ആദ്യം കണ്ടാൽ ആരുമൊന്ന് പേടിച്ചു പോകുന്ന രൂപം. പിന്നെ അതൊന്നും കൂടാതെ മറ്റൊരു കാര്യം കൂടിയുണ്ട്. അവർ പുറപ്പെട്ടു കഴിഞ്ഞാൽ ആളുകളെ അവരുടെ വരവ് വിളിച്ചറിയിക്കുന്ന ഒരു രീതിയുണ്ട്. 'ലായിമോ ലാംസെ, ലായിമോ ലാംസെ' ഇങ്ങനെ ഉച്ചത്തിൽ വിളിച്ചു പറയും. അതിൻ്റെ തലത്തിനനുസരിച്ച് എന്തൊക്കെയോ ശബ്ദങ്ങളും പുറപ്പെടുവിക്കും.

ആ ശബ്ദമല്ലാതെ മറ്റു സംസാരങ്ങളൊന്നും അവർക്കിടയിൽ ഉണ്ടാവില്ല. എല്ലാം 'ഹും ഹും ഹും' എന്ന് പറഞ്ഞു ചൊല്ലിക്കൊണ്ടിരിക്കും. സാധാരണഗതിയിൽ ഇങ്ങനെ എൻ്റെ വീടുകളിലൊക്കെ വന്നാൽ അവരോട് ചോദിക്കും, ഇന്ന് മുഹറം എത്രാം തീയതിയാണ് എന്ന്. ഉത്തരം "മുഹറം പത്താണ് ഹും" എന്നാവും. ആ ശബ്ദങ്ങളും വടി കൊണ്ടുള്ള താളം പിടിക്കലൊക്കെ ഒരു ആശയവിനിമയമാണ്. "ഞങ്ങൾ വന്നു, വരുന്നുണ്ട്, അല്ലെങ്കിൽ ഞങ്ങൾ എത്തിയിരിക്കുന്നു " എന്നിങ്ങനെ.

അതിൻ്റെയൊക്കെ പിറകിൽ ചരിത്രങ്ങൾ പലതുമുണ്ടാവാം. പക്ഷേ അന്നത്തെ ഞങ്ങൾക്ക് അതൊരു ആശയവിനിമയം മാത്രമായിരുന്നു. മുഹറം മാസത്തിൻ്റെ കൃത്യമായ വിവരങ്ങൾ വീടുകളിലെത്തിക്കുക എന്ന വലിയ ദൗത്യം അവർ ഭംഗിയായി നിർവഹിക്കും. മുഹറം നാളുകളിൽ കർബലയിലെ രക്തസാക്ഷികളുടെ സ്മരണാർഥമാണ് കാഞ്ഞങ്ങാട് അലാമിപ്പള്ളി കേന്ദ്രീകരിച്ച് അലാമികൾ ഇറങ്ങിയിരുന്നത്.

കേളിപാത്രവും ഞാറ്റുപാട്ടുകളും

പിന്നെയുണ്ടായിരുന്നത് കേളിപാത്രം എന്ന് അറിയപ്പെടുന്ന ഒരു വിഭാഗമാണ്. ഏതോ ഒരു വിശ്വാസത്തിൻ്റെ പേരിൽ വേഷം കെട്ടി വരുന്ന ഒരാൾ. അയാൾ വായൊക്കെ ഒരു പ്രത്യേക വേഷം കൊണ്ട് മൂടിയിട്ടുണ്ടാകും. ചെമ്പട്ടാവും ഉടുതുണി. തലയിൽ മറ്റൊരു ചുവന്ന തുണികൊണ്ട് കെട്ടും. കയ്യിൽ നല്ല ശബ്ദമുള്ള ഒരു മണിയുമുണ്ടാകും. ആ മണി അടിച്ചിട്ടാണ് നടക്കുക. ആ മണി ശബ്ദം കേൾക്കുമ്പോൾ അറിയാം കേളിപാത്രം വന്നു എന്ന്.

അതും ഒരു ആശയവിനിമയമാണ്. വരാൻ പോകുന്ന വിശേഷങ്ങളെ നിശ്ശബ്ദമായ ശബ്ദത്തിലൂടെ അറിയിക്കുക. അതാണ് അവരുടെ ലക്ഷ്യം. നാട്ടുദൈവങ്ങളുടെ വരവറിയിക്കുന്ന ഇത്തരം ആചാരങ്ങൾ ഗ്രാമീണർക്ക് വലിയ ഭക്തിയും പ്രതീക്ഷയും നൽകുന്നവയായിരുന്നു.

അത് പോലെ തന്നെ കൃഷിയിടങ്ങളിൽ ഞാറുനടാനും കള പറിക്കാനും ഇറങ്ങുന്ന പെണ്ണുങ്ങളുടെ പാട്ടുകൾ കേവലം പാട്ടുകളായിരുന്നില്ല. അത് ദൂരെയുള്ളവർക്ക് നൽകുന്ന സന്ദേശമായിരുന്നു. ഒരിടത്ത് പാട്ടുതുടങ്ങുമ്പോൾ മറ്റൊരിടത്ത് നിന്ന് അതിൻ്റെ മറുപടി ഉയരും. "ഞങ്ങൾ പണി തുടങ്ങി, നിങ്ങളും കൂടെയുണ്ട്" എന്ന് ഉറപ്പുവരുത്തുന്ന, ജോലിയിലെ ആയാസം കുറയ്ക്കുന്ന ആ കൂട്ടായ്മയുടെ പാട്ടുകൾ ശരിക്കും ഒരു ആത്മബന്ധത്തിൻ്റെ ശബ്ദമായിരുന്നു.

ആ പാട്ട് തുടങ്ങുന്നത് ഒരു സംഘമാണെങ്കിൽ അത് ഏറ്റുപാടി അവസാനിപ്പിക്കുന്നത് മറു സംഘമാവും. അതിന് പ്രത്യേക താളവും രീതിയുമുണ്ട്. അത് കാണാനും കേൾക്കാനും തന്നെ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു. നേർത്ത മഴയുടെ ഈരടികൾക്കൊപ്പം, നാടൻ പാട്ടുകളുടെ ശീലുകൾ വയലുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടാകും. ചെളി നിറഞ്ഞ പാടത്ത് മണിക്കൂറുകളോളം കുനിഞ്ഞുനിന്ന് ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക ക്ഷീണം മറികടക്കാൻ ഈ താളങ്ങൾ കർഷകത്തൊഴിലാളികളെ സഹായിച്ചു.

കടവുകളിലെ കൂക്കലുകൾ

അന്നത്തെ കടത്തുകടവുകളിലെ കൂക്കലുകൾക്കുമുണ്ട് അർഥങ്ങൾ പലത്. ഇക്കരയെത്തേണ്ട ആൾ അക്കരെയുണ്ടെന്ന് കടത്തുകാരനെ അറിയിച്ചിരുന്നത് ഉച്ചത്തിൽ കൂകിയായിരുന്നു. ആ ശബ്ദം കേട്ടാൽ കടത്തുകാരനും കൂ... എന്ന കൂകൽ കൊണ്ട് ഞാൻ ഇതാ വരുന്നു എന്ന മറുപടി നൽകും. അത് പോലെ എന്നും കടത്ത് വെള്ളത്തിൽ പോകുന്ന യാത്രക്കാരെ ഞാൻ ഇതാ പോകുന്നു എന്ന് അറിയിക്കാനും ഇവർ അതേ ശബ്ദം ഉണ്ടാക്കും.

ആളുകൾ വരുന്നുണ്ടെങ്കിലും അതേ കൂകൽ ആവും മറുപടി. അവിടെ വാക്കുകൾക്ക് പ്രസക്തി ഉണ്ടായിരുന്നില്ല. നീട്ടിയ ഒരു കൂകൽ കൊണ്ട് പലതും അവർ പറയാതെ പറഞ്ഞിരുന്നു. പുഴയുടെ ഉപരിതലത്തിലൂടെ ശബ്ദത്തിന് വേഗത്തിൽ സഞ്ചരിക്കാൻ കഴിയും എന്നതുകൊണ്ടുതന്നെ 'കൂ' എന്ന നീട്ടിയുള്ള വിളി ഏറെ ദൂരം കേൾക്കുമായിരുന്നു. അത് പോലെ തോളിൽ മീൻകുട്ടകളുമായി നാട്ടിൻപുറങ്ങളിൽ എത്തുന്ന മത്സ്യത്തൊഴിലാളികളുടെ "കൂയ്..." എന്ന വിളികളും അതേ ഭാഷ തന്നെയായിരുന്നു.

"ഞാൻ മീനുമായി വന്നെന്നും ആവശ്യക്കാർ ഉടനെ എത്തൂ" എന്നൊക്കെയാണ് ആ കൂകി വിളിയുടെ അർഥം. അന്നത് എല്ലാവർക്കും തിരിച്ചറിയുന്ന ലഘുവായ ഒരു ആശയവിനിമയമായിരുന്നു. മൈക്ക് സെറ്റുകളില്ലാത്ത കാലത്ത് തൊണ്ടകീറി വിളിച്ച ബാങ്ക് വിളികളും അതിൽ പെടും.

മാരീൻചൂരിയയും മീനമൃതും

അന്ന് ഈ മാരീൻചൂരിയ മാറ്റുക എന്നൊരു ഏർപ്പാട് കൂടെ ഉണ്ടായിരുന്നു. അത് കർക്കടകമാസത്തിലാണ് ഉണ്ടാവുക. ഒരു പ്രത്യേക ജാതിക്കാരാണ് അത് ചെയ്യുക. ഓരോ കൂട്ടം ആളുകളായിട്ടാണ് അതിന് പോവുക. പോകുമ്പോൾ എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യും. ചിലപ്പോ ആളുകളെ തമാശയാക്കുന്ന രൂപത്തിലായിരിക്കാം അല്ലെങ്കിൽ എന്തെങ്കിലും ചീത്ത വാക്കുകളായിരിക്കാം. അവരുടെ പോക്ക് ആളുകളെ അറിയിക്കാൻ വേണ്ടിയാണ് ആ പറച്ചിൽ ഉണ്ടാക്കുന്നത്.

അർധരാത്രിയിലാവും അവരുടെ പോക്ക്. എങ്കിലും എല്ലാവരും അത് കേൾക്കാൻ വേണ്ടി ഉണർന്നിരിക്കും. കർക്കടക മാസത്തിലെ പഞ്ഞവും ദാരിദ്ര്യവും ദുരിതങ്ങളും ഗ്രാമത്തിൽ നിന്നും ഒഴിഞ്ഞ് പോകണമെന്ന പ്രാർഥനയാണ് ഇത്തരം ആചാരങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്.

അതുപോലെ 'അഷ്ടമിച്ചാൽ' എന്ന് പറയുന്ന ഒരു ക്ഷേത്രത്തിൻ്റെ ഒരു ആചാരമായിരുന്നു മീനമൃത്. അതിന് വേണ്ട മീൻ പിടിക്കാൻ എല്ലാവരും ഒന്നിച്ചാവും പോവുക. ഒരു വടിയെടുത്ത് പുഴയിൽ തട്ടി വല്ലാത്തൊരു ശബ്ദമുണ്ടാക്കും. അത് മീനുകൾ വലയിൽ കുടുങ്ങാനുള്ള സൂത്രപ്പണിയാണ്. അങ്ങനെ കൂട്ടമായി പോയവർ മീൻ പിടിച്ചു തിരിച്ചു വരുമ്പോൾ പിടിച്ച മീനിനെ തണ്ടിലേറ്റി ആചാരപൂർവമാണ് കൊണ്ടുവരിക.

അത് കൊണ്ടുവരുമ്പോൾ ഞങ്ങൾ മടങ്ങി വന്നുവെന്ന് അറിയിക്കാൻ ഒരു ശബ്ദം പുറപ്പെടുവിക്കും. 'മീനാഹോ മീനാഹോ ' എന്ന് പറഞ്ഞുകൊണ്ട്. മടങ്ങി വന്നത് ആളുകളെ അറിയിക്കുകയാണ് ലക്ഷ്യം. അതൊരു ആചാരം കൂടെയായിരുന്നു. കാസർകോട് ജില്ലയിലെ കീഴൂർ ശാസ്താ ക്ഷേത്രമുൾപ്പെടെയുള്ള ചില പ്രത്യേക കാവുകളിലും ക്ഷേത്രങ്ങളിലുമാണ് പ്രധാനമായും മീനമൃത് വഴിപാടായി നൽകുന്നത്.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഭാഷ

രസകരമായ മറ്റൊരു കാര്യം മനുഷ്യർക്ക് മാത്രമല്ലായിരുന്നു അന്ന് മൃഗങ്ങൾക്കും ഉണ്ടായിരുന്നു മനുഷ്യൻ നൽകിയ ചില ഭാഷകൾ. അവ ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. വളർത്തുമൃഗങ്ങളെ വിളിക്കാനും അവരുടെ കാര്യങ്ങൾ സംസാരിക്കാനും ചില ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. തീറ്റ എടുത്തുവച്ച് ബാ ബാ ബാ എന്ന് വിളിക്കുമ്പോൾ കോഴികൾ ഓടി വരുമായിരുന്നു.

അതുപോലെ നാവ് അണ്ണാക്കിൽ മുട്ടിച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കുമ്പോൾ പൂച്ചയും എവിടെ നിന്നെങ്കിലും ഓടി അരികിലേക്ക് വരും. അതുപോലെ ആടിനും പശുവിനുമൊക്കെ ആ ഭാഷകൾ തിരിച്ചറിയാൻ കഴിയുമായിരുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ശബ്ദമില്ലാത്ത ഭാഷ. മനുഷ്യൻ്റെ സ്നേഹവും കരുതലും ഇത്തരം പ്രത്യേക ശബ്ദങ്ങളിലൂടെ മൃഗങ്ങൾ വളരെ വേഗത്തിൽ തിരിച്ചറിഞ്ഞിരുന്നു.

ഇവയെല്ലാം ശബ്ദതരംഗങ്ങളിലൂടെയുള്ള ആശയവിനിമയങ്ങളായിരുന്നു. തങ്ങൾ എത്തിക്കഴിഞ്ഞു എന്നുള്ള സന്ദേശമായിരുന്നു ആ വിളികൾക്കെല്ലാം പിന്നിൽ. കർക്കടക മാസത്തിലെ ഇരുട്ടിൽ 'മാരീൻചൂരിയ' മാറ്റാൻ ഇറങ്ങുന്നവരുടെ വിളികളും, മീനമ്പറിലെ "മീനാഹോ... മീനാഹോ..." എന്ന ആചാരപരമായ ആക്രോശങ്ങളുമൊക്കെ നമ്മളോട് പറയുന്നത് ഒരേയൊരു സത്യമാണ്: അന്ന് മനുഷ്യർക്കിടയിൽ അകലങ്ങളുണ്ടായിരുന്നില്ല.

ശബ്ദങ്ങൾ കൊണ്ട് അവർ മനുഷ്യരെ ഒന്നിപ്പിച്ചു. ഓരോ വിളിയും ഓരോ അടയാളമായിരുന്നു. ഇന്ന് നമുക്ക് ഹോണടികളും ബെല്ലുകളുമുള്ളപ്പോൾ നഷ്ടമായത്, ഈ ശബ്ദങ്ങൾക്കു പിന്നിലുണ്ടായിരുന്ന മനുഷ്യൻ്റെ ആ വലിയ വികാരവും കരുതലും തന്നെയാണ്. ആ പഴയ കാലത്തെ ഓർമകൾ, ഒരു ഗ്രാമത്തിൻ്റെ മുഴുവൻ ഹൃദയമിടിപ്പുകൾ പോലെ ഇന്നും നമ്മുടെ ഉള്ളിൽ മുഴങ്ങുന്നു. സാങ്കേതികവിദ്യയുടെ കടന്നുകയറ്റം നമ്മുടെ ഗ്രാമങ്ങളിൽ നിന്നും ആദ്യം കവർന്നെടുത്തത് ഈ സ്വാഭാവിക ശബ്ദങ്ങളെയും കൂട്ടായ്മകളെയുമാണ്.

നാട്ടുവിശേഷങ്ങളും പഴയകാല ഓർമകളും പങ്കുവെക്കുന്ന ഈ കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. കൂടുതൽ വാർത്തകളും വിവരങ്ങളും വായിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: An essay on how ancient villages communicated through unique sounds and calls.

#VillageLife #Nostalgia #KeralaTradition #KasaragodCulture #OldMemories #MalayalamEssay

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia