നർമ്മത്തിന്റെ സുൽത്താൻ: വൈക്കം മുഹമ്മദ് ബഷീറിന് ഓർമ്മപ്പൂക്കൾ


● സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയുമായിരുന്നു.
● തനത് ആഖ്യാന ശൈലി അദ്ദേഹത്തെ വ്യത്യസ്തനാക്കി.
● ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു.
● ഒമ്പത് വർഷക്കാലം രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്തു.
● 'പാത്തുമ്മയുടെ ആട്', 'ബാല്യകാലസഖി' പ്രധാന കൃതികൾ.
നവോദിത്ത് ബാബു
(KVARTHA) മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും കഥാകാരനും സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഈ ലോകത്തോട് വിടവാങ്ങിയിട്ട് ഇന്ന് (ജൂലൈ 05) 31 വർഷം തികയുന്നു. സാഹിത്യപ്രേമികളുടെ മനസ്സിൽ ബേപ്പൂർ സുൽത്താൻ എന്ന് ചിരപ്രതിഷ്ഠ നേടിയ ബഷീർ, 1908 ജനുവരി ഒന്നിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലാണ് ജനിച്ചത്.
മറ്റുള്ളവർ എഴുതിയപ്പോൾ ബഷീർ കഥ പറയുകയായിരുന്നു. നമ്മുടെ ചുറ്റുപാടുമുള്ള സാധാരണ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും നർമ്മം തുളുമ്പുന്നതും ലളിതവുമായ തനത് ആഖ്യാന ശൈലിയിലൂടെ വായനക്കാരിലേക്ക് എത്തിച്ചതാണ് ബഷീറിനെ മറ്റ് സാഹിത്യകാരന്മാരിൽ നിന്ന് വ്യത്യസ്തനാക്കിയത്. ഈ ശൈലിയാണ് അദ്ദേഹത്തെ സാഹിത്യലോകത്ത് പ്രിയങ്കരനാക്കി മാറ്റിയത്.
ഗാന്ധിജിയെ കാണാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ഒളിച്ചോടിയ ചരിത്രം ബഷീറിനുണ്ട്. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. 'ഉജ്ജീവനം' എന്ന വാരികയിൽ പ്രഭ എന്ന തൂലികാനാമത്തിൽ സ്വാതന്ത്ര്യസമര പോരാളികൾക്ക് വേണ്ടി ദേശസ്നേഹപരമായ നിരവധി രചനകൾ അദ്ദേഹം നടത്തി.
രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം ഒമ്പത് വർഷക്കാലം നീണ്ട യാത്രകൾ ബഷീർ നടത്തിയിട്ടുണ്ട്. ഈ യാത്രകളിലെ അനുഭവങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വായനക്കാരോട് സംവദിച്ചു.
'തങ്കം' ആണ് ബഷീറിന്റെ പ്രസിദ്ധീകരിച്ച ആദ്യ കഥയായി കരുതപ്പെടുന്നത്. 'പാത്തുമ്മയുടെ ആട്', 'ബാല്യകാലസഖി', 'മുച്ചിട്ടുകളിക്കാരന്റെ മകൾ', 'ആനവാരിയും പൊൻകുരിശും' തുടങ്ങിയ നിരവധി നോവലുകളും 'ആനപ്പൂട', 'ഭൂമിയുടെ അവകാശികൾ', 'വിശപ്പ്', 'ശിങ്കിടി മുങ്കൻ' തുടങ്ങിയ കഥാസമാഹാരങ്ങളും ഉൾപ്പെടെ നിരവധി കൃതികൾ അദ്ദേഹം മലയാള സാഹിത്യത്തിന് സമ്മാനിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയ ബഷീറിനെ കോഴിക്കോട് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകിയും, ഇന്ത്യാ ഗവൺമെന്റ് പത്മശ്രീ ബഹുമതി നൽകിയും ആദരിച്ചിട്ടുണ്ട്.
പ്രകൃതിയിലെ സകല ജീവികളെയും ബഷീർ സ്നേഹിച്ചിരുന്നു. സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഭൂമിയിലുള്ള സകല ജീവികളും ബഷീറിന്റെ കഥകളിലൂടെ കഥാപാത്രങ്ങളായി വന്നിട്ടുമുണ്ട്.
മറ്റ് പല സാഹിത്യകാരന്മാർക്കും പിൻഗാമികൾ വന്നേക്കാം. എന്നാൽ ഒന്നുറപ്പാണ്, ഈ ആഖ്യാന ശൈലിയുമായി മലയാളി മനസ്സിൽ ചേക്കേറിയ ബഷീറിന് പിൻഗാമി ബഷീർ മാത്രം. വായനയുടെ വസന്തം ആസ്വാദകന് സമ്മാനിച്ച ബേപ്പൂർ സുൽത്താൻ, 31 വർഷം മുമ്പ് ബേപ്പൂരിലെ തന്റെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലെ ചാരുകസേരയെയും ജീവിതപങ്കാളി ഫാബിയെയും തനിച്ചാക്കി ഈ ഭൂമിയോട് വിടവാങ്ങി.
വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Vaikom Muhammad Basheer's 31st death anniversary observed.
#VaikomMuhammadBasheer #MalayalamLiterature #SultanOfHumor #Basheer #KeralaSahithyam #DeathAnniversary