യുഎഇയുടെ ചരിത്രത്തെ പ്രണയിച്ച കാസർകോട്ടുകാരൻ; സാമ്പത്തിക പ്രതിസന്ധിയിൽ അമൂല്യ ശേഖരം വിൽക്കാനൊരുങ്ങി ഹമീദ് പൈക്ക
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായാണ് ശേഖരം വിൽക്കാൻ ഒരുങ്ങുന്നത്.
● അപൂർവ കറൻസികൾ, നാണയങ്ങൾ, ടെലിഫോൺ കാർഡുകൾ, സ്റ്റാമ്പുകൾ എന്നിവ ശേഖരത്തിലുണ്ട്.
● ഒരു ദിർഹമിൻ്റെ 44 തരം നാണയങ്ങളും 5, 10 ദിർഹം കറൻസികളും ശേഖരത്തിലുണ്ട്.
● മൊത്തം എണ്ണായിരത്തോളം ഇനങ്ങളുള്ള ശേഖരത്തിന് ഏകദേശം 50,000 ദിർഹം വിലമതിപ്പുണ്ട്.
കനിവുള്ള മനുഷ്യർ ഭാഗം 9/ കൂക്കാനം റഹ്‌മാൻ
(KVARTHA) നിങ്ങളെ സന്തോഷിപ്പിക്കുന്ന എന്തിനെയും പ്രണയിക്കാമെന്ന് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്. വായിക്കുന്ന പുസ്തകങ്ങളോടും യാത്രകളോടും സ്ഥലങ്ങളോടും ഭക്ഷണങ്ങളോടുമൊക്കെ പ്രണയം തോന്നാം.
ആ പ്രണയങ്ങളെ തിരിച്ചറിയാത്ത കാഴ്ചക്കാർ അതിനെ 'ഭ്രാന്താണെന്നൊക്കെ' വിശേഷിപ്പിച്ചെന്നിരിക്കും. അതുപോലെ വ്യത്യസ്തമായ ഒരു ശേഖരണ പ്രണയത്തിന്റെ ഉടമയാണ് കാസർകോട് സ്വദേശിയായ ഹമീദ് പൈക്ക. ഒരു രാജ്യത്തിന്റെ പോയകാലത്തെ ചരിത്രശേഷിപ്പുകളെ പ്രണയിച്ച ഒരു മലയാളി.
യുഎഇയുടെ ചരിത്രങ്ങളെയാണ് അദ്ദേഹം പ്രണയിച്ചത്. യുഎഇ രൂപപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള അപൂർവ കറൻസികൾ, കോയിനുകൾ, ടെലിഫോൺ കാർഡുകൾ, സ്റ്റാമ്പുകൾ, പത്ര കട്ടിങ്ങുകൾ, ബാഡ്ജുകൾ, മാഗസിനുകൾ, സുവനീറുകൾ, ലെറ്റർ പാഡുകൾ എന്നിങ്ങനെ നീളുന്നു ഹമീദിന്റെ വിസ്മയ ശേഖരം.
അരനൂറ്റാണ്ട് പുറകിലത്തെ കഥകളിൽ തുടങ്ങി ഏറ്റവും ഒടുവിലത്തെ എക്സ്പോ 2020-യും യുഎഇയുടെ ബഹിരാകാശ സഞ്ചാരവും കോപ് ഉച്ചകോടിയുടെ വിവരണങ്ങളും ചിത്രങ്ങളും വാർത്താ ശകലങ്ങളുമൊക്കെ ശേഖരത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

ദുബൈ ഹോർലാൻസിലെ ഒരു ബാച്ചിലർ മുറിയിലാണ് ഈ അമൂല്യ നിധി ശേഖരം കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്നത്. ഒരു രാജ്യത്തിന്റെ മുഴുവൻ പൈതൃക കഥകളും വിളിച്ചോതുന്നവയാണത്. യുഎഇയുടെ ചരിത്രവും അതിലെ സമ്പന്നതയും പതിനെട്ട് വർഷത്തോളമാണ് നിധിപോലെ ഹമീദ് കാത്തുസൂക്ഷിച്ചത്.
എന്നാൽ, ഇപ്പോൾ അവയൊക്കെ വിൽക്കാൻ ഒരുങ്ങുകയാണ് ഹമീദ്. അദ്ദേഹത്തിന്റെ ജീവിതമിപ്പോൾ ഒരു വലിയ ചോദ്യചിഹ്നത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ്. അതിലൂടെ തന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാനാകുമെന്നുമാണ് പ്രതീക്ഷ. അൽപം വേദനയോടെയാണെങ്കിലും സമാഹരിച്ച വസ്തുക്കളത്രയും വിറ്റൊഴിക്കുകയല്ലാതെ അദ്ദേഹത്തിന് വേറെ വഴിയില്ല.

ഇമാറാത്തി ചരിത്രം പറയുന്ന അപൂർവതകളാണ് ശേഖരത്തിൽ ഏറെയുമുള്ളത്. ഒരു ദിർഹമിന്റെ 44 തരം നാണയങ്ങൾ, പഴയതും പുതിയതുമായ അറബിക് ലിപികളിൽ ഇറക്കിയ അഞ്ച്, പത്ത് ദിർഹം കറൻസികൾ, യുഎഇയും ഖത്തറും സംയുക്തമായി ഇറക്കിയ അഞ്ച് റിയാലിന്റെ കറൻസി, ഇന്ത്യയും യുഎഇയും ഇറക്കിയ രൂപ കറൻസി എന്നിവയെല്ലാം അപൂർവ കൂട്ടത്തിലെ നാണയ-കറൻസി വൈവിധ്യങ്ങളാണ്.
1973-ൽ പുറത്തിറക്കിയ ഒരു ദിർഹം നോട്ടിന് യുഎഇ സെൻട്രൽ ബാങ്കിന് മുൻപേയുണ്ടായിരുന്ന യുഎഇ കറൻസി ബോർഡ് സാക്ഷ്യപ്പെടുത്തിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1978-ൽ പോർട്ട് റാശിദ് ഉദ്ഘാടന വേളയിൽ ഇറക്കിയ മാഗസിൻ, 79-ൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വേൾഡ് ഫയർസ്പ്രിങ് ചടങ്ങിന്റെ ഭാഗമായുള്ള സുവനീർ, യുഎഇയുടെ ആദ്യ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ്, ആദ്യമായി ഇറക്കിയ 'ബത്താക്ക' (തിരിച്ചറിയൽ കാർഡ്), 90-ൽ നടന്ന ലോക കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ ബാഡ്ജ്, 2020 എക്സ്പോയിലെ മൊത്തം പവലിയനുകളുടെയും ഫോട്ടോയും സ്റ്റാമ്പും പതിച്ച ബുക്ക് ലെറ്റ്, 'സ്പിരിറ്റ് ഓഫ് യൂണിയൻ' എന്ന കാമ്പയിനിൽ ഇറക്കിയ വിവിധയിനം ആർട്ട് വർക്കുകളും ബാഡ്ജുകളും എല്ലാം അപൂർവ ഇനങ്ങളാണ്.
ഗൾഫുകാരുടെ ഒരു സുവർണ കാലഘട്ടത്തിന്റെ ഓർമ്മകളാണ് ടെലിഫോൺ കാർഡുകൾ. ഉപയോഗിച്ചു വലിച്ചെറിയുന്ന ഇത്തരം ടെലിഫോൺ കാർഡിന്റെ ശേഖരത്തിലൂടെയും ഹമീദ് പൈക്ക ഐക്യ എമിറേറ്റുകളുടെ ചരിത്രം പറയുന്നുണ്ട്. 35 വർഷം മുമ്പു മുതലുള്ള ഇത്തിസലാത്ത് കാർഡുകളാണ് ഇതിൽ പ്രധാനം.

ആദ്യകാലങ്ങളിലെ ആർടിഎ കാർഡുകൾ, മെട്രോയുടെ വിവിധ ഘട്ടങ്ങളിൽ ഇറക്കിയ കാർഡുകൾ, മെട്രോ ട്രെയിൻ പദ്ധതി നിലവിൽ വരുന്ന എത്രയോ വർഷങ്ങൾക്കു മുമ്പ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷന്റെ രൂപകൽപനയുമായി ഇറക്കിയ ടെലിഫോൺ കാർഡ് എന്നിവയെല്ലാം ഹമീദിന്റെ പക്കലുണ്ട്. ആദ്യ കാലങ്ങളിലെ മൊബൈൽ റീചാർജ് കാർഡുകളും ഇവയിലുണ്ട്.
ആയിരത്തോളം അപൂർവ സ്റ്റാമ്പുകളാണ് മറ്റൊരു ഇനം. യുഎഇ അമ്പതാം വാർഷികത്തിന്റെയും ഇന്ത്യയുടെ 75-ാം വാർഷികത്തിന്റെയും ഭാഗമായി സംയുക്തമായി ഇറക്കിയ തപാൽ സ്റ്റാമ്പ്, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ അടങ്ങിയതും അദ്ദേഹത്തിന്റെ അഞ്ചു ചിത്രങ്ങൾ ഒരേപോലെ തെളിയുന്നതുമായ സ്റ്റാമ്പ്, മരുഭൂമിയിലെ പ്രസിദ്ധമായ കാഫ് മരത്തിന്റെ ഒറിജിനൽ വിത്ത് പതിച്ച് എംബ്രോയ്ഡറി ചെയ്ത അപൂർവ സ്റ്റാമ്പ്, ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തോടനുബന്ധിച്ച് ഇറക്കിയ യുഎഇ സ്റ്റാമ്പ്, കൈകൊണ്ട് ഉരച്ചാൽ കാപ്പിപ്പൊടിയുടെ സുഗന്ധം പരത്തുന്ന തപാൽ സ്റ്റാമ്പ് എന്നിവയെല്ലാം ഹമീദിന്റെ ഓർമ്മക്കൂട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിൽ രാജ്യത്ത് വന്നുപോയ സ്റ്റാമ്പുകളുടെ വലിയൊരു ആൽബം തന്നെയുണ്ട്. വിവിധ ഭാഷകളിലുള്ള പത്ര കട്ടിങ്ങുകളും ഫോട്ടോകളും കൗതുകമുണർത്തുന്നതാണ്. യുഎഇക്ക് പുറമേ ലോകത്തുടനീളമുള്ള വിവിധ സംഭവങ്ങളും സന്ദർഭങ്ങളും വിവരിക്കുന്ന 3,000 വാർത്താ ശകലങ്ങളാണ് കൂട്ടത്തിലുള്ളത്.
രാഷ്ട്ര ശിൽപികളുടെ പഴയകാല ഫോട്ടോകൾ, വിവിധ പത്രങ്ങളിൽ വന്ന ഇവരുടെ വാർത്തകൾ, ഫോട്ടോകൾ, പ്രധാന സംഭവങ്ങൾ, നേട്ടങ്ങൾ എന്നിവയും ശേഖരണത്തിൽപ്പെടും. നാട്ടിൽ നിന്ന് പഴയ കാലത്ത് യുഎഇയിലേക്കും തിരിച്ചും അയച്ചിരുന്ന വിവിധ മാതൃകയിലുള്ള ഇൻലെന്റ് കവറുകളും അതിൽപ്പെടും.
പതിനെട്ട് വർഷത്തെ പ്രവാസ ജീവിതത്തിനിടയ്ക്ക് തേടിപ്പിടിച്ചതും പണം കൊടുത്ത് വാങ്ങിയതും വിവിധ ഓഫീസുകൾ കയറിയിറങ്ങി സംഘടിപ്പിച്ചു കൂട്ടിയതുമൊക്കെയാണ് അവ.
മൊത്തം എണ്ണായിരത്തോളം ഇനങ്ങളുണ്ട്. ഒരു ദിർഹം മുതൽ ആയിരം ദിർഹത്തോളം വിലമതിക്കുന്ന സാധനങ്ങളുണ്ട് അതിൽ. വില കെട്ടിയാൽ ഏകദേശം അമ്പതിനായിരം ദിർഹത്തിന്റെ ശേഖരങ്ങൾ കാണുമെന്ന് ഹമീദ് പറയുന്നു.
ഒരു എക്സ്ബിഷനിൽ അനായാസം പ്രദർശിപ്പിക്കാവുന്ന തരത്തിൽ ഫയലുകളായും ബുക്ക് ലെറ്റുകളായും പൂർണ വിവരണങ്ങളോടെ തരംതിരിച്ചു വെച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ നിർണായക ശേഷിപ്പുകൾ സൂക്ഷിക്കുന്ന ഹമീദിന്, പക്ഷേ ജീവിതമിപ്പോൾ പ്രതിസന്ധിയിലാണ്.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് ദുരിതം തുടങ്ങിയത്. പത്തുവർഷത്തിലധികം ജോലി ചെയ്തിരുന്ന കമ്പനിയുടെ അടച്ചുപൂട്ടലാണ് അദ്ദേഹത്തെ നഷ്ടത്തിലാക്കിയത്. ജോലി പോയതോടെ അവ സൂക്ഷിക്കാനും ഇടമില്ലാതായി. ആ സാഹചര്യത്തിലാണ് അദ്ദേഹം ഈ കടുത്ത തീരുമാനത്തിൽ എത്തിച്ചേർന്നത്.
പ്രവാസിയായി യുഎഇയിൽ എത്തും മുമ്പ് ഹമീദ് നാട്ടിലും പുരാവസ്തു ശേഖരത്തിലൂടെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ കുഞ്ഞിപ്പാറ മൻസിൽ എന്ന വീട് ഇപ്പോൾ നാട്ടുകാർക്കിടയിൽ ഒരു അത്ഭുത വീടാണ്. അവിടേക്ക് കടന്നുചെല്ലുമ്പോൾ തന്നെ നിങ്ങളെ സ്വീകരിക്കുന്നത് ഏഴരയടിയോളം ഉയരമുള്ള ഒരു തപാൽപെട്ടിയാകും.
പഴയ അഞ്ചൽ കാർഡ് മുതൽ പുതിയ സ്റ്റാമ്പിന്റെതുൾപ്പെടെ നിരവധി ചിത്രങ്ങളുള്ള ഗേറ്റ്. ഒറ്റനോട്ടത്തിൽ ഇതൊരു വലിയ തപാൽ ഓഫീസാണെന്ന് തോന്നും. തന്റെ ശേഖരണ മികവ് വിളിച്ചോതുന്ന രീതിയിൽ വീടും സജ്ജമാക്കിയിരിക്കുകയാണ് ഹമീദ്.
ഈ അമൂല്യ ശേഖരത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Kasaragod native Hamid Paika is forced to sell his 8,000-item collection of UAE historical artifacts due to financial hardship after losing his job during COVID.
#UAEHistory #HamidPaika #ArtifactsForSale #FinancialCrisis #Kasaragod #MalayaliInUAE
News Categories: Main, News, Top-Headline, Gulf, UAE, Kvartha
