Legends | രണ്ടു പണിക്കർ സാറന്മാരും രണ്ടു പിള്ള സാറന്മാരും

 
two panickers and two pillans


പി എൻ പണിക്കർ പ്രായാധിക്യത്തിലും കുന്നും മലയും കയറി ഉൾനാടൻ ഗ്രാമത്തിലെത്തി സാധാരണക്കാരുമായി ഉള്ളിൽ തട്ടും വിധം സ്നേഹവായ്പോടെ സംവദിക്കുന്നത് ആരെയും ആകർഷിക്കും

കൂക്കാനം റഹ്‌മാൻ

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 9)
    
(KVARTHA)
പുതുവായിക്ക് നാരായണ പണിക്കരെന്ന പി എൻ പണിക്കരുമായി അടുത്തിടപഴകാൻ തുടങ്ങിയത് 1977 മുതലാണ്. പി.എൻ പണിക്കരുടെ കയ്യൊപ്പ് വെച്ച ഒരു തപാൽ കാർഡ് എനിക്കു കിട്ടി. 1977 ഡിസംബർ 29, 30, 31 തിയതികളിൽ തൃശൂർ രാമപുരത്തു വെച്ച് നടക്കുന്ന പരിശീലക്കളരിയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള കത്തായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് എടക്കാട് നാരായണൻ മാഷ്, കണ്ണപുരത്തുനിന്ന് പി.ആർ.കെ നായർ, കരിവെള്ളൂരിൽ നിന്ന് കൂക്കാനം റഹ്മാൻ, നീലേശ്വരത്തു നിന്ന് കെ.കെ നായർ, ഉദുമയിൽ നിന്ന് സി.കെ. ഭാസ്കരൻ എന്നിവർക്കും ക്ഷണക്കത്തുണ്ടായിരുന്നു. കാൻഫെഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അനൗപചാരിക വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കാനായിരുന്നു ക്ഷണിച്ചത്. ഇവരിൽ ആരെയും എനിക്ക് നേരിട്ട് പരിചയമില്ല. 

two panickers and two pillans

തൃശൂരിലേക്ക് പോകുന്നതിന് പയ്യന്നൂർ റയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സ്വാമി വേഷത്തിൽ ഒരാളെ കണ്ടെത്തി. സി.കെ. ഭാസ്കരനായിരുന്നു അത്. തമ്മിൽ പരിചയപ്പെട്ടു. തൃശൂരിലെത്തി. എല്ലാ ജില്ലകളിൽ നിന്നുമായി എഴുപതിനടുത്ത് പ്രവർത്തകന്മാരുണ്ടായിരുന്നു. ഖദർ ധാരിയായ നീണ്ടു മെലിഞ്ഞ പി.എൻ പണിക്കർ, വെള്ള വസ്ത്രധാരിയായ പി.ടി ഭാസ്കര പണിക്കർ, ഫുൾക്കൈ ഷർട്ട് ഇൻസെർട്ട് ചെയ്തു ടിപ്പ്ടോപിലിരിക്കുന്ന ഡോ. കെ. ശിവദാസൻ പിള്ള, ലോകപ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ. എൻ.പി പിള്ള എന്നീ മഹത്തുക്കളെ നേരിട്ടു പരിചയപ്പെടാൻ അവസരമൊരുക്കിയ വേദിയായിരുന്നു അത്. 
കാൻഫെഡ് പ്രസ്ഥാനത്തിൻ്റെ ആണിക്കല്ലുകളായിരുന്നു ഈ നാലു പേർ. 

കാൻഫെഡ് (കേരളാ അസോസിയേഷൻ ഫോർ നോൺ ഫോർമൽ എഡുക്കേഷൻ ആൻ്റ് ഡവലപ്മെൻ്) എന്ത്? എന്തിന്? എങ്ങിനെ? എന്ന് വിശദമായി പ്രവർത്തകരെ ബോധ്യപ്പെടുത്തിത്തന്നു. ജില്ല തോറും കാൻഫെഡ് ജില്ലാ കമ്മറ്റി രൂപീകരിക്കാൻ നിർദ്ദേശം കിട്ടി. 1977 ജൂൺ 30 ന് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാൻ തുടങ്ങിയതാണ് കാൻഫെഡ്. അന്ന് കാസർകോട് ജില്ല നിലവിൽ വന്നിട്ടില്ല. അന്ന് തൃശൂരിൽ പങ്കെടുത്തവരെ കൂടാതെ ആർ പ്രഭാകരൻ കണ്ണൂർ, വി.ആർ.വി. ഏഴോം എന്നിവരെ ഉൾപ്പെടുത്തി വിപുലമായ കാൻഫെസ് ജില്ലാക്കമ്മറ്റി നിലവിൽ വന്നു. ജില്ലയുടെ വലുപ്പം കാരണം കാഞ്ഞങ്ങാട് ആസ്ഥാനമായി കാൻഫെഡ് വടക്കൻ മേഖലാ കമ്മറ്റി രൂപീകരിച്ചു. അതിൻ്റെ പ്രഥമ ജന: സെക്രട്ടറിയായി എന്നെ തിരഞ്ഞെടുത്തു. 
അഡ്വ: കെ.പുരുഷോത്തമൻ, മടിക്കൈ കുഞ്ഞിക്കണ്ണൻ, അഡ്വ. മാധവൻ മാലക്കാട്, കരിവെള്ളൂർ വിജയൻ, കാർത്യായനി കെ നായർ, മീനാക്ഷി കള്ളാർ തുടങ്ങിയവരായിരുന്നു ആദ്യകാല കമ്മറ്റിയിൽ ഉണ്ടായിരുന്നത്.

പി.എൻ പണിക്കർ സാർ മാസത്തിൽ ഒരു തവണയെങ്കിലും ജില്ലയിലെത്തും. സന്നദ്ധ പ്രവർത്തകരെ കണ്ടെത്താൻ അനിതരസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിന്. പ്രായാധിക്യത്തിലും കുന്നും മലയും കയറി ഉൾനാടൻ ഗ്രാമത്തിലെത്തി സാധാരണക്കാരുമായി ഉള്ളിൽ തട്ടും വിധം സ്നേഹവായ്പോടെ സംവദിക്കുന്നത് ആരെയും ആകർഷിക്കും. ലളിതമായ സംസാര രീതിയാണദ്ദേഹത്തിൻ്റേത്. അക്ഷരം പഠിക്കേണ്ട ആവശ്യത്തെക്കുറിച്ചും വായിച്ചു വളരേണ്ട നന്മയേക്കുറിച്ചും സാധാരണക്കാർക്ക് മനസ്സിലാവേണ്ട വിധത്തിൽ സംസാരിക്കും. പുകവലി, മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കേണ്ട തിന്മകളാണെന്ന് പറഞ്ഞു കൊടുക്കുക മാത്രമല്ല അത് ഉപയോഗിക്കുന്നവരെ വേദിയിലേക്ക് വിളിച്ചു വരുത്തി ഇനി മുതൽ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്യിക്കുകയും ചെയ്യും. അത്തരം പ്രതിജ്ഞ എടുത്ത് ഈ ദുശ്ശീലങ്ങളിൽ നിന്ന് മോചനം നേടിയ നിരവധി പേർ ഇന്നും പി.എൻ. പണിക്കരെ ഓർമ്മയിൽ സുക്ഷിക്കുന്നുണ്ട്. 

ഇത്രയേറെ ഉൾനാടൻ ഗ്രാമ ജനതയെ സ്വാധീനിച്ച വ്യക്തിത്വങ്ങൾ അപൂർവമായിരിക്കും.
സന്നദ്ധപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും അവരെ കർമ്മോന്മുഖരാക്കാനും പി.എൻ പണിക്കർക്കുള്ള സാമർത്ഥ്യം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായ ഞാൻ എൻ്റെ ഗുരുസ്ഥാനത്തു വെച്ചാണ് അദ്ദേഹത്തെ ആദരിച്ചിരുന്നത്. സ്വന്തം മകനെന്ന പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. അദ്ദേഹത്തിൻ്റെ ഭക്ഷണ ശീലത്തിലെ എളിമ, വസ്ത്രധാരണത്തിലെ എളിമ, സംസാര രീതിയിലെ സ്നേഹം, ഇതൊക്കെ മാതൃകയാക്കേണ്ടത് തന്നെയാണ്. രണ്ടു പതിറ്റാണ്ടോളം അദ്ദേഹത്തിൻ്റെ കൂടെ നടക്കുകയും, നിർദ്ദേശോപദേശങ്ങൾ സ്വീകരിച്ചു കൊണ്ട് സേവന രംഗത്തും, ജീവിത രീതിയിലും മുന്നോട്ട് പോയ വ്യക്തിയാണ് ഞാൻ. 

എൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആരാണെന്നു ചോദിച്ചാൽ ഒരു പേരു മാത്രമെ എനിക്ക് ചുണ്ടിക്കാണിക്കാനുള്ളു. അത് പി.എൻ പണിക്കർ സാറാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചെഴുതാൻ ഒരുപാട് പേജുകൾ വേണ്ടി വരും. 1995 ജൂൺ 19 ന് അദ്ദേഹത്തിൻ്റെ മരണ ദിനം വരെ ഒപ്പമുണ്ടായിരുന്നു എന്നുള്ളത് സന്തേഷമായി തോന്നുന്നു. 'കാസർകോട്ടെ പി.എൻ. പണിക്കരാണ്' കൂക്കാനം റഹ്മാൻ മാഷ് എന്ന് വരെ ചിലർ പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്. എൻ്റെ വന്ദ്യ സുഹൃത്തു എന്ന് തന്നെ പറയാം. 

പി.ടി ഭാസ്കര പണിക്കർ സാറെ അടുത്ത് പരിചയപ്പെടുന്നത് കാൻഫെഡ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ മുതലാണ്. തടിച്ചു കൊഴുത്ത വെള്ള നിറമുള്ള ശരീര പ്രകൃതിയാണ്. വെളുത്ത മുണ്ടും വെള്ള അരക്കയ്യൻ ഷർട്ടും കറുത്ത ഫ്രെയിമുള്ള കണ്ണടയും വളഞ്ഞ കാലുള്ള നീളൻ ശീലക്കുടയും ഇതാണ് സ്ഥിരം വേഷവിധാനം. മുണ്ട് മാടിക്കുത്തിയാണ് നടത്തം. നല്ലൊരു കമ്മ്യൂണിസ്റ്റുകാരൻ, വാക്കിംഗ് എൻസൈക്ലോപീഡിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബുദ്ധിരാക്ഷസൻ, മലബാർ ഡിസ്റ്റ്രിക്ട് ബോർഡ് ചെയർമാൻ, വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുണ്ടശ്ശേരിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രശസ്തനാണ് പി.ടി.ബി. എന്ന ത്രയാക്ഷരത്തിൽ അറിയപ്പെടുന്ന വ്യക്തി. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ തുടക്കക്കാരൻ, അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഞാൻ പരിഷത്തിൻ്റെ അംഗമാവുന്നത്. മലബാർ മേഖലയിൽ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചു നടത്താൻ പ്രേരണയും പ്രോത്സാഹനവും നൽകിയത് പി.ടി ബി സാറാണ്.

അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസ പ്രചാരണത്തിന് ഒരു സംഘടന വേണമെന്ന് നിർദ്ദേശം വെച്ചത് പി.ടി.ബി സാറാണ്. അങ്ങിനെയാണ് പാൻടെക്ക് (PANTECH) എന്ന സന്നദ്ധ സംഘടനയ്ക്ക് എൻ്റെ നേതൃത്വത്തിൽ രൂപം നൽകിയത്. കാൽ നൂറ്റാണ്ടിലേറെയായി പാൻടെക്ക് കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രവർത്തിച്ചു വരികയാണ്. പി ടി.ബി സാറിനുള്ള ഗുണം പ്രവർത്തകന്മാരെ നിരന്തരം കത്തുകളിലൂടെ ബന്ധപ്പെടും എന്നതാണ്. അതും പോസ്റ്റ് കാർഡിലൂടെ മാത്രം. സാറിൻ്റെ നൂറിലധികം പോസ്റ്റ് കാർഡിലെഴുതിയ കത്തുകൾ എൻ്റെ കയ്യിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. സാക്ഷരതാ - സാംസ്കാരിക ജാഥകൾക്ക് നേതൃത്വം നൽകാനും, മലയോര വനവൽക്കരണ ജാഥക്കും നേതൃത്വം കൊടുക്കാനും പി.ടി.ബി കാസർകോട് ജില്ലയിലെത്തിയിട്ടുണ്ട്. എല്ലാം കൊണ്ടും കേരള സമൂഹത്തിൽ വിദ്യയുടെയും വിജ്ഞാനത്തിൻ്റെയും വിത്തുകൾ പാകി ജന ബോധത്തെ വളർത്തിയെടുത്ത മഹാ പ്രതിഭയാണ് പി.ടി ഭാസ്കര പണിക്കർ സാർ.
        
അഡൾട്ട് എഡുക്കേഷൻ രംഗത്ത് തൻ്റെതായ വ്യക്തി മുദ്രപതിപ്പിച്ചങ്ങളാണ് ഡോ. കെ.ശിവദാസൻ പിള്ള. ആദ്യമായി അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത് കേരളാ യൂണിവേർസിറ്റി യു.ജി.സി. ഗ്രാൻ്റോടെ സംഘടിപ്പിച്ച എഡുക്കേഷൻ ജേർണലിസം കോഴ്സിന് കേരളാ യൂണിവേഴ്സിറ്റിയിൽ പങ്കെടുത്തപ്പോഴാണ്. പത്രപ്രവർത്തനത്തിൽ കൂടുതൽ താൽപര്യം ജനിക്കാൻ പ്രസ്തുത കോഴ്സ് സഹായകമായി, ഐഇഎഡബ്ല്യുപി (International Association of Educators for World Peace) യുടെ ഇൻ്റർനാഷണൽ ചാപ്റ്റർ ചെയർമാനായിരുന്നു അദ്ദേഹം. ഇന്ത്യാ ചാപ്റ്ററിൻ്റെ ചെയർമാനും കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന പ്രവർത്തക സംഗമം മാവുങ്കാൽ ആനന്ദാശ്രമത്തിൽ നടന്നിട്ടുണ്ട്. അതിന് നേതൃത്വം കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനായിരുന്നു. 

പിള്ള സാറിൻ്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് എ ഹമീദ് ഹാജി ജില്ലയിലെ ഏറ്റവും നല്ല സമാധാന പ്രവർത്തകനെ കണ്ടെത്തി എ ഹമീദ് ഹാജി എൻഡോവ്മെൻ്റ് അവാർഡ് നൽകി വരുന്നു. കെ.എം. അഹമ്മദ്, ഡോ: കെ.ജി. പൈ, യോഗാചാര്യൻ എ രാമൻ മാഷ്, തൃക്കരിപ്പൂരിലെ എഞ്ചിനീയർ എം.ടി.പി അബ്ദുൾ ഖാദർ എന്നിവർ പ്രസ്തുത അവാർഡ് നേടിയവരിൽ ചിലരാണ്. സാക്ഷരത പരിപാടിയുടെ ഭാഗമായി അവിടങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ കെനിയയിൽ ചെന്നപ്പോൾ ഓരോ വീട്ടിനു മുന്നിലും അവരുടെ ഭാഷയിൽ 'ഹരാംബി' എന്നെഴുതിവെച്ചത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ട കാര്യവും അതിൻ്റെ ഇംഗ്ലീഷ് പരിഭാഷ 'We are one' എന്നാണെന്നും പ്രവർത്തകരായ ഞങ്ങൾക്കു പറഞ്ഞു തന്നത് ഇന്നും മായാതെ മനസ്സിലുണ്ട്.

ഇതിൻ്റെ അടിസ്ഥാനത്തിൽ കാൻഫെഡ് 'നാം ഒന്ന്' എന്ന് പ്രിൻ്റ് ചെയ്ത പോസ്റ്റർ കേരളമാകെ പ്രചരിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തെ ഏറ്റവും നന്നായി പ്രവർത്തിച്ച പ്രൊജക്ട് ഓഫീസുകൾ കണ്ടെത്താനുള്ള സർക്കാർ നിശ്ചയിച്ച കമ്മറ്റിയുടെ ചെയർമാൻ ഡോ. ശിവദാസൻ പിള്ളയായിരുന്നു. 1992 ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോജക്ട്  ഓഫീസ് കാസർകോട് ജില്ലയിലെ നീലേശ്വരം പ്രൊജക്ട് ഓഫീസാണെന്നും ബെസ്റ്റ് പ്രോജക്ട് ആഫീസർ കൂക്കാനം റഹ്മാൻ ആണെന്നും കണ്ടെത്തിയതിൽ ഇന്നും എനിക്ക് അഭിമാനമുണ്ട്.

തിരുവനന്തപുരം വേളിയിൽ വെച്ചു നടന്ന കാൻഫെഡ് പ്രവർത്തക സെമിനാറിൽ വെച്ചാണ് ലോക പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ. എൻ.പി പിള്ള സാറിനെ നേരിട്ടു പരിചയപ്പെടുന്നത്. നിരക്ഷരതാ നിർമ്മാജന പ്രവർത്തനത്തിന് നമുക്കു ഒന്നിച്ചു തുഴയാം എന്ന അദ്ദേഹത്തിൻ്റെ നിർദ്ദേശം എൻ്റെ മനസ്സിൽ തട്ടി. നമ്മളിൽ നിന്നെല്ലാം എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിൻ്റെ ചിന്തയും പ്രവർത്തനങ്ങളും എന്നതിനാൽ സാധാരണ പ്രവർത്തകരായ ഞങ്ങൾ അകലം പാലിച്ചാണ് അദ്ദേഹത്തോട് ഇടപഴകാറുള്ളത്. പക്ഷേ ആ വലിയ മനുഷ്യൻ്റെ എളിമ ഒരു സംഭവത്തിലൂടെ എനിക്ക് ബോധ്യം വന്നു. 

1985 ൽ ഞാൻ തലശ്ശേരി ട്രൈനിംഗ് കോളേജിൽ ബി.എഡ് ചെയ്യുകയായിരുന്നു. ഞാൻ പ്ലാനിംഗ് ഫോറം കൺവീനറായിരുന്നു. അന്നത്തെ പ്രിൻസിപ്പാൾ പ്രൊഫ ടി.സി മാധവപണിക്കരും, ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റ് ഹെഡ് പ്രൊഫ. കെ വി നാരായണൻ സാറും കോളേജിൽ ഒരു പരിപാടിക്ക് ഡോ. എൻ പി പിള്ളയെ പങ്കെടുപ്പിക്കാൻ പറ്റുമോയെന്ന് എന്നോട് അന്വേഷിച്ചു. ഞാൻ അന്ന് തന്നെ ഡോ. എൻ പി പിള്ള സാറിനെ വിളിച്ചു. സാർ വരാമെന്നേറ്റു. അദ്ദേഹം വന്നു. പ്രസംഗത്തിനിടെ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞതിങ്ങിനെ 'പ്രായം കൊണ്ട് കൂക്കാനം എന്നെക്കാൾ ചെറുതാണെങ്കിലും ഞങ്ങൾ സുഹൃത്തുക്കൾ ആണ്' എന്നാണ്. ഇത് കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന സുഹൃത്തുക്കൾ കയ്യടിച്ചു. ഇതും മറക്കാൻ പറ്റാത്ത ഓർമ്മയായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia