അധ്യാപകരുടെ ഗുരു, കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ; അറിവിലൂടെ സാമൂഹിക നന്മ പ്രചരിപ്പിച്ച ജീവിതം


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 32 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം വിരമിച്ചു.
● വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
● വിവിധ സംഘടനകളുടെ സ്ഥാപകാംഗമായും ഭാരവാഹിയായും പ്രവർത്തിച്ചു.
● സാമൂഹിക നന്മയ്ക്കായി അക്ഷര പുലരിക്ക് നേതൃത്വം നൽകി.
● ജീവിതാനുഭവങ്ങൾ പങ്കുവെച്ച് മാതൃകയായി.
കനിവുള്ള മനുഷ്യർ ഭാഗം 4/ കൂക്കാനം റഹ്‌മാൻ
(KVARTHA) ആയിരത്തിലേറെ അധ്യാപകരെ വാർത്തെടുത്ത അധ്യാപകരുടെ ഗുരു, കരിവെള്ളൂർ ബസാറിനടുത്ത് താമസിക്കുന്ന കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് ആദരം. നാട്ടുകാർക്കെല്ലാം പ്രിയങ്കരനാണ് അദ്ദേഹം. മുഖത്ത് എപ്പോഴും വിരിയുന്ന പുഞ്ചിരിയും കൃത്യതയോടെയുള്ള സംസാരവും ആരെയും ആകർഷിക്കും. അരക്കയ്യുള്ള തൂവെള്ള ഷർട്ടിലും മുണ്ടിലും മാത്രമേ അദ്ദേഹത്തെ കാണാറുള്ളൂ.

1966-ൽ നീലേശ്വരം ശ്രീ നാരായണ ബേസിക് ട്രെയിനിങ് സ്‌കൂളിൽ അധ്യാപകനായിട്ടാണ് കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 20 വർഷം അധ്യാപകനായും 12 വർഷം പ്രധാനാധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1998 മാർച്ച് 31 വരെയുള്ള സർവീസ് കാലയളവിൽ സംസ്ഥാന തലത്തിൽ വിവിധ വിദ്യാഭ്യാസ മേഖലകളിൽ മികച്ച റിസോഴ്‌സ് പേഴ്‌സണായി അംഗീകാരം നേടി.
1966-ൽ ടീച്ചർ എഡ്യൂക്കേറ്ററായി സർവീസിൽ പ്രവേശിച്ച അദ്ദേഹം, 32 വർഷത്തെ സേവനത്തിനിടയിൽ 32 ഇൻസർവീസ് കോഴ്‌സുകളിലും 51 കരിക്കുലം സിലബസ് പരിഷ്‌കരണ വർക്ക്‌ഷോപ്പുകളിലും സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ എന്ന നിലയിൽ 15 പരിപാടികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ നൽകിയ ഇത്തരം പരിശീലനങ്ങൾ അറിവും വിജ്ഞാനവും കുട്ടികളിൽ എളുപ്പത്തിൽ എത്തിക്കാൻ സഹായകമായിട്ടുണ്ടെന്ന് അനുഭവത്തിലൂടെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
1942-നും അതിനും മുൻപും ജനിച്ച കരിവെള്ളൂരുകാർക്ക് ഉയർന്ന വിദ്യാഭ്യാസം ലഭിക്കുക അസാധ്യമായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള മാതാപിതാക്കളുടെ മക്കൾക്ക് മാത്രമേ അന്ന് അത് സാധ്യമായിരുന്നുള്ളൂ.
കുഞ്ഞികൃഷ്ണൻ എന്ന ഏകമകൻ അതിൽപ്പെട്ടതുകൊണ്ട് കരിവെള്ളൂർ മാന്യഗുരു ഹയർ എലിമെന്ററി സ്‌കൂളിൽനിന്ന് ഇഎസ്എസ്എൽസിയും തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂളിൽനിന്ന് 1958-ൽ സിക്‌സ്‌ത് ഫോമും ജയിച്ചു.
അക്കാലത്ത് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന കോളേജ് വിദ്യാഭ്യാസം നേടാനും കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് ഭാഗ്യമുണ്ടായി. ഗുരുവായൂരപ്പൻ കോളേജിൽനിന്ന് പ്രീ-യൂണിവേഴ്‌സിറ്റിയും തുടർന്ന് മാത്‌സിൽ ബിഎസ്സി ഡിഗ്രിയും നേടി. 1966-ൽ ബിഎഡും 1977-ൽ എംഎഡും കരസ്ഥമാക്കി. സർവീസിൽനിന്ന് വിരമിച്ച ശേഷം നായന്മാർമൂല ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിൽ 13 വർഷം പ്രിൻസിപ്പലായി പ്രവർത്തിച്ചു.
പുളുക്കൂൽ ഗോവിന്ദനാണ് മാഷിന്റെ പിതാവ്. അദ്ദേഹം ചെറുകിട കർഷകനും ഹോട്ടലുടമയുമായിരുന്നു. കൂക്കാനത്ത് ജാനകിയാണ് മാഷിന്റെ അമ്മ. മദ്യനിരോധനം വന്നപ്പോൾ കള്ളുഷാപ്പ് നിർത്തിയാണ് അച്ഛൻ ഹോട്ടൽ കച്ചവടത്തിലേക്ക് മാറിയത്. അന്ന് കള്ള് സംഭരിക്കുന്നതിന് സംഘടിപ്പിച്ച വലിയ ചീനഭരണി മാഷ് നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.
കൂക്കാനത്ത് ഹൗസ് എന്നറിയപ്പെടുന്ന വലിയ ഇരുനില കെട്ടിടത്തിലെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉപയോഗിച്ചിരുന്ന മുറിയിൽ കമ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസ്. ഒരു ദിവസം കിടന്നുറങ്ങിയിരുന്നു എന്ന് അദ്ദേഹം അഭിമാനപൂർവം ഓർക്കുന്നു. 1956 ഡിസംബർ 20-നായിരുന്നു ആ സുദിനം.
അച്ഛൻ ഓണക്കുന്നിൽ ഒരു ചായക്കട നടത്തിയിരുന്നു. നാട്ടുകാർ ഒത്തുചേരുന്ന സ്ഥലമായിരുന്നു ആ ഹോട്ടൽ. ആടിനെ വളർത്തുന്നതും അദ്ദേഹത്തിന് ഒരു ഹരമായിരുന്നു. പ്രായമായ പലരും കുട്ടികളും ആ വീട്ടിൽ അച്ഛന്റെ ആശ്രിതരായി കഴിഞ്ഞിരുന്നു.
മാഷിനെ വീട്ടിൽ വെച്ചായിരുന്നു അമ്മ പ്രസവിച്ചത്. അന്ന് പ്രസവശുശ്രൂഷ നടത്തിയ മലയി ചിരുതൈ എന്ന സ്ത്രീയെ ആദരവോടെ മാഷ് ഇപ്പോഴും ഓർക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്.
മാഷിന്റെ ഭക്ഷണശീലവും സൗഹൃദ സംഭാഷണങ്ങളിൽ ഉൾക്കൊള്ളാറുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഒരു മേസ്ത്രി ഉണ്ടായിരുന്നു. അയാൾ നല്ല വെടിക്കാരനായിരുന്നു. പകൽ സമയങ്ങളിൽ മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ വെടിവെച്ചിടുന്നതും അതിന്റെ മാംസം ഭക്ഷിച്ചിരുന്ന കാര്യവും മാഷ് പറയാറുണ്ട്.
മത്സ്യമില്ലാതെ ഭക്ഷണം കഴിക്കുന്ന കാര്യം ചിന്തിക്കാൻപോലും കഴിയില്ല. എവിടെയെങ്കിലും യാത്ര പോയാൽ നല്ല മീൻകറി കിട്ടുന്ന ഹോട്ടൽ അന്വേഷിച്ച് അവിടെ കയറും. ഇന്നും അതിന് മാറ്റം വന്നിട്ടില്ല.
മാഷിന്റെ അച്ഛൻ എല്ലാ കാര്യത്തിലും ധൈര്യശാലിയായിരുന്നു. വർഷങ്ങൾക്കു മുൻപ് ചാലിൽ കുളിക്കുമ്പോൾ വലതുകാലിന്റെ പാദത്തിൽ എന്തോ കടിച്ചതായി തോന്നി. അന്നത് അത്ര കാര്യമാക്കിയില്ല. ക്രമേണ കാലിൽ വിട്ടുമാറാത്ത വ്രണവും ചൊറിച്ചിലുമുണ്ടായി. കാലിലെ മുറിവിൽനിന്ന് ദേഹമാസകലം വ്യാപിക്കുമെന്നുള്ള ഒരു വൈദ്യരുടെ പറച്ചിൽ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി.
പടരാതിരിക്കാനുള്ള മാർഗമെന്ന നിലയിൽ വ്രണം ബാധിച്ച നാല് വിരലുകളും സ്വയം വെട്ടിമാറ്റാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി കത്തിയെ മൂർച്ചകൂട്ടി. പോരാത്തതിന് ഒരു മുട്ടിയും സംഘടിപ്പിച്ചു. ആരുമില്ലാത്ത തക്കംനോക്കി അദ്ദേഹം ധൈര്യപൂർവം തീരുമാനം നടപ്പാക്കി.
പക്ഷേ, നടപ്പാക്കിയ അത്ര എളുപ്പമായിരുന്നില്ല ശേഷമുള്ള നിമിഷങ്ങൾ. അസഹ്യമായ വേദനയുടെ ശബ്ദം അവിടെയാകെ മുഴങ്ങി. ആളുകൾ ഓടിക്കൂടി. വൈദ്യരുടെ അടുത്തെത്തിച്ചു. തൂങ്ങിക്കിടന്ന ഭാഗം നീക്കം ചെയ്തു.
അത് ക്രമേണ കാലിനെ ബാധിക്കുകയും കുറച്ചുകാലം കഴിഞ്ഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി മുട്ടിനു താഴെ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് ജീവിതാവസാനം വരെ കൃത്രിമ കാൽ ഉപയോഗിച്ചാണ് നടന്നിരുന്നത്.
കുഞ്ഞികൃഷ്ണൻ മാസ്റ്റർ ടീച്ചർ എഡ്യൂക്കേറ്ററായി പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ വിരമിച്ചിട്ടും എൺപത്തിമൂന്നിൽ എത്തിനിൽക്കുന്ന ഈ കാലം വരെ വിവിധ സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കരിവെള്ളൂർ എ വൺ ക്ലബ് & ന്യൂസ് സെന്റർ, കരിവെള്ളൂർ ഫൈൻ ആർട്‌സ് സൊസൈറ്റി, ഇ.എം.എസ്. പഠനകേന്ദ്രം, സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ, സമ്പൂർണ സാക്ഷരതായജ്ഞം, അക്ഷര പുലരി, മടിക്കൈ പഠനോത്സവം, ജനകീയാസൂത്രണം തുടങ്ങിയവയിലെല്ലാം പ്രവർത്തകനായും സംഘാടകനായും ഔദ്യോഗിക ഭാരവാഹിയായും നിസ്തുലമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
കുഞ്ഞികൃഷ്ണൻ മാസ്റ്റർ ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെടാൻ തുടങ്ങിയത് സംഘടന നടത്തിയ ആയിരം ശാസ്ത്ര ക്ലാസുകളിൽ ക്ലാസെടുക്കാൻ നിയോഗിക്കപ്പെട്ടതു മുതലാണ്. തുടർന്ന് കരിവെള്ളൂരിൽ പരിഷത്ത് യൂണിറ്റ് രൂപീകരിച്ചപ്പോൾ അതിന്റെ പ്രസിഡന്റും തുടർന്ന് പയ്യന്നൂർ മേഖലാ പ്രസിഡന്റുമായി പ്രവർത്തിച്ചു വന്നു.
ചേടിക്കുന്ന് മുതൽ പാലക്കുന്ന് വരെ ദേശീയപാതയോരത്ത് തണൽ മരം വെച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും നേതൃത്വം നൽകിയിരുന്നു. കരിവെള്ളൂരിലെ ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്ക് ശരീരത്തിനും മനസ്സിനും കുളിരേകിയ മരങ്ങളിൽ ഒന്നുപോലും ഇന്ന് അവശേഷിക്കുന്നില്ല.
ശാസ്ത്ര പുസ്തക വിതരണത്തിലൂടെയും ബോധവൽക്കരണ ക്ലാസുകളിലൂടെയും സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്നതിൽ മാഷിന് സംതൃപ്തിയുണ്ട്.
സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന കരിവെള്ളൂർ എ വൺ ക്ലബ്ബിന്റെ സ്ഥാപകാംഗമാണ് മാഷ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ലൈബ്രറിയിലേക്ക് 125-ഓളം പുസ്തകങ്ങൾ മാഷ് സംഭാവനയായി നൽകിയിട്ടുണ്ട്. വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്ന ക്ലബ്ബിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനറായും മാഷ് പ്രവർത്തിച്ചിട്ടുണ്ട്.
അതിൽ ഏറ്റവും മികച്ചതും സാധാരണക്കാർക്ക് പ്രയോജനപ്രദവുമായ തിമിര ശസ്ത്രക്രിയാ ക്യാമ്പായിരുന്നു എന്ന് മാഷ് ഓർമിക്കുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ഓഫ്താൽമിക് മൊബൈൽ ക്ലിനിക്കിന്റെ സഹായത്തോടെയായിരുന്നു ആ ക്യാമ്പ് നടത്തിയത്. 103 പേർക്ക് ക്യാമ്പിൽ വെച്ച് വിജയകരമായി തിമിര ശസ്ത്രക്രിയ നടത്തുകയുണ്ടായി.
ക്ലബ്ബിന് നിലവിൽ ഓഫീസ് മുറി, റിക്രിയേഷൻ മുറി, വായനാമുറി, മികച്ച ലൈബ്രറി ഹാൾ, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയെല്ലാം ഒരുക്കുന്നതിൽ ക്ലബ്ബ് അംഗങ്ങളുടെ കൂട്ടായ്മയിൽ പങ്കാളിയാവാൻ കഴിഞ്ഞു എന്നുള്ളതിൽ മാഷിന് മാനസിക സന്തോഷമുണ്ട്.
1995-ലാണ് കരിവെള്ളൂർ ഫൈൻ ആർട്‌സ് സൊസൈറ്റി രൂപീകൃതമായത്. എൻ.കെ. നാരു ഉണിത്തിരി മാസ്റ്റർ പ്രസിഡന്റും ഇ.പി. ശശിധരൻ സെക്രട്ടറിയും കുഞ്ഞികൃഷ്ണൻ മാസ്റ്റർ ട്രഷററുമായുള്ള കമ്മിറ്റിയായിരുന്നു സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1987 മുതൽ 2023 വരെ മാഷായിരുന്നു സൊസൈറ്റി പ്രസിഡന്റ്. ഇപ്പോൾ രക്ഷാധികാരിയായി തുടരുന്നു.
മിക്ക ഫൈൻ ആർട്‌സ് സൊസൈറ്റികളും സാമ്പത്തിക ഞെരുക്കം കാരണം പ്രവർത്തനം നിർത്തിവെച്ചപ്പോൾ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എഫ്എഎസ്സുകളിൽ ഒന്നാണ് കരിവെള്ളൂരിലേത്. ചിട്ടയോടെയും തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെയും എഫ്എഎസിനെ നയിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്.
സംഘടനയ്ക്ക് വേണ്ടി ഓണക്കുന്നിൽ സ്വന്തമായി ഒരു മൂന്നുനില കെട്ടിടം പണിതുയർത്താൻ കഴിഞ്ഞു എന്നുള്ളതും അഭിമാനത്തോടെ മാഷ് ഓർമിക്കുന്നു. 1986-ൽ ലക്ഷദ്വീപിൽ റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
കരിവെള്ളൂരിൽ സ്ഥാപിതമായ ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെയും സാമ്പത്തികവശം കൈകാര്യം ചെയ്തത് സംഘത്തിന്റെ ട്രഷറർ എന്ന നിലയിൽ കുഞ്ഞികൃഷ്ണൻ മാസ്റ്റർ തന്നെയാണ്. ഇ.എം.എസുമായി നിരന്തര ബന്ധമുള്ള കരിവെള്ളൂരിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ സംബന്ധിച്ച പഠനവും പ്രവർത്തനവും സംഘടിപ്പിക്കുക എന്നതായിരുന്നു പഠനകേന്ദ്രത്തിന്റെ ലക്ഷ്യം.
ഇന്നും തുടർച്ചയായി സംവാദങ്ങളും, ചർച്ചകളും, പ്രഭാഷണങ്ങളും കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്. പഠനകേന്ദ്രത്തിനുവേണ്ടി പൊതുജനങ്ങളിൽനിന്നും ലഭിച്ച സംഭാവന ഉപയോഗിച്ച് നിർമിച്ച കെട്ടിടം കരിവെള്ളൂർ രക്തസാക്ഷി നഗറിൽ തലയുയർത്തി നിൽപ്പുണ്ട്.
സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷന്റെ കരിവെള്ളൂർ യൂണിറ്റ് സ്ഥാപക പ്രസിഡന്റാണ് കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ. ഇപ്പോൾ അതിന്റെ പ്രവർത്തനത്തിൽനിന്ന് മാഷ് വിട്ടുനിൽക്കുകയാണ്.
കേരളത്തിൽ അതിശക്തമായി പ്രവർത്തിച്ചുവന്ന സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ കീ റിസോഴ്‌സ് പേഴ്‌സണായി മാഷ് പ്രവർത്തിച്ചിട്ടുണ്ട്. ഔദ്യോഗികമായി കാസർകോട് ജില്ലയിലാണ് പ്രവർത്തിച്ചിരുന്നത് എന്നതിനാൽ പ്രസ്തുത പ്രവർത്തനത്തിന്റെ മുഖ്യചുമതലയും കാസർകോട് ജില്ലയിലായിരുന്നു.
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ട് ‘അക്ഷരപുലരി’ എന്നൊരു പരിപാടിയുടെ മുഖ്യ ചുമതലക്കാരനായിരുന്നു കുഞ്ഞികൃഷ്ണൻ മാസ്റ്റർ. പുറത്ത് ആളുകളെ സാക്ഷരരാക്കുമ്പോൾ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അക്ഷരം അറിയാത്ത അവസ്ഥ ഉണ്ടാകുന്നു എന്ന ചർച്ച പൊതുമണ്ഡലങ്ങളിലുണ്ടായി.
അതിനു പരിഹാരം കാണാൻ സ്കൂളുകളിൽ അക്ഷരവിദ്യാഭ്യാസം സജീവമാക്കാനാണ് വിദഗ്ദ്ധരുടെ നേതൃത്വത്തിൽ അക്ഷര പുലരി പദ്ധതിക്ക് രൂപം കൊടുത്തത്. അതിനുള്ള കൈപ്പുസ്തകം തയ്യാറാക്കാനും അച്ചടിക്കാനുമുള്ള ചുമതലയും മാഷിനായിരുന്നു.
അന്നത്തെ ജില്ലാ കളക്ടർ പി. കമാൽ കുട്ടി, എ.ഡി.സി. വി.എൻ. ജിതേന്ദ്രൻ, ഡയറ്റ് പ്രിൻസിപ്പൽ ഒ.എം. ശങ്കരൻ എന്നിവരുടെ സജീവ സഹകരണവും ആ പരിപാടിക്കുണ്ടായി. കാസർകോട് ജില്ലയിൽ തുടങ്ങിയ അക്ഷരപുലരി സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നടപ്പാക്കുകയുണ്ടായി. 1991-92 വർഷം മുഴുവൻ കുഞ്ഞികൃഷ്ണൻ മാസ്റ്റർ അക്ഷരപുലരി പ്രവർത്തനവുമായി ഓടി നടന്നു.
മടിക്കൈ പഠനോത്സവവും വേറിട്ടൊരു പഠന പ്രവർത്തനമായിരുന്നു. പല വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മറ്റുള്ളവരോടൊപ്പം എത്തിക്കാനുള്ള പരിപാടിയാണിത്. ജില്ലയിൽ മടിക്കൈ പഞ്ചായത്തിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്. കുട്ടികളുടെ സ്വയം പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള രീതിയാണ് ഇതിന് അവലംബിച്ചത്.
സ്കൂളുകളിലെ അധ്യാപകരെയും വിദഗ്ദ്ധരെയും പങ്കെടുപ്പിച്ച് ഓരോ മാസവും നടത്തേണ്ട പ്രവർത്തനങ്ങൾക്ക് രൂപരേഖ ഉണ്ടാക്കി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേക്കും അയച്ചുകൊടുക്കും. അതിനായി അധ്യാപകരെ പ്രാപ്തരാക്കാൻ ശില്പശാലകൾ സംഘടിപ്പിച്ചു. ഇതിനുള്ള അക്കാദമിക് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചത് മാഷാണ്.
ജനകീയാസൂത്രണ പരിപാടിയിലും മാഷ് സജീവമായിരുന്നു. സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായും കില ഫാക്കൽറ്റി മെമ്പറായും പ്രവർത്തിച്ചു. സ്വന്തം പഞ്ചായത്തിൽ ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷനായി പ്രവർത്തിക്കാനും മാഷിന് അവസരം ലഭിച്ചു.
1991-ൽ മാഷിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി. പി.പി. നളിനിയാണ് ഭാര്യ. ദീപ, രൂപ, ദിലീപ് എന്നിവരാണ് മക്കൾ.
നിങ്ങളുടെ ജീവിതത്തിലെ ഒരു നല്ല ഗുരുവിനെ ഓർക്കുന്നുണ്ടോ? കുഞ്ഞികൃഷ്ണൻ മാസ്റ്ററെക്കുറിച്ച് ഈ കുറിപ്പ് വായിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ.
Article Summary: A tribute to K Kunhikrishnan Master, a beloved teacher from Karivellur.
#Kasaragod #Kerala #Teacher #Tribute #Education #KunhikrishnanMaster