Heritage | ചരിത്രം ഉറങ്ങുന്ന കൂക്കാനം

 
The Timeless Heritage of Kookkanam
The Timeless Heritage of Kookkanam

Representational Image Generated by Meta AI

● കൂക്കാനം ഒരു കാലത്ത് മൂഷക രാജവംശത്തിന്റെ ഭാഗമായിരുന്നു.
● പുരാതന ശവക്കല്ലറകളും മറ്റു ചരിത്രപരമായ ശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്.
● കൂക്കാനം മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ ഭാഗമായിരുന്നു.

കൂക്കാനം റഹ്‌മാൻ

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം, ഭാഗം - 43

 (KVARTHA)മൂവായിരം വർഷം മുമ്പ് കൂക്കാനം എന്ന പ്രദേശം നാഗരിക സംസ്ക്കാരിക കേന്ദ്രമായിരുന്നു എന്ന ഗവേഷകരുടെ കണ്ടെത്തൽ തികഞ്ഞ ആത്മാഭിമാന ത്തോടെയാണ് കൂക്കാനം നിവാസികൾ വായിച്ചറിഞ്ഞത്. മൂഷകരാജവംശത്തിൽപെട്ട നന്ദനുമായി ബന്ധപ്പെടുത്തി തമിഴ് കൃതികളിൽ പരാമർശിക്കുന്ന 'കൊൺകാന' മാണ് കൂക്കാനമായിത്തീർന്നതെന്നും ഗവേഷകർ അനുമാനിക്കുന്നു. കൂടാതെ പുത്തുർ മുതൽ ഏഴിമലവരെയുളള നാഗരിക സമൂഹത്തിന്റെ കേന്ദ്രമായിരിക്കണം കൂക്കാനമെന്നു കൂടി ഗവേഷകർ നിരിക്ഷിക്കുന്നു.

 The Timeless Heritage of Kookkanam

കുക്കാനത്തെ കുളിപ്പാറയിലും സമീപ പ്രദേശങ്ങളിലും കണ്ടെത്തിയ ശവക്കല്ലറകളുടെ സമുച്ചയം വിലയിരുത്തിയാണ് ഈ പ്രദേശത്തിന്റെ പൂർവ്വകാല ശ്രേഷ്ഠതകളെ വിലയിരുത്തിയത്. പാറച്ചിത്രങ്ങൾ, കുടക്കല്ലുകൾ, കൽവൃത്തങ്ങൾ, പഴുതറകൾ എന്നിവയുടെ കാലപ്പഴക്കം ഗണിച്ചാണ് അതിനനുസമായ നാഗരിക സമൂഹം ഇവിടങ്ങളിലുണ്ടായിട്ടുണ്ട് എന്ന് പഠനത്തിലൂടെ വെളിപ്പെടുത്തിയത്. ഇന്നത്തെ കൂക്കാനം നിവാസികൾക്ക് വളരെ സമ്പുഷ്ടമായ ഒരു പൂർവ്വകാല ചരിതമുണ്ടെന്നത് അഭിമാനത്തിനും അതിലേറെ ആഹ്ലാദത്തിനും വഴി നൽകുന്നു.

പ്രേതമെന്ന വാക്കിന്റെ നാടൻ പദപ്രയോഗമാണ് കൂളി. പ്രാചീനകാലത്തെ ശവക്കല്ലറകൾ ഇവിടെ നിർമ്മിച്ചത് കൊണ്ടാവാം, പ്രസ്തുത കുന്നിന് കൂളിക്കുന്ന് എന്ന് പേരുവന്നത്. ഇത്രയും സാംസ്ക്കാരിക പെരുമയുളള ഒരു നാട് വിസ്മൃതിയിലാവുകയും പുതിയൊരു ജനത ഇവിടെ ഉദയം ചെയ്തിട്ടുമുണ്ടാകാം. അതിന്റെ പിൻതലമുറക്കാരാണ് ഇന്നത്തെ കൂക്കാനം നിവാസികൾ. അറുപത് കൊല്ലം മുമ്പത്തെ കൂക്കാനത്തിന്റെ ചിത്രം എന്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നുണ്ട്. അപരിഷ്കൃതരായിരുന്നു ജനങ്ങൾ. ഹൃദയ വിശാലതയുളള മനുഷ്യരാണ് ഇവിടുത്തുകാർ. ഹിന്ദുക്കളാണ് ഭൂരിപക്ഷം. രണ്ട് മൂന്ന് മുസ്ലിം കുടുംബങ്ങളെ ഇവിടെ ഉണ്ടായിരുന്നുളളൂ.

ഹിന്ദു വിഭാഗത്തിൽ മിക്ക ജാതികളും ഇവിടെ അധിവസിച്ചിരുന്നു. തീയ്യരാണ് ഭൂരിപക്ഷം. ഓരോ ജാതിക്കും നിശ്ചയിക്കപ്പെട്ട കുലത്തൊഴിലെടുത്തായിരുന്നു ജീവിതം മാർഗ്ഗം കണ്ടെത്തിയത്. തീയ്യർ കളളുചെത്തിയും, വാണിയർ എണ്ണ ആട്ടലിലും, കൊല്ലൻ ഇരുമ്പ് പണിയിലും, മുശാരി ഓട് വാർപ്പിലും, പുലയർ പായനെയ്തിലും, മാവിലർ കൊട്ട മെടയലിലും വണ്ണാൻ അലക്കു പണിയിലും, ചെരുപ്പുകുത്തികൾ ചെരുപ്പുതുന്നലിലും, കാവുതിയർ ക്ഷുരക ജോലിയിലും, മുഴുകിയതായി കൃത്യമായി ഓർക്കുന്നുണ്ട്. ഈ പറയുന്ന ജാതികൾ മാത്രമെ കൂക്കാനത്തുണ്ടായിരുന്നുളളൂ. ഇതിൽ തിയ്യ വിഭാഗം കഴിഞ്ഞാൽ മറ്റുളളവരുടെ രണ്ടോ മൂന്നോ വീടുകളെ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

ഈ വിഭാഗങ്ങളൊക്കെ കാർഷിക രംഗത്തും പണിചെയ്യും. കുലത്തൊഴിലിനു പുറമേ പൊതു ജോലിയായി കൃഷി പണിയെ കണ്ടു. കന്നു പൂട്ടലും, കിളയും നിലമൊരുക്കലും, വിത്തു വിതയും, കൊയ്ത്തും എല്ലാവരും കൂടെയാണ് ചെയ്തിരുന്നത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗം വിശാലമായ നെൽ പാടങ്ങളായിരുന്നു. ഒരുപ്പുവിളയും ഇരുപ്പുവിളയും കൃഷി ചെയ്യുന്ന വയലുകളായിരുന്നു ഇവ. വിദ്യാസമ്പന്നർ എന്നു പറയാൻ കൂക്കാനത്തു ജനിച്ചു വളർന്നവർ ആരും ഉണ്ടായില്ല. കണ്ണൂരിൽ നിന്ന് കുടിയേറി പാർത്ത പുത്തൂരിലെ മുകുന്ദൻ മാഷും കൗസല്യ ടീച്ചറും മാത്രമായിരുന്നു അക്കാലത്തെ വിദ്യാസമ്പന്നർ. പിന്നീട് ഞങ്ങളുടെയൊക്കെ പ്രിയങ്കരനായ ഗുരുനാഥൻ കെ കുമാരൻ മാഷും അതിനു പിന്നാലെ കെ നാരായണൻ മാസ്റ്റർ, കെ.പി വെളുത്തമ്പു മാസ്റ്റർ എന്നിവരും അധ്യാപകരായി ഉണ്ടായി.

കയ്യാലകളും മതിൽക്കെട്ടുകളും നിർമ്മിച്ചു മനുഷ്യരെ തമ്മിൽ അകറ്റി നിർത്തിയിരുന്നില്ല. ആർക്കും എവിടെയും എപ്പോഴും കടന്നു ചെല്ലാം. മാങ്ങയും ചക്കയും പരസ്പരം പങ്കുവെക്കാം. പട്ടിണി മാറ്റാൻ പ്രധാന ഭക്ഷണം ചക്കയും മാങ്ങയും മറ്റുമായിരുന്നു അക്കാലത്ത്. ചക്കക്കുരു മണ്ണിൽ പൂഴ്ത്തി വർഷകാലത്ത് വറുത്തു തിന്നുമായിരുന്നു. ദരിദ്ര്യ ജീവിതമായിരുന്നു നാട്ടുകാരുടേത്. രാവിലെ കുളുത്തതും ഉച്ചയ്ക്ക് കഞ്ഞിയും, രാത്രി ചോറും ഇതാണ് ഭക്ഷണ ക്രമം. പൊടമുറിക്കല്യാണമായിരുന്നു അക്കാലത്തേത്. ചെറുക്കൻ പെണ്ണിന് പുടവ കൈമാറിയാൽ കല്യാണമായി.

ചെക്കൻ പെണ്ണിന്റെ വീട്ടിലേക്ക് രാത്രി സമയത്ത് വരും. പടിഞ്ഞാറ്റയിൽ ആണ് അക്കാലത്തെ നവവധു വരന്മാരുടെ കിടപ്പുമുറി. ചൂട്ടും കത്തിച്ചാണ് വരന്റെ വരവ്. നേരം പുലരും മുമ്പേ അവൻ തിരിച്ചു സ്വന്തം വീട്ടിലെത്തും. വസ്ത്രധാരണവും ലളിതമാണ്. ആണുങ്ങൾ മുട്ടോളമെത്തുന്ന തോർത്തും, പെണ്ണുങ്ങൾ ഒരണ പുടവയും ധരിക്കും. സ്ത്രീകൾ മാറുമറക്കാറില്ലായിരുന്നു. അക്കാലത്ത് മൂന്ന് കച്ചവട പീടികകളാണുണ്ടായിരുന്നത്. കാരിക്കുട്ടി, കുറുക്കൻ ഗോവിന്ദൻ, മുഹമ്മദ് എന്നിവരാണ് കച്ചവടക്കാർ. സാധനത്തിനു പകരം സാധനം നൽകുന്ന സമ്പ്രദായമാണ് കൂടുതലും ഉണ്ടായിരുന്നത്. നെല്ലും, തേങ്ങയും, കുരുമുളകും, അടക്കയും, കശുവണ്ടിയും പീടികയിൽ കൊടുക്കും, ആവശ്യ സാധാനങ്ങൾ വാങ്ങും.

ഇടവഴികൾ മാത്രമെ ഉണ്ടായിരുന്നുളളു. ഇടുങ്ങിയ നടവഴിയെ കിള എന്നാണ് വിളിച്ചിരുന്നത്. കരിവെളളൂർ, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ വിറക്, പുല്ല് എന്നിവ ശേഖരിക്കാൻ പുത്തൂർ, ചീമേനി ഭാഗങ്ങളിലേക്ക് പോകേണ്ടത് കൂക്കാനം ഭാഗത്തു കൂടിയാണ്. ഇരു സ്ഥലങ്ങളിലെ ജനങ്ങളും കടന്നു പോകുന്ന വഴിയിൽ ചുമടുതാങ്ങിയും, തണ്ണീർ പന്തലും ഒരുക്കി കുക്കാനത്തുകാർ പണ്ടു മുതലേ നന്മ കാണിച്ചവരായിരുന്നു. കല്ലിടാമ്പിയുളള സ്ഥലത്ത് വഴിയാത്രികർക്ക് സഹായകമായ വിധത്തിൽ വഴിവിളക്കു വെച്ചും അവർ നന്മകാണിച്ചു. വടക്കുളള പുത്തൂർ കുന്നുകളും കിഴക്കുളള കൂളിക്കുന്നും, പടിഞ്ഞാറുളള പാടങ്ങളും, തെക്കുളള പലിയേരിക്കൊവ്വലും കൂക്കാനത്തെ മനോഹരമാക്കി തീർത്തിരുന്നു.

പൂർവ്വകാല സംസ്കൃതിയുടെ നന്മകൊണ്ടാവാം ഇവിടുത്തുകാർ പരസ്പരം സ്നേഹത്തിലും, സാഹോദര്യത്തിലും, സഹകരണത്തിലും ജീവിച്ചു പോന്നു. ജാതിയിലും വർഗ്ഗത്തിലും വ്യത്യസ്തരാണെങ്കിലും സമഭാവനയോടെ സകലരും കൊണ്ടും കൊടുത്തും ജീവിച്ചു വന്നിരുന്നു. എല്ലായിടത്തും സംഭവിച്ചു കൊണ്ടിരിക്കുന്ന പോലെ കൂക്കാനവും മാറ്റത്തിന്റെ പാതയിലാണിന്ന്. ഇടവഴികൾ ടാറിട്ട റോഡുകളായും, പുല്ലുമേഞ്ഞതും ഓടിട്ടതുമായ വീടുകൾ കോൺക്രീറ്റ് സൗധങ്ങളായും മാറി. നിരക്ഷരത സാക്ഷരതയ്ക്ക് വഴിമാറിക്കൊടുത്തു. ലളിത ജീവിത ശൈലി കുറച്ചു കൂടി ആഡംബരതയിലേക്ക് നീങ്ങി. വിദ്യാലയവും, സാംസ്ക്കാരിക കേന്ദ്രങ്ങളും നാട്ടിൽ സ്ഥാപിതമായി.

മുനിഞ്ഞു കത്തി നിന്ന മണ്ണെണ്ണ വിളക്കുകൾ അപ്രത്യക്ഷമായി, വൈദ്യുതി വീടുകളെ പ്രഭാപൂരിതമാക്കി. ഉയർന്ന വിദ്യാഭ്യാസം നേടിയവർ ലോകത്തിന്റെ പല കോണുകളിലും എത്തപ്പെട്ടു. കൂക്കാനത്തിന് പുതിയൊരു മുഖം കൈവന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കവികളും കലാകാരന്മാരും, എഴുത്തുകാരമൊക്കെ കൂക്കാനത്ത് പഴയ കാലം മുതൽ ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ അറിയപ്പെടുന്ന സയന്റിസ്റ്റ് പി കൃഷ്ണൻ, അദ്ദേഹത്തിന്റെ സഹോദരൻ ജനകീയ ഡോക്ടർ പി ജനാർദ്ദനൻ, മുൻ ഡൽഹി യുണിവേഴ്സിറ്റി ചെയർമാനും ഓൾ ഇന്ത്യാ കിസാൻ സഭാ ജോ. സെക്രട്ടറിയുമായ ഡോ. വിജു കൃഷ്ണൻ, കേരളത്തിൽ മുഴുക്കെ അറിയപ്പെടുന്ന സുരേന്ദ്രൻ കൂക്കാനം, ആദ്യത്തെ ഹൈസ്കൂൾ അധ്യാപകനും കലാകരനും നടനുമായ കെ ജി കൊടക്കാട്, സംസ്ഥാന തലത്തിൽ അധ്യാപക സംഘടനാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എൻ കെ പ്രഭാകരൻ മാസ്റ്റർ എന്നിവർ കൂക്കാനത്തിന്റെ അഭിമാനഭാജകങ്ങളാണ്. മൂവായിരം വർഷങ്ങൾക്കപ്പുറം ഉണ്ടായി എന്നു പറയപ്പെടുന്ന നാഗരിക സംസ്കൃതി വീണ്ടും ഇവിടെ പുനർ ജനിക്കുമെന്ന് ഇത്തരം അനുഭവങ്ങൾ കാണു മ്പോൾ തോന്നിപ്പോവുകയാണ്.

 

അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ, ഈ ലേഖനം ഷെയർ ചെയ്യാനും മറക്കരുത്!

Kookkanam, an ancient settlement dating back 3,000 years, was once a thriving cultural and urban center. Archaeological findings such as burial sites, rock engravings, and stone circles provide insights into its past. The region, once a hub of traditional occupations, has transformed over time while retaining its rich heritage.

 

#Kookkanam #History #Heritage #KeralaCulture #AncientIndia #Archaeology

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia