Teach | വീട്ടിൽ വന്നവർക്കും വീട്ടിൽ ചെന്നും പഠിപ്പിച്ചു


പഴയ ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മനസിലുദിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 13)
(KVARTHA) ഇങ്ങിനെ ഒരു കാലമുണ്ടായിരുന്നു. പഴയ ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ മനസിലുദിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. ഞാൻ പതിനേഴുകാരൻ. പ്രീഡിഗ്രി കഴിഞ്ഞു വീട്ടിലിരിക്കുന്നു. രണ്ടു ഏഴാം ക്ലാസുകാരായ കുട്ടികൾ എന്നെ സമീപിക്കുന്നു. ഓമനയും നാരായണനും. 'ഞങ്ങൾക്ക് കുറച്ച് ഇംഗ്ലീഷും കണക്കും പഠിപ്പിച്ചു തരുമോ? ക്ലാസിൽ പഠിപ്പിക്കുന്നത് മനസ്സിലാവുന്നില്ല'. ഞാൻ ഉടനെ മറുപടി പറഞ്ഞു, 'നിങ്ങൾ വീട്ടിലേക്ക് വന്നോളൂ ഞാൻ പഠിപ്പിക്കാം'.
ഈ രണ്ടു കുട്ടികളും പലിയേരിയിലാണ് താമസം. സ്കൂളിൽ പോകുന്നതിന് മുമ്പ് അവർ എൻ്റെ വീട്ടിലേക്ക് വരാമെന്നേറ്റു. എനിക്ക് പഠിപ്പിക്കാൻ വളരെ ഇഷ്ടവും താൽപര്യവുമായിരുന്നു. ഞാൻ താമസിക്കുന്ന പഴയ തറവാടുവീട്ടിൽ സൗകര്യമൊന്നുമില്ല. അവർ കൊട്ടിലപ്പുറമുള്ള തിണമേലിരിക്കും. അവരുടെ അടുത്തിരുന്ന് ഞാൻ പാഠഭാഗങ്ങൾ പറഞ്ഞു കൊടുക്കും. എഴുതാനുള്ള സൗകര്യത്തിന് മീത്തലെ കൊട്ടിലിലുള്ള പത്തായത്തിനടുത്ത് വന്നു എഴുതും. ഞാൻ പത്തായത്തിന് മുകളിലും അവർ താഴെയും.
ഏഴാം ക്ലാസുകഴിയുന്നതുവരെ അവർ വന്നിരുന്നു. 1967 ലെ സംഭവമാണിത്. ഓമന വിവാഹിതയായി മക്കളും കുഞ്ഞുമക്കളുമായി ജീവിക്കുന്നു. എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കുന്ന മുഖമാണ് ഓമനയുടേത്. ഇടയ്ക്ക് ഇപ്പോഴും കാണാറുണ്ട്. കറുത്ത് തടിച്ച ശരീര പ്രകൃതിയുള്ള കുട്ടിയായിരുന്നു നാരായണൻ. അവൻ ഉശിരുള്ള കർഷകനാണ്. കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിച്ചു വരുന്നു.
എൻ്റെ അകന്ന ബന്ധുവായ അബ്ദുൽ ഖാദറിനെയും പഠിപ്പിക്കാനുള്ള അവസരം എനിക്കുണ്ടായി. കക്ഷി എനിക്കു മൂന്നു വയസിന് മൂത്തതാണ്. പല അസുഖങ്ങളും മൂലം സ്കൂളിൽ ചേർക്കാൻ വൈകി. വയസ് കുറച്ചാണ് സ്കൂളിൽ ചേർത്തത്. ഉപ്പവലിയ പേരുകേട്ട മൗലവിയാണ്. സിങ്കപ്പൂരുകാരായ ബന്ധുക്കളുണ്ട്. ഏക്കർ കണക്കിന് കൃഷിസ്ഥലവും തെങ്ങിൻ തോപ്പുമുണ്ട്. എങ്ങിനെയെങ്കിലും എസ്.എസ്.എൽ.സി കടന്നു കിട്ടണം എന്ന മോഹം മൂലം കഠിനമായി ശ്രമിച്ചു. ഇംഗ്ലീഷിൽ കക്ഷി വളരെ പിന്നോക്കമാണ്. അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് പഠിപ്പിക്കാമെന്ന് ഞാനേറ്റു.
വലിയ മാളിക വീടാണ്. മുകളിലത്തെ നിലയിൽ മേശയും കസേരയുമൊക്കെ റെഡിയാക്കി വെച്ചു. ദിവസവും വൈകീട്ട് അഞ്ച് മണി മുതൽ 6.30 വരെ ക്ലാസെടുക്കും. നല്ല ചായയും പലഹാരവും കിട്ടും. അതാണ് പ്രതിഫലം. കഠിനശ്രമം മൂലം ഇംഗ്ലീഷ് വിഷയത്തിൽ മോശമല്ലാത്ത മാർക്കു വാങ്ങി എസ്.എസ്.എൽ.സി വിജയിച്ചു. അറബിക് അധ്യാപകനായി മാറിയ അദ്ദേഹം അതിനുള്ള ക്രെഡിറ്റ് എനിക്കു തരുമായിരുന്നു.
കരിവെള്ളൂർ നോർത്ത് സ്കൂളിൽ അധ്യാപകനായിരിക്കേ ഒരു ദിവസം പ്രായം ചെന്ന ഒരമ്മ വെളുത്ത് തടിച്ചുരുണ്ട ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച് സ്കൂളിലെത്തി. 'ഇവൾ എൻ്റെ കൊച്ചുമോളാണ്. ബോംബെയിലാണ് ജനിച്ചതും പഠിച്ചതും. ഇവൾക്ക് മലയാളം സംസാരിക്കാനും എഴുതാനും വായിക്കാനും അറിയില്ല. ഇവൾ ഹിന്ദി മീഡിയത്തിലാണ് രണ്ടാം ക്ലാസു വരെ പഠിച്ചത്. ഇവിടെ മൂന്നാം ക്ലാസിൽ ചേർക്കാൻ പറ്റുമോ മാഷേ?', ഞാൻ ഹെഡ് മാഷുമായി സംസാരിച്ചു. 'ക്ലാസിലിരിക്കട്ടെ. നോക്കിയിട്ട് വേണ്ടപോലെ ചെയ്യാം'.. അവളെ ക്ലാസിലിരുത്തി.
ഹിന്ദി പാട്ടുപാടും ഡാൻസ് ചെയ്യും. ക്ലാസിലെ മറ്റു കുട്ടികൾ പെട്ടെന്ന് ഇവളുടെ കൂട്ടുകാരായി മാറി. അടുത്ത ദിവസം ആ അമ്മ വീണ്ടും സ്കൂളിൽ വന്നു. എന്നെക്കണ്ടു. 'മാഷ്ക്ക് വീട്ടിൽ വന്ന് ഇവളെ മലയാളം പഠിപ്പിക്കാൻ പറ്റുമോ?', 'നോക്കാം' ഞാൻ പറഞ്ഞു. 'അച്ഛന്ന് ബോംബെയിലായിരുന്നു ജോലി. രണ്ടു മക്കളുണ്ടായിരുന്നു. അവിടെ തുടർന്ന് ജീവിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അമ്മയോടൊപ്പം നാട്ടിലേക്ക് വന്നതാണ്', കുട്ടിയുടെ താൽപര്യം കണ്ടപ്പോൾ ഞാൻ വരാം എന്ന് അവരോട് പറഞ്ഞു.
പുഷ്പ എന്നാണ് കുട്ടിയുടെ പേര്. സ്വന്തം പേരെഴുതാൻ അവൾ പെട്ടെന്ന് പഠിച്ചു. എല്ലാ ദിവസവും സ്കൂൾ വിട്ടതിന് ശേഷം പുഷ്പയുടെ വീട്ടിൽ ചെല്ലും. അഞ്ചു മണി വരെ ക്ലാസെടുക്കും. നാലഞ്ച് മാസം കൊണ്ട് മൂന്നാം ക്ലാസിലെ കുട്ടികളോടൊപ്പം അവരെ പോലെ മലയാളവും മറ്റു വിഷയങ്ങളും പഠിക്കാൻ കഴിഞ്ഞു. വളരെ വേഗം പഠിച്ചടുക്കാൻ പറ്റുന്ന കുട്ടിയായിരുന്നു പുഷ്പ. കാലം പെട്ടെന്ന് നീങ്ങിക്കൊണ്ടിരുന്നു. എട്ട് വയസിലെത്തിയിട്ടും മലയാള അക്ഷരമൊന്നും അറിയാത്ത പുഷ്പ പഠിച്ചുയർന്ന് മലയാളം പഠിപ്പിക്കുന്ന ഹൈസ്കൂൾ അധ്യാപികയായിട്ടാണ് സർവീസിൽ നിന്ന് പിരിഞ്ഞത്. ഇപ്പോഴും ഞാനും പുഷ്പയും ബന്ധപ്പെട്ട് സംസാരിക്കാറുണ്ട്.
അതിനിടയിൽ വേറൊരു സംഭവം കൂടി ഉണ്ടായി.ഹൈസ്കൂളിൽ 9, 10 ക്ലാസിൽ പഠിക്കുന്ന കുറച്ച് കുട്ടികൾ വന്ന് എന്നെ കാണുന്നു. അവർക്കും ഇംഗ്ലീഷ് പഠിക്കണം. അന്ന് കരിവെള്ളൂരിൽ ട്യൂട്ടോറിയൽ സ്ഥാപനങ്ങളൊന്നുമില്ല. ഞാൻ അവരുടെ ആവശ്യം പരിഗണിച്ചു. സ്കൂൾ വിട്ട് 4.30 മണിക്ക് ഞാൻ പഠിപ്പിക്കുന്ന നോർത്ത് സ്കൂളിൽ എത്തണം. 5.30 വരെ ക്ലാസെടുക്കാം. അഞ്ചാറു മാസം പ്രസ്തുത പഠന പരിപാടി നടന്നു. പഠിക്കാനായെത്തുന്ന വിദ്യാർത്ഥികൾ കരിവെള്ളൂർ ഹോട്ടലിൽ നിന്ന് ഒരു ഗ്ലാസ് ചായയും എന്തെങ്കിലും ചെറു കടിയുമായിട്ടാണെത്തിയിരുന്നത്.
1971-72കാലത്ത് നടന്ന അത്തരം അധ്യാപനത്തെക്കുറിച്ചു ഓർക്കുമ്പോൾ വല്ലാത്ത ഗൃഹാതുരത്വം തോന്നുന്നു. ഇതൊക്കെ പ്രതിഫലത്തിന് വേണ്ടി ചെയ്തതായിരുന്നില്ല. ഇതിൻ്റെയൊക്കെ തുടർച്ചയെന്നോണം കരിവെള്ളൂരിൽ റൂറൽ ഫംഗ്ഷണൽ ലിറ്ററസി പ്രോഗ്രാം മുഖേന അബ്ബാസിൻ്റെ കടയിൽ വെച്ച് വയോജന വിദ്യാഭ്യാസ ക്ലാസ് എടുത്തത് ഓർക്കുന്നു. തുടർന്ന് നടന്ന സമ്പൂർണ സാക്ഷരതായജ്ഞത്തിൻ്റെ ഭാഗമായി എൻ്റെ വീട്ടിൽ വെച്ച് സമീപ വാസികളും നിരക്ഷരരുമായ അമ്മമാർക്ക് ക്ലാസെടുത്തതും മനസിന് ഇന്നും കുളിർമ നൽകുന്നു.