കൗമാര പ്രണയത്തിന്റെ മധുരം

 


നബീസാന്റെ മകന്‍ മജീദ് (ഭാഗം - അഞ്ച്)

കൂക്കാനം റഹ്‌മാൻ

(www.kvartha.com 30.10.2021) ചെറീച്ചാന്റെ പീടികയില്‍ എന്നും തിരക്കാണ്. രാവിലെ ഏഴ് മണിക്ക് തുറക്കും. രാത്രി എട്ടു വരെ തകൃതിയായി കച്ചവടം നടക്കും. പീടികയ്ക്കു രണ്ടു മുറികളും ഒരു ഞാലിയും ഉണ്ട്. വലിയ മുറിക്ക് 15 നിരപ്പലകകള്‍ ഉണ്ട്. അതിന് ഒന്നു മുതല്‍ 15 വരെ നമ്പര്‍ ഇട്ടു വെച്ചിട്ടുണ്ട്. പിച്ചളകൊണ്ടുണ്ടാക്കിയ വലിയ താക്കോല്‍ കൊണ്ടാണ് ഇവ പൂട്ടേണ്ടതും തുറക്കേണ്ടതും. മജീദിന് ഈ താക്കോല്‍ കൊണ്ട് പ്രധാനപ്പെട്ട ഒരു ഉപയോഗവും കൂടിയുണ്ട്. താക്കോലിന്റെ അറ്റത്തുളള ദ്വാരത്തിലൂടെ വിസിലിടിക്കാന്‍ പറ്റും. സ്‌ക്കൂളില്‍ പോവാന്‍ സമയമാവുമ്പോള്‍ ചെറിച്ചയെ വിസില്‍ വിളിച്ചു വരുത്താനും ഈ താക്കോലാണ് ഉപയോഗിച്ചിരുന്നത്.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഈ പീടികയില്‍ കിട്ടും. നെല്ല്, കുരുമുളക്, തേങ്ങ, അടക്ക, വാഴക്കുല തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളൊക്കെ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ കൊണ്ടു വരും. അന്ന് ഏറ്റവും കൂടുതല്‍ വില്‍പന നടന്നിരുന്നത് റാക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉണ്ടവെല്ലം, അമോണിയ സള്‍ഫേറ്റ് എന്നിവയായിരുന്നു. നാട്ടുകാരൊക്കെ മച്ചൂനിയന്‍ എന്നു വിളിക്കുന്ന ചെറിയമ്പുവേട്ടന്‍ വ്യത്യസ്തനായ ഒരു വ്യക്തിയാണ്. നാട്ടിലെ വലിയൊരു കര്‍ഷകന്റെ മകനാണ്. സ്‌ക്കൂള്‍ വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. പക്ഷേ കളരി അഭ്യാസിയാണ്, നല്ല മെയ്ക്കരുത്തുണ്ട്. റാക്കുകുടി പ്രധാന ഹോബിയാണ്. അതിന് അച്ഛന്റെ പറമ്പില്‍ നിന്ന് തേങ്ങ മോഷ്ടിക്കും. തേങ്ങ പറിച്ചിട്ടാല്‍ ശബ്ദം ഉണ്ടാകുമെന്ന് ഭയന്ന് തെങ്ങില്‍ക്കയറി തേങ്ങ പറിച്ച് മൂന്നും നാലും തേങ്ങ പല്ലില്‍ കടിച്ച് പിടിച്ച് ഇറങ്ങും. അതുമായാണ് പീടികയില്‍ എത്തുക.പലപ്പോഴും തേങ്ങ വിളവെത്തിയിട്ടുണ്ടാവില്ല. അതിന് കിട്ടിയ പൈസ വാങ്ങിയിട്ട് റാക്കു കുടിക്കാന്‍ പോകും.
 
കൗമാര പ്രണയത്തിന്റെ മധുരം

എത്ര തവണ വിസിലടിച്ചാലും ചെറീച്ച ഒമ്പതു മണികഴിയും പീടികയിലെത്താന്‍. അത് വരേക്കും അമ്മായിയെ കെട്ടിപ്പിടിച്ച് മീത്തലേ കൊട്ടിലിലെ പത്തായത്തിന്‍ മേല്‍ കിടന്നുറങ്ങും. നബീസുമ്മ ചെറീച്ചാനെ എഴുന്നേല്‍പ്പിക്കാന്‍ പല പണിയും പയറ്റും. പുറത്തെ അലക്കു കല്ലില്‍ തുണികളൊക്കെ ശബ്ദത്തില്‍ അടിച്ച് അലക്കും. അടുക്കളയിലെ പാത്രങ്ങള്‍ ശബ്ദത്തോടെ എടുത്ത് അടുക്കിവെക്കും. വായില്‍ തോന്നിയതൊക്കെ പിറുപിറുക്കും. അതൊന്നും കക്ഷിക്ക് ഏശില്ല. ചെറിച്ച എത്തിയപാടേ മജീദ് വീട്ടിലേക്കൊരു ഓട്ടം വച്ചു കൊടുക്കും. എന്നിട്ടു വേണം കുളിയും പ്രഭാത ഭക്ഷണവുമൊക്കെ കഴിച്ച് സ്‌ക്കൂളിലേക്കോടാന്‍. നബീസുമ്മ മജീദിന് ദോശ മൂക്കു മുട്ടെ തീറ്റിക്കും. തലേന്നാളത്തെ വരട്ടി വെച്ച മത്തി ചട്ടിയില്‍ നിന്ന് നുളളിയെടുത്ത് ദോശക്കുളളില്‍ തിരുകി കൊടുക്കും, നാല് ദോശയും രണ്ട് ഗ്ലാസ് പാലും വെളളവുമൊക്കെ കുടിപ്പിച്ചേ സ്‌ക്കൂളില്‍ വിടൂ.

മജീദിന് നാലു ദോശ കിട്ടുമ്പോള്‍ അടുത്ത വീട്ടിലെ കോയ്യന്‍ ഗോവിന്ദന് അരക്കഷ്ണം ദോശയെ കിട്ടൂ. കൂടുതല്‍ കിട്ടാന്‍ അവന്‍ കരയുന്നത് പുറത്തേക്ക് കേള്‍ക്കാം. അത്രയും ദാരിദ്രമായിരുന്നു അക്കാലം. മജീദിന് ചെറീച്ചായെ തോല്‍പ്പിക്കുന്ന ഒരു പരിപാടിയുണ്ട്. 25 പൈസ (കാല്‍ ഉറുപ്പിക) പീടികയില്‍ നിന്ന് എടുക്കും. രാവിലെ പീടികയില്‍ പോകുമ്പോള്‍ മജീദ് ഷര്‍ട്ടൊന്നും ഇടാറില്ല. മുണ്ട് മാത്രമേ ഉടുക്കൂ. മുണ്ടിന്റെ കോന്തലയില്‍ 25 പൈസ കെട്ടി വെച്ച് തെറുക്കി ഉടുക്കും. കയ്യിലും ഒന്നും കാണില്ല ചെറുക്കന്‍ പൈസയൊന്നും കട്ടെടുക്കില്ല എന്നാണ് ചെറീച്ചാന്റെ വിചാരം.

ഉച്ച നേരത്തെ ഭക്ഷണത്തിനാണ് മജീദ് ഇങ്ങിനെ ചെയ്തിരുന്നത്. സ്‌ക്കൂളിന്റെ കുറച്ചു താഴെയായി നാരായണന്‍ മണിയാണിശ്ശന്റെ ചായപ്പീടികയുണ്ട്. ഉച്ച നേരത്ത് അവിടേക്കോടും. തടിച്ച കുടവയറനാണ് മണിയാണിശ്ശന്‍ മുട്ടിന് താഴെ വരെ എത്തുന്ന വെളുത്ത തോര്‍ത്തു മുണ്ട് മാത്രമേ അദ്ദേഹം ഉടുക്കൂ. തോര്‍ത്തിന്റെ വെളിയിലേക്ക് മണിയാണിശ്ശന്റെ വെളുത്ത കോണക വാലു കാണാം. നെറ്റിയില്‍ വലിയ കുങ്കുമ പൊട്ട് തൊട്ടിട്ടുണ്ടാവും. ഉച്ച സമയത്ത് സ്‌ക്കൂളിലെ അടിയോടി മാഷ്, പൊതു വാള്‍ മാഷ് കൈവേല അമ്പാടി മാഷ്, എന്നിവരും ചായ കുടിക്കാന്‍ മണിയാണിശ്ശന്റെ ഹോട്ടലില്‍ എത്തും. മാഷന്മാരൊക്കെ വരാന്തയിലെ ചാരു ബെഞ്ചിലിരുന്നാണ് ചായ കുടിക്കാറ്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായി മജീദ് മാത്രമേ ഉണ്ടാകു. മജീദിനും ചായ കുടിക്കാന്‍ വരുന്ന മറ്റുളളവര്‍ക്കും പന്തലിട്ട കളത്തില്‍ ഇട്ടിരിക്കുന്ന ബെഞ്ചിലാണ് സ്ഥാനം.

പറങ്കിയും കറിവേപ്പിലയും മറ്റും ഇട്ട് പൊരിച്ചെടുക്കുന്ന പരിപ്പുവടയുടെ മണം അവിടമാകെ പരന്നിട്ടുണ്ടാവും. വലിയ പരിപ്പുവടയായിരുന്നു അന്ന് കിട്ടിയിരുന്നത്. ഒരു വെളളച്ചായയും (പാലും വെളളം) പരിപ്പുവടയും 25 പൈസയ്ക് കിട്ടും. വയറ് നിറയും ഓടി സ്‌ക്കൂളിലെത്തിയാല്‍ കളിതന്നെ. ഓടിക്കളിയാണ് പ്രധാനം. ആറും ഏഴും ഓഫീസ് മുറിയും പുതിയ കെട്ടിടത്തിലാണ്. തെട്ടരികിലുളള കെട്ടിടത്തില്‍ നാലും അഞ്ചും, ക്ലാസുമുറികളും ഈ കെട്ടിടത്തിന്റെ അരികിലൂടെ ഓടാനാണ് മജീദിനിഷ്ടം. പന്ത്രണ്ടുകാരനായ മജീദിന് അല്പം പ്രണയം മൊട്ടിട്ടു തുടങ്ങിയ കാലമായിരുന്നു അത്. സ്‌ക്കൂളിന്റെ അടുത്ത് താമസക്കാരിയായ കൗസല്യ അഞ്ചാം ക്ലാസിലാണ്പഠിക്കുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞു വന്നാല്‍ കൗസല്യ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ വരാന്തയില്‍ തൂണും ചാരി നില്‍പ്പുണ്ടാവും.

മുട്ടോളമെത്തുന്ന പാവാടയും ഇളം മഞ്ഞ നിറമുളള ബ്ലൗസും ധരിച്ചു നില്‍ക്കുന്ന കൗസല്യയെ കാണാന്‍ നല്ല ചന്തമാണ്. മജീദിന് അവളോടെന്തോ ഇഷ്ടം തോന്നി. സംസാരിക്കാന്‍ പേടിയാണ് പക്ഷേ അവളെ കാണണം. അതിനായിട്ടു മാത്രമാണ് മജീദ് വട്ട്യന്‍ നാരായണന്റെ ഒപ്പമോ കേടന്‍പല്ലന്‍ ജനാര്‍ദ്ദനന്റെ ഒപ്പമോ ഓടിക്കളിക്കുന്നത്. ഏഴാം ക്ലാസില്‍ മജീദിനല്ലാതെ ആര്‍ക്കും പെന്നില്ല. മജീദിന് അശോക പെന്നുണ്ട്. ആ പേന കീശയില്‍ വെച്ച് എല്ലാവരും കാണത്തക്ക വിധം ഞെളിഞ്ഞു നടക്കും. ഒരു ദിവസം ഉച്ച സമയത്ത് ഓടിക്കളിക്കുമ്പോള്‍ കീശയില്‍ നിന്ന് പേന വീണു പോയി. അതാ പിറകേ നിന്ന് ഒരു വിളി. 'മജീദെ ഇതാ നിന്റെ പെന്ന്' ഹോ! കൗസല്യ പേന എന്റെ നേര്‍ക്കു നീട്ടുന്നു. സന്തോഷത്തോടെ ഓടിച്ചെന്നു വാങ്ങിച്ചു. മജീദിന് ഒരു നിധി കിട്ടിയപോലെ തോന്നി. കൗസല്യ തൊട്ട പെന്ന് മജീദിന്റെ കയ്യില്‍ കിട്ടിയപ്പോള്‍ ഒരു വലിയ സമ്മാനം കിട്ടിയ പ്രതീതി. മിണ്ടാന്‍ പറ്റാതെ ചിരിക്കാന്‍ പറ്റാതെ കൗസല്യയോടുളള പ്രണയുവുമായി മജീദ് ഏഴാം ക്ലാസ് കടന്നു പോയി. പ്രണയം മാത്രം ബാക്കിയായി.

ക്ലാസിലെ പെണ്‍കുട്ടികളോടൊന്നും സംസാരിക്കാറില്ല. അതില്‍ നീളമുളള ഒരു സുന്ദരി പെണ്‍കുട്ടിയായിരുന്നു ജാനകി. കറുത്ത ഉണ്ട കാര്‍ത്യായനി ഉണ്ടായിരുന്നു. കുമ്മി കളിക്കുന്ന ലക്ഷ്മിക്കുട്ടി ഉണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം മിണ്ടാതെ ഒപ്പമിരുന്ന് കളിക്കാതെ ഏഴാം ക്ലാസ് കടന്നു പോയി. ചെറുപ്പത്തില്‍ മജീദിന് പല പേരു വിളിയും കിട്ടിയുരുന്നു. വല്ലിച്ച മജീദിനെ 'സൂപ്പി' എന്നു വിളിക്കും. പീടികയില്‍ നിന്ന് മിക്ക സമയങ്ങളിലും ആണിവെല്ലം വായിലിട്ട് അലിയിച്ച് ഇറക്കി കൊണ്ടിരിക്കുന്ന സ്വഭാവക്കാരനായിരുന്ന മജീദിന് ചെറീച്ച ഇട്ട പേര് 'ബദ്ധപ്പ സാമി' എന്നാണ്. അയല്‍വാസി യായ ചിരുകണ്ഠന്‍ മൂസോറ് വിളിച്ചിരുന്നത് മായിന്റാലിജി എന്നാണ്. ഇതിനൊക്കെ ഓരോ കാരണങ്ങളുണ്ട്. ഒടുവിലതാ ഹൈസ്‌ക്കൂള്‍ ക്ലാസിലെത്തിയപ്പോള്‍ പുതിയൊരു പേരു കൂടി കിട്ടി 'പാക്കത്തോറ്'.

അന്ന് ഹൈസ്‌ക്കൂളിന്റെ തൊട്ടു മുമ്പില്‍ സ്റ്റേഷനറി കട നടത്തിയിരുന്ന പഞ്ചാര അവ്വക്കറാണ് പുതിയ പേരിട്ടത്. മജീദിനെ കണ്ടാല്‍ ഒരു നമ്പൂതിരി കുട്ടിയുടെ മട്ടും രൂപവും ഉണ്ടായിരുന്നു. വെളുത്ത് തടിച്ച് അല്പം കുടവയറൊക്കെയുളള കുട്ടിയായിരുന്നു മജീദ്. ഓണക്കുന്നില്‍ പാക്കത്തില്ലം എന്ന ഒരു ഇല്ലത്തറവാടുണ്ടായിരുന്നു. അവിടുത്തെ ബ്രാഹ്‌മണരെ 'പാക്കത്തോറ്' എന്നാണ് വിളിച്ചിരുന്നത് എട്ടാം ക്ലാസിലെത്തിയപ്പോള്‍ ഹൈസ്‌ക്കൂള്‍ കുമാരനായി വിലസാന്‍ തുടങ്ങി. അപ്പോഴും ചെറീച്ചാന്റെ പീടികയില്‍ സഹായത്തിനായി എത്തണം ചെറീച്ചാക്ക് സൈക്കിളുണ്ട്. ഒന്നല്ല രണ്ടെണ്ണം. സൈക്കിള്‍ പഠിച്ചാല്‍ അതിലൊന്ന് മജീദിന് നല്‍കാമെന്ന് ചെറീച്ച പറഞ്ഞു. സൈക്കിള്‍ പഠിക്കാനും നീന്തല്‍ പഠിക്കാനും നബീസുമ്മ മജീദിനെ വിട്ടില്ല. ഹൈസ്‌ക്കൂളില്‍ എത്തിയപ്പോള്‍ രണ്ടും പഠിക്കുമെന്ന വാശിയിലായി മജീദ്.

മച്ചൂനിയന്‍ എന്നു വിളിക്കുന്ന ചെറിയമ്പുവേട്ടന്‍ സൈക്കിള്‍ പഠിപ്പിക്കാന്‍ തയ്യാറായി. ചെറീച്ചയോട് സൈക്കിൾ വാങ്ങി വിശാമായ പലിയേരി കൊവ്വലില്‍ ചെന്നു. ആദ്യ തവണ സൈക്കിളില്‍ പിടിച്ചിരുത്തി സൈക്കിള്‍ പിടിച്ച് ഉരുട്ടികൊണ്ടു പോയി. ഒന്നു രണ്ടു തവണ അങ്ങിനെ ചെയ്തപ്പോള്‍ സ്വയം ഓടിക്കാന്‍ പറ്റുമെന്ന വിശ്വാസം വന്നു. സ്വയം ഓടിക്കുമ്പോള്‍ വീണുപോയി. വീണ്ടും മച്ചുനീയന്‍ സൈക്കിളില്‍ കയറ്റി ഉരുട്ടാന്‍ തുടങ്ങിയപ്പോള്‍ സൈക്കിള്‍ ചെയിനില്‍ കാലിന്റെ മടമ്പ് കുടുങ്ങിപോയി.പല്ല് തറച്ച് ചോര വാര്‍ന്നൊഴുകി ഇരുമ്പ് കൊണ്ടാണ് മുറിഞ്ഞത്. ആ മുറിവുണങ്ങാന്‍ മാസങ്ങള്‍ എടുത്തു. പക്ഷേ വീണ്ടും സൈക്കിള്‍ പഠനം തുടര്‍ന്നു നല്ല പോലെ പഠിച്ചു.

മജീദിന്റെ രണ്ടാം ലക്ഷ്യം നീന്തല്‍ പഠിക്കാനായിരുന്നു. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് വയലിന്റെ അടുത്ത് വലിയൊരു കുളമുണ്ട്. നാട്ടുകാരുടെയൊക്കെ നീന്തല്‍ പഠനത്തിന്റെ കേന്ദ്രമായിരുന്നു ആ കുളം. മജീദിന്റെ നീന്തല്‍ ഗുരുക്കളായി ലക്ഷ്മണനും ഗോവിന്ദനും റഡിയായി വന്നു. ഉമ്മയോട് അനുവാദം വാങ്ങാതെ മജീദ് കുളക്കരയിലെത്തി. മഴക്കാലമായതിനാല്‍ കുളം നിറഞ്ഞു കവിഞ്ഞിരുന്നു. കുളത്തിന്റെ ഒരു മൂലയില്‍ നിന്ന് അല്പ ദൂരത്തേക്ക് കാലിട്ട് തല്ലി നീന്താന്‍ പഠിച്ചു. ഗുരുക്കന്‍മാര്‍ കരയ്ക്കു കയറി എന്നോട് സ്വയം നീന്താന്‍ പറഞ്ഞു. നീന്തി തുടങ്ങിയതേയുളളൂ. കാല് തളര്‍ന്നു മജീദ് കുളത്തിനടിയിലേക്ക് താഴ്ന്ന് പോവാന്‍ തുടങ്ങി. ഇതു കണ്ട നാരായണന്‍ എന്ന സുഹൃത്ത് കുളത്തിലേക്ക് എടുത്തു ചാടി. മജീദിന്റെ മുടിയില്‍ പിടിച്ച് വലിച്ച് കരയ്‌ക്കെത്തിച്ചു. മരണത്തില്‍ നിന്ന് രക്ഷിച്ച ബീഡിത്തൊഴിലാളിയായ നാരായണനെ മജീദ് എന്നും ഓര്‍ക്കും. മജീദിന്റെ മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന ഒരു സംഭവം അതിനു ശേഷം നടന്നു. അപസ്മാര രോഗിയായിരുന്നു നാരായണന്‍. മജീദിനെ രക്ഷപ്പെടുത്തിയ നാരായണന്‍ അതേ കുളത്തില്‍ അതേ സ്ഥലത്ത് അപസ്മാരമിളകി വീണു മരിച്ചു എന്ന വാര്‍ത്ത മജീദിനെ വല്ലാതെ പ്രയാസപ്പെടുത്തി കൊണ്ടിരിക്കുന്നു ഇന്നും.

(തുടരും)

Keywords: Kerala, Article, Kookanam-Rahman, Love, Novel, Sweetness of teenage love.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia