സുഹറയും ഞാനും; 52 വർഷത്തെ ദാമ്പത്യത്തിന്റെ മധുരവും നർമ്മവും നിറഞ്ഞ ഓർമ്മക്കുറിപ്പ്

 
 Elderly couple smiling together symbolizing 52 years of married life in Kerala

Photo: Specail Arrangement

ADVERTISEMENT

● 1970-കളിൽ എസ്എസ്എൽസി പാസായ അപൂർവം മുസ്‌ലിം പെൺകുട്ടികളിൽ ഒരാളായിരുന്നു സുഹറ.
● പെട്രോമാക്സ് വെളിച്ചത്തിൽ കൂക്കാനത്തുനിന്ന് പാലക്കുന്നിലേക്ക് നടന്നുവന്ന രാത്രികാല വിവാഹത്തിൻ്റെ ഓർമകൾ.
● 1977-ൽ മൂത്ത മകൻ അമീറുദ്ദീനും 1981-ൽ മകൾ ഷമീറയും പിറന്നു.
● എൽഐസി ഏജൻസി, അങ്കണവാടി ടീച്ചർ, പയ്യന്നൂർ മുനിസിപ്പാലിറ്റി ബിൽ കളക്ടർ എന്നീ നിലകളിൽ സുഹറ പ്രവർത്തിച്ചു.
● വസ്ത്രത്തിലും ഭക്ഷണത്തിലും ലാളിത്യം; പാവപ്പെട്ടവർക്ക് അളവറ്റ ദാനശീലം.

ഓർമ്മച്ചീളുകൾ ഭാഗം 35/ കൂക്കാനം റഹ്‌മാൻ  

(KVARTHA) ഞാനും ഭാര്യയും തമ്മിൽ ജനനതീയതിയിൽ ഒരാഴ്ചത്തെ വ്യത്യാസമേയുള്ളൂ. ഞാൻ നവംബർ എട്ടിന്, അവൾ നവംബർ പതിനാറിന്. പ്രായത്തിൽ വ്യത്യാസമുണ്ട് കേട്ടോ, ഞാൻ 1950-ലും അവൾ 1956-ലും. സഹോദരങ്ങളുടെ കാര്യത്തിൽ അവളാണ് മുമ്പിൽ. അവൾ ആറു പേരിൽ മൂത്തവൾ, ഞാൻ മൂന്നു പേരിൽ മൂത്തവൻ. അങ്ങനെ ഞാൻ കടിപൊട്ടനും അവൾ കടിപൊട്ടത്തിയുമാണ്. ആ പൊട്ടത്തരം ഞങ്ങൾ ജീവിതത്തിലുടനീളം കാട്ടിക്കൂട്ടുന്നുമുണ്ട്.

Aster_MIMS

മലയാള അക്ഷരപ്പൊരുത്തം ഞങ്ങൾക്കിരുവർക്കുമുണ്ട്. എന്റെ പേര് 'റ' യിൽ ആരംഭിക്കുമ്പോൾ, അവളുടെ പേര് 'റ' യിൽ അവസാനിക്കുന്നു. റഹ്മാൻ, സുഹറ. ഞങ്ങളുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി പറയാൻ പറ്റില്ലല്ലോ. സുഹറയ്ക്ക് അഭിമാനിക്കാൻ കുറേ വകയുണ്ട്. കരിവെള്ളൂർ സെൻട്രൽ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ റഹ്മാൻ മാഷിന്റെ മകളും, കരിവെള്ളൂർ നോർത്ത് എൽപി സ്കൂൾ അധ്യാപകൻ റഹ്മാൻ മാഷിന്റെ ഭാര്യയുമായതാണ് അതിലൊന്ന്. 1970-കളിൽ എസ്എസ്എൽസി പാസായ, വിരലിലെണ്ണാവുന്ന മുസ്‌ലിം പെൺകുട്ടികളിൽ ഒരാളായിരുന്നു സുഹറ.

ഹൈസ്കൂൾ പഠനകാലത്ത് സുഹറയെ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും കാണുമായിരുന്നു. അല്ല, അവളെ കാണാൻ വേണ്ടി മാത്രം പഴയ ഏവൺ ക്ലബ്ബിന്റെ വരാന്തയിൽ ഞാൻ കണ്ണുംനട്ട് ഇരിക്കുമായിരുന്നു. അക്കാലത്തൊക്കെ പെണ്ണ് കെട്ടിയ ബീവിയെ ആദ്യമായി കാണാൻ പറ്റുക മണിയറയിൽ വെച്ച് മാത്രമായിരുന്നു.

Elderly couple smiling together symbolizing 52 years of married life in Kerala

1974 ഡിസംബർ 5-ലെ ലളിതമായ വിവാഹവും പെട്രോമാക്സ് വെളിച്ചവും

വളരെ ചെറുപ്പത്തിൽ വിവാഹജീവിതത്തിലേക്ക് കടന്നുവന്നത് അപാകതയായി ഇന്നും തോന്നുന്നുണ്ട്. 24 വയസ്സിൽ വിവാഹിതനാവുക എന്നത് ഇക്കാലത്ത് ചിന്തിക്കാൻ പോലും കഴിയില്ല. 1974 ഡിസംബർ 5-നാണ് വിവാഹം നടന്നത്. യുവത്വത്തിന്റെ എടുത്തുചാട്ടങ്ങളിൽ ഒന്നായിരുന്നു എന്റെ വിവാഹവും. കാരണം പലതുമുണ്ട്. നാല് അമ്മാവൻമാരാണ് എനിക്കുണ്ടായിരുന്നത്. 

എന്റെ ഉമ്മയാണ് അവരുടെ ഏക സഹോദരിയും. ഒരമ്മാവൻ ഒഴികെ എല്ലാ അമ്മാവൻമാർക്കും കല്യാണപ്രായമായ പെൺമക്കളുണ്ട്. അവർക്കെല്ലാം എന്നെ പുതിയാപ്പിളയായി കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹവുമുണ്ട്. അതിനായി ഉമ്മയുടെ അടുത്ത് പല വാഗ്ദാനങ്ങളുമായി അവരെത്തി. അതിൽ മൂത്ത അമ്മാവന്റെ വാഗ്ദാനങ്ങളിൽ ഉമ്മ വീണുപോയി. അതിൽ നിന്നൊക്കെ രക്ഷപ്പെടാനുള്ള മാർഗമായാണ് ഞാൻ വിവാഹിതനാകണമെന്ന വഴി കണ്ടെത്തിയത്.

അക്കാലത്തെ വിവാഹമെല്ലാം ലളിതവും ആർഭാടരഹിതവുമായിരുന്നു. വരന്റെ കൂടെ അമ്പതിൽ കുറഞ്ഞ ആളുകൾ മാത്രം വധുവിന്റെ വീട്ടിലേക്ക് വരും. സദ്യയും ലളിതമാണ്. നെയ്ച്ചോറും കോഴിക്കറിയും, ചിലപ്പോൾ 'അൽസ' എന്ന് പറയുന്ന വിഭവവും. അറ ഒരുക്കുന്ന സംഭവമൊക്കെ അന്നുമുണ്ട്. 

വരൻ വിവാഹ ദിവസം വധുവിന്റെ വീട്ടിലേക്ക് വരുമ്പോൾ, അവനും വധുവിനും വേണ്ട നിത്യോപയോഗ സാധനങ്ങളും, വധുവിന്റെ ബന്ധുജനങ്ങൾക്ക് സമ്മാനമായി നൽകാനുള്ള സാധനങ്ങളും കൊണ്ടുവരണം. അത് വരന്റെ സമ്പത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞും കൂടിയും ഇരിക്കും.

അക്കാലത്തെ മുസ്‌ലിം വിവാഹം രാത്രികാലത്താണ് നടക്കാറ്. വാഹനങ്ങൾ ഏർപ്പെടുത്തുന്ന രീതിയൊന്നും അക്കാലത്തില്ല. നടന്നുപോകുന്ന ദൂരത്തിലായിരിക്കും പലപ്പോഴും വധൂവരന്മാരുടെ വീടുകൾ. ഞാനും എന്റെ സുഹൃത്തുക്കളുമടങ്ങുന്ന സംഘം മുന്നിലും പിറകിലുമായി പെട്രോമാക്സിന്റെ വെളിച്ചത്തിൽ കൂക്കാനത്ത് നിന്ന് വധൂഗൃഹമായ പാലക്കുന്നിലേക്ക് നടന്നുവന്നത് ഓർക്കുന്നു. ഡിസംബറിന്റെ മഞ്ഞുപെയ്യുന്ന മരംകോച്ചുന്ന തണുപ്പിൽ നടന്നുവന്നത് മറക്കില്ല. ചെറിയൊരു ഷെൽഫിൽ സമ്മാന സാധനങ്ങൾ തലയിലേന്തി വന്ന ചെറുപ്പക്കാരനായ ബാലകൃഷ്ണനെയും മറക്കാൻ കഴിയില്ല. അവൻ ഇന്ന് ജീവിച്ചിരിപ്പില്ല.

വിവാഹശേഷം നടക്കേണ്ട മാമൂലുകൾക്കൊന്നും ഞങ്ങൾ ഇരുവീട്ടുകാർക്കും താൽപര്യമില്ലായിരുന്നു. മകളുടെ ഭർത്താവിനെ 'പുതിയാപ്പിള' എന്നാണ് ഭാര്യവീട്ടുകാർ വിളിക്കാറ്. ആ വിളി എനിക്ക് ഇഷ്ടമല്ല. അതിനാൽ എന്നെ പേരെടുത്ത് വിളിക്കുകയായിരുന്നു ഭാര്യയുടെ ബാപ്പയും ഉമ്മയും. പക്ഷേ സുഹറ ഇപ്പോഴും എന്നെ 'ഏ' എന്നേ വിളിക്കൂ. പുറമേയുള്ളവരോട് 'മാഷ്' എന്നും. എന്റെ പേര് വിളിക്കാനോ 'ഇച്ചാ' എന്ന് വിളിക്കാനോ അവൾ താൽപര്യം കാണിച്ചില്ല.

കുടുംബജീവിതവും ജോലിക്കായുള്ള ശ്രമങ്ങളും

കാലം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. കുട്ടികൾ ഉടനെ വേണ്ട എന്ന ധാരണ ഞങ്ങൾ രണ്ടുപേർക്കുമുണ്ടായി. യഥാർഥത്തിൽ ഗർഭനിരോധന മാർഗങ്ങളൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു. ചോദിച്ചറിയാൻ നാണക്കേടും, പറഞ്ഞുതരാൻ അനുഭവമുള്ള സുഹൃത്തുക്കളുമുണ്ടായില്ല. മൂന്നു വർഷത്തിനു ശേഷമാണ് കുട്ടിയുണ്ടായത്. 

1977-ൽ മൂത്ത മകൻ അമീറുദ്ദീൻ പിറന്നു. ജേർണലിസത്തിൽ പിജി കഴിഞ്ഞ അവൻ ഇന്ത്യയിലും വിദേശത്തുമായി നിരവധി ഇംഗ്ലീഷ് ജേർണലുകളിൽ ജോലി ചെയ്തു. ഇപ്പോൾ ചെന്നൈയിൽ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നു.

അന്നും ഒരു അച്ഛനാവാനുള്ള തയ്യാറെടുപ്പിലൊന്നുമായിരുന്നില്ല ഞാൻ. സുഹറ ഗർഭിണിയായി എന്ന് മാത്രമേ അറിയൂ. പ്രസവം എന്നു നടക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. അവൾ സ്വന്തം വീട്ടിലായിരുന്ന ഒരു ദിവസം രാത്രി ആദ്യ പ്രസവം നടന്നു. ഞാൻ എന്റെ വീട്ടിലുമായിരുന്നു. 

അടുത്ത ദിവസം അവളുടെ അനിയൻ വന്നു വിവരം പറഞ്ഞപ്പോഴാണ് ഞാനൊരു അച്ഛനായ വിവരം അറിഞ്ഞത്. അതും ആശുപത്രിയിൽ പോകാതെ, വയറ്റാട്ടി വന്നാണ് പ്രസവശുശ്രൂഷ നടത്തിയത്. അത്രപോലും കുട്ടിത്തം മാറാത്ത, അല്ലെങ്കിൽ പൊട്ടനായ ഒരാളായിരുന്നു അപ്പോഴും.

ജോലി വേണമെന്ന ആഗ്രഹം സുഹറയ്ക്കുണ്ട്. പല പരീക്ഷകൾക്കും ഇന്റർവ്യൂവിനും ഹാജരായെങ്കിലും നിരാശയായിരുന്നു ഫലം. അക്കാലത്ത് പിഎസ്‌സി പരീക്ഷാ കോച്ചിങ്ങും മറ്റും ഉണ്ടായിരുന്നില്ല. ഒരു ദിവസം അപരിചിതനായ ഒരാൾ എന്നെ കാണാൻ വന്നു. എൽഐസി ഡെവലപ്മെന്റ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി. 

അതിന്റെ ഏജൻസി എടുക്കണമെന്നും, നിരവധി ആളുകളുമായി ബന്ധപ്പെടുന്ന ആളല്ലേയെന്നും, ഭാര്യയുടെ പേരിൽ ഏജൻസി എടുക്കാൻ അദ്ദേഹം നിർബന്ധിച്ചു. സുഹറയും അതൊക്കെ കേട്ടു. കക്ഷിക്ക് അത്തരം കാര്യങ്ങളിലൊന്നും താൽപര്യമില്ല. എല്ലാം ഞാൻ ചെയ്തോളാം എന്ന ഉറപ്പിൽ അവൾ സമ്മതം മൂളി. അഞ്ച് വർഷത്തോളം അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പക്ഷേ അടുത്ത സുഹൃത്തുക്കളിൽ നിന്നുണ്ടായ മോശമായ പ്രതികരണം മൂലം അത് അവസാനിപ്പിച്ചു.

ജോലിക്ക് വേണ്ടിയുള്ള അന്വേഷണം വീണ്ടും തുടങ്ങി. അക്കാലത്ത് കാസർകോട് ആരംഭിച്ച സ്ഥാപനത്തിൽ ഇന്റർവ്യൂ വരെയെത്തി, പക്ഷേ ജോലി കിട്ടിയില്ല. അടുത്തത് എൽവിഒ പരീക്ഷയിൽ ജയിച്ചു, ഇന്റർവ്യൂ തിരുവനന്തപുരത്തായിരുന്നു. പിടിപാടില്ലാത്തതിനാൽ അതും കിട്ടിയില്ല. 

ആരുടെ അടുത്തും ചെന്ന് ശുപാർശ ചെയ്ത് ജോലി വേണ്ട എന്ന നിലപാടിലാണ് സുഹറ. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തതിനാൽ ലാസ്റ്റ് ഗ്രേഡ് സർവീസിൽ കയറാമായിരുന്നു. അതിലും ഇഷ്ടക്കുറവാണ് കക്ഷിക്ക്. ഇടയ്ക്ക് അങ്കണവാടി ടീച്ചറായും പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ ബിൽ കളക്ടറായും കുറച്ചുകാലം ജോലി ചെയ്തിരുന്നു. 1981-ൽ രണ്ടാമത്തെ മകൾ ഉണ്ടായതോടെ ജോലി ശ്രമമൊക്കെ ഉപേക്ഷിച്ചു.

ലാളിത്യവും വാർധക്യത്തിലെ 'പിഎസ്‌സി' മത്സരവും

ഞങ്ങൾ തമ്മിൽ പല കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ട്. അതൊക്കെ രമ്യമായി പരിഹരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വിവാഹം നടന്ന കാലം മുതൽ ഞങ്ങൾ സിനിമയ്ക്ക് പോകാറുണ്ട്. അക്കാലത്തൊക്കെ ആഴ്ചയിൽ ഒന്നു വീതം കാണും. 

ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെ മക്കളോടൊപ്പം സിനിമ കാണാൻ ചെല്ലാറുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ പൊങ്ങച്ചം കാണിക്കാറില്ല. വിലകൂടിയ വസ്ത്രങ്ങൾ വേണമെന്നൊന്നും താൽപര്യമില്ല. പഴയ കേരളീയ വേഷത്തിൽ തന്നെയാണ് അന്നും ഇന്നും. ഭക്ഷണകാര്യത്തിലും ലാളിത്യമാണ് അവളുടേത്. ബീഫ് കഴിക്കാറില്ല, പക്ഷേ ഏറ്റവും രുചികരമായി അത് പാചകം ചെയ്തു തരും.

ഞാൻ പല കാര്യത്തിലും ലുബ്ധനാണ്, നേരെ വിപരീതമാണ് സുഹറയുടെ സമീപനം. വീട്ടിൽ വരുന്ന പാവപ്പെട്ടവർക്ക് കയ്യിലുള്ളത് അപ്പുറമിപ്പുറം നോക്കാതെ ദാനം ചെയ്യും. കൊടുക്കുന്നതിൽ ധാരാളിത്തം കാണിക്കും, വാങ്ങുന്നതിൽ നേരെ വിപരീത സ്വഭാവമാണ്. പറമ്പിലും മറ്റും പണിക്ക് വരുന്നവരെ നിർബന്ധിച്ചും നിർദേശിച്ചും പണി ചെയ്യിക്കില്ല, അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കും. ഇടനേരത്തെ ചായ കുടിയൊക്കെ അവരൊന്നിച്ചാണ്.

കാലം ഞങ്ങളെ വാർധക്യത്തിലെത്തിച്ചു. മകൾ ഷമീറ ഞങ്ങളുടെ വീടിനടുത്തു തന്നെയാണ് വീടുവെച്ചത്. മകൻ എവിടെയായിരുന്നാലും ഞങ്ങൾക്കു വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കിത്തരും. ഞങ്ങൾ ഒപ്പം ചേർന്നിട്ട് 52 വർഷം പിന്നിട്ടു. ചൊടിയും ഇടക്കവും ഇപ്പോഴുമുണ്ട്. പക്ഷേ അന്നുമുതൽ ഇന്നേവരെ ഒപ്പം മാത്രമേ കിടക്കൂ. രാത്രി മകളുടെ വീട്ടിലാണ് കിടത്തം. ഞങ്ങൾക്ക് വേണ്ട എല്ലാ സുഖസൗകര്യങ്ങളുമൊരുക്കിയ കിടപ്പുമുറി അവൾ സജ്ജീകരിച്ചു വെച്ചിട്ടുണ്ട്.

രണ്ടുപേരും രോഗകാര്യത്തിലും മത്സരമാണ്. പഞ്ചസാരയുടെ അളവ് എന്നേക്കാൾ അവൾക്കാണ് കൂടുതലും. പിഎസ്‌സി പരീക്ഷ അന്ന് ജയിച്ചില്ലെങ്കിലും, ഇപ്പോൾ സുഹറയാണ് അക്കാര്യത്തിൽ എന്നെ തോൽപ്പിച്ചുകൊണ്ടിരിക്കുന്നത് - Pressure, Sugar, Cholesterol. എന്തൊക്കെയോ കൊടുക്കൽ വാങ്ങലുകൾ നടത്തി, ജീവിത സമരത്തിൽ പരാജയപ്പെടാതെ ഇവിടം വരെ എത്തി. 

എവിടെയോ ജനിച്ച്, രണ്ട് സാഹചര്യത്തിൽ വളർന്നവർ ഒന്നിക്കുകയും ഒരുമിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്ന പ്രക്രിയയാണ് വിവാഹജീവിതം. അത് വാടാതെ, കൊഴിയാതെ തളിർക്കുകയും, കാലത്തിന്റെ പാച്ചിലിൽ വൈവിധ്യമാർന്ന ശാരീരിക മാനസിക വളർച്ചയ്ക്കും തളർച്ചയ്ക്കും വിധേയമായിക്കൊണ്ട് അവസാനിക്കുകയും ചെയ്യും. 76-ലേക്ക് കടന്ന ഞാനും 70-ലേക്ക് കടന്ന സുഹറയും ഇതെല്ലാം മനസ്സിൽ വെച്ച്, സമയം കിട്ടുമ്പോഴൊക്കെ കൊത്തിപ്പെറുക്കി എടുത്ത് ആസ്വദിക്കാറുണ്ട്.

സ്നേഹവും നർമ്മവും നിറഞ്ഞ ഈ മനോഹരമായ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ ലേഖനങ്ങളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: Retired teacher Rahman Mash from Karivellur shares a heartwarming and humorous memoir titled 'Suharayum Njanum', reflecting on 52 years of marriage since December 5, 1974, filled with nostalgic memories of 1970s weddings, family life, and aging gracefully together.

#Kvartha #Karivellur #MalayalamMemoir #MarriageMemories #Nostalgia #MalayalamFeature #LoveStory #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kookkanam Rahman
Kookkanam Rahman

34 Articles

Tags

Share this story

wellfitindia