'സ്‌റ്റോപ്പ് സ്‌മോക്കിംഗ്': നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി

 


അസ്‌ലം മാവില

(www.kvartha.com 01.03.2017) നാലയ്യായിരം പേര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇടതടവില്ലാതെ ജോലി ചെയ്യുന്ന ഒരു സൈറ്റാണ് ഞങ്ങളുടേത്. മെയിന്‍  കോണ്‍ട്രാക്ടെര്‍സ്, സബ് കോണ്‍ട്രാക്ടെര്‍സ് ഇവര്‍ക്കൊക്കെ വെവ്വേറെ സൈറ്റ്പ്രിമൈസെസാണ് ഉള്ളത്. നീലച്ചട്ടി തൊപ്പിക്കാര്‍ മുതല്‍ വെള്ളചട്ടി തൊപ്പിക്കാര്‍ വരെ അവരവരുടെ സൈറ്റ് ഓഫീസ് മുറ്റത്തു അതിരാവിലെ ഒരു വിസില്‍ വിളിക്കുത്തരം നല്‍കി നിരനിരയായി നില്‍ക്കും.

ചിലയിടങ്ങളില്‍ ഡ്രില്ലുണ്ട്, അല്‍പം ഉയരത്തിലുള്ള ഒരു കൊച്ചു പോഡിയത്തില്‍ സേഫ്റ്റി വിഭാഗത്തിലെ ഒരാള്‍ മ്യൂസിക്കിന്റെ പശ്ചാത്തലത്തിലോ അല്ലാതെയോ കസര്‍ത്ത് കാണിക്കും, അതിനനുസരിച്ചു സൈറ്റ് എംപ്ലോയീസ് കയ്യുംകാലുമനക്കി അയാളെ ഫോളോ ചെയ്യണം. ഓരോ നിരയിലെയും ആദ്യത്തെ പത്ത് പതിനഞ്ചു പേര്‍ ഈ മെയ്യനക്കത്തില്‍ ആത്മാര്‍ത്ഥത കാണിക്കും. നിരയുടെ പിന്നോക്കം വരുന്തോറും അതൊരു 'കര്‍മ്മം തീര്‍ക്കലായി' പരിണമിച്ചു കൊണ്ടിരിക്കും. ശരിക്കും പുറത്തു നിന്ന് വരുന്ന ഒരാള്‍ക്ക് ലൈനിന്റെ ഏറ്റവും പിന്നില്‍ വന്നു ദൂരെ അല്പം മാറി നിന്ന്, പിന്നിലെ  നിരയിലുള്ള ആര്‍ക്കോവേണ്ടി കൈകാലുകള്‍ അനക്കുന്നവരുടെ ശരീരഭാഷ കണ്ട് രസിക്കാം.

'സ്‌റ്റോപ്പ് സ്‌മോക്കിംഗ്': നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി


ഈ കസര്‍ത്തു കഴിഞ്ഞാല്‍ അടുത്ത ഇനമാണ്, 'ഭാഷണ'. സെയ്ഫിറ്റി & അഡ്മിന്‍ വിഭാഗങ്ങളിലെ ആളുകള്‍ അഞ്ചെട്ടു മിനുറ്റ് നടത്തുന്ന അവെര്‍നസ്സ് ടോക്ക്. എന്തെങ്കിലും ഒരു വിഷയം ഉണ്ടാകും. കഴിഞ്ഞ ദിവസം ഒരു കോണ്‍ട്രാക്ടറുടെ സെയ്ഫ്റ്റി ഡ്രില്ലാനന്തരം, അവരുടെ  പോഡിയത്തില്‍ കയറി സംസാരിക്കാന്‍ എന്നെ ക്ഷണിച്ചു. വിഷയം. ''ഹെല്‍ത്ത് ടിപ്‌സ് എബൗട്ട് സ്‌മോക്കിംഗ്. 'അതിന്റെ രത്‌നച്ചുരുക്കം ഇവിടെ പകര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് വിഷമമില്ലല്ലോ.

2013 ലെ കണക്ക് സഊദിയില്‍ 68 ലക്ഷം പുകവലിക്കാറുണ്ടെന്നാണ്. 2020 ആകുമ്പോഴേക്കും അത് 10 മില്യണ്‍ കവിയും. 23,000 പേരെ ഓരോ വര്‍ഷം ഈ രാജ്യത്ത് പുകവലി കൊല്ലുന്നു. കുറിച്ച് വെക്കാനല്ല ഈ കണക്ക്, ജാഗ്രത കാണിക്കാനാണീ സംസാരം. പുകവലിക്കാരുടെ എണ്ണം കൂടിയത് കൊണ്ട് ഒരാള്‍ക്ക് ഗുണമില്ല, അതിന്റെ ബിസിനസ്സ് നടത്തുന്നവര്‍ക്കൊഴികെ.

അവസാനത്തെ പുകയൂതിക്കഴിഞ്ഞ 20 മിനിട്ടിനു ശേഷം നിങ്ങളുടെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് പോകാന്‍ ശ്രമം തുടങ്ങും. 2 മണിക്കൂറില്‍ പുകവലിച്ചില്ലെങ്കില്‍ ബ്ലഡ് പ്രഷറും ഹാര്‍ട്ട് റേറ്റും സാധാരണ നിലയുടെ അടുത്തെത്തും. 12 മണിക്കൂറില്‍ നിങ്ങള്‍ പുകയൂതുന്നില്ലെങ്കില്‍ ശരീരത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കുറയും. 48 മണിക്കൂറായാല്‍ മണക്കാനും രുചിക്കാനുമുള്ള കഴിവ് തിരിച്ചു കിട്ടിത്തുടങ്ങും. 2 - 3 ആഴ്ചയില്‍ കിതക്കാതെ ഓടാന്‍ പറ്റും, ചെറിയ തോതിലുള്ള വ്യായാമവും ചെയ്യാം. ഒന്ന് മുതല്‍ ഒമ്പതു മാസത്തിനുള്ളില്‍ നിങ്ങളുടെ ശ്വാസകോശം റിപ്പയര്‍ പണിയാരംഭിക്കും. ഒരു വര്‍ഷത്തോളം നിങ്ങള്‍ സിഗരറ്റ് തൊട്ടില്ലെങ്കില്‍ ഹൃദയ രോഗത്തിനുള്ള റിസ്‌ക് പകുതിയായി കുറയും. നിങ്ങള്‍ക്ക് തീരുമാനിക്കാം, ക്വിറ്റ് ഓര്‍ കണ്ടിന്യൂ.

നിര്‍ത്താന്‍ സമയമായി, ദിവസത്തില്‍ ഒന്ന് രണ്ടെണ്ണം വലിച്ചിരുന്ന ഞാനും ഇത് നിര്‍ത്തിയ ആളാണ്. അത്‌കൊണ്ടാണ് ഈ വിഷയം ധൈര്യത്തില്‍ നിങ്ങളോട് പറയുന്നത്. ഞാനെന്റെ നാട്ടിലേക്ക് വെക്കേഷന് പോയപ്പോള്‍ എന്റെ മകന്‍ എന്താണ് വിഷയമെന്നു പറയാതെ അവന്റെ സ്‌കൂളിലേക്ക് എന്നെ വിളിച്ചുകൊണ്ട് പോയി, അവിടെ ഒരു ക്ലാസുണ്ട്, നിര്‍ബന്ധമായും സംബന്ധിക്കണമെന്ന്. തൊട്ടടുത്ത സ്‌കൂളിലെ ഒരു അധ്യാപകനാണ് ഞങ്ങളെ അഭിസംബോധന ചെയ്യുന്നത്. 'ഇക്കൂട്ടത്തില്‍ ഈ നിമിഷം പുകവലി നിര്‍ത്തുമെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുള്ള ആണ്‍പിള്ളേരുണ്ടോ?' അയാള്‍ ചോദിച്ചു. എനിക്ക് പുറത്തേക്കോടിയാലോ എന്ന് തോന്നി. സ്‌കൂളിന്റെ ജനാലയ്ക്ക് പുറത്തു ഞാന്‍ മകനെ  തെരഞ്ഞു. ഒന്ന് മോന്ത കാണിച്ചു കണ്ണുരുട്ടാന്‍.

അപ്പോള്‍ ആരുമില്ലേ? എന്ന ചോദ്യം വീണ്ടും. ഞാന്‍ എഴുന്നേറ്റ് നിന്നു. എന്നെ സദസ്സിന് മുന്നിലേക്ക് അദ്ദേഹം കൊണ്ട് പോയി. ആലിംഗനം ചെയ്തു. എന്നോട് അയാള്‍ പേര് ചോദിച്ചു, ചെവിയില്‍  പറഞ്ഞു. അസ്‌ലം നിങ്ങള്‍ എന്റെ മാനം കാത്തു, ആരും എഴുന്നേല്‍ക്കാതിരുന്നെങ്കില്‍ എന്റെ ആത്മവിശ്വാസം ചോര്‍ന്നു പോകുമായിരുന്നു. 'ഇനി ഞാന്‍ പോകുന്നിടത്തൊക്കെ നിങ്ങളെ ഉദ്ധരിച്ചാണ് സംസാരിക്കുക. അത്‌കൊണ്ട് വീണ്ടും തുടങ്ങരുത്.'

എനിക്ക് ഒരു സമ്മാനപ്പൊതി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നല്‍കി. എന്റെ മകന്റെ സ്റ്റഡി റൂമില്‍ ഇപ്പോഴും ആ വാള്‍ ക്ലോക്ക് തൂങ്ങുന്നുണ്ട്. വീട്ടിലെ മുഴുവന്‍ ഇലക്ട്രോണിക് ഡിവൈസും ബാറ്ററി ഇല്ലാതെ നിലച്ചാലും, ആ വാള്‍ ക്ലോക്ക് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും, എന്റെ പുകവലിക്ക് ഫുള്‍സ്‌റ്റോപ്പിട്ടതിന്റെ അടയാളമായി. മൂന്ന് വര്‍ഷത്തോളമായി, സിഗരറ്റ് എന്റെ ജീവിതത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്.

അതുകേട്ട് ആ നിരയില്‍ നിന്ന് ഒരാള്‍ കൈപൊക്കി, 'സാബ്, മേം ആജ്‌സെ (ഇ) സ്‌മോക്കിംഗ് ചോഡ്ത്താ ഹൂം'. അത് രണ്ടു മൂന്ന് ആയി. ഒരാള്‍ ഉറക്കെ 'ഹൌ ടു സ്‌റ്റോപ്പ് സ്‌മോക്കിങ്?.. നിര്‍ത്താന്‍ വല്ല കുറുക്ക് വഴിയുണ്ടോന്ന്.

നിങ്ങള്‍ സ്വയം തീരുമാനിക്കണം. നിങ്ങള്‍ക്ക് വേണ്ടി,  മക്കള്‍ വേണ്ടി, കുടുംബത്തിന് വേണ്ടി, അവരുടെ 'നല്ലയുമ്പൊട്ടും' കാണാന്‍ നിങ്ങള്‍ ഉണ്ടാകണം. മാറി നില്‍ക്കാം, വലിക്കുന്നവനോട് പറയാന്‍ നാക്ക് പൊങ്ങണം. നോട്ട് ടു സ്‌മോക് ഇന്‍ ഫ്രണ്ട് ഓഫ് മി. നല്ലൊരു കൗണ്‍സിലറെ കാണുക. അല്ലെങ്കില്‍ ഒരു ഡോക്ടറെ, അയാള്‍ നിങ്ങള്‍ക്ക് അതിന് പകരമായി കുറിച്ച് തരും. വ്യായാമം ശീലമാക്കുക. സ്‌മോക്കിങ്ങുമായി ബന്ധമുള്ളതൊന്നും നിങ്ങളുടെ വീട്ടില്‍, റൂമില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഒരു കൂട്ടുകാരനെ ഓര്‍മ്മപെടുത്താന്‍ നിങ്ങളെ ഏല്‍പ്പിക്കുക 'ഭയ്യാ, ഹോണസ്റ്റ്‌ലി, തും അപ്നാ ജാന്‍ ബാച്ചായ, സേവ്ഡ് യുവര്‍ ലൈഫ്, ഫോര്‍ യൂ ആന്‍ഡ് ഫോര്‍ യുവര്‍ ഫാമിലി.'' സംസാരം  കണ്‍ക്‌ളൂഡ് ചെയ്യാനുള്ള സിഗ്‌നല്‍ എനിക്ക് ലഭിച്ചു. ഞാന്‍ നിര്‍ത്തി ''I hope, today's my talk may help smokers to give up, and enjoying smoke free environment once more.''

Keywords: Article, Smoking, Aslam Mavilae, Family, Health, Health & Fitness, ''I hope, today's my talk may help smokers to give up, and enjoying smoke free environment once more.'', Stop smoking for you and your family

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia