ബാല്യകാലത്ത് അമ്പിളിമാമനെ പിടിച്ചുതരണമെന്ന് ആവശ്യപ്പെടാത്ത കുട്ടികള്‍ വിരളമാണ്. അതുപോലെതന്നെ തന്റെ ബാല്യത്തില്‍തന്നെ അമ്പിളിമാമനെ വേണമെന്ന് ആഗ്രഹിച്ച കുട്ടിയാണ് നീല്‍ ആംസ്‌ട്രോങ്ങ് എന്ന ലോകത്തെ വിസ്മയിപ്പിച്ച മനുഷ്യന്‍. ലോകത്തെ വിസ്മയിപ്പിച്ച് ഒടുവില്‍ അദ്ദേഹം അനന്തതയിലേക്ക് യാത്രയായി. അദ്ദേഹം വിടപറയുമ്പോള്‍ ഓരോ മനുഷ്യനും ഓര്‍മ്മയില്‍ വരുന്ന വാചകം അദ്ദേഹം പറഞ്ഞതുതന്നെയാണ്.
ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ അദ്ദേഹം ഉച്ഛരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടുകയുണ്ടായി. ''എനിക്ക് ഇതൊരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്ക് വലിയ കുതിച്ച് ചാട്ടവും''. അത് അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാവുകയും ചെയ്തു. പിന്നീട് ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്.
1969 ജൂലായ് 20നാണ് നീല്‍ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്. അപ്പോളോ-11 എന്ന വാഹനമായിരുന്നു അദ്ദേഹത്തിന്റെ പേടകം. ഒരുപാടു നീണ്ട ഒരുക്കങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവര്‍ ഉള്‍പെട്ട അപ്പോളോ 11 യാത്രതിരിച്ചത്. രണ്ടര ദിവസം നീണ്ട യാത്രയ്ക്കു ശേഷം ചന്ദ്രന് അരികിലെത്തി. വേഗം കുറച്ച് കുറച്ച് അപ്പോളോ 11 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. കോളിന്‍സ് വാഹനം നിയന്ത്രിച്ച് ചന്ദ്രനെ ചുറ്റിയപ്പോള്‍ ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്നു പേരിട്ട ലൂണാര്‍ മൊഡ്യൂളില്‍ കയറി ചന്ദ്രനിലേക്കിറങ്ങി ചരിത്രം സൃഷ്ടിച്ചു.
1969 ജൂലായ് 20ന് ഈഗിള്‍ ചന്ദ്രനിലെത്തി. 21ന് പുലര്‍ചെ അവര്‍ ചന്ദ്രനില്‍ ഇറങ്ങി. ആദ്യം പുറത്തിറങ്ങിയത് ആംസ്‌ട്രോങ്ങ് എന്ന സ്‌ട്രോങ്ങ് മനുഷ്യനായിരുന്നു. പിന്നീട് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് അദ്ദേഹം പറന്നുയര്‍ന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഉറ്റുനോക്കി. ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.
ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്‌ട്രോങ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓഫ് എയ്‌റോനോട്ടിക്‌സ് ഹൈ സ്പീഡ് ഫ്‌ളൈറ്റ് സ്‌റ്റേഷനില്‍ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകള്‍ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയില്‍ എഫ്100 സൂപ്പര്‍ സേബര്‍ എ ആന്‍ഡ് സി എയര്‍ക്രാഫ്റ്റ്, എഫ്101 വൂഡൂ, ലോക്ഹീഡ് എ104എ സ്റ്റാര്‍ഫൈറ്റര്‍ എന്നിവയില്‍ പ്രൊജക്ട് പൈലറ്റ് ആയി പ്രവര്‍ത്തിച്ചു.
ബെല്‍ എക്‌സ്1ബി, ബെല്‍ എക്‌സ്5, നോര്‍ത്ത് അമേരിക്കന്‍ എക്‌സ്15, എഫ്105 തണ്ടര്‍ചീഫ്, എഫ്106 ഡെല്‍റ്റ ഡാര്‍ട്ട്, ആ47 സ്ട്രാറ്റോജെറ്റ്, കെസി135 സ്ട്രാറ്റോടാങ്കര്‍, പാര്‍സെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംസ്‌ട്രോങ്് തന്റെ 82-ാം ജന്മദിനം ആഘോഷിച്ചത്. രോഗശയ്യയിലായിരുന്നു ആംസ്‌ട്രോങ്ങ് തന്റെ ജന്‍മദിനം ആഘോഷിച്ചത്. 1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹോയിലാണ് നീല്‍ ആംസ്‌ട്രോങ് ജനിച്ചത്. പതിനാറാമത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. 1962ല്‍ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
1971ല്‍ നാസയില്‍ നിന്ന് വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു. 1978 ഒക്ടോബര്‍ ഒന്നിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു. നീലന്റെ വിയോഗം ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. ചരിത്രത്തിന്റെ നാഴികക്കല്ലായി മാറിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ യുവ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പ്രചോദനമായി മാറുമെന്നുറപ്പ്.
- ജോസഫ് പ്രിയന്‍
Keywords: Neil Armstrong, Article, Joseph Priyan, Moon, America, First Man On Moon, Died At-82. Moon Lighting, Obitury, Malayalam News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.