കളമശേരി ലീഗ് വിട്ടുകൊടുക്കരുത്; വി ഇ അബ്ദുൽ ഗഫൂർ ഉറപ്പായും വിജയിക്കും, ജനമനസ്സുകളിൽ ഇബ്രാഹിം കുഞ്ഞുണ്ട്
ADVERTISEMENT
● ജോസ് കെ. മാണിക്ക് നൽകിയതുപോലൊരു പരിഗണന ഗഫൂറും അർഹിക്കുന്നു.
● കൊച്ചി സീറ്റ് ലീഗ് ഏറ്റെടുക്കുന്നത് ആത്മഹത്യാപരമാണെന്ന് മുന്നറിയിപ്പ്.
● ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ രൂക്ഷ വിമർശനം.
● കളമശേരി യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമാണെന്ന് വിലയിരുത്തൽ.
● ഇബ്രാഹിം കുഞ്ഞിനോട് നീതി പുലർത്താൻ ഗഫൂറിനെ വിജയിപ്പിക്കണം.
സോണി കല്ലറയ്ക്കൽ
(KVARTHA) കളമശ്ശേരി നിയമസഭാ മണ്ഡലം എടുത്താൽ വി.കെ. ഇബ്രാഹിം കുഞ്ഞ് ജനപ്രതിനിധിയായിരുന്നപ്പോൾ ചെയ്തതിനേക്കാൾ അധികമായി എന്ത് വികസനമാണ് ഇന്നത്തെ കളമശേരിയുടെ ജനപ്രതിനിധിയും മന്ത്രിയുമായ പി. രാജീവ് ചെയ്തതെന്നതാണ് ആദ്യം പരിശോധിക്കേണ്ടത്. വി.കെ. ഇബ്രാഹിം കുഞ്ഞ് എന്ന ഒരു നല്ല മനുഷ്യനെ വ്യക്തിഹത്യ ചെയ്ത് തളയ്ക്കാൻ സി.പി.എമ്മിനും പ്രത്യേകിച്ച് ഇടത് മുന്നണിക്കും സാധിച്ചു എന്നതാണ് സത്യം. നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞ് കേരള ചരിത്രത്തിലെ ഏറ്റവും മികച്ച പൊതുമരാമത്ത് മന്ത്രിമാരിൽ ഒരാളായ അദ്ദേഹത്തെ വേട്ടയാടുകയാണ് സി.പി.എം ചെയ്തത്.
അതുകൊണ്ട്, ശരിക്കും ചതിപ്രയോഗത്തിൽ തന്നെ ഒരിക്കലും തങ്ങളുടെ കൈപ്പിടിയിൽ വന്നുചേരില്ലെന്ന് ഇടതുപക്ഷം വിശ്വസിച്ചിരുന്ന കളമശേരി മണ്ഡലം അവർക്ക് പിടിക്കാൻ സാധിച്ചു. 250 ഓളം പാലങ്ങളും ആയിരത്തിലേറെ റോഡുകളുടെ പുനർനിർമ്മാണവും നടത്തി കേരളത്തിന്റെ മുഖം മാറ്റിയ മന്ത്രിയെയാണ് സി.പി.എം നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കൊല്ലാക്കൊല ചെയ്തത്. വി.കെ. ഇബ്രാഹിം കുഞ്ഞ് എന്ന ജനകീയനായ നല്ല മനുഷ്യനെ യു.ഡി.എഫ് നേതൃത്വം മത്സരിക്കുന്നതിൽ നിന്ന് വിലക്കി. ഇതുമൂലം പകരം മത്സരിക്കാൻ ഇറങ്ങിയ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൽ ഗഫൂറിനെ വരെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ ജനമനസ്സുകളിൽ കുത്തിനിറച്ച് തോൽപ്പിക്കാൻ സി.പി.എമ്മിന് കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. ശരിക്കും ഇബ്രാഹിം കുഞ്ഞിനെയും മകനെയും വീട്ടിലിരുത്താൻ സാഹചര്യം ഒരുക്കിയത് അവിടുത്തെ ലീഗ് നേതൃത്വവും കോൺഗ്രസ് നേതൃത്വവും തന്നെ അല്ലെയെന്ന് നിങ്ങൾ മനസ്സിരുത്തി ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. സി.പി.എം ഒരുക്കിയ കെണിയിൽ അവരും വീണു എന്നതാണ് പരമാർത്ഥം.
കളമശേരിയുടെ മനസ്സിലെ ഇബ്രാഹിം കുഞ്ഞ്
സഹായം ചോദിച്ച് എത്തുന്ന ഏതൊരു പാവപ്പെട്ട മനുഷ്യനെയും കൈയയച്ച് സഹായിക്കുന്ന നന്മയുള്ള ഒരു വലിയ മനുഷ്യനായിട്ടാണ് വി.കെ. ഇബ്രാഹിം കുഞ്ഞിനെ ഇന്നും കളമശേരിയിലെ ജനങ്ങൾ ഓർക്കുന്നത്. അദ്ദേഹത്തെപ്പറ്റി പറയാൻ ഇന്നും അവർക്ക് ആയിരം നാവാണ്. ഉമ്മൻചാണ്ടിയെപ്പറ്റിയെന്ന പോലെ തന്നെ അകാരണമായി വേട്ടയാടപ്പെട്ട ഒരു നേതാവാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. കളമശേരിയുടെ ജനനായകൻ അദ്ദേഹത്തിന്റെ കളമശ്ശേരി സീറ്റിൽ അത്രയും വ്യാജ പ്രചാരണങ്ങളാണ് സി.പി.എം അഴിച്ചുവിട്ടത്. അല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന് മത്സരിക്കുവാനും ആ സീറ്റ് നിലനിർത്തുവാനും കഴിയുമായിരുന്നു. പകരം ഇറങ്ങിയ അദ്ദേഹത്തിന്റെ മകനെ ചതിപ്രയോഗത്തിലൂടെ കുരുക്കി. ഫലമോ അദ്ദേഹം രോഗാവസ്ഥയിലായി.
പാലാരിവട്ടം പാലത്തെപ്പറ്റി ഘോരഘോരം പറയുന്ന സഖാക്കൾ മരുമോന്റെ പാലങ്ങളും റോഡുകളും പൊളിഞ്ഞുവീണതുപോലെ പാലാരിവട്ടം പാലം പൊളിഞ്ഞുവീണോ? അതെപ്പോൾ? എന്ന് സൂക്ഷ്മമായി പരിശോധിക്കുന്നത് നല്ലതായിരിക്കും. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിൽ ഇത്രയധികം അവമതിപ്പ് ഉണ്ടാക്കിയ ഒരു സർക്കാർ വേറെ കാണുമോ എന്നതും പരിശോധിക്കേണ്ടതാണ്. ശരിക്കും കളമശേരിയുടെ വികസനനായകൻ വി.കെ. ഇബ്രാഹിം കുഞ്ഞ് തന്നെയായിരുന്നുവെന്ന് ഏതൊരു സാധാരണ ജനവും തുറന്നുതന്നെ സമ്മതിക്കും.
യു.ഡി.എഫ് കാലത്തെ വികസന നേട്ടങ്ങൾ
യു.ഡി.എഫ് കാലത്ത് ഫണ്ട് കൊടുത്ത പാലങ്ങൾ ഏതൊക്കെയാണെന്ന് കൃത്യമായി അറിയാം. ഈ പറയുന്ന എറണാകുളത്തുതന്നെ വൈറ്റില - കുണ്ടന്നൂർ - പാലാരിവട്ടം - ഇടപ്പള്ളി പാലങ്ങൾ, അതിൽതന്നെ കുണ്ടന്നൂർ പാലം പണിയുമ്പോൾ അതിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. നൂറിൽ അധികം മേജർ പാലങ്ങളാണ് ഉമ്മൻചാണ്ടിയുടെ കാലത്ത് നിർമ്മിക്കപ്പെട്ടത്. അന്ന് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാലങ്ങളും റോഡുകളും നിർമ്മിക്കപ്പെട്ടത് ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോഴാണ്. ഈ വസ്തുത മനസ്സിലാക്കാതെയാണ് പലരും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്തത്.
ഇബ്രാഹിം കുഞ്ഞിന് പാലാരിവട്ടം പാലത്തിന്റെ പേരിൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പകരം മത്സരിക്കാൻ രംഗത്തുവന്നത് അദ്ദേഹത്തിന്റെ മകൻ അബ്ദുൽ ഗഫൂർ ആയിരുന്നു. മക്കൾ രാഷ്ട്രീയം പറഞ്ഞ് സ്വന്തം പാളയത്തിലുള്ളവരും അദ്ദേഹത്തിനെതിരെ തിരിയുന്ന സ്ഥിതിവിശേഷമായിരുന്നു 2021 ലെ തിരഞ്ഞെടുപ്പിൽ കണ്ടത്. അതും മറ്റ് വിവാദങ്ങളും ഇടത് തരംഗവും എല്ലാം ആയപ്പോൾ ഗഫൂർ നന്നായി തോറ്റു. അല്ലെങ്കിൽ കൂടെനിന്നവരെല്ലാം കൂടി അദ്ദേഹത്തെ ക്രൂരമായി തോൽപ്പിച്ചു.
രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകൾ
കോൺഗ്രസിലെ ജി. കാർത്തികേയൻ മരിച്ചപ്പോൾ അതുവരെ ഒരു പാർട്ടി പ്രവർത്തനവും നടത്താത്ത ശബരിനാഥന് അരുവിക്കരയിൽ സ്ഥാനാർത്ഥിയായി എത്തി എം.എൽ.എ ആകാം. പി.ടി. തോമസ് മരിച്ചപ്പോൾ അതുവരെ വീട്ടമ്മയായി ഒതുങ്ങിക്കൂടി നിന്ന ഉമാ തോമസ് തൃക്കാക്കരയിൽ മത്സരിച്ച് എം.എൽ.എ ആയി. അവർക്കൊന്നും ഇല്ലാത്ത എന്ത് അയിത്തമാണ് ലീഗിന്റെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനുള്ളത്. ഇതാണ് മനസ്സിലാകാത്തത്. ശരിക്കും കളമശേരി സീറ്റ് മോഹിച്ചവർ മറ്റ് ഏതെങ്കിലും പാർട്ടിയിൽ പെട്ടവർ ആയാലും വ്യക്തി ആയാലും അദ്ദേഹത്തെ കാലുവാരി തോൽപ്പിക്കുകയായിരുന്നു.
ഒരിക്കൽ പരാജയപ്പെട്ടതിന്റെ പേരിൽ കോൺഗ്രസ് പാർട്ടി ലീഗിൽ നിന്ന് ആ സീറ്റ് തിരിച്ചെടുത്ത് കോൺഗ്രസിന്റെ എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അവിടെ മത്സരിപ്പിച്ച് പകരം കൊച്ചി ലീഗിന് കൊടുക്കാൻ തയ്യാറെടുക്കുന്നു എന്നതാണ് പുറത്തുവരുന്ന വാർത്തകൾ. എന്ത് ഔദാര്യമല്ലേ? ഒരു കാര്യം കൃത്യമായി ഓർമ്മിപ്പിക്കുന്നു, യു.ഡി.എഫ് നാമത്തിൽ ഷിയാസ് അല്ല ഏത് കുറ്റിച്ചൂൽ നിന്നാലും പരസ്പരം കാലുവാരിയില്ലെങ്കിൽ യു.ഡി.എഫിന് വൻ ഭൂരിപക്ഷത്തിൽ വിജയിക്കാൻ പറ്റുന്ന സീറ്റാണ് കളമശേരി. അങ്ങനെയെങ്കിൽ ഷിയാസ് അല്ല അബ്ദുൽ ഗഫൂർ ആണെങ്കിലും വലിയ ഭൂരിപക്ഷത്തിൽ കളമശേരിയിൽ നിന്നും ജയിച്ചിരിക്കും. പറയുന്നതുപോലെ യു.ഡി.എഫ് തരംഗമാണ് വരുന്നതെങ്കിൽ പി. രാജീവ് ആണെങ്കിൽ പോലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വലിയ ഭൂരിപക്ഷം തന്നെയാവും പ്രവചിക്കാനാവുക.
കഴിഞ്ഞ തവണ ഗഫൂർ ഒരു പുതുമുഖമായിരുന്നു. ഇപ്പോൾ സുപരിചിതനാണ്. ഭരണപരമായ കഴിവും പ്രാപ്തിയും വിദ്യാഭ്യാസവുമുണ്ട്. ഒറ്റ തവണയെ അദ്ദേഹം അവിടെ തോറ്റിട്ടുള്ളു. അങ്ങനെ ആദ്യ തിരഞ്ഞെടുപ്പിൽ അമ്പേ തോറ്റ കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിക്ക് ഒരിക്കൽ കൂടി അവസരം കൊടുത്ത് എം.പി ആയി വിജയിപ്പിച്ച ചരിത്രവും ഉണ്ട്. അതിനാൽ തന്നെ അബ്ദുൽ ഗഫൂറിന് ഒരു ചാൻസ് കൂടി കളമശേരിയിൽ കൊടുക്കുന്നത് തന്നെയാവും ഉത്തമം. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെപ്പോലുള്ളവർ കൊച്ചി അത്ര ഈസിയാണെങ്കിൽ അവിടെപ്പോയി മത്സരിച്ചു വിജയിക്കുകയാണ് വേണ്ടത്. അല്ലാതെ തുടർച്ചയായി പരാജയപ്പെടുന്ന കൊച്ചി സീറ്റ് ലീഗിന്റെ തലയിൽ വെച്ചുകൊടുത്ത് കളമശേരിയിൽ പോയി ഈസി ജയം നേടാനുള്ള തത്രപ്പാടല്ല വേണ്ടത്. മുസ്ലിം ലീഗിനെ പോലുള്ള പാർട്ടിക്ക് മത്സരിക്കാൻ പറ്റിയ ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ സീറ്റും കളമശേരി തന്നെയാണ്. ഒരിക്കലും കൊച്ചി അല്ല. ഒരിക്കൽ ചക്ക വീണ് മുയൽ ചത്തുവെന്ന് കരുതി എന്നും അങ്ങനെയാകണമെന്നില്ലല്ലോ.
കളമശേരിയും കോൺഗ്രസിന്റെ മോഹങ്ങളും
ഇനി കളമശേരി മണ്ഡലത്തെപ്പറ്റി പറഞ്ഞാൽ മട്ടാഞ്ചേരി മണ്ഡലം ഇല്ലാതായി പുതുതായി രൂപംകൊണ്ട മണ്ഡലം ആണ്. ഇത് എന്നും യു.ഡി.എഫിന്റെ ഉറച്ച കോട്ട തന്നെയാണ്. കളമശേരി രൂപീകൃതമായപ്പോൾ മുതൽ അവിടെ ജയിക്കുന്നത് യു.ഡി.എഫ് തന്നെയാണ്. അല്ലെങ്കിൽ ലീഗിന്റെ ഇബ്രാഹിം കുഞ്ഞ്. കഴിഞ്ഞ പ്രാവശ്യം മാത്രമാണ് ചില വിവാദങ്ങളുടെ പേരിൽ ആ സീറ്റ് യു.ഡി.എഫിന് നഷ്ടമായത്. മറ്റ് വിഷയങ്ങൾ ഒന്നും ഇല്ലായെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വലിയ വിയർപ്പൊന്നും ഒഴുക്കാതെ വിജയിക്കാവുന്ന മണ്ഡലം ആണ് കളമശേരി. ഇതുകൊണ്ടാണ് ഷിയാസിനെ പോലുള്ള കോൺഗ്രസ് നേതാക്കളും ഈ സീറ്റ് ലക്ഷ്യം വയ്ക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഏറ്റവും അടുത്ത അനുയായി എന്ന നിലയിലാണ് മുഹമ്മദ് ഷിയാസ് എറണാകുളം ഡി.സി.സി പ്രസിഡന്റ് ആയതെന്ന് എല്ലാവർക്കും അറിയാം. ഇനി അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കേണ്ടത് സതീശന്റെ ആവശ്യമാണ്. അതിനുവേണ്ടി പ്രതിപക്ഷ നേതാവിന്റെ ബുദ്ധിയിൽ വന്ന കാര്യമാണ് കളമശേരിയും കൊച്ചിയും ലീഗും ആയി വെച്ചുമാറി മുഹമ്മദ് ഷിയാസിനെ കളമശേരിയിൽ മത്സരിപ്പിക്കുക എന്നത്. കൊച്ചി കോൺഗ്രസിന്റെ സീറ്റ് ആണ്. അവിടെ മത്സരിക്കാൻ തയ്യാറാകാതെ അത് ലീഗിന് വിട്ടുകൊടുത്തിട്ടാണ് ഷിയാസ് കളമശേരിയിൽ മത്സരിക്കാൻ താല്പര്യപ്പെടുന്നത് എന്നോർക്കണം. കൊച്ചിയിൽ ഷിയാസിനറിയാം വിജയിക്കാനാവില്ല എന്ന്. അതാണ് സുരക്ഷിത മണ്ഡലം എന്ന നിലയിൽ അദ്ദേഹം കളമശേരി പിടിക്കാൻ നോക്കുന്നത് എന്ന് ഏത് കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ്.
അല്ലെങ്കിൽ ഉമാ തോമസ് മത്സരിച്ചില്ലെങ്കിൽ തൃക്കാക്കര നോക്കണം. അവിടെയും ഷിയാസിന് സാധ്യതയില്ലെന്ന് അറിയാം. കാരണം, ആ മണ്ഡലം തുടക്കം മുതൽ കോൺഗ്രസിലെ എ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന മണ്ഡലമാണ്. ഷിയാസ് ഐ ഗ്രൂപ്പുകാരൻ എന്നതിനാൽ അതിനും സാധ്യതയില്ല. അവിടുത്തെ ജനപ്രതിനിധികളായിരുന്ന ബെന്നി ബഹനാനും, പി.ടി. തോമസും, ഉമാ തോമസും ഒക്കെ എ ഗ്രൂപ്പുകാർ ആണ്. ഇനി ഉമാ തോമസ് തൃക്കാക്കരയിൽ മത്സരിച്ചില്ലെങ്കിൽ കൂടി അവിടെ വരാൻ പോകുന്നത് എ ഗ്രൂപ്പിൽ പെട്ട ആരെങ്കിലും ആയിരിക്കും. കൊച്ചിയിൽ ആണെങ്കിലും ജയിക്കാനുള്ള സാധ്യത കുറവാണ്.
വെച്ചുമാറ്റമെന്ന രാഷ്ട്രീയ കെണി
ഈ അവസരത്തിലാണ് കൊച്ചിയും കളമശേരിയും കോൺഗ്രസും ലീഗും ആയും വെച്ചുമാറ്റത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്ത വരുന്നത്. ആ കെണിയിൽ ലീഗ് വീഴുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അങ്ങനെ വീണാൽ യു.ഡി.എഫിന് നഷ്ടപ്പെടാൻ പോകുന്നത് രണ്ട് സീറ്റുകൾ ആകും. അത് കൊച്ചിയും കളമശേരിയും തന്നെ. രണ്ടിടത്തും മുന്നണിയിൽ തന്നെ ഉള്ളവർ പാലം വലിക്കാൻ സാധ്യതയുണ്ട്. പിന്നെ ചില സമുദായങ്ങളും പിന്നിൽ നിന്ന് കുത്തിയേക്കാം. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന സ്ഥലങ്ങളിൽ കൊയ്യും മെയ്യും മറന്ന് ലീഗുകാർ പ്രവർത്തിക്കും. എന്നാൽ ലീഗ് മത്സരിക്കുന്നിടത്ത് കോൺഗ്രസിലെ പലരും അത് ചെയ്യുന്നില്ല. മലപ്പുറം പോലെയുള്ള ജില്ലകളിൽ ലീഗ് സ്വന്തം ശക്തികൊണ്ട് കയറിപോകുന്നു എന്ന് മാത്രം.
ഉദാഹരണത്തിന് തിരുവമ്പാടി നിയോജകമണ്ഡലം തന്നെ എടുത്തു നോക്കാം. അവിടെ തുടർച്ചയായി ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെടുന്നതിന്റെ കാരണം ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. തിരുവമ്പാടിയിൽ മുഴുവൻ കോൺഗ്രസ് വോട്ടുകൾ വന്നാൽ മാത്രമേ അവിടെ യു.ഡി.എഫിന് ജയിക്കാനാവുകയുള്ളു. അവിടെ ക്രിസ്ത്യൻ സമൂഹത്തിൽ 75 ശതമാനവും കോൺഗ്രസുകാരാണ്. എങ്കിൽ കൂടി അവർ മതം നോക്കി വോട്ട് ചെയ്യുന്നു. അതുകൊണ്ട് എൽ.ഡി.എഫിലെ ക്രിസ്ത്യൻ സ്ഥാനാർത്ഥികൾ തുടർച്ചയായി തിരുവമ്പാടിയിൽ വിജയിച്ചു വരുന്നു. ലീഗ് കൊച്ചി ഏറ്റെടുത്താലും കൊച്ചിയിൽ സംഭവിക്കാൻ പോകുന്ന കാര്യവും ഇത് തന്നെയാകും. അതിനാൽ കളമശേരി വേണോ കൊച്ചി വേണോ എന്നത് ലീഗ് നേതൃത്വമാണ് ബുദ്ധിപൂർവ്വം തീരുമാനിക്കേണ്ടത്.
കൊച്ചി മണ്ഡലത്തിലെ വെല്ലുവിളികൾ
ഇനി കൊച്ചി മണ്ഡലത്തെപ്പറ്റി എടുത്താൽ അതും പുതുതായി രൂപംകൊണ്ട മണ്ഡലം തന്നെയാണ്. ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കുറഞ്ഞ വോട്ടുകൾക്ക് ജയിച്ചെങ്കിലും തുടർച്ചയായി കഴിഞ്ഞ കാലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് കൊച്ചി. അവിടുത്തെ പ്രബല സമുദായമായ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നാണ് എൽ.ഡി.എഫും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പരിഗണിച്ചു വരുന്നത്. ശരിക്കും യു.ഡി.എഫിന് അനുകൂലമാക്കി എടുക്കാൻ പറ്റുന്ന മണ്ഡലം ആണെങ്കിൽ കൂടി ജനകീയരല്ലാത്ത സ്ഥാനാർത്ഥികളെ യു.ഡി.എഫ് നിർത്തുന്നതും മറുവശത്ത് ലാറ്റിൻ സമുദായത്തിൽ തന്നെയുള്ള ജനകീയരായ നേതാക്കളെ എൽ.ഡി.എഫ് ഇറക്കുന്നതുമാണ് അവിടെ തുടർച്ചയായി എൽ.ഡി.എഫിലെ കെ.ജെ. മാക്സി വിജയിക്കുന്നതിന് കാരണം.
ലാറ്റിൻ സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥികളെയല്ലാതെ ഏത് മുന്നണി നിർത്തിയാലും ആ സമുദായം അംഗീകരിക്കണം എന്നില്ല. ലാറ്റിൻ സ്പിരിറ്റ് അവരിൽ അന്തർലീനമാണ്. റോമൻ കാത്തലിക് എന്നാൽ മാർപാപ്പയെ അംഗീകരിക്കുന്ന 24 കത്തോലിക്കാ സഭകൾ ചേർന്നതാണ്. അതിൽ ലോകം മുഴുവൻ നിൽക്കുന്ന ഏറ്റവും വലിയ ആഗോള സഭയാണ് പാശ്ചാത്യ സഭയെന്ന് വിശേഷിപ്പിക്കാവുന്ന ലാറ്റിൻ സഭ. അതിൽപ്പെടുന്നവർ തന്നെയാണ് മാർപാപ്പയും സോണിയാ ഗാന്ധിയും ഒക്കെ. ശരിക്കും തീവ്ര ക്രിസ്റ്റ്യൻ സ്പിരിറ്റ് ഉള്ളവർ എന്നുതന്നെ വിശേഷിപ്പിക്കാം. വൈദേശിക പാരമ്പര്യം ഉൾപ്പെടുന്ന ഇവരുടെ ഏറ്റവും വലിയ താല്പര്യം സോണിയായും കൈപ്പത്തിയും കുരിശും കോൺഗ്രസും അവരുടെ സമുദായക്കാരുമാണ്. അതുകൊണ്ട് തന്നെയാണ് കോൺഗ്രസിലെ സീനിയർ നേതാവായ ദീപ്തി മേരി വർഗീസിന് കൊച്ചി മേയർ പദവി നഷ്ടപ്പെടേണ്ടി വന്നത്.
മുസ്ലിം സമുദായാംഗങ്ങൾ കൊച്ചിയിൽ ഉണ്ടെങ്കിൽ കൂടി കൊച്ചിയിലെ പ്രബല വിഭാഗം ലാറ്റിൻ കത്തോലിക്കർ തന്നെ. അവിടെ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയെയും കോണിയെയും കൊച്ചി കത്തോലിക്കർ ഉൾക്കൊള്ളണമെന്നില്ല. കൈപ്പത്തിക്കും കോൺഗ്രസിനും അവരുടെ സമുദായത്തിൽപ്പെട്ടവർക്കും അപ്പുറം അവർക്ക് മറ്റൊന്ന് ചിന്തിക്കാൻ കൂടി കഴിഞ്ഞെന്ന് വരില്ല. ഇത് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് നന്നായി അറിയാം. അദ്ദേഹം കൊച്ചിയിൽ മത്സരിച്ചാൽ എതിർ സ്ഥാനാർത്ഥി ലാറ്റിൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നാണെങ്കിൽ അദ്ദേഹത്തിന് ജയിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് അദ്ദേഹം കളമശേരി ലക്ഷ്യമാക്കി നീങ്ങുന്നത്. കളമശേരി വിട്ടു കൊടുത്ത് ലീഗ് കൊച്ചി ഏറ്റെടുത്താൽ അത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമെന്നേ പറയേണ്ടതുള്ളു. ലീഗിനും ലീഗ് സ്ഥാനാർത്ഥിക്കും വിജയിക്കാൻ പറ്റുന്ന ഏക സീറ്റ് അവരുടെ ഇപ്പോൾ കൈവശമിരിക്കുന്ന കളമശേരി തന്നെയാണ്. ശരിക്കും കോൺഗ്രസ് എന്നും തോറ്റുകൊണ്ടിരിക്കുന്ന കൊച്ചി തങ്ങൾക്ക് എന്തിനാണെന്ന് ലീഗ് നേതാക്കൾ ഇരുന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. കൊച്ചിയിൽ യു.ഡി.എഫിന് പറ്റിയ സ്ഥാനാർത്ഥി എന്ന് പറയുന്നത് കൈപ്പത്തി ചിഹ്നത്തിൽ ലാറ്റിൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട ഒരാൾ മത്സരിക്കുന്നതായിരിക്കും.
കളമശേരിയിൽ നീതി നടപ്പാകണം
ലീഗിന്റെ നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത് ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ കളമശേരി സീറ്റിൽ നിർത്തി വിജയിപ്പിക്കുക എന്നതാണ്. അല്ലാതെ ലീഗിന്റെ കുത്തക സീറ്റ് കോൺഗ്രസുമായി വെച്ചുമാറാൻ അല്ല നോക്കേണ്ടത്. ലീഗ് നേതൃത്വത്തിന് ഇബ്രാഹിം കുഞ്ഞിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കടമയും അതാണ്. ഇത്തവണ കളമശ്ശേരിയിലെ ജനങ്ങൾ വി.ഇ. അബ്ദുൽ ഗഫൂറിനെ വിജയിപ്പിച്ചുകൊണ്ട് തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഇബ്രാഹിം കുഞ്ഞിനോട് നീതി ചെയ്യും. ഉറപ്പ്.
ഈ വാർത്ത സുഹൃത്തുകൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: An article by Sony Kallarakkal argues that the Muslim League should retain the Kalamassery seat and field V.E. Abdul Gafoor again, warning against a seat swap with Congress for the Kochi constituency.
#Kalamassery #MuslimLeague #UDF #KeralaPolitics #EbrahimKunju #Congress #AbdulGafoor
