ചെളിയിൽ പുരണ്ട ചെരുപ്പും ക്ലോസറ്റിൽ വീണ വാച്ചും: മായാത്ത ഓർമ്മകൾ!


● കൂക്കാനം റഹ്‌മാൻ തൻ്റെ ഭൂതകാല ഓർമ്മകൾ പങ്കുവെക്കുന്നു.
● ഡോ. മുഹമ്മദലിയുടെ സൗഹൃദം ഓർത്തെടുക്കുന്നു.
● ചെളിയിൽ പുതഞ്ഞ ചെരുപ്പ് ഡോക്ടർ എടുത്തു കൊടുത്ത അനുഭവം.
● ക്ലോസറ്റിൽ വീണ വാച്ചും സ്വാമി എന്ന വ്യാപാരിയുടെ സഹായവും.
● പി.എൻ. പണിക്കരുടെ നേതൃത്വത്തിലുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ.
ഓർമ്മത്തുരുത്ത് ഭാഗം - 12 / കൂക്കാനം റഹ്‌മാൻ
(KVARTHA) വർത്തമാനകാലത്തെക്കാൾ എപ്പോഴും ഭംഗി തോന്നുന്നത് നമ്മുടെ ഭൂതകാലത്തിനായിരിക്കും. അതൊരു പ്രപഞ്ചസത്യം പോലെയാണ്. കഴിഞ്ഞുപോയ കാലങ്ങളും സംഭവങ്ങളും ഓർമ്മയിലേക്ക് ഇടയ്ക്കിടെ ഓടിയെത്തുന്നത് ഒരനുഭൂതി തന്നെയാണ്. മരിക്കും വരെ മനസ്സിൽ തങ്ങിനിൽക്കുന്ന ചില സംഭവങ്ങൾ മിക്ക മനുഷ്യരുടെയും ജീവിതത്തിലുണ്ടാവും. ചിലപ്പോൾ നമ്മൾ ദൃക്സാക്ഷികളോ ആവാം.
എങ്കിലും ആ സംഭവങ്ങൾ സമ്മാനിച്ച നിമിഷങ്ങളും ഓർമ്മകളായി തികട്ടി വന്നേക്കാം. അത്രയ്ക്ക് മനോഹരമാണെങ്കിൽ മറ്റുള്ളവരുമായി അക്കാര്യങ്ങൾ പങ്കുവെക്കാനും താൽപ്പര്യവും കൂടും. കഥ പറച്ചിലുകൾ പോലെ ഓർമ്മകളിലേക്ക് ഓടിച്ചെന്ന് അതിങ്ങനെ മറ്റുള്ളവരോട് അയവിറക്കുന്നത് എന്ത് സുഖമുള്ള കാര്യമാണ് അല്ലേ. ചെറിയ കുട്ടിയായിരിക്കുമ്പോൾ ഉള്ളതാണെങ്കിൽ അതിലും ഭംഗി കൂടും.
1978-ൽ, അതായത് 47 വർഷങ്ങൾക്കപ്പുറം നടന്ന രസകരമായ ഒരനുഭവം നുകരാൻ ഇന്നലെ (21.07.2025) ഒരു അവസരമുണ്ടായി. എൻ്റെ കൊച്ചുമകന് പനി പിടിച്ചതിനാൽ ചെറുവത്തൂർ കെ.എ.എച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. അവൻ്റെ സുഖവിവരം അറിയാൻ ഹോസ്പിറ്റലിലേക്ക് ചെന്നതായിരുന്നു ഞാൻ.
ഹോസ്പിറ്റൽ വരാന്തയിലൂടെ 206-ാം നമ്പർ മുറി ഏതാണെന്ന് നോക്കി നടക്കുകയായിരുന്നു. പ്രസ്തുത ഹോസ്പിറ്റലിൻ്റെ ഉടമയും പ്രമുഖ ഡോക്ടറുമായ മുഹമ്മദലി റൗണ്ട്സിന് ഇറങ്ങിയതായിരുന്നു. 203-ാം നമ്പർ മുറിയിൽ നിന്ന് ഡോക്ടറും നഴ്‌സുമാരും പുറത്തേക്കിറങ്ങുമ്പോൾ എന്നെക്കണ്ടു. കണ്ട ഉടനെ എൻ്റെ രോഗകാര്യങ്ങളും മറ്റും അന്വേഷിക്കുകയും ചെയ്തു.
സംസാരിച്ചുകൊണ്ടിരിക്കേ ഡോക്ടറെ കാണാൻ അവിടേക്ക് ഒരു വ്യക്തി കടന്നുവന്നു. നോക്കുമ്പോൾ അദ്ദേഹം എൻ്റെ ഒരു സുഹൃത്താണ്. ഈ പറഞ്ഞ ഡോക്ടറും ഞാനും ഒരു ചെറിയ ബന്ധം ഉണ്ട് താനും. അങ്ങനെ മൂന്ന് പേരുമുള്ള ആ സംസാരത്തിനിടയിൽ എന്നെക്കുറിച്ചുള്ള ഒരു പഴയ ഓർമ്മ ഡോക്ടർ പൊടി തട്ടിയെടുത്തു. അയാളുമായി അത് സംസാരിക്കാനും തുടങ്ങി.
അത് പറയുന്നതിന് മുമ്പേ ഞാനും ഡോക്ടർ മുഹമ്മദലിയുമായുള്ള ബന്ധം പറയാം. കാടങ്കോട് ഗവ: ഫിഷറീസ് ഹൈസ്കൂളിലെ എൻ്റെ വിദ്യാർത്ഥിയായിരുന്നു മുഹമ്മദലി. വെളുത്ത മുണ്ടുടുത്ത് അരക്കയ്യൻ ഷർട്ടുമിട്ട് സ്കൂളിലെത്തുന്ന മെലിഞ്ഞൊരു പയ്യൻ. എങ്കിലും ക്ലാസിലും പുറത്തും നല്ല എനർജറ്റിക്കാണ്. ഞാൻ എപ്പോഴും അവനെ ഏൽപ്പിക്കുന്ന ഒരു ജോലിയുണ്ട്.
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ‘യുറീക്കാ’ മാസികയുടെ നൂറ് കോപ്പി സ്കൂളിലേക്ക് തപാൽ മാർഗം എൻ്റെ പേരിലാണ് വന്നിരുന്നത്. എൻ്റെ നിർദേശപ്രകാരം അത് തുരുത്തി പോസ്റ്റ് ഓഫീസിൽ ചെന്ന് വാങ്ങിക്കൊണ്ട് വരുന്നത് മുഹമ്മദലിയാണ്. ‘മാഷേ യുറീക്ക വന്നോ’ എന്ന് മാസാദ്യം എന്നെ സമീപിച്ച് അവൻ ചോദിക്കും. അക്കാര്യത്തിൽ വലിയ താൽപ്പര്യമായിരുന്നു അവന്. മാത്രമല്ല മാസിക വാങ്ങിക്കൊണ്ട് വന്ന് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് കാശുവാങ്ങി എന്നെ കൃത്യമായി ഏൽപ്പിക്കുന്നതും അവനാണ്.
അവൻ മിടുക്കനായി പഠിച്ചുയർന്ന് എം.ബി.ബി.എസും എം.ഡിയും കഴിഞ്ഞ് ചെറുവത്തൂരിൽ കെ.എ.എച്ച് ഹോസ്പിറ്റൽ എന്ന ആശുപത്രി സ്വന്തമായി നടത്തിക്കൊണ്ടുവരികയാണ്. അന്ന് കാണിച്ച സ്നേഹവും ആദരവും അവൻ്റെ കൂടപ്പിറപ്പായി ഇന്നും കൊണ്ടുനടക്കുന്നു. അതിൻ്റെ വളർച്ച അവൻ പടുത്തുയർത്തിയ ആതുരാലയത്തിനുണ്ട്. അർഹരായവർക്കു സൗജന്യമായി ചികിത്സാ സൗകര്യം ഒരുക്കുന്നതിലും കൂടെ പഠിച്ചവരെയും, പഠിപ്പിച്ചവരെയും ചേർത്തുപിടിക്കാനും അവൻ സന്നദ്ധനാണ്. രണ്ട് വർഷം മുമ്പ് എനിക്കൊരു അനുഭവമുണ്ടായി.
ഒരു തൊണ്ട വേദനയുമായി ചെന്നതായിരുന്നു ഞാൻ. രോഗിയായ എന്നോട് വായ തുറക്കാൻ പറഞ്ഞു. തൊണ്ടയിൽ പഴുപ്പുണ്ടോന്ന് നോക്കാനായിരുന്നു. ‘അ...ആ…’ എന്ന് ഉച്ചരിക്കാൻ പറഞ്ഞു. അപ്പോൾ ഞാനോർത്തത് പണ്ട് പ്രൈമറി ക്ലാസിൽ അവനെക്കൊണ്ട് അ...ആ... ഇ... ഈ ' എന്ന് പറയിച്ച് പഠിപ്പിച്ച കാര്യമായിരുന്നു. പരിശോധനക്ക് ശേഷം അക്കാര്യം അവനോട് പറഞ്ഞ് കുറേ ചിരിച്ചു. വേറൊരു കാര്യം പറയാൻ വിട്ടു പോയി. എന്നോട് പരിശോധനാ ഫീസോ മരുന്നിൻ്റെ വിലയോ വാങ്ങാറില്ല. സ്നേഹത്തോടെ യാത്രയാക്കുകയാണ് പതിവ്.
വേറൊരു പഴയ അനുഭവം അവൻ്റെ മനസ്സിൽ സൂക്ഷിച്ചതാണ് ഇന്നലെ പറഞ്ഞത്. അന്ന് ഞങ്ങൾ മാഷന്മാർ ചെറുവത്തൂരിൽ ബസ്സിറങ്ങി നടന്നാണ് സ്കൂളിലേക്ക് വന്നിരുന്നത്. നല്ല മഴക്കാലമായിരുന്നു അത്. റോഡിൽ നിന്ന് സ്കൂളിലെത്താൻ വയലിലൂടെ ഒരു എളുപ്പ വഴിയുണ്ട്. അതിലൂടെയാണ് പലരുടെയും സഞ്ചാരം. പക്ഷെ അതിനൊരു ചെറിയ പ്രശ്നമുണ്ട്. വയലിൽ ചെളി കെട്ടിക്കിടക്കുന്നുണ്ടാകും. അത് നല്ല പോലെ ശ്രദ്ധിച്ചു വേണം നടക്കാൻ, അല്ലെങ്കിൽ ചെളിയിൽ പെട്ടുപോകും.
പക്ഷെ അന്ന് എൻ്റെ ശ്രദ്ധ അല്പം പാളി. ചെരിപ്പോടുകൂടി കാൽ ചെളിയിൽ പൂണ്ടുപോയി. എത്ര ശ്രമിച്ചിട്ടും കാൽ ഉയർത്താൻ പറ്റുന്നില്ല. അവസാനം ചെരുപ്പ് ഉപേക്ഷിച്ച് കാൽ വലിച്ചെടുത്തു. ചെളിയിൽ കയ്യിട്ട് ആ ചെരുപ്പ് തിരയാൻ വയ്യാത്തതുകൊണ്ട് ഒരു ചെരുപ്പുമായി ഞാൻ നടക്കാൻ തുടങ്ങി.
അതൊക്കെ വീക്ഷിച്ചുകൊണ്ട് ഒരാൾ എനിക്ക് പിന്നിൽ ഉണ്ടായിരുന്നു. മുഹമ്മദലി. ഉടനെ അവിടേക്ക് ഓടിയെത്തി. എന്നിട്ട് പുസ്തകക്കെട്ടും മറ്റും കൂട്ടുകാരുടെ കയ്യിലേൽപ്പിച്ചു. കൈ മുട്ടോളം ആ ചെളിയിലേക്ക് താഴ്ത്തി പൂണ്ടുപോയ ചെരുപ്പ് വലിച്ചെടുത്തു. ഒട്ടും മടിയില്ലാതെ അവൻ തന്നെ കഴുകി വൃത്തിയാക്കി തരികയും ചെയ്തു.
ആ കഥയാണ് ഡോ: മുഹമ്മദലിയെന്ന പ്രമുഖ വ്യക്തി മറ്റേ സുഹൃത്തിനോട് രസകരമായി വിവരിച്ചത്. അതിനിടയിൽ എത്രയോ വട്ടം ഓർമ്മകൾ കൊണ്ട് അവൻ എൻ്റെ ഏഴാം ക്ലാസിലെ മുഹമ്മദലി എന്ന ചെറിയ വിദ്യാർത്ഥിയിലേക്ക് തിരിച്ചുപോയി. അത് കണ്ണുകളിൽ കാണാമായിരുന്നു.
അവൻ ഇന്നും ആ ഓർമ്മ മനസ്സിൽ കൊണ്ടുനടക്കുന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. മറ്റൊരാളുടെ ഓർമ്മകളിൽ ഭംഗിയായി നമ്മൾ നിലനിൽക്കുന്നു എന്നതും എത്ര സന്തോഷമുള്ള കാര്യമാണ് അല്ലേ. അതുപോലൊരു ഓർമ്മയാണ് സമ്മാനം കിട്ടിയ വാച്ചിന്റെ കഥ.
1985 കാലം. സാക്ഷരതാ പരിപാടിയുമായി കാൻഫെഡ് ശക്തമായി മുന്നേറുന്ന സമയം. മലയോര മേഖലയിലെ പിന്നോക്ക പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകളുടെ വേലിയേറ്റ സമയവും കൂടിയായിരുന്നു. പരിപാടിയുടെ ഭാഗമായി പണിക്കർ സാർ ജില്ലയിൽ വന്നാൽ ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും ചെലവഴിക്കാറുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരിക്കും പരിപാടി ആസൂത്രണം ചെയ്യുക.
അന്ന് പനത്തടി പഞ്ചായത്തിലെ ഹരിജൻ ഗിരിജൻ കോളണികളെ കേന്ദ്രീകരിച്ചായിരുന്നു മീറ്റിംഗ് നടക്കുന്നത്. ഒരു ദിവസത്തെ പദ്ധതി. രാവിലെ ഒന്ന് രണ്ട് പരിപാടി കഴിഞ്ഞ് ഉച്ച സമയത്താണ് ഞങ്ങൾ ചെറുപനത്തടിയിൽ എത്തിയത്. അവിടത്തെ വ്യാപാരിയായിരുന്ന ഒരു വ്യക്തിയുടെ കടയുടെ മുന്നിലായിരുന്നു യോഗം നടന്നത്.
അദ്ദേഹത്തെ നാട്ടുകാർ സ്നേഹപൂർവ്വം സ്വാമി എന്ന പേരിലായിരുന്നു വിളിച്ചിരുന്നത്. നോക്കുമ്പോൾ നല്ലൊരു ആൾക്കൂട്ടമുണ്ട്. തങ്ങളുടെ പ്രവർത്തികൾക്ക് സ്വീകരണം കിട്ടുന്നുണ്ടല്ലോ എന്ന തോന്നൽ പ്രവർത്തകരെ കൂടുതൽ സന്തോഷവാൻമാരാക്കി. പണിക്കർ സാറിൻ്റെ പ്രസംഗത്തിനായി എല്ലാവരും ആകാംക്ഷയിൽ ഇരിക്കുകയാണ്.
ആരംഭിച്ചാൽ ഒരു മണിക്കൂറെങ്കിലും വേണ്ടി വരും അതൊന്ന് സമാപനം കുറിക്കാൻ. എങ്കിലും കേൾവിക്കാരനെ മുഷിപ്പിക്കാത്ത രീതിയിലാവും പ്രസംഗം. ടി.എൻ. അപ്പുക്കുട്ടൻ നായർ, കരിവെള്ളൂർ വിജയൻ, കാവുങ്കൽ നാരായണൻ മാസ്റ്റർ, സി.കെ. ഭാസ്കരൻ തുടങ്ങിയ പ്രവത്തകരും കൂടെയുണ്ടായിരുന്നു.
പരിപാടിക്ക് വേണ്ടി സൗകര്യം ഒരുക്കി തന്ന കച്ചവടക്കാരനായ സ്വാമി (പേര് ഓർക്കുന്നില്ല) നല്ലൊരു പൊതുപ്രവർത്തകൻ കൂടിയായിരുന്നു. മീറ്റിംഗ് നടത്താനുള്ള സൗകര്യം ചെയ്തു എന്ന് മാത്രമല്ല അന്നത്തെ ഞങ്ങൾക്കുള്ള ഉച്ചഭക്ഷണവും അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് തന്നെയായിരുന്നു.
പണിക്കർ സാറിൻ്റെ പ്രസംഗം സ്വാമിക്ക് ഏറെ ഇഷ്ടപ്പെടുകയും സാക്ഷരതാ പ്രവർത്തനത്തിന് വേണ്ടി എന്ത് സഹായങ്ങളും ചെയ്തു തരാമെന്ന് ചടങ്ങിൽ വെച്ച് തന്നെ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.
കടയുടെ സമീപത്തു തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ വീട്. അങ്ങനെ ഊണ് കാലമായപ്പോൾ ഞങ്ങൾ സ്വാമിയുടെ വീട്ടിലേക്ക് പോയി. നല്ല പോലെ സ്വീകരിച്ചിരുത്തുകയും മോശമല്ലാത്ത ഭക്ഷണം വിളമ്പുകയും ചെയ്തു.
ഞാൻ അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. അതിൻ്റെതായ ചില ബുദ്ധിമുട്ടുകൾ തോന്നിയപ്പോൾ സ്വാമിയോട് ഞാൻ ബാത്ത്റൂമിൻ്റെ കാര്യം അന്വേഷിച്ചു. വീടിൻ്റെ പുറത്തായിരുന്നു ബാത്ത്റൂം. ഭക്ഷണ ശേഷം ഞാൻ ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു. ബാത്ത്റൂമിൽ കയറി കാര്യം സാധിച്ചു. പക്ഷെ അതിനിടയിൽ ചെറിയൊരു അമളി പറ്റി. മലേഷ്യയിൽ നിന്നു വന്നപ്പോൾ എളേപ്പ നല്ലൊരു വാച്ച് എനിക്ക് സമ്മാനമായി നൽകിയിരുന്നു. അത് കയ്യിൽ കെട്ടിയിട്ടുണ്ടായിരുന്നു. വെള്ളം തട്ടി കേട് വരേണ്ടെന്ന് കരുതി ബാത്ത്റൂമിൽ കയറും മുമ്പ് അഴിച്ച് ഷർട്ടിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്നു. സ്റ്റീൽ സ്ട്രാപ്പ് ആയതിനാൽ വാച്ചിന് നല്ല ഭാരമുണ്ടായിരുന്നു.
കാര്യം കഴിഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളമെടുത്ത് ക്ലോസറ്റിലേക്ക് ഒഴിക്കാൻ ഒന്ന് കുനിഞ്ഞതായിരുന്നു. വെള്ളത്തോടൊപ്പം ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് വാച്ചും ക്ലോസറ്റിലേക്ക് വീണു. എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചുപോയെങ്കിലും തിരികെ കിട്ടാത്തതിനെ അവിടെ ഉപേക്ഷിച്ചുകൊണ്ട് ഞാൻ അതിനകത്തു നിന്നും ഇറങ്ങി നടന്നു.
പക്ഷെ വല്ലാത്ത ഒരു നിരാശ. അത്ര ഭംഗിയുള്ള വാച്ചായിരുന്നു. പോരാത്തതിന് എളേപ്പയുടെ സമ്മാനവും. പക്ഷെ ഇനി എന്ത് ചെയ്യാൻ. ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്നവരുടെ കൂടെ ഞാനുമിരുന്നു. ഉള്ളിലെ സങ്കടം ആരോടും പറഞ്ഞതുമില്ല. പക്ഷെ എങ്ങനെയോ സ്വാമിക്കാത് പിടികിട്ടി.
‘മാഷിനെന്താ വിഷമം പോലെ?’ മുഖത്ത് നിരാശ കണ്ടു ചോദിച്ചതാവാം.
‘ഏയ് ഒന്നുമില്ല.’ ഉടനെ ഞാൻ മറുപടി പറയുകയും ചെയ്തു.
പക്ഷെ സ്വാമി വിട്ടില്ല. കൂടെക്കൂടെ ചോദിച്ചുകൊണ്ടിരുന്നു. അവസാനം സ്വാമിയോട് എനിക്ക് കാര്യം പറയേണ്ടി വന്നു. കേട്ട ഉടനെ അദ്ദേഹം എന്നെയും കൂട്ടി ബാത്ത്റൂമിലേക്ക് ചെന്നു. ആകെ ഒന്ന് വീക്ഷിച്ചു. നോക്കുമ്പോൾ ക്ലോസറ്റിനുള്ളിൽ സാധനമുണ്ട്. കുഴിയിലേക്ക് പോയിട്ടില്ല. കനം കൊണ്ടാവാം അവിടെ തങ്ങി നിന്നത്. അടുത്ത നിമിഷം ഒട്ടും മടിയില്ലാതെ അവിടെ കുനിഞ്ഞിരുന്ന് അദ്ദേഹം ക്ലോസെറ്റിനുള്ളിലേക്ക് കൈതാഴ്ത്തി വാച്ച് പുറത്തെടുത്തു.
കിട്ടിയല്ലോ എന്ന് സന്തോഷത്തോടെ പറയുകയും ചെയ്തു. ശേഷം അദ്ദേഹം തന്നെ അത് പല തവണ സോപ്പിട്ട് കഴുകി. വൃത്തിയായെന്ന് ഉറപ്പിച്ച ശേഷം എനിക്ക് തന്നു. ‘എൻ്റെ വീട്ടിൽ വന്ന വ്യക്തികൾക്ക് ഏതെങ്കിലും തരത്തിൽ വിഷമം ഉണ്ടാവുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.’ സ്വാമി വാച്ച് കയ്യിൽ തന്നുകൊണ്ട് പറഞ്ഞു.
എനിക്ക് അത്രയും വേണ്ടപ്പെട്ടതായിട്ടും ക്ലോസെറ്റിൽ കയ്യിട്ടെടുക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. പക്ഷെ അതെടുത്തു തരാൻ ആ വലിയ മനുഷ്യൻ കാണിച്ച നല്ല മനസ്സിന് എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ലായിരുന്നു. ഇങ്ങനെയും നല്ല മനുഷ്യർ നമുക്കിടയിൽ ജീവിക്കുന്നുണ്ടല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സന്തോഷം തോന്നി.
അതിന് ശേഷം ചെറുപനത്തടിയിലൂടെ കടന്നു പോകുമ്പോഴൊക്കെ ഞാൻ സ്വാമിയുടെ കടയിലേക്ക് നോക്കും. കണ്ടാൽ കൈ വീശി ആ സ്നേഹവും കടപ്പാടും അറിയിക്കും. ഇപ്പോൾ അവിടെ ആ കടയുണ്ടോയെന്ന് അറിയില്ല. പക്ഷെ അദ്ദേഹം അവിടെ ഇല്ലെന്ന് അറിഞ്ഞിരുന്നു. മരിച്ചുപോയ വിവരം ആരോ പറഞ്ഞു അറിഞ്ഞിരുന്നു. പക്ഷെ ഇന്നും ആ ഓർമ്മകൾക്ക് ജീവനുണ്ട്.
ഇതുപോലുള്ള നല്ല ഓർമ്മകൾ നിങ്ങൾക്കുണ്ടോ? കമൻ്റ് ചെയ്യൂ!
Article Summary: A heartwarming memoir about enduring friendships and unexpected kindness.
#FriendshipGoals #KeralaMemories #LifeLessons #KookanamRahman #Humanity #InspirationalStory