ശരീരപുഷ്ടിക്ക് ഇനിയല്പം ആയുര്‍വേദം

 


എപി

(www.kvartha.com 09.04.2014) മെ
ലിഞ്ഞുണങ്ങിയ ശരീരം ഒട്ടുമിക്ക ആളുകള്‍ക്കും ഇന്നത്ര പഥ്യമുള്ള കാര്യമല്ല. പ്രത്യേകിച്ചും യുവതീ യുവാക്കളുടെ കാര്യമെടുത്താല്‍ അത്യാവശ്യം മാംസളമായ ശരീരമാണ് ഏവരും ആഗ്രഹിക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ പലതരത്തിലുള്ള ശരീരപുഷ്ടിക്കുള്ള ഔഷധങ്ങള്‍ തന്നെ അതിന് വലിയൊരു തെളിവാണ്. ചിലരുടെ ശരീരം എന്തു കഴിച്ചാലും തടിക്കാത്ത പ്രകൃതമാകും. ഇത്തരത്തിലുള്ളവര്‍ക്ക് ആയുര്‍വേദത്തിലെ ചില കൂട്ടുകള്‍ ഉപയോഗിച്ചാല്‍ ശരീരപുഷ്ടി വര്‍ദ്ധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. പലപ്പോഴും മെലിച്ചില്‍ അപകര്‍ഷതാ ബോധത്തിനും മറ്റ് ചില മാനസികമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. വിവാഹം പോലുള്ള കാര്യങ്ങള്‍ക്ക് മെലിഞ്ഞ ശരീരം ഒരു തടസ്സമായി വരുന്നത് പലപ്പോഴും ജീവിത പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കാറുണ്ട്. മെലിച്ചില്‍ കൊണ്ട് ചില ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് രോഗ പ്രതിരോധശേഷി കുറവായിരിക്കും.

ആയുര്‍വേദത്തില്‍ മെലിച്ചിലിനെ കാര്‍ശ്യം എന്ന രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. ശരീത്തിന് ആവശ്യം വേണ്ട മാംസവും മേദസ്സും കുറയുന്നതാണ് കാര്‍ശ്യത്തിന് കാരണമാകുന്നത്. കണ്ണുകളിലെ പ്രകാശം മങ്ങി മുഖം, കഴുത്ത്, വയര്‍ ആസനം തുടങ്ങിയ ശരീര ഭാഗങ്ങളിലെ എടുപ്പ് നഷ്ടമാകുന്നതാണ് മെലിച്ചില്‍ കൊണ്ടുള്ള പ്രധാന ദോഷം. ശരീരഭാരം ഇത്തരക്കാരില്‍ തീരെ കുറവായിരിക്കും. കാര്‍ശ്യത്തിന് കാരണങ്ങള്‍ പലതാണ്. സ്വാഭാവിക കാര്‍ശ്യത്തിന് ഉദാഹരണമാണ് ഗര്‍ഭിണികളിലും വൃദ്ധന്മാരിലുമുള്ള മെലിച്ചിലും ഉപവാസം പോലുള്ള വ്രതാനുഷ്ടാന കാലത്തുള്ള തൂക്കക്കുറവും.

ശരീരപുഷ്ടിക്ക് ഇനിയല്പം ആയുര്‍വേദം
ചിലര്‍ക്ക് അര്‍ബുദം, ക്ഷയം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ മൂലവും കാര്‍ശ്യം സംഭവിക്കാം. ഇത് കൂടാതെ കരള്‍, തൈറോയ്ഡ് തുടങ്ങിയ ഗ്രന്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും മെലിച്ചിലിന് കാരണമാകുന്നു. കാരണങ്ങളുടെ പ്രഥമ പട്ടികയില്‍ നില്‍ക്കുന്നത് ഭക്ഷണവും ദഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എരിവ്, കയ്പ്പ്, പുളി എന്നീ രസങ്ങളുള്ള ആഹാരസാധനങ്ങള്‍ അധികമായി ഉപയോഗിക്കുന്നത് മെലിച്ചിലിന് ആക്കം കൂട്ടുന്നവയാണ്. ശരിയായ നേരത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് വലിയ അപകടമാണ്. കൂടാതെ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യില്ല. ആഹാരത്തോട് താല്പര്യമില്ലാത്തത് മറ്റൊരു പ്രശ്‌നമാണ്.

മെലിച്ചിലിന് തക്ക സമയത്ത് തന്നെ കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. ചികിത്സയില്‍ ആദ്യം പ്രാധാന്യം കൊടുക്കുന്നത് മെലിച്ചിലിന്റെ കാരണമായ രോഗാവസ്ഥയെ ഇല്ലായ്മ ചെയ്യുകയാണ്. ഒപ്പം തന്നെ ആവശ്യം വേണ്ട പോഷക ഗുണമുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ആസ്വദിച്ച് കഴിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. വില്വാദിലേഹം, ദശമൂലാരിഷ്ടം തുടങ്ങിയവ സേവിക്കുന്നത് ഭക്ഷണത്തോടുള്ള താല്പര്യമില്ലായ്മ, അരുചി എന്നിവ കുറയ്ക്കാനിടയാക്കും. വിശപ്പ് കൂട്ടാന്‍ അഷ്ടചൂര്‍ണ്ണം, പിപ്പല്യാസവം എന്നിവയിലേതെങ്കിലും സേവിക്കുന്നത് ഉത്തമമാണ്.

കാര്‍ശ്യ ചികിത്സയില്‍ ഔഷധമായും ആഹാരമായും മാംസം ഉപയോഗിക്കാന്‍ പറയാറുണ്ട്. പലതരം മാംസങ്ങള്‍ ലഭ്യമാണെങ്കിലും അജമാംസമാണ് ഏറ്റവും ഉത്തമം. അമൃതപ്രാശഘൃതം, അജാശ്വഗന്ധാദിലേഹം തുടങ്ങിയ മാംസം നിറഞ്ഞ ഔഷധങ്ങള്‍ കാര്‍ശ്യ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതും അതുകൊണ്ടാണ്. പ്രമേഹം മൂലമുള്ള കാര്‍ശ്യമാണെങ്കില്‍ ചികിത്സ വ്യത്യസ്തമായിരിക്കും. ഇവിടെ അമുക്കുരം, വള്ളിക്കുറുന്തോട്ടി അഥവാ നാഗബല തുടങ്ങിയ ഒറ്റമൂലികള്‍ പലപ്പോഴും ഉപകാരപ്രദമാകാറുണ്ട്. അമുക്കുരം പൊടിച്ച് പാലിലോ, എണ്ണയിലോ, നെയ്യിലോ അല്ലെങ്കില്‍ തിളപ്പിച്ചാറിയ വെള്ളത്തിലോ ചേര്‍ത്ത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ശരീര പുഷ്ടിക്ക് ഉത്തമമാണ്.


ശരീരപുഷ്ടിക്ക് ഇനിയല്പം ആയുര്‍വേദം ആഹാരത്തില്‍ പാലുല്‍പന്നങ്ങള്‍, ബദാംപരിപ്പ്, ഉഴുന്ന് എന്നിവ ഉള്‍പ്പെടുന്ന സാധനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതും വിദാര്യാദിലേഹം, ച്യവനപ്രാശം എന്നിവ സേവിക്കുന്നതും മെലിച്ചിലിനുള്ള പരിഹാരങ്ങളാണ്. കൂടാതെ ഇഡ്ഡലി, പുഴുങ്ങിയ നേന്ത്രപ്പഴം, ഉഴുന്നുവട, ചെറുപയര്‍, കടലപ്രഥമന്‍ എന്നിവയും കാര്‍ശ്യ ചികിത്സയില്‍ വളരെ ഫലപ്രദമാണ്. കൂടാതെ ബലാശ്വഗന്ധാദി തൈലം, ലാക്ഷാദിതൈലം എന്നീ തൈലങ്ങള്‍ തേച്ചുള്ള കുളി ശരീരപുഷ്ടിക്ക് വളരെയധികം സഹായകമാണ്. ദിവസവും 100 ഗ്രാം ശര്‍ക്കര, 200 ഗ്രം എള്ള്, 50 ഗ്രാം ചുക്ക് എന്നിവ പൊടിച്ച് ഇവയ്ക്ക് തുല്യമായ ഈന്തപ്പഴവും കൂട്ടിച്ചേര്‍ത്ത് കഴിക്കുന്നത് തടി വെയ്ക്കാന്‍ സഹായകമാണ്.

ശരിയായ ഭക്ഷണത്തോടൊപ്പം തന്നെ കൃത്യമായ അളവിലുള്ള വിശ്രമവും നല്ല ആരോഗ്യത്തിന് അനിവാര്യമാണ്. ഉറക്കം ശരിയായ രീതിയിലല്ലെങ്കില്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കും. കൂടാതെ ലൈംഗിക കാര്യങ്ങളില്‍ സംയമനം പാലിക്കേണ്ടത് മികച്ച ആരോഗ്യത്തിന് അനിവാര്യമാണ്. തിരക്ക് പിടിച്ച ജീവിതത്തില്‍ ഉല്ലാസത്തിനും ആനന്ദത്തിനുമായി സമയം നീക്കി വെക്കണം. ഇക്കാര്യങ്ങളെല്ലാം തന്നെ ശരിയായ അളവില്‍ ഒത്ത് വരുമ്പോള്‍ മാത്രമേ മെലിച്ചിലിന് വേണ്ടി ചികിത്സയെടുക്കുമ്പോള്‍ അത് ഫലത്തില്‍ വരികയുള്ളൂ. ഇവയെല്ലാം തന്നെ ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
കാസര്‍കോട്ടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് 12,40,460 വോട്ടര്‍മാര്‍

Keywords: Article, Ayurvedic, Body, Market, Wedding, Face, Stomach, Cancer, Breakfast, Diabetes, Liver, Milk, Black Gram, Treatment, Sleep, Time, 5 Simple Ayurvedic Tips to Keep Healthy This Fall
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia