മന്ത്രിക്കലും ഉപ്പും കുരുമുളകും ഉഴിച്ചിലും: നാട്ടിൻപുറത്തെ പഴയകാല ‘ചികിത്സാ’ സ്മരണകൾ

 
 A warm and rustic traditional Kerala village kitchen scene with burning charcoal firewood inside an earthen stove hearth.

Representational Image Generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കാരണവന്മാർ മന്ത്രം ചൊല്ലി തലമുടി തൊട്ട് ഉള്ളംകാൽ വരെ ഊതുമ്പോൾ കുട്ടികളിൽ പേടിയും അസുഖവും മാറിയിരുന്നു
● വയറുവേദനയ്ക്കും ചുമയ്ക്കുമായി കിണ്ടിയിലോ ഗ്ലാസ്സിലോ സൂറത്തുകൾ ഓതി ഊതി നൽകിയിരുന്ന മന്ത്രവെള്ളത്തിന്റെ ഓർമ്മകൾ
● ഉരുളൻ പനിയും പേടിസ്വപ്നങ്ങളും ബാധിക്കാതിരിക്കാൻ ഓരോ വരി മന്ത്രിച്ചും കെട്ടുകളിട്ടും അരയിൽ കെട്ടിയിരുന്ന ചരടുകൾ
● ദൃഷ്ടിദോഷം മാറാനായി കല്ലുപ്പും കുരുമുളകും തലയ്ക്ക് ചുറ്റും ഉഴിഞ്ഞ് അടുപ്പിലെ കനലിലിടുന്ന പഴയകാല 'ഉഴിച്ചിൽ' രീതി
● മക്കളുടേയും കൊച്ചുമക്കളുടെയും സുരക്ഷയ്ക്കായി അയൽവീടുകളിലെ അമ്മമാർ പള്ളിയിലേക്ക് നൂലും വെള്ളവും തന്നുവിട്ടിരുന്ന സൗഹാർദ്ദം
● ശാസ്ത്രയുഗത്തിലും ഇത്തരം ഓർമ്മകളെ മനുഷ്യർ മുറുകെ പിടിക്കുന്നത് പഴയകാലത്തോടുള്ള ആത്മബന്ധം കൊണ്ടാണെന്ന് വിലയിരുത്തൽ 

ഓർമ്മച്ചീളുകൾ ഭാഗം 09/ കൂക്കാനം റഹ്‌മാൻ  

(KVARTHA) ഓർമ്മകളുടെ ചാരുകസേരയിലിരുന്ന് പഴയ ഓർമ്മപ്പുസ്തകം തുറക്കുമ്പോൾ, ഇന്നത്തെ തലമുറയ്ക്ക് വിചിത്രമെന്ന് തോന്നാവുന്ന, എന്നാൽ അക്കാലത്ത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒട്ടനവധി കാഴ്ചകൾ മുന്നിലിങ്ങനെ തെളിഞ്ഞുവരും. അവയ്ക്ക് ചിലപ്പോൾ നീറുന്ന മുറിവുകളുടെ ഉപ്പുരസവും സന്തോഷത്തിന്റെ മധുരവുമുണ്ടാകും. ഓർമ്മകൾ എപ്പോഴും ഓമനിക്കാനുള്ളതാണെന്നാണല്ലോ പറയാറ്. ഓർമ്മകളില്ലാത്ത മനുഷ്യനും ജീവനില്ലാത്ത മനുഷ്യനും ചിലപ്പോൾ ഒരുപോലെയായിരിക്കും അല്ലേ. അങ്ങനെയുള്ള അനേകമായിരം ഓർമ്മകളിൽ നിന്ന് ഒന്ന് ഞാൻ ചികഞ്ഞെടുക്കുകയാണ്. അതിലൊന്നാണ് അന്നത്തെ മന്ത്രിക്കലും ഉപ്പും കുരുമുളകും ഉഴിച്ചിലും.

Aster mims 04/11/2022

rural kerala traditional healing rituals nostalgia

തങ്ങൾമാരും മന്ത്രം ചൊല്ലുന്ന കാരണവന്മാരും

കേരളത്തിലെ ഗ്രാമീണ ജീവിതത്തിലും പരമ്പരാഗത വിശ്വാസങ്ങളിലും ആഴത്തിൽ വേരോടിക്കിടക്കുന്ന ഒന്നാണ് ഈ മന്ത്രവാദവും ഉച്ചാടന രീതികളുമൊക്കെ. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് മുൻപ്, ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾക്കും ഭയത്തിനുമൊക്കെ പരിഹാരമായി ആളുകൾ ഇത്തരം രീതികളെയാണ് ആശ്രയിച്ചിരുന്നത്. 

ഇന്നത്തെപ്പോലെ പനിയും തലവേദനയും വരുമ്പോൾ ഓടാൻ അന്ന് വലിയ ആശുപത്രികളോ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരോ ഇല്ലായിരുന്നു. എന്തെങ്കിലും അസുഖം വന്നാൽ ആദ്യം ഓടുക ഒന്നുകിൽ നാട്ടിലെ തങ്ങൾമാരുടെ അടുത്തേക്ക്, അല്ലെങ്കിൽ മന്ത്രമറിയാവുന്ന കാരണവന്മാരുടെ അടുത്തേക്കൊക്കെ ആയിരുന്നു.

എന്റെ ചെറുപ്പത്തിൽ വൈകുന്നേരങ്ങളിൽ കളിച്ചുതളർന്ന് വരുമ്പോൾ ചിലപ്പോൾ കടുത്ത പനിയുമായിട്ടാവും വരിക. അല്ലെങ്കിൽ ഉറക്കത്തിൽ പേടിച്ച് പിച്ചും പേയും പറയും. അത് കാണുമ്പോഴേ ഉമ്മ വഴക്ക് പറയാൻ തുടങ്ങും. കണ്ട പാടവും പറമ്പുമൊക്കെ നിരങ്ങി വരുന്നതല്ലേ, വല്ല ചെയ്ത്താനും തട്ടിക്കാണും, അല്ലെങ്കിൽ ആരുടെയെങ്കിലും 'കണ്ണേറ്' കിട്ടിക്കാണും. 

അതും പറഞ്ഞ് ഉമ്മ നേരെ കൂട്ടിക്കൊണ്ടുപോവുക തൊട്ടടുത്തുള്ള മുതിർന്ന കാരണവരുടെ അടുത്തേക്കാവും. അദ്ദേഹത്തോട് കാര്യം പറഞ്ഞ് നമ്മളെ അവരുടെ മുന്നിലിരുത്തും. അതോടെ അദ്ദേഹം കണ്ണടച്ച് എന്തൊക്കെയോ മന്ത്രങ്ങൾ പിറുപിറുക്കാൻ തുടങ്ങും. ആ മന്ത്രം ചൊല്ലുന്നതിനിടയിൽ തലമുടി തൊട്ട് ഉള്ളംകാൽ വരെ നീളത്തിൽ അങ്ങോട്ട് ഊതും. 

ആ ചൂടുള്ള ശ്വാസം ദേഹത്ത് തട്ടുമ്പോൾത്തന്നെ പകുതി പേടിയും അസുഖവും മാറിയ മട്ടിലാവും. അവസാനം നെറ്റിയിൽ ഒരു കൈപ്പത്തി അമർത്തിപ്പിടിച്ച് ഒരു വലിയ ഊത്ത് കൂടി ഊതുന്നതോടെ മനസ്സിന് കിട്ടുന്ന ഒരു സമാധാനമുണ്ട്, അതൊന്നു വേറെത്തന്നെയായിരുന്നു.

കിണ്ടിയിലെ മന്ത്രവെള്ളത്തിന്റെ മധുരം

അന്ന് മന്ത്രം അത് മാത്രമായിരുന്നില്ല. വെള്ളത്തിൽ ഊതിയുള്ള മന്ത്രവുമുണ്ട്. അത് ഇതിന്റെ മറ്റൊരു രീതിയായിരുന്നു. വെള്ളം മന്ത്രിച്ചു തരിക എന്നാണ് പറയുക. വയറുവേദനയോ വിട്ടുമാറാത്ത ചുമയോ ഒക്കെ വരുമ്പോഴാണ് ഈ പ്രയോഗം. ഒരു കിണ്ടിയിലോ ഗ്ലാസ്സിലോ പച്ചവെള്ളം വെക്കും. മന്ത്രിക്കുന്നയാൾ ആ വെള്ളത്തിലേക്ക് നോക്കി സൂറത്തുകളോ മന്ത്രങ്ങളോ ഓതിക്കൊണ്ടിരിക്കും. 

ഇടയ്ക്കിടെ ആ വെള്ളത്തിലേക്ക് 'ഫൂ... ഫൂ...' എന്ന് ശബ്ദത്തോടെ ഊതും. ആ മന്ത്രം ചെന്നുവീണ വെള്ളം വീട്ടിൽ കൊണ്ടുവന്ന് കുടിക്കാനാണ് തരിക. ആ വെള്ളത്തിന് സാധാരണ വെള്ളത്തേക്കാൾ എന്തോ ഒരു പ്രത്യേക മധുരവും കുളിർമയും ഉള്ളതുപോലെ അന്ന് തോന്നിയിരുന്നു. അത്ഭുതമെന്നു പറയട്ടെ, രണ്ടു നേരം ആ വെള്ളം കുടിക്കുമ്പോഴേക്കും വയറുവേദനയൊക്കെ പമ്പകടക്കും. ചിലപ്പോൾ വിശ്വാസത്തിന്റെ ശക്തിയായിരിക്കാം അത്.

പിന്നെയുള്ളത് ചരടിൽ മന്ത്രിച്ചുകെട്ടുക എന്നതാണ്. അന്നത്തെ ഏറ്റവും സ്ഥിരതയുള്ള ചികിത്സ ഇതായിരുന്നു. ചരടിലാണ് മന്ത്രിക്കുക. കറുത്തതോ ചുവപ്പോ ആയ നൂലെടുത്ത്, ഓരോ വരി മന്ത്രിക്കുമ്പോഴും അതിൽ ഓരോ കെട്ടുകളിടും. അങ്ങനെ ഏഴോ ഒൻപതോ കെട്ടുകളിട്ട ആ ചരട് ഒന്നുകിൽ അരയിലോ, അല്ലെങ്കിൽ വലതു കയ്യിലോ കെട്ടിത്തരും. 

ഉരുളൻ പനിയും പേടിസ്വപ്നങ്ങളും നമ്മളെ ബാധിക്കാതിരിക്കാനുള്ള ഒരു 'കവചം' പോലെയായിരുന്നു അന്ന് ആ ചരട്. കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്തുമ്പോഴും പാടത്ത് കളിക്കുമ്പോഴും ആ ചരട് മാഞ്ഞുപോകാതെ സൂക്ഷിക്കുന്നത് വലിയൊരു കാര്യമായിരുന്നു. 

കനലിലെരിയുന്ന ഉപ്പും കുരുമുളകും

മന്ത്രിക്കലും ചരടുകെട്ടലും കഴിഞ്ഞാൽ പിന്നെ അടുത്ത ഘട്ടം 'ഉഴിച്ചിലാണ്'. വൈകുന്നേരങ്ങളിൽ സന്ധ്യാനേരത്ത് വീടിന്റെ ഉമ്മറത്തിരുത്തി ഉമ്മയോ ഉമ്മാമ്മയോ ചെയ്യുന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. ഒരു പിടി കല്ലുപ്പും ഏതാനും കുരുമുളകും കൈവെള്ളയിലെടുത്ത്, നമ്മുടെ തലയ്ക്ക് ചുറ്റും മൂന്ന് വട്ടം ഉഴിഞ്ഞ് മാറ്റും. ആരും കാണാതെ അടുപ്പിലെ കരിയുന്ന കനലുകളിലേക്ക് ആ ഉപ്പും കുരുമുളകും എറിയും.

അപ്പോൾ ഉണ്ടാകുന്ന ആ 'ചെടപടാ' ശബ്ദവും പുകയുമാണ് നമ്മുടെ ഉള്ളിലെ പേടിയെയും ദോഷങ്ങളെയും കരിച്ചുകളയുന്നത് എന്നാണ് വിശ്വാസം. ‘കണ്ണേറ്, നാവേറ് , ദൃഷ്ടിദോഷം ഒക്കെ മാറിപ്പോകട്ടെ…’ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടുള്ള ആ ഉഴിച്ചിൽ കഴിയുമ്പോൾ ശരീരത്തിന് മാത്രമല്ല, മനസ്സിനും വല്ലാത്തൊരു ഭാരം ഇറക്കിവെച്ച അനുഭൂതി ലഭിക്കും.

ഇന്നത്തെ ശാസ്ത്രയുഗത്തിൽ ഇതൊക്കെ വെറും അന്ധവിശ്വാസമെന്നോ മനസ്സിന്റെ തോന്നലെന്നോ പറഞ്ഞ് തള്ളിക്കളയുമായിരിക്കും. പക്ഷേ, അന്നത്തെ ആ എളിയ മനുഷ്യർക്ക് അതിലൊക്കെ വലിയൊരു വിശ്വാസമുണ്ടായിരുന്നു. മരുന്നിനേക്കാളേറെ ആ മന്ത്രങ്ങളിലും ഊത്തുകളിലും ഉഴിച്ചിലുകളിലും അവർ അനുഭവിച്ച സ്നേഹവും ആശ്വാസവുമുണ്ട്. അതൊരുതരം 'സൈക്കോളജി' കൂടിയായിരുന്നു—നമ്മെ കാക്കാൻ മുതിർന്നവരുണ്ടെന്ന ആത്മവിശ്വാസം.

മതമില്ലാത്ത അയൽപക്ക ബന്ധങ്ങൾ

അത് ജാതിഭേദമന്യേ എല്ലാവരും ഒരേ മനസ്സോടെ പങ്കിട്ടിരുന്നു എന്നതാണ് അതിന്റെ മറ്റൊരു മനോഹാരിത. ഞങ്ങൾ കുട്ടികൾ പള്ളിയിലേക്ക് പോകുമ്പോൾ, അയൽവീട്ടിൽ താമസിക്കുന്ന വയസ്സായ അമ്മമാരൊക്കെ അവരുടെ കൊച്ചുമക്കൾക്ക് വരാറുള്ള പനിക്കും പേടിക്കും വേണ്ടി ‘ഒന്ന് മന്ത്രിച്ചു തരുമോ’ എന്ന് പറഞ്ഞ് ഞങ്ങളുടെ കയ്യിൽ വെള്ളവും നൂലും തന്നുവിടാറുണ്ട്. അവിടെ മതത്തിന്റെ അതിർവരമ്പുകളില്ലായിരുന്നു, പരസ്പരമുള്ള വിശ്വാസവും സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഈ പുതിയ നൂറ്റാണ്ടിലും, മെഡിക്കൽ സയൻസ് ഇത്രയേറെ പുരോഗമിച്ചിട്ടും, ഇന്നും പലരും രഹസ്യമായും പരസ്യമായും ഇതൊക്കെ വിശ്വസിക്കുന്നുണ്ടെന്നും പാലിച്ചു പോകുന്നുണ്ടെന്നും കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്. അത് ചിലപ്പോൾ അറിവില്ലായ്മ കൊണ്ടല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന ആ പഴയ കാലത്തോടും നന്മകളോടും ഉള്ള ഒരുതരം ആത്മബന്ധം കൊണ്ടാവും. 

അവനവന്റെ വിശ്വാസത്തെയും ഓർമ്മകളെയും മുറുകെ പിടിക്കുക എന്നൊരു വലിയ സത്യമാവാമത്. ആ പഴയ കാലവും പനി ചൂടും, മന്ത്രങ്ങളുടെ ഈണവും, ഉപ്പും കുരുമുളകും ഉഴിയുമ്പോൾ അടുപ്പിൽ നിന്ന് ഉയർന്ന ആ പുകമണവും, ഉമ്മയുടെ കൈപിടിച്ച് നടന്ന വഴികളും ഇന്നും മനസ്സിൽ വല്ലാത്തൊരു കുളിർമയായി, ഒരിക്കലും മായാത്ത ചായക്കൂട്ടുമായൊക്കെ ബാക്കിനിൽക്കുന്നുണ്ട്. നനുത്ത ഓർമ്മകളുടെ പ്രതിച്ഛായ പോലെ.

നാട്ടിൻപുറത്തെ ആ പഴയ സ്മരണകളും മന്ത്ര ഉഴിച്ചിൽ വിശേഷങ്ങളും നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഈ ഓർമ്മക്കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. നിങ്ങളുടെ ബാല്യകാലത്തെ നാട്ടുചികിത്സാ ഓർമ്മകളെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വായനകൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സാപ്പ് ചാനലും ഫോളോ ചെയ്യുക.

Article Summary: Kookkanam Rahman recalls traditional healing rituals like chanting, thread-tying, and salt-pepper exorcism from his childhood in rural Kerala.

#Nostalgia #KeralaCulture #VillageLife #KookkanamRahman #ChildhoodMemories #TraditionalBeliefs #KasaragodNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia