

● 1975-ൽ സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം പി.ഇ.ഇ.ഒ. ആയി.
● മഴക്കാലത്ത് സ്കൂൾ അവധി നൽകണമെന്നാണ് ലേഖകന്റെ അഭിപ്രായം.
● 1964 മുതൽ എല്ലാ ദിവസത്തെയും ഡയറിക്കുറിപ്പുകൾ സൂക്ഷിക്കുന്നുണ്ട്.
● ടി.ടി.സി. ഫലം വന്നപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ അനുഭവം പങ്കുവെക്കുന്നു.
ഓർമ്മത്തുരുത്ത് ഭാഗം - 14 / കൂക്കാനം റഹ്‌മാൻ
(KVARTHA) വർഷങ്ങൾ മാറിമറിയുമ്പോഴും ചില ദിവസങ്ങളിലെ പ്രത്യേകതകൾ ആ വർഷത്തെ തീയതികളിൽ തെളിഞ്ഞുവരുമ്പോൾ പഴയ ഓർമ്മകൾ മനസ്സിലേക്ക് കടന്നുവരും. അത്തരമൊരു ഓർമ്മയാണ് 55 വർഷം മുൻപുള്ള ഒരു ആഗസ്റ്റ് മൂന്നിന്റേത്. 1970-ലെ ആ ദിവസം ഓർക്കാൻ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

അന്ന്, വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസം. ആ വർഷം സ്കൂൾ വെക്കേഷൻ ജൂൺ, ജൂലൈ മാസങ്ങളിലായിരുന്നു. ഓഗസ്റ്റ് 1, 2 തീയതികൾ ശനിയും ഞായറും ആയിരുന്നതിനാൽ, തിങ്കളാഴ്ച മൂന്നാം തീയതിയാണ് വിദ്യാലയങ്ങൾ തുറന്നത്. ആ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, ഞാൻ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ആദ്യദിനം കൂടിയായിരുന്നു അത്.
എന്റെ ആദ്യ നിയമനം കരിവെള്ളൂർ നോർത്ത് എൽ.പി. സ്കൂളിലായിരുന്നു. പേര് എൽ.പി. എന്നായിരുന്നെങ്കിലും അന്ന് അവിടെ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. പിന്നീട് യു.പി. സ്കൂളായി ഉയർത്തി. ഇപ്പോൾ കരിവെള്ളൂർ നോർത്ത് യു.പി. സ്കൂൾ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.
വളരെ സന്തോഷത്തോടെ രാവിലെ കൂക്കാനത്തുള്ള എന്റെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പുറപ്പെട്ടു. മനസ്സുനിറയെ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു. കാരണം ഒരു വലിയ സ്വപ്നം പൂവണിയുകയല്ലേ. വെള്ള വയലിലൂടെ നടന്ന് പറ്റ്വാതോട് പിന്നിട്ട് വേണം മണക്കാട് എത്താൻ. അവിടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്‌കൂളിലെത്തുമ്പോൾ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു. നീളൻ കാലുള്ള ശീലക്കുട തുറന്നുപിടിച്ച് മുണ്ട് മാടിക്കുത്തിയാണ് ഞാൻ നടന്നത്. അന്ന് ഹെഡ്മിസ്ട്രസ്സിന് പ്രത്യേക മുറിയൊന്നും ഉണ്ടായിരുന്നില്ല. താർപ്പായകൊണ്ട് മറച്ച ഒരിടമായിരുന്നു ഹെഡ്മാസ്റ്ററുടെ മുറി. അവിടെ ഹെഡ്മാസ്റ്റർ പി. നാരായണൻ നായർ ഇരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടയുടൻ വായിൽ രണ്ടോ മൂന്നോ പല്ല് മാത്രമുണ്ടായിരുന്ന അദ്ദേഹം ചിരിച്ചു. വെള്ള അരക്കയ്യൻ ഷർട്ടും മുണ്ടും ചുമലിൽ വെള്ള വേഷ്ടിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്നോട് സംസാരിച്ച ശേഷം അറ്റൻഡൻസ് ബുക്കിൽ പേരെഴുതി ആദ്യത്തെ ഒപ്പിടീച്ചു.
ശേഷം ഒരു ചിരിയോടെ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു, ‘ഒന്ന് ബി-യിലാണ് മാഷിന്റെ ചാർജ് കേട്ടോ.’ എന്നെയും കൂട്ടി അദ്ദേഹം ക്ലാസിലേക്ക് നടന്നു. കുട്ടികളോട് ‘ഇതാണ് നിങ്ങളുടെ പുതിയ മാഷ്’ എന്ന് പരിചയപ്പെടുത്തി. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അധ്യാപകനാകണമെന്നത് എന്റെ വലിയ സ്വപ്നമായിരുന്നല്ലോ. അങ്ങനെ ഓഗസ്റ്റ് മൂന്നിന് ഞാൻ ഒന്നാം ക്ലാസിലെ മാഷായി.
നീലേശ്വരം ശ്രീ നാരായണ ബേസിക് ട്രെയിനിങ് സ്കൂളിൽ നിന്നാണ് ഞാൻ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയത്. 1970 മാർച്ചിലാണ് പരീക്ഷ എഴുതിയത്. 1969-70 കാലത്താണ് വെക്കേഷൻ കാലത്തിന് ആദ്യമായി മാറ്റം വരുത്തിയത്. അതിനാൽ, സാധാരണപോലെ ഏപ്രിൽ-മെയ് മാസത്തെ വേനലവധിയും പുതിയ പരിഷ്കാരം കാരണം ജൂൺ-ജൂലൈ മാസത്തെ അവധിയും ലഭിച്ചു.
1970 മെയ് മാസം രണ്ടിനാണ് ടി.ടി.സി. റിസൾട്ട് വന്നത്. അക്കാലത്ത് എല്ലാ പരീക്ഷകളുടെയും ഫലം പത്രത്തിൽ അച്ചടിച്ചുവരാറുണ്ടായിരുന്നു. എന്റെ പരീക്ഷാ രജിസ്റ്റർ നമ്പർ ഒന്നായിരുന്നു. ഒന്നാം നമ്പറുകാരൻ തോറ്റു പോകുമോ എന്നൊരു ഭയം ഉള്ളിലുണ്ടായിരുന്നു. മെയ് രണ്ടിന് അതിരാവിലെ തന്നെ എഴുന്നേറ്റു. മനസ്സിൽ ഭയവും വെപ്രാളവുമായിരുന്നു.
എങ്കിലും ജയവും തോൽവിയും അറിയണമല്ലോ. പത്രം നോക്കാൻ കരിവെള്ളൂരിലേക്ക് ഓടി. പത്രം വന്നിട്ടില്ലായിരുന്നു. പിന്നെ കുറച്ചുനേരം അക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ ദൂരെ നിന്ന് പത്രക്കാരൻ കുഞ്ഞമ്പുവേട്ടൻ നടന്നുവരുന്നത് കണ്ടു. ഹൃദയമിടിപ്പ് കൂടി. തോറ്റുപോയാൽ ജീവിതം ആകെ തകിടംമറിയും. എത്തുന്നതിന് മുൻപേ പത്രം വാങ്ങി.
വിറയ്ക്കുന്ന കൈകളോടെ പത്രത്താളുകൾ മറിച്ചുനോക്കി. 'ടി.ടി.സി. ഫലം പ്രഖ്യാപിച്ചു' എന്ന തലക്കെട്ട് കണ്ടു. ഒന്നാം നമ്പർ ആദ്യം തന്നെ കണ്ണിൽപ്പെട്ടു. ആ നിമിഷം ജീവൻ തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു. വിജയിച്ച വിവരം വീട്ടിലറിയിക്കാൻ പിന്നെ ഓട്ടമായിരുന്നു.
ഉമ്മയോടും ഉമ്മുമ്മയോടും കാര്യം പറയുമ്പോഴേക്കും ഞാൻ കരഞ്ഞുപോയിരുന്നു. കാരണം, അത്ര കഷ്ടപ്പെട്ടിട്ടാണ് എന്റെ ഉമ്മ എന്നെ പഠിപ്പിച്ചത്. ഒടുവിൽ അതിന് ഫലമുണ്ടായല്ലോ എന്നോർത്തപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയതാണ്.
ജൂണിൽ സ്കൂൾ തുറക്കുമ്പോഴേക്കും അപ്പോയിന്റ്മെന്റ് നടത്താമെന്ന് മാനേജ്മെന്റും സമ്മതിച്ചിരുന്നു. സ്കൂളിൽ നിയമനം നടത്താൻ ഒരു നിബന്ധന മാത്രമേ മാനേജ്മെന്റ് വെച്ചുള്ളൂ. പുതിയ ഡിവിഷനാണ്, ഒരു ക്ലാസ് മുറി ഉണ്ടാക്കിക്കൊടുക്കണം. നാല് കൽത്തൂണുള്ള ഓലഷെഡ് മതി എന്നും മാനേജർ പറഞ്ഞു.
അതുപ്രകാരം ജൂൺ ഒന്നിന് മുൻപ് തന്നെ ഷെഡ് പൂർത്തിയാക്കി. പക്ഷെ സ്കൂൾ തുറക്കുന്നത് ഓഗസ്റ്റിലേക്ക് മാറ്റിയപ്പോൾ ജൂണിൽ മാഷാവാനുള്ള അവസരം ഇല്ലാതായി. അന്ന് അൽപ്പം സങ്കടം തോന്നിയെങ്കിലും പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു.
1970-71 സ്കൂൾ വർഷത്തിൽ ഏപ്രിലിലും സ്കൂൾ പ്രവർത്തിച്ചിരുന്നു. ആ വർഷവും തുടർന്ന് 1971-ലെ മഴക്കാലവും ഭയം ജനിപ്പിക്കുന്നതായിരുന്നു. പുഴകളും തോടുകളും നിറഞ്ഞൊഴുകി വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. അത് യാത്രകൾക്ക് പ്രയാസമുണ്ടാക്കി. കുട്ടികളുടെ കുറവുകൊണ്ട് ജൂണിൽ ഡിവിഷൻ ഇല്ലാതാകുമോ എന്ന് ഭയന്ന് കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് കൂട്ടിക്കൊണ്ടുവന്നത് ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവമാണ്. നടന്നു വരുന്ന വയലിൽ പോലും അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നു.
എന്നിട്ടും എ.ഇ.ഒ. വിസിറ്റിന് വരുന്ന ദിവസം കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ പോകേണ്ടി വന്നു. നനഞ്ഞ് വിറച്ചുനിൽക്കുന്ന എന്നെ കണ്ട് എ.ഇ.ഒ.-വിന് പോലും സഹതാപം തോന്നിയിട്ടുണ്ടാകും. അത്രയ്ക്ക് പരിതാപകരമായിരുന്നു അപ്പോഴത്തെ എന്റെ നിൽപ്പ്. അന്ന് സ്കൂൾ അടച്ചത് ഏപ്രിൽ 13-നായിരുന്നു. അത് അന്നത്തെ ഡയറിയിൽ കുറിച്ചു വെച്ചിട്ടുണ്ട്. 1964 മുതൽ ഡയറി എഴുതുന്ന സ്വഭാവമുള്ളതുകൊണ്ട് 2025 ഓഗസ്റ്റ് 2 വരെയും മുടങ്ങാതെ എഴുതുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. 1975-ൽ ഞാൻ സർക്കാർ സർവീസിൽ പ്രവേശിച്ചു. സർക്കാർ സ്കൂൾ പ്രൈമറി അധ്യാപകരെ പ്രൈമറി എഡ്യുക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർമാരായി നിശ്ചയിക്കുന്നുണ്ടെന്ന വിവരം ഞാൻ എങ്ങനെയോ അറിഞ്ഞു.
അന്നുമുതൽ ആ പോസ്റ്റായിരുന്നു എന്റെ സ്വപ്നം. അത് കിട്ടാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് ഞാൻ. അതിനായി 1976-ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയെ നേരിൽ കണ്ട് അപേക്ഷ നൽകാൻ അന്നത്തെ എം.എൽ.എ. ആയ ഇ. അഹമ്മദ് സാഹിബിനൊപ്പം തിരുവനന്തപുരത്തേക്ക് പോയിരുന്നു. പക്ഷേ അന്ന് ആ കാര്യം നടന്നില്ല. പിന്നീട് 1985-ൽ അതിന് അവസരം ലഭിച്ചു. രണ്ട് വർഷക്കാലം പ്രസ്തുത തസ്തികയിൽ പ്രവർത്തിക്കാനും കഴിഞ്ഞു.
രണ്ട് മാസം മുൻപ് കണ്ണൂർ ആകാശവാണിയിൽ ‘ജാലകം’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഞാൻ. സംസാരിച്ചപ്പോൾ 1970 ഓഗസ്റ്റ് മൂന്നിലെ സ്കൂൾ കാര്യങ്ങളെക്കുറിച്ച് അവിചാരിതമായി പറയുകയുണ്ടായി. അത് റേഡിയോ മാംഗോയുടെ ശ്രദ്ധയിൽപ്പെടുകയും അവിടുന്ന് എന്നെ വിളിച്ച് ആ വർഷത്തെ വെക്കേഷൻ കാലം മാറിയതിന്റെ കാരണങ്ങളെക്കുറിച്ച് സംസാരിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. സന്തോഷത്തോടെ ഞാൻ ആ ക്ഷണം സ്വീകരിച്ചു. ആ പരിപാടി ഓഗസ്റ്റ് ഒന്നിന് തന്നെ അവർ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
അത് പ്രക്ഷേപണം ചെയ്ത സമയത്താണ് വെക്കേഷൻ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാലോ എന്ന പ്രസ്താവന മന്ത്രി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിപ്രായം ചോദിക്കുകയും ചെയ്തത്. അതിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
സത്യത്തിൽ അന്നത്തേക്കാൾ ഇന്നാണ് മഴക്കാലത്തെ ഭയപ്പെടേണ്ടിയിരിക്കുന്നത്. നമുക്കുണ്ടായ അനുഭവങ്ങൾ അതാണല്ലോ ഓർമ്മപ്പെടുത്തുന്നത്. തവളപ്പാറയും ചൂരൽമലയും അത് നമ്മളോട് വിളിച്ചു പറയുന്നുണ്ട്. പുരോഗതിയുടെ പാതയിലെ വിണ്ടുകീറിയ കുന്നുകളും മണൽ നിറഞ്ഞ പുഴകളും തോടുകളും ഇപ്പോഴും ഭയപ്പെടുത്തുന്നുണ്ട്.
എന്തൊക്കെ പറഞ്ഞാലും വേനൽക്കാലം അത്ര അപകടകാരിയല്ല. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ മനുഷ്യർ ഒത്തൊരുമിച്ച് ശ്രമിച്ചാൽ സാധിക്കുന്നതേയുള്ളൂ. എന്നാൽ കൊടും മഴയും വെള്ളപ്പൊക്കവും ദുരിതങ്ങളും മനുഷ്യന്റെ കഴിവിനപ്പുറമുള്ളതാണ്. അത് പ്രകൃതിയുടെ മാത്രം കുത്തകയാണ്. അതിൽ മനുഷ്യന് പങ്കുപറ്റാനോ അഭിപ്രായങ്ങൾ പറയാനോ സാധ്യമല്ല.
അതുകൊണ്ട് തന്നെ എന്റെ വ്യക്തിപരമായ അഭിപ്രായം മൺസൂൺ കാലത്തെ വെക്കേഷനായിരിക്കും ഗുണകരമെന്നാണ്. ഒരു പരീക്ഷണാടിസ്ഥാനത്തിലെങ്കിലും വരുന്ന 2026-27 അധ്യയനവർഷം വെക്കേഷൻ കാലം മാറ്റിനോക്കിയിട്ട് പറ്റുമെങ്കിൽ തുടരുകയോ ഉപേക്ഷിക്കുകയോ ചെയ്യാമല്ലോ? അല്ലേ?
ലേഖകന്റെ ഈ നിർദ്ദേശത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാൻ മറക്കരുത്.
Article Summary: A nostalgic look at a teacher's first day in 1970 and a reflection on changing school vacations.
#KeralaNews #Education #Monsoon #Memories #SchoolVacation #Kerala